ADVERTISEMENT

ഈ അവധിക്കാലത്ത് എങ്ങോട്ട് യാത്ര പോകണമെന്ന് ആലോചിച്ച് തുടങ്ങിയപ്പോൾ ഒരുപാട് സ്ഥലങ്ങൾ മനസ്സിലേക്ക് കയറി വന്നു. അങ്ങനെ ചിന്തിച്ച് കാടുകയറിക്കൊണ്ടിരിക്കുന്ന സമയത്ത് അമ്മ പറഞ്ഞു മൈസൂരിലേക്ക് പോകാമെന്ന്. എന്റെ സ്കൂളിൽ പഠിക്കുന്ന സമയത്ത് പോയതാണവിടെ. വീണ്ടും ആ ഇടങ്ങളൊക്കെ കാണുകയും, ഓർമകളൊക്കെ പുതുക്കുകയും ചെയ്യാം എന്നു അമ്മ പറഞ്ഞപ്പോൾ ഇടംവലം നോക്കാതെ അങ്ങോട്ടേക്ക് തന്നെ എന്ന് തീരുമാനിച്ചു.

ടിപ്പുവിന്റെ നാട്... വൊഡയാർ രാജാക്കന്മാരുടെ നാട്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്ന്.. മൈസൂർ.. ഇതിനുമുമ്പ് മൈസൂർ പോയിട്ടുള്ള സുഹൃത്തുക്കളുമായി സംസാരിച്ചും ഗൂഗിൾ ചെയ്തു നോക്കിയുമൊക്കെ കാണേണ്ട ചില കാഴ്ചകൾ തീരുമാനിച്ചുറപ്പിച്ച്  യാത്ര തുടങ്ങി. ജൂൺ  24-ാം തിയതി രാത്രി 8.30 യോടു കൂടി മൈസൂരിലെ ഹോട്ടൽ സിദ്ധാർത്ഥയിലെത്തി. ഡിസൈബിൾ ഫ്രണ്ട്ലി എന്നാണ് പേരെങ്കിലും അവിടത്തെ ലിഫ്റ്റിൽ എന്റെ വീൽചെയർ കയറ്റാൻ ബുദ്ധിമുട്ടുന്ന കസിനെ കണ്ടപ്പോൾ ശ്രീരംഗ പട്ടണം യുദ്ധത്തിൽ ടിപ്പുവിനെ തോൽപ്പിക്കാൻ കഷ്ടപ്പെടുന്ന ബ്രിട്ടീഷ് ജനറൽ ഡേവിഡ് ബെയ്ർഡിനെയാണ് ഓർമ വന്നത്.

പിറ്റേന്നു രാവിലെ മൈസൂർ സ്പെഷ്യലായ ബിസിബെലെ ബാത്തും കഴിച്ച് നേരെ സെന്റ് ഫിലോമിന പള്ളിയിലേക്ക്. പറയുന്നതു സെന്റ് ഫിലോമിന എന്നാണെങ്കിലും യഥാർത്ഥ പേര് കത്തീഡ്രൽ ഓഫ് സെന്റ് ജോസഫ് ആൻഡ് സെന്റ് ഫിലോമിന എന്നാണ്. ഹോട്ടൽ സിദ്ധാർഥയിൽ നിന്ന് 5 മിനിറ്റ് യാത്രയേയുള്ളൂ പള്ളിയിലേക്ക്. അവിടെ വന്നവതിലധികവും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരാണ്.  ഞാൻ വീൽചെയറിൽ ആയതുകൊണ്ടാകാം അവിടെ വരുന്നവരെല്ലാം ഒരു ഹായ്  പറഞ്ഞുകൊണ്ടാണ് പള്ളിയിലേക്ക് കയറിയത്. പള്ളിക്ക് ചുറ്റും ഒരു റൗണ്ട് അടിച്ച് വരാമെന്ന് വിചാരിച്ചെങ്കിലും ആ ശ്രമം തുടക്കത്തിൽ തന്നെ പരാജയപ്പെട്ടു.  പല ആങ്കിളിൽ നിന്നും ഫോട്ടോ എടുത്തിട്ടും സെന്റ് ഫിലോമിനാ ചർച്ചിന്റെ ഭംഗി പൂർണ്ണമായും തന്റെ ക്യാമറയിൽ ഉൾക്കൊള്ളിക്കാൻ കഴിയാതെ നിരാശപ്പെട്ട എന്റെ സുഹൃത്തിനോട് സെന്റ് ഫിലോമിനാ ചർച്ചിന്റെ ചരിത്രം മുഴുവൻ വിശദീകരിക്കേണ്ടി വന്നു.

ഏഷ്യയിലെ തന്നെ ഉയരത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഈ പള്ളി 1933ൽ മൈസൂർ രാജാവായ മമ്മദീയ കൃഷ്ണരാജ വൊഡയാറിൻെറ സഹായത്തോടു കൂടി ഫ്രഞ്ച് വാസ്തു ശില്പി ഡാലിയാണ് നിർമ്മിച്ചത്. ജർമനിയിലെ കൊളോൺ കത്തീഡ്രലിന്റെ വാസ്തു വിദ്യയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, നിയോ ഗോഥിക് ശൈലിയിൽ ആണ് സെന്റ്. ഫിലോമിന പള്ളി പണിതിട്ടുള്ളത്. ഇതൊക്കെ പഠിച്ചിട്ടാണോ അല്ലയോ എന്നറിയില്ല അവിടെ വരുന്ന കുറച്ചുപേർ പള്ളിയിൽ കയറി പ്രാർത്ഥിക്കുന്നതു കാണാം, കുറച്ചു പേർ എന്നെപ്പോലെ വാസ്തുശില്പ ഭംഗി ആസ്വദിക്കുന്നതു കാണാം.ഏതായാലും സമയം പോയതറിഞ്ഞില്ല.

അങ്ങനെ അവിടെ നിന്നിറങ്ങി  ഒരു കേരള റസ്റ്റോറന്റിൽ നിന്ന് വെജിറ്റേറിയൻ ഊണും കഴിച്ച് നേരെ ബേലൂരിലെ സോമനാഥപുരം ചെന്നകേശവ ക്ഷേത്രത്തിലേക്ക്. മൈസൂർ ടൗണിൽ നിന്നും ഏകദേശം 45 മിനിറ്റ് യാത്രയുണ്ട്.  ക്ഷേത്രത്തെക്കുറിച്ചും ചരിത്രത്തെ കുറിച്ചും പഠിച്ചായിരുന്നു യാത്ര എന്നതുകൊണ്ട്,  സഹായിക്കാൻ വന്ന ഗൈഡ് ചേട്ടനോട് സഹായം വേണ്ട എന്നു പറഞ്ഞു മടക്കിയയച്ചു. 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം ഇന്ന് പുരാവസ്തു വകുപ്പിന്റെ കീഴിലാണ്.  അവിടെ ചെന്നിറങ്ങിയ ഞങ്ങളെ ആദ്യം സ്വീകരിച്ചത് ഒരു വാനര സേനയാണ്. അവരുടെ കുത്തിമറിയലുകൾ ആസ്വദിച്ച് ചെന്ന ഞാൻ കണ്ട അദ്ഭുത കല്ലിൽ കൊത്തിവെച്ച കവിത എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.

1117ൽ ഉണ്ടായ തലക്കാട് യുദ്ധത്തിൽ ചോളന്മാരെ തോൽപ്പിച്ചതിൻെറ സന്തോഷ സൂചകമായി ഹൊയ്സാല ചക്രവർത്തിയായ വിഷ്ണു വർദ്ധൻ ആണ് കാവേരിയുടെ പോഷകനദിയായ യാഗാച്ചി നദിയുടെ തീരത്ത് ചെന്ന കേശവ അഥവാ സുന്ദരനായ കേശവൻ എന്നർഥം വരുന്ന അതിമനോഹരമായ ഈ ക്ഷേത്രം പണിയിപ്പിച്ചത്. 64 മൂലകളും 4 പ്രവേശന കവാടങ്ങളും,  48 തൂണുകളുമായി ശില്പ ഭംഗി നിറഞ്ഞ ഈ ക്ഷേത്രം മുകളിൽ നിന്ന് നോക്കിയാൽ ഒരു നക്ഷത്രം പോലെയാണ് കാണപ്പെടുന്നത്. വാസ്തുവിദ്യ, ശിൽപ്പങ്ങൾ, ശിലാ ശാസനങ്ങൾ, തൂൺ ചിത്രങ്ങൾ, ചരിത്രവും എല്ലാം കൂടി ചേർന്നിരിക്കുന്ന ഈ ക്ഷേത്രം ഹൊയ്സാല ശിൽപ്പ കലയുടെ ഉത്തമ ഉദാഹരണമാണ്. പക്ഷേ ഇത്രയും ചരിത്രമുറങ്ങുന്ന ഈ സ്ഥലത്ത്, ചാമുണ്ഡേശ്വരി ഹിൽസിലും, വൃന്ദാവൻ ഗാർഡനിലും വരുന്നതിൻെറ മൂന്നിലൊന്നു ആളുകൾ പോലും ഇവിടേക്ക് വരുന്നില്ല എന്നത് നമുക്ക് നമ്മുടെ ചരിത്രത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്.

തിരിച്ചു മടങ്ങുന്ന വഴി ഞങ്ങൾക്കൊപ്പം കൂടിയ ഒരു ശുനകവീരന് ഒരു പാക്കറ്റ് ബിസ്കറ്റ് കൈക്കൂലി കൊടുത്താണ് പറഞ്ഞു വിട്ടത്.  ഹോട്ടലിലേക്കുള്ള മടക്കയാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലായിരുന്നിട്ട് കൂടി എന്തുകൊണ്ടാണ് ഈ സ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാകാത്തത് എന്നാണ്. ചിന്തകൾ കാടുകയറിക്കൊണ്ടിരിക്കെ വണ്ടി ഹോട്ടലിൽ എത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com