ADVERTISEMENT

 

valapara-trip-gif

 മഴ നമ്മെ തേടിയെത്തും മുമ്പേ മഴയെ തേടി നമ്മൾ ഇറങ്ങണം. ഓരോ ഇടങ്ങളിലും മഴയുടെ പെയ്ത്ത് ഓരോ തരത്തിലാണ്. മുകളിൽ നിന്ന് ചാഞ്ഞു വീഴുന്ന മഴയ്ക്ക് സമതലത്തിലെ നീണ്ട പാതകളിലോ കടൽ തീരങ്ങളിലോ നായാട്ടിനിറങ്ങണം. താഴെ നിന്നും അടിവാരക്കാറ്റ്  പറത്തി കൊണ്ടുവരുന്ന മഴയ്ക്ക് മലമുകളിൽ കയറണം. ഒറ്റ നിയമമേ മഴ യാത്രയ്ക്കുള്ളൂ മിനിമം ലഗ്ഗേജുമായി സൂചി തണുപ്പിന്റെ വേദനയിൽ ലഹരിപിടിച്ചാവണം  മഴയിലിറക്കം. 'ചെറുത് ചാരുത' എന്ന പോലെ വിലപിടിപ്പുള്ള ഒന്നും കയ്യിലെടുക്കാതെ നിവർത്തിപ്പിടിച്ച കൈയ്യുമായി നെഞ്ചു വിരിച്ചങ്ങനെ കുറുകെ നിൽക്കണം.

മലമുകളിലെ മഴ നായാട്ടിന് ഇത്തവണ തിരഞ്ഞെടുത്തത് വാൽപ്പാറ- ഷോളയാർ - അതിരിപ്പിള്ളി വനപാത. മൺസൂൺ യാത്രയുടെ പൊതു നിയമം 'സ്റ്റിക് ടു ബേസിക് '  ആയതിനാൽ സഹചാരി കാനൻ ഡി 1000 റൈഡ് ബാഗിൽ നിന്നു മാറ്റി അലമാരയിൽ വച്ചു. മഴ കാഴ്ചയ്ക്ക് പ്ലാസ്റ്റിക് പൊതിഞ്ഞ് മൊബൈൽ പകരം വച്ചു. തലേന്നു തന്നെ ബഡ്ഡി ബുള്ളറ്റ് ക്ലാസ്സിക്ക് 350 ൽ എഞ്ചിനോയിൽ ടോപ്പ് അപ്പ് ചെയ്തു, ചെയിനിൽ ഗ്രീസ് പുരട്ടി , നൈട്രജൻ എയർ ചെക്ക് ചെയ്ത് റെഡിയാക്കി വച്ചു. ഒറ്റ ദിവസം കൊണ്ട് ഏകദേശം 360 കിലോമീറ്റർ റൈഡു ചെയ്ത് , അതും ഹെയർ പിൻ പാതയിൽ പാലക്കാട് തിരിച്ചെത്തണം.

valparai4

പുലർച്ചെ ഏഴരയ്ക്ക് റൈഡ് തുടങ്ങി. ഒറ്റയ്ക്കാണ് യാത്ര. കയ്യിൽ ഒരു ഷോട്ട്സും ടീ ഷർട്ടും ബുള്ളറ്റ് ഡോക്യുമെന്റുകളും റെയിൻ കവർ ബാഗിലാക്കി പിന്നിൽ കെട്ടിവച്ചു. ചെറിയ മഴ തുടരുന്നുണ്ട്. കൂട്ടുപാത ബി. പി. എൽ റോഡിൽ നിന്ന് കൊഴിഞ്ഞാമ്പാറ - പൊള്ളാച്ചി റൂട്ടിലേക്ക് കയറി, പത്തു മിനിട്ടിനകം മഴ കനത്തു, തണുപ്പിൽ ഒരു പകൽ കഴിയാൻ ഉടൽ തയ്യാറെടുത്തു. എലപ്പുള്ളിയിൽ നിന്നു തിരിഞ്ഞ് രാമശ്ശേരിയിലേക്ക്. രണ്ടു കിലോ മീറ്റർ മാത്രം.

രാമശ്ശേരി ഇഡ്ഡലിയാണ് പ്രഭാത ഭക്ഷണം. വർഷങ്ങൾക്കു മുമ്പ് ഒന്നു ചുറ്റിയതാണ്. നേരിയ ഓർമ്മയേ ഉള്ളൂ. രാമശ്ശേരി മാരി അമ്മൻ കോവിലിനു മുന്നിൽ ഇഡ്ഡലി വീട് എന്ന് പരസ്യം . ഇഡ്ഡലി ഒരു വഴിപാട് ഐറ്റമായോ എന്ന് സംശയിച്ചെങ്കിലും തൊട്ടടുത്ത് ഇഡ്ഡലിക്കട കണ്ട് കയറി. ദോശയുടേയും ഇഡ്ഡലിയുടേയും സങ്കര ഇനം പോലെ മഴത്തണ്ണുപ്പിൽ ചൂടൻ ആവി പറക്കുന്ന രാമശ്ശേരി ഇഡ്ഡലിയും പൊടിയും ചട്നിയും നിരന്നു. 

യുണെസ്ക്കോ ഭഷ്യവിഭവം ആയി പേറ്റൻറ് ചെയ്യപ്പെടത്തക്ക സംഭവം ഒന്നുമല്ലങ്കിലും, തരക്കേടില്ല അത്ര തള്ളാനുമില്ല. ഈ ഹോട്ടലിലെ നടത്തിപ്പുകാരുടെ അമ്മൂമ്മമാർ ആണത്രേ പണ്ട് ഇത് വിറ്റിരുന്നത്. തോർത്തിൽ മൺകലത്തിൽ വിറകിൽ പൊന്നിയരിയും ഉഴുന്നും ഉലുവയും ചേർത്തരച്ച മാവ് ഒഴിച്ചാണ് പ്രിപ്പറേഷൻ. ഭക്ഷണം കഴിച്ച് വീണ്ടും ജാക്കറ്റിട്ട് തിരിച്ച് വണ്ടിയിലേക്ക്. രണ്ടു കിലോമീറ്റർ തിരിച്ചോടി വേണം പൊള്ളാച്ചി റൂട്ടിലെത്താൻ.

bullet-ride-to-valapara-gif

കനത്ത മഴയിൽ ഹെൽമറ്റ് ഗ്ലാസ്സിൽ മഴ ചിതറി കാഴ്ച തടസ്സപ്പെടുന്നുണ്ടെങ്കിലും നീണ്ട തരക്കേടില്ലാത്ത റോഡാണ്. ഗോവിന്ദാപുരം കഴിഞ്ഞ് തമിഴ്നാട്ടിൽ കയറി പൊള്ളാച്ചി എത്തും മുൻപ് വലത്തോട്ട് തിരിഞ്ഞ് വാൾപ്പാറ മെയിൻ റോഡിലെത്തിയപ്പോഴേക്കും മഴ മാറി വെയിൽ പരന്നിരുന്നു. ഉള്ളാകെ തണുത്ത മഴക്കാലത്ത് ഇടയ്ക്ക് തെളിയുന്ന വെയിൽ പോലെ സുഖകരമായ പകൽ യാത്ര. ക്ലാസിക്കിന്റെ ചെറു ബിറ്റിനെ അലോസരപ്പെടുത്താത്ത ട്രാഫിക്ക് തിരക്കില്ലാത്ത  വാൾ പാറ റോഡ്. ആളിയാർ ഡാമിനു മുന്നിലെത്തിയതും പരാതി കെട്ടഴിച്ച പ്രണയിനിയെപ്പോലെ മഴ കുടം തുള്ളി വാർത്തു. ഇനി കയറ്റമാണ്. മങ്കി ഫാൾസ് എത്തും മുൻപ് ചെക് പോസ്റ്റിൽ ടിക്കറ്റ് എടുത്ത് താഴെ മഴയും മഞ്ഞും പരന്നു കിടക്കുന്ന ആളിയാർ ഡാമിന്റെ ചിത്രം മൊബൈലിൽ പകർത്തി.

rameshwar-idli

വാൽപ്പാറ എത്തുംമുൻപ് വാട്ടർ ഫാൾസ് എന്ന ഒരു സ്ഥലമുണ്ട്. തേയില പ്ലാന്റേഷനുകൾ നിര നിന്നു ചിരിക്കുന്ന റിസപ്ഷനിസ്റ്റുകളെപ്പോലെ. രണ്ടര മണിക്കൂർ പിന്നിട്ട റൈഡിനു ചെറു ബ്രേക്ക്. മഴ കനപ്പിച്ചു തന്നെ . വശത്തേക്ക് വണ്ടി ഒതുക്കി റോഡിനു വലതു വശത്തുള്ള ചായപ്പീടികയിലേക്ക് കയറി ഒരു പൊടിക്കട്ടൻ പറഞ്ഞു. അത്ര മൊഹബത്തില്ലങ്കിലും തരക്കേടില്ലാത്ത സുലൈമാനി തണുത്ത മഞ്ഞു മഴയിൽ രസായി. ശരിയാണ് ഉയരം കുടും തോറും ചായയ്ക്കു രുചി കൂടുകയാണ്. വാട്ടർ ഫാൾസ് മുതൽ വാൾപ്പാറ വരെ തേയിലത്തോട്ടത്തിനു നടുവിലൂടെ, ഇടയ്ക്ക് ചുറ്റിപ്പിണഞ്ഞു കാഴ്ച മറച്ച കോടമഞ്ഞിലലിഞ്ഞുള്ള സോളോ റൈഡിന് ഒരു ധ്യാനത്തിന്റെ ഭാവമായിരുന്നു. ധ്യാനം മുറിച്ച് ഒരു ഡസനോളം നീർച്ചോലകൾ. വശങ്ങളിലെ പാറക്കെട്ടുകളിൽ തെന്നാതെ ബാലൻസ് പിടിച്ച് നടക്കുന്ന വരയാടുകൾ. അത്രമേൽ ആർദ്രമായി മഴക്കാലത്തെ ആദ്യമായി കാണുകയായിരുന്നു. വാൾപ്പാറയിലെത്തുമ്പോൾ ഒരു മണി കഴിഞ്ഞു. താരതമ്യേന സാന്ദ്രത കൂടിയ ഹിൽ സ്റ്റേഷനാണ് വാൾപ്പാറ . ഒന്നും പ്രത്യേകിച്ച് കണ്ടാസ്വദിക്കാൻ വാൽപ്പാറയിലില്ല എന്ന് മുന്നറിയിപ്പ്. മഴ അവധിയെടുക്കാതെ തിമിർക്കുകയാണ്, അടയാളങ്ങൾ മറച്ച് കോടമഞ്ഞും. തണുപ്പ് ഉള്ളറിയുന്നു, തരിപ്പ് ഉടലിലെങ്ങും.

valapara-trip3-gif

ഉച്ചഭക്ഷണം കഴിച്ച് ഒരു മണിക്കൂർ ഹോട്ടൽ പാർക്കിംഗിൽ വിശ്രമിച്ചു. ഇനി ഷോളയാർ - ചാലക്കുടി വനപാതയിലേക്കാണ്. മൂന്നു മണിക്കൂർ നീണ്ട മഴ റൈഡ് തുടരുകയാണ്. മഞ്ഞിൽ കാഴ്ച മറയുന്നത് രസായി. മഴയിൽ ജാക്കറ്റ് നനഞ്ഞു കുതിർന്നു. റൈഡായതിനാൽ കുളിർ കാറ്റും മുക്കാൽ മണിക്കൂർ പിന്നിട്ട് കേരള അതിർത്തിയിൽ ടിക്കറ്റ് എടുത്ത് മുന്നോട്ട്. ലൈറ്റിട്ടാണ് യാത്ര. മൂടൽ മഞ്ഞ് കനക്കുകയാണ്, മഴയും. ഇൻഡിക്കേറ്ററിട്ടതു കൊണ്ടു മാത്രം പെട്ടു പോകാതെ ശ്രദ്ധിച്ചാണ് യാത്ര. വഴി ചെറുതായി കൊണ്ടിരിക്കുന്നു. ഇടയ്ക്ക് കുറെ ബൈക്കുകൾ പാർക്കു ചെയ്ത ടീ ഷോപ്പിൽ കയറി കട്ടനെടുത്തു, ആത്മാവിലൊരു കനലെരിഞ്ഞു. ഇനി രണ്ടു മണിക്കൂർ കൊടും വനം. കനത്ത മൂടൽ മഞ്ഞിൽ ഇടതടവില്ലാതെ വരുന്ന സഞ്ചാരി വാഹനങ്ങളുടെ ഇമ ചിമ്മലിൽ മാത്രം ശ്രദ്ധിച്ച്  വേണം റൈഡ്. ഇടയ്ക്കിടെ ഈറ്റക്കമ്പുകൾ നടു മധ്യത്തിൽ തൂങ്ങി കിടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടില്ലെങ്കിൽ, ഹെൽമറ്റ് ഗ്ലാസ്സ് ഇല്ലങ്കിൽ അപകടകരമാണ്. മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഇടതു ഭാഗത്ത് മഞ്ഞിൽ പുതച്ച് ഷോളയാർ ഡാം. കനത്ത മഴയിലും മഞ്ഞിലും ആളൊഴിഞ്ഞ ഡാം സൈറ്റിൽ വണ്ടിയരികെ വച്ചു ഇറങ്ങി വന്നു. മഞ്ഞിന്റെ മറയിൽ നാണിച്ചു നിൽക്കുന്ന ഷോളയാർ. താഴെ നിന്നും ശീതനടിച്ച് മഴത്തുള്ളികൾ ഹെൽമറ്റ് ഗ്ലാസ്സുകൾക്കിടയിലൂടെ തുളച്ചു കയറി. മലഞ്ചരിവുകളിൽ മഴ പെയ്യുന്നത് താഴേ നിന്നും മേലോട്ടാണ്. മലക്കപ്പാറ, പുളിയിലപ്പാറ വഴി വാഴച്ചാൽ , ചാർപ്പ  അതിരിപ്പിളളി വരെ ഏറെക്കുറെ വിജനമായ വന പാതയാണ്. 

ഇടവിട്ട് വന്യമൃഗങ്ങളുടെ താരകൾ സൂചിപ്പിക്കുന്ന സൂചനാ ഫലകങ്ങൾ കാണാം. ഒന്നര മണിക്കൂർ നീണ്ട വനയാത്രയിൽ ഒരു ഡസനിലധികം നീർച്ചോലകൾ, കണ്ണെത്താത്ത ദൂരം പരന്ന് കിടക്കുന്ന പച്ചപ്പ്, ആനത്താരകളിലെ ചൂര് , യാത്രയുടെ ഹരം ഉൻമാദമാകുന്നതിവിടെയാണ്. കാട്ടിലെ മഴ ആഘോഷമാണ്. നനയാതിരിക്കാൻ ഒന്നുമില്ലാത്ത കാടു ജീവിതങ്ങളുടെ മഴപ്പൂരം. വാഴച്ചാൽ പെൻസ്റ്റോക്ക് പൈപ്പിൽ എത്തുമ്പോഴേക്കും ആറു മണി കഴിഞ്ഞിരുന്നു. ഏകദേശം ഒൻപതു മണിക്കൂർ നീണ്ട മഴയാത്ര, ദ റെയിൻ റൈഡ് പാലക്കാട് എത്തുമ്പോഴേക്കും പതിന്നാലു മണിക്കൂർ പിന്നിട്ടിരുന്നു. ശരീരത്തിന്റെ എല്ലാ സന്ധികളും ഇളകി മാറിയ പോൽ വേദന. ചൂടു വെള്ളത്തിൽ വിസ്തരിച്ച് ഒരു കുളി , അടുത്ത റൈഡ് സ്വപ്നം കണ്ട് നീണ്ട ഒരുറക്കം. പുറത്ത് അടുത്ത മഴയുടെ വരവറിയിച്ച് തണുത്ത കാറ്റ് വീശുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT