കുടക് യാത്രയിൽ അറിഞ്ഞിരിക്കാം

kodagu
SHARE

പ്രകൃതിയുടെ വരദാനമായ കാടുകളും വെള്ളച്ചാട്ടങ്ങളും മലനിരകളും ഒരുക്കുന്ന നല്ല കാലാവസ്ഥ നിറഞ്ഞ ഇടമാണ് കുടക്. അവധിയാഘോഷമാക്കാൻ മിക്കവരും തെരഞ്ഞെടുക്കുന്നതും കുടക് തന്നെയാണ്.

ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെയാണു വഴി. വാഹനത്തിന്റെ ഗ്ലാസുകൾ താഴ്ത്തിയാൽ ആവേശത്തോടെ വാരിപ്പുണരുന്ന മഞ്ഞ് ഉള്ളിലേക്കു കയറിവരും. ചെറിയ കാറ്റിൽ ഏതോ മാദകഗന്ധം പരക്കുന്നുണ്ട്.  വാഹനം  നിർത്താനും പുറത്തിറങ്ങാനും എന്നെ ആലിംഗനം ചെയ്യൂ എന്ന മട്ടിൽ    മൂക്കും കൈകളും  വിടർത്തി കണ്ണടച്ച് ആ ഗന്ധം മതിയാവോളം ഉള്ളിലേക്കാവാഹിക്കാനും തോന്നിപ്പിക്കുന്ന മാസ്മരികത. കാപ്പിച്ചെടികൾ പൂത്തതാണ്. കനത്ത  കോടയിൽ  കരുംപച്ച ഇലകൾക്കുമുകളിൽ ആരോ അരിപ്പൊടിക്കോലം വരച്ചതുമാതിരി ആ വെള്ളപ്പൂക്കൾ വിടർന്നു നിന്നിരുന്നു. ഒരു പക്ഷേ, കുടക് വഴികൾക്കുമാത്രം നൽകാനാവുന്ന അനുഭവം.  നിമിഷനേരം കൊണ്ടു മഞ്ഞ്  മാരീചനെപ്പോൽ  മാഞ്ഞുപോയി. വീണ്ടും ആ കറുത്തപാത തെളിഞ്ഞപ്പോൾ വാഹനം മുന്നോട്ടു നീങ്ങി. 

kodagu4

കുടക്  ജില്ലയുടെ തലസ്ഥാനമാണ് മടിക്കേരി. സായ്പ്പ് ഇട്ട പേരാണ് മെർക്കാറെ. പുരാതനമായ പേര് മുഡ്ഢുരാജ്ജക്കേരി എന്നായിരുന്നു. ഹൊയ്സാല, ചോള, വിജയനഗര സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന മടിക്കേരി ഇപ്പോൾ കാണുന്ന കൊളോണിയൽ പാരമ്പര്യം പുലർത്തിയത് ബ്രിട്ടീഷ് ആധിപത്യത്തിലാണ്. വൃത്തിയുള്ള ചെറിയ പട്ടണം. കൊളോണിയൽ മുദ്രകൾ പേറിനിൽക്കുന്ന കെട്ടിടങ്ങൾ. ഇവയിൽ പലതും പ്രധാനപാതയോടു ചേർന്നാണ്. 

പണ്ടു പള്ളി ഇപ്പോൾ മ്യൂസിയം

റോമൻ-ഗോഥിക് ശൈലിയിൽ നിർമിച്ച ഒന്നരനൂറ്റാണ്ടു പഴക്കമുള്ള പള്ളി എന്തായാലും കാണണം. മടിക്കേരിയിലെ സൈനികപാരമ്പര്യം ഇവിടെ കാണാം. ആയുധശേഖരങ്ങൾ, ഫീൽഡ് മാർഷൽ കരിയപ്പയുടെ സമ്പാദ്യങ്ങളും വസ്ത്രങ്ങളും തുടങ്ങി ചെറു കൽശിൽപ്പങ്ങൾ തൊട്ട് പെയിന്റിങ്ങുകൾ വരെ ഇപ്പോൾ മ്യൂസിയമായി മാറിയ ഈ പള്ളിയിലുണ്ട്. എല്ലാം കണ്ടുകഴിയുമ്പോൾ മുകളിലുള്ള ഗ്ലാസ് പെയിന്റിങ്ങുകളുള്ള ജനാലകളിലേക്കു നോക്കാൻ മറക്കരുത്. അതിസുന്ദരമായ നിർമിതിയാണത്. ഇപ്പോൾ സർക്കാർ ഓഫീസ് ആയി മാറിയ പഴയ കോട്ടയും മടിക്കേരി പട്ടണത്തിലെ കാഴ്ചയാണ്.

kodagu2

കാവേരി ജനിക്കുന്നു

കുടകിന്റെ പതിവുകാഴ്ചകളിൽനിന്നു മാറണമെന്നു തോന്നിയാൽ തീർച്ചയായും തലക്കാവേരിയിലേക്കു സ്റ്റിയറിങ് തിരിക്കാം. കാവേരിയെന്ന മഹാനദിയുടെ ഉദ്ഭവമാണെന്നു ഐതിഹ്യമുള്ള മലമുകളാണ് തലക്കാവേരി. ഇവിടെയൊരു ക്ഷേത്രവുമുണ്ട്.  മടിക്കേരിയിൽനിന്നു നാൽപ്പത്തെട്ടു കിലോമീറ്റർ ദൂരം രസകരമായി ഡ്രൈവ് ചെയ്യാം. ഉരുണ്ടുതഴച്ചുവളർന്നു കിടക്കുന്ന ചോലക്കാടുകൾക്കു നടുവിലൂടെയാണു പാത. അങ്ങുമുകളിലെത്തുമ്പോൾ ഇങ്ങേ മലമുകളിൽനിന്നു അങ്ങേ മലയിൽ ക്ഷേത്രത്തിന്റെ എടുപ്പുകൾ കാണാം. കാവേരി എന്ന നദീദേവതയുടെ അമ്പലമാണിത്. നദിയുടെ തുടക്കമാണെന്നു കരുതി ആരാധിക്കപ്പെടുന്ന ഒരു കുളവും കൽപ്പടവുകളുമാണ് ആകർഷണങ്ങൾ. ക്ഷേത്രമുറ്റത്തുനിന്നാൽ ആരോ പ പാലിൽ പാതി മുക്കിയെടുത്ത ബ്രെഡിൻ കഷ്ണങ്ങൾ പോലെ താഴെ മഞ്ഞുള്ള മലനിരകൾ കാണാം. കാഞ്ഞങ്ങാടു നിന്ന് റാണിപുരം വഴി ഇങ്ങോട്ടെത്താനുള്ള കാനനപാതയുണ്ട്. സാഹസികർക്ക് ഇതിലൂടെ വണ്ടിയോടിച്ച് തലക്കാവേരിയിലെത്താം.

kodagu3

അമ്പലം കണ്ടുകഴിഞ്ഞാൽ മലമുകളിലോട്ടു നടന്നു കയറണം. ആ കൽപ്പടവുകൾ താണ്ടിയെത്തുന്നത് കാഴ്ചയുടെ ഉന്നതിയിലേക്കാണ്. തലക്കാവേരി കാടുകളും ചോലക്കാടുകളും മൊട്ടക്കുന്നുകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു. ആ കുന്നിലെ ശുദ്ധവായു ശ്വസിച്ച് തിരിച്ചിറങ്ങുന്പോൾ കുഞ്ഞുകല്ലുകൽ മേൽക്കുമേൽ അടുക്കിവച്ചതു കണ്ടു. തങ്ങളുടെ വിശ്വാസമാണിതെന്ന് ഒരു പയ്യൻ. പ്രകൃതിയെ നോവിക്കാത്ത ഇത്തരം ആചാരങ്ങളും നദിയെ ദേവിയായി കാണുന്ന ആരാധനാരീതികളും  രസമുള്ള സംഗതികൾ തന്നെയല്ലേ.. അതേയെന്ന്  കുടക് എന്ന ബാല്യകാലസഖി പറയുന്നുണ്ടായിരുന്നു. ചെറുപ്പക്കാലത്തെ മണ്ണപ്പങ്ങളും ടീച്ചർ ചോദ്യം ചോദിക്കാതിരിക്കാൻ നാവിൽവച്ചിരുന്ന സത്യപ്പുല്ലും കുടകിന്റെ സംസ്കാരത്തോട് ചേരുന്നതായി മനസ് മന്ത്രിച്ചു.

kodagu1

യാത്രയിലെ മറ്റുസ്ഥലങ്ങൾ

കേരളത്തിൽ

തിരുനെല്ലി അമ്പലം (ഇവിടെ താമസസൗകര്യമുണ്ട്. കാട്ടിലൂടെ സുന്ദരൻ യാത്രയുമാകാം)</p>

തോൽപ്പെട്ടി വന്യജീവിസങ്കേതം (വനംവകുപ്പിന്രെ താമസസൗകര്യവും ധാരാളം സ്വകാര്യ റിസോർട്ടുകളുമിവിടെയുണ്ട്. അതിരാവിലെ ട്രെക്കിങ്ങിനു പോകാം)

കുടകിൽ

അബ്ബേ വെള്ളച്ചാട്ടം

ബൈലക്കുപ്പ കുശാൽനഗറിൽ തിബറ്റൻ സെറ്റിൽമെന്റ്(ഇവിടെ തിബറ്റൻ രീതിയിലുള്ള ആഹാരവും താമസസൌകര്യവും ലഭിക്കും) നംഡ്രോളിങ് മൊണാസ് ട്രിയും സുവർണക്ഷേത്രവും പ്രധാന ആകർഷണങ്ങൾ

ഭാഗമണ്ഡലയിലെ ഭഗന്ധേശ്വരക്ഷേത്രം

മടിക്കേരി പട്ടണത്തിൽ തന്നെയുള്ള രാജാസ് ശവകുടീരം

താമസസൗകര്യം

കേരളത്തിൽ- ബേഗൂരിലെ വനംവകുപ്പിന്റെ ഹോം സ്റ്റേ

കുടകിൽ- ഗ്രീൻപാത്ത് റിസോർട്ട്-9482022623

ഭക്ഷണം- കുടകിന്റെ പ്രത്യേകതയായ അക്കിറൊട്ടി പരീക്ഷിക്കാം. നമ്മുടെ പത്തിരി കനലിൽ ചുട്ടെടുക്കുന്നതാണ് അക്കിറൊട്ടി. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അബേ വെള്ളച്ചാട്ടത്തിനായി അധികം സമയം കളയരുത്. ചെറിയൊരു ജലപാതയാണത്. പകൽമാത്രം വാഹനമോടിക്കുക. രാത്രിയിൽ പാതകൾ വിജനമായിരിക്കും. ടയർ പഞ്ചർ ആയാൽപ്പോലും ആരും സഹായിക്കാനുണ്ടാവില്ല. ധാരാളം ഹോംസ്റ്റേകൾ ഉള്ളതുകൊണ്ട് കത്തിറേറ്റ് ചോദിച്ചാൽ അടുത്തതു തിരയാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA