ADVERTISEMENT

നൂറ്റാണ്ടുകളായി നാഗാരാധന നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. നിരവധി നാഗക്ഷേത്രങ്ങൾ അതിനു സാക്ഷ്യമെന്നോണം നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കര്‍ണാടകയിലാണ്. സവിശേഷതകൾ ഒരുപാടുള്ള മുക്തിനാഗ ക്ഷേത്രം ധാരാളം വിശ്വാസികളുടെ വലിയൊരാശ്രയമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിലൊന്ന് അലങ്കരിക്കുന്ന ഈ ദേവാലയത്തിനു ധാരാളം പ്രത്യേകതകളുണ്ട്. എന്തൊക്കെയാണതെന്നു അറിയേണ്ടേ?

 

ബെംഗളൂരുവിലാണ് മുക്തി നാഗക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത പ്രധാന പ്രതിഷ്ഠ തന്നെയാണ്. ഒറ്റക്കല്ലിൽ പണിതീർത്തിരിക്കുന്ന ഈ നാഗപ്രതിമയാണ് ലോകത്തിലേറ്റവും വലുത്. ഈ ഭീമാകാര നാഗരൂപത്തിനു 36 ടൺ ഭാരവും 16 അടി ഉയരവുമുണ്ട്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങൾക്കു 200 വർഷത്തോളം പഴക്കമുണ്ടെങ്കിലും ഇപ്പോഴുള്ള ക്ഷേത്രത്തിനു അത്രയും വർഷത്തെ പഴക്കമൊന്നും അവകാശപ്പെടാനില്ല. കൗതുകം ജനിപ്പിക്കുന്ന നിർമിതികളും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിന്റെ അകകാഴ്ചകളാണ്.

 

നാഗപ്രതിഷ്ഠ അല്ലാതെ വേറെയും ഒട്ടേറെ പ്രതിഷ്ഠകൾ ഇവിടെ കാണുവാൻ സാധിക്കുന്നതാണ്. നരസിംഹ മൂർത്തി, സിദ്ധി വിനായക, രേണുക യെല്ലമ്മ, ആദി മുക്തി നാഗ തുടങ്ങിയവരെ കൂടാതെ നൂറ്റിയേഴോളം ചെറു നാഗരൂപങ്ങളും ഇവിടെയുണ്ട്. കൂടാതെ, ഈ ക്ഷേത്രത്തിനു സമീപസ്ഥമായി വേറെയും നാല് ക്ഷേത്രങ്ങൾ കൂടിയുണ്ട്. ശിവൻ, സിദ്ധി വിനായക, നരസിംഹ മൂർത്തി, നീലാംബിക എന്നിവരാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന പ്രതിഷ്ഠകൾ.

മുക്തിനാഗ ക്ഷേത്രത്തെ സംബന്ധിച്ചുള്ള ഐതീഹ്യ പ്രകാരം ഈ ക്ഷേത്രത്തിനു ഇരുനൂറിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അക്കാലത്തു ഇവിടുത്തെ പ്രദേശവാസികളുടെ ആരാധനാമൂർത്തി നാഗദൈവമായിരുന്നു. ജൂഞ്പ്പഹയിലു എന്നായിരുന്നു അക്കാലത്തു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. നാഗ ദൈവത്തെ ആരാധനയോടെ വിളിച്ചിരുന്നതു ജൂഞ്ചപ്പ എന്നായിരുന്നു. തങ്ങളുടെയും തങ്ങളുടെ ഗ്രാമത്തിന്റെയും സംരക്ഷകനായാണ് നാഗദൈവത്തെ അവർ കണ്ടിരുന്നത്. തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന രീതിയിലുള്ള നിരവധി അനുഭവകഥകളും ഇവിടുത്തെ പഴയ തലമുറയ്ക്കു പങ്കുവെയ്ക്കാനുണ്ട്. ഇവിടെയുള്ള ചിതൽപുറ്റിൽ ഇപ്പോഴും നാഗങ്ങൾ വസിക്കുന്നുണ്ടെന്നും ഈ ചിതൽപുറ്റിനെ 90 ദിവസം തുടർച്ചയായി ഒമ്പതു തവണ വലംവെച്ചാൽ മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നുമാണ് വിശ്വാസം.

ബെംഗളൂരുവിൽ നിന്നും മൈസൂരിലേക്കുള്ള റോഡിൽ റാമോഹള്ളിയ്ക്കു അടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്നും കെംഗേരിയിലെത്തിയാൽ എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ്. കെംഗേരിയിൽ നിന്നും റാമോഹള്ളിയ്ക്കു പോകുന്ന ബസിൽ കയറിയാൽ ക്ഷേത്രത്തിലെത്തിച്ചേരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com