ADVERTISEMENT

വിശാലമായ സൂര്യകാന്തിപ്പാടം. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന മൊട്ടക്കുന്നുകൾ. പൊരിവെയിൽ വകവെക്കാതെ മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം, പശുക്കളെ തെളിക്കുന്ന ഇടയന്മാർ. ഭാവനാ സമ്പന്നമായ ചലച്ചിത്രങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കാവുന്ന പാശ്ചാത്തലം. ഇക്കാണുന്ന വിസ്മയങ്ങളെല്ലാം സ്വന്തം മടിത്തട്ടിലൊതുക്കിക്കൊണ്ട് തലയുയർത്തി നിൽക്കുന്നൊരു കുന്ന്. അതാണ് ഹിമവദ് ഗോപാല സ്വാമി ബെട്ട!

മൈസൂർ – ഊട്ടി ദേശീയപാതയിൽ, ഗുണ്ടൽപേട്ടിൽ നിന്നും ഊട്ടി ഭാഗത്തേക്ക് എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വലതുവശത്ത് വലിയൊരു കവാടം കാണാം. അതിലൂടെ കുറച്ച് ദൂരം കൂടെ സഞ്ചരിച്ചാൽ ഹിമവദ് ഗോപാലസ്വാമി ബെട്ടയിലെത്താം. കവാടം കടക്കുന്നതോടെ കർണ്ണാടകത്തിന്റെ ഗ്രാമീണാന്തരീക്ഷം സ്പഷ്ടമാകുന്ന കാഴ്ചകൾ കാണാനാകും. ‘ഹംഗാല’ ഗ്രാമം ചിലയിടങ്ങളിൽ കോളനികൾ പോലെ തോന്നുന്ന അനേകം വീടുകൾ കാണാം. ചുറ്റുഭാഗങ്ങളെല്ലാം വിശാലമായ സൂര്യകാന്തിപ്പാടങ്ങളാണ്. ഒാണക്കാലമാകുന്നതോടെ, വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപ്പാടങ്ങൾ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ധാരാളം സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

Gopalswami-Hills3-gif

മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും, അവയ്ക്ക്് പുറകെ ഉച്ചഭക്ഷണം നിറച്ച തൂക്കുപാത്രങ്ങളുമായി നടന്നു നീങ്ങുന്ന ഗോപാലന്മാരും, ഏവരുടേയും കണ്ണുകൾക്ക് പുതിയൊരു ദൃശ്യവിരുന്നു തന്നെയായിരിക്കും. കൃഷിപ്പാടത്തിനിടയിലൂടെയുളള മൺപാതയിലൂടെ സാവധാനം നീങ്ങുന്ന കാളവണ്ടികൾ, മലയടിവാരത്ത് കർണ്ണാടക വനംവകുപ്പിന്റെ ചെക്പോസ്റ്റുണ്ട്. അവിടെ നിന്നും ടിക്കറ്റെടുക്കാം. പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൊണ്ടുപോകാനനുവദിക്കില്ല. ‌

പൗരാണികത തോന്നിക്കുന്ന ക്ഷേത്രമാണ്. സ്വർണ്ണവർണ്ണമായ പ്രവേശന കവാടം. കവാടം കടന്ന് കുറച്ച് പടികൾ കയറിയാൽ ക്ഷേത്രത്തിനകത്തെത്താം. നല്ല തണുപ്പുളള അകത്തളം. വൈകുന്നേരങ്ങളില്‍ കോടമഞ്ഞ് മൂടുന്ന പ്രദേശങ്ങളാണ്. മൺസൂൺ കാലങ്ങളിൽ ദിവസം മുഴുവനും കോടമഞ്ഞ് തന്നെയായിരിക്കും.

Gopalswami1-gif

ചാമരാജനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 1315 ൽ, ചോള രാജവംശത്തിൽപ്പെട്ട ബല്ലാല എന്ന രാജാവാണ് പണികഴിപ്പിച്ചത്. ഇതൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ്. വീതിയുളള പ്രദക്ഷിണവഴിയാണ്, പിൻഭാഗത്ത് മതിൽക്കെട്ടിന് ഉയരം കുറവാണ്. അതിനപ്പുറം വിശാലമായ മൊട്ടക്കുന്നുകളാണ്. ഈ പുൽത്തകിടിയിലെല്ലാം പലപ്പോളും ആനക്കൂട്ടങ്ങളിറങ്ങാറുണ്ട്. വൈകുന്നേരങ്ങളിൽ ഇവിടം വളരെ മനോഹരമായിരിക്കും. ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇവിടെ നിന്ന് കാണുന്ന ഉദയവും, അസ്തമയവും വളരെ സുന്ദരമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT