ADVERTISEMENT

മനസ്സ്‌ വല്ലാതെ അസ്വസ്ഥമാകുമ്പോൾ തയാറെടുപ്പുകളൊന്നുമില്ലാതെ പെട്ടെന്നൊരു യാത്ര പോകാൻ തോന്നും. പ്രകൃതിയോട് ഒത്തുചേരാനാണ് കൂടുതൽ പ്രിയം. പ്ലാനിങ്ങില്ലാത്ത യാത്രകളാണ് കൂടുതൽ കളറാകുന്നത്. ഏതു യാത്രയ്ക്കും ഒപ്പമുണ്ടാകാറുള്ള ചങ്ക്സും ഇൗ യാത്രയിൽ ഒത്തുച്ചേർന്നു. വാൽപാറയിലേക്കായിരുന്നു യാത്ര.

valpara-trip7-gif

രാവിലെ 9 മണിക്ക് യാത്രയ്ക്ക് റെഡിയായി. ഓരോ സഞ്ചാരിയെയും കൊതിപ്പിക്കുന്നത് കാടുകയറാനുള്ള മോഹമാണ്. വാൽപാറ തെരഞ്ഞെടുക്കുവാനും കാരണമിതായിരുന്നു. ഉച്ചക്ക് 2 മണിയോടു കൂടി ആതിരപ്പള്ളിയെത്തി. നല്ല നാടൻ ഊണും മോരുകറിയും മീൻവറുത്തതും അകത്താക്കിയതോടെ വിശപ്പിന് ആശ്വാസമായി. പതുക്കെ അവിടുന്ന് നീങ്ങി 2:30 യോടു കൂടി വാഴച്ചാൽ ചെക്‌പോസ്റ്റ് എത്തി. അവധി ദിവസം ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു. റൂം കിട്ടുമോ എന്നതായിരുന്നു ടെൻഷൻ. ചെക്‌പോസ്റ്റിൽ നിന്ന് സ്ലിപ് കിട്ടി 2 മണിക്കുറിനുള്ളിൽ മലക്കപ്പാറ എത്തണം.

valpara-trip1-gif

യാത്രയിലെ ഓരോ വളവും കാടിന്റെ വന്യത ആസ്വദിക്കാനുള്ളതായിരുന്നു. ഏകദേശം ഒരു 55 കിമീ മുഴുവൻ കാടാണ് വെറും കാടുമാത്രമല്ല ചാപ്പറയും അനക്കയവും പെരിങ്കൽകുത്തും തോട്ടുപാറ വ്യൂ പോയിന്റും പെൻസ്ട്രോക്കും ഈറ്റകാടും കൂടെ മഴയും കോടയും. രസകരമായ യാത്ര. ഓരോ വളവിലും ആകാംക്ഷയുടെയും ഭയത്തിന്റെയും ആനച്ചൂരുമായി നിൽക്കുന്ന കൊമ്പന്മാരും യാത്രയെ തെല്ലൊന്നു പേടിപ്പിച്ചു. കാടിന്റെ വന്യതയെ ആസ്വദിക്കുന്ന ഓരോ സഞ്ചാരിക്കും പ്രിയപ്പെട്ടതാണ് വാഴച്ചാൽ–വാൽപ്പാറ പാത.

valpara-trip8-gif

ആ... ഒരു ഫീൽ ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റില്ല .യാത്രയ്ക്കായി ഈ സ്ഥലം തെരഞ്ഞെടുക്കുവാനുള്ള പ്രധാനകാരണം കാടിന്റെ കൊമ്പന്മാരെ കാണാനുള്ള തീവ്രമായ ആഗ്രഹം തന്നെയാണ്. അതിനു കൂടുതൽ പ്രതീക്ഷ നൽകുന്നതായിരുന്നു ഓരോ വളവിലും കാണുന്ന ആനപിണ്ടങ്ങളും ആനച്ചൂരും. പ്രതീക്ഷ നിരാശ മാത്രം നൽകിയുള്ളൂ. മലക്കപ്പാറ വരെ കുറച്ചു കുരങ്ങുകളെ അല്ലാതെ ഒന്നിനെയും കണ്ണിൽപ്പെട്ടില്ല. ഏകദേശം 4 മണിയോടു കൂടി മലക്കപ്പാറ ചെക്ക്പോസ്റ്റ് കടന്നു.

valpara-trip6-gif

മുന്നോട്ടുള്ള യാത്ര കേരളവും തമിഴ്നാടും ഇടകലർന്ന പ്രതീതിയുള്ള നാട്ടിലൂടെയായിരുന്നു. മഞ്ഞു കട്ടകളെ പോലെ പാറിനടക്കുന്ന വെള്ളിമേഘങ്ങൾക്കു കീഴേ ഒരേ നിരപ്പിൽ പച്ചപ്പ് തളിരിട്ടു നിൽക്കുന്ന തേയില തോട്ടങ്ങൾക്കിടയിൽ സായിപ്പന്മാർ ഉണ്ടാക്കിയ തേയില ഫാക്ടറികളുടെ കാഴ്ച കുളിർമയേകുന്നതായിരുന്നു. കണ്ട കാഴ്ചകളൊക്കെയും മനസിൽ പതിപ്പിച്ചപോലെ ക്യാമറയിലും പതിപ്പിച്ചു മുൻപോട്ടു പോയി. നല്ലൊരു വ്യൂ പോയിന്റിനോട് ചേർന്നു ഒരു ചെറിയ ചായക്കട കണ്ടു. നല്ല ചൂട് മുളകുബജി അടുക്കിവെച്ചേക്കുന്നിടത്ത് വാഹനം ഒതുക്കി. നല്ല സ്ട്രോങ്ങ് ചായയും മുളകുബജിയും അകത്താക്കി. യാത്ര തുടർന്നു.

valpara-trip5-gif

ഏകദേശം 5:30 ആയപ്പോള്‍ വാല്‍പ്പാറ ടൗൺ എത്തി. ആദ്യം റൂം തരപ്പെടുത്തി. നല്ല അടിപൊളി ഹോംസ്റ്റേ ആയിരുന്നു. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഒരു അരുവിയും അതിനപ്പുറം തേയിലത്തോട്ടത്തിന്റെ അടിപൊളി വ്യൂവും ആസ്വദിക്കാം. അത് നമ്മുടെ കൊച്ചിക്കാരൻ ആല്‍വിൻ ചേട്ടന്റെ ഹോംസ്റ്റേ ആയിരുന്നു. (Alwyn's Home stay) പാചകകാരനായ ചങ്ങാതി ഒപ്പമുള്ളതുകൊണ്ട് ആവശ്യസാധനങ്ങളൊക്കെയും വാങ്ങി.

valpara-trip4-gif

എല്ലാവരുംകൂടി പാട്ടും പാടി പാചകം അടിപൊളിയാക്കി. നല്ല കിടിലൻ നെയ്ച്ചോറും ബീഫിക്കറിയും കോഴിപൊരിച്ചതും സലാഡും അച്ചാറുമൊക്കെയായി സംഭവം റെഡിയായി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഓരോ നിമിഷങ്ങൾ. ഒരു കാര്യം മനസിലായി വീട്ടിൽ 'അമ്മ ഉണ്ടാക്കുമ്പോൾ ഉപ്പില്ല എരിവില്ല എന്നൊക്കെ പറഞ്ഞു കുറ്റം പറയുമ്പോൾ അതിന്റെ പുറകിലെ അധ്വാനത്തിന്റെ വില ഉള്ളിന്റെയുള്ളിൽ മനസിലാക്കി തന്ന നിമിഷങ്ങളായിരുന്നു.

ഒരു നൈറ്റ് സഫാരി പോയാലോ എന്നായി, പറയേണ്ട താമസം എല്ലാവരും റെഡിയായി ടോർച്ചും കാമറയുമായി ഇറങ്ങി. നല്ല തണുപ്പ്. ഒരു വാഹനംപോലും റൂട്ടിൽ ഇല്ല. കുറച്ചു ചെന്നപ്പോൾ ഇടത്തോട്ടു ഒരു വഴി. ചുമ്മാ പോകാം എന്ന് പറഞ്ഞു വഴി കയറി മോശം റോഡ്, അതൊരു പ്രൈവറ്റ് എസ്റ്റേറ്റ് ആണന്നു കുറച്ചു ദൂരം ചെന്നപ്പോൾ മനസിലായി. ചുറ്റും തിങ്ങി നിറഞ്ഞ തേയില കാട്. പെട്ടന്ന് ഒരു വാഹനം എതിരെ വന്നു. ഞങ്ങളും വാഹനം ഒതുക്കി ഹെഡ്‌ലൈറ്റ് ഡിം ആക്കി, പെട്ടെന്നാണ് മിന്നായം പോലെ മുമ്പിലൂടെ എന്തോ പാഞ്ഞുപോകുന്നതു കണ്ടത്. സംഭവം പെട്ടെന്ന് പിടികിട്ടിയില്ല. ഞങ്ങളൊടോപ്പം വാഹനം ഒതുക്കിയ ആൾ പറഞ്ഞു "തമ്പി പാത്താച്ചാ "അത് ചീറ്റ താ എന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണ് തള്ളിപ്പോയി, ആരും പ്രതീക്ഷിച്ചില്ല.

ആവേശം കൂടി അയാളോട് ഞങ്ങൾ ചോദിച്ചു അണ്ണേയ് അങ്ങോട്ട് പോയാൽ കാണാൻ കിട്ടുവോ ? "ഉറപ്പില്ല തമ്പി സിഎസ്െഎ ചര്‍ച്ച് റോഡ് പക്കം ഉറപ്പായും പാക്കലാം എന്ന് പറഞ്ഞു പുള്ളി പോയി ".വാഹനം വളച്ചു നേരെ അങ്ങോട്ടേക്കു വിട്ടു, കുറെ ദൂരം ചെന്നപ്പോൾ പള്ളിയും കുരിശും കണ്ടു അവിടെങ്ങും കാണാൻ സാധിച്ചില്ല. എല്ലാവരും കുറച്ചു മുൻപോട്ടു പോയപ്പോൾ തേയില കാടുകൾക്കു ഇടയിൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ ഇത് പുലിയാണ് മക്കളെ എന്ന് പറഞ്ഞു ഇരുട്ടിലേക്ക് ടോർച്ച വെട്ടം പായിച്ചപ്പോൾ പുലി അല്ല കാട്ടുപോത്തായിരുന്നു. ഒരു യമണ്ടൻ സാധനം. പറ്റുന്നരീതിയിൽ കാമറ ക്ലിക്കി കുറച്ചു ഫോട്ടോ എടുത്തു മുൻപോട്ടു പോയി. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ വാഹനം പതിയെ നീങ്ങി. റോഡിന്റെ നടുക്ക് എന്തോ ഒന്ന് മിന്നിമറയുന്നപോലെ തോന്നി. ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല. സംഭവം പുലി ആയിരുന്നു.

valpara-trip2-gif

നല്ല നീളൻ വാലും നിറച്ചു പുള്ളികളും. എന്നാലെന്താ കണ്ടു ഓണം ബംമ്പർ അടിച്ച സന്തോഷവും ഒപ്പം ഭയവും തോന്നി. വാൽപാറയിലെത്തി പുലിയെ കണ്ട സന്തോഷമായിരുന്നു എല്ലാവർക്കും. വാൽപാറയല്ല പുലിപ്പാറയാണ് എന്ന ഡയലോഗുമായി ഞങ്ങളും നേരെ റൂമിലേക്ക് തിരിച്ചു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ചായയുമായി ബാൽക്കണിയിലേക്ക് ചേക്കേറി. ഉരുളൻ കല്ലുകളെ തഴുകി ഒഴുകുന്ന അരുവിയും അതിനപ്പുറം നീലാകാശത്തിനു താഴെ പാതി മഞ്ഞിൽ പുതച്ചു കിടക്കുന്ന തേയില തോട്ടവും സുന്ദരകാഴ്ചകളായിരുന്നു. രാത്രിയിൽ പുള്ളിപുലിയെ കണ്ട കാര്യങ്ങളും വിശദീകരിച്ച് മടക്കയാത്രക്കൊരുങ്ങി. പോകുന്ന വഴി ആനയെ കാണാൻ സാധിക്കുമോ എന്നതായിരുന്നു കൂട്ടത്തിലുള്ളവരുടെ അടുത്ത ചോദ്യം.

നല്ലമുടി പൂഞ്ചോല

വാൽപാറയിൽ നിന്നും സിരുകുണ്ട വഴി ഒരു പതിനഞ്ച് കിലോമീറ്റർ താണ്ടിയാൽ നല്ലമുടി പൂഞ്ചോലയിൽ എത്താം. ആനമുടി എസ്റ്റേറ്റിന് അടുത്തുള്ള വ്യൂ പോയിന്റ് ആണിത്. മലക്കപ്പാറ വാൽപാറ റൂട്ട് പോലെ തന്നെ പച്ചപ്പ്‌ പരന്ന് കിടക്കുന്ന തേയിലക്കാടുകൾക്കു നടുവിലൂടെയുള്ള യാത്രയാണിത്. 12 മണിയോടെ നല്ലമുടി വ്യൂ പോയിന്റ്‌ എത്തി. കാർ പാർക്കു ചെയ്തു ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ കയറ്റിവിടില്ലയെന്നായിരുന്നു മറുപടി. കാരണം ആന ഇറങ്ങിയിട്ടുണ്ട് റിസ്ക് ആണ് അതുകൊണ്ടു പെർമിഷൻ ഇല്ല. തൃപ്തിയായി ! ഇതിപ്പോ ആനയെ കാണാൻ വന്നിട്ട് ആനപിണ്ഡം കണ്ടു തിരിച്ചുപോരേണ്ട അവസ്ഥ ആയി എന്ന മട്ടിലായി. അധികനേരം അവിടെ നിന്നില്ല അടുത്ത സ്ഥലം ലക്ഷ്യമാക്കി യാത്ര തുടർന്നു. കുറച്ചു ചെന്നപ്പോൾ കുറച്ചു താഴയായി ഒരു അമ്പലം അതിനുമുൻപിലായി കുറച്ചു കുട്ടികൾ പന്ത് കളിക്കുന്നതു കണ്ടു.

അടുത്ത സ്ഥലം ഏതാണെന്ന് അവരോട് തിരക്കി നല്ലമുടിയാണ്. രണ്ടു നാളായി ആന ഇറങ്ങിയിട്ടുള്ളതുകൊണ്ട് അവിടേക്ക് കടത്തിവിടില്ലെന്നുമായിരുന്നു മറുപടി. എപ്പോൾ വേണമെങ്കിലും ആന മുൻപിൽ വരാം എന്തും സംഭവിക്കാം അങ്ങനെ രണ്ടു കിലോമീറ്ററോളം നടന്നു മുകളിൽ കയറി എന്നിട്ടും കുറെ ആനപ്പിണ്ടം അല്ലാണ്ട് വേറെ ഒന്നും ഞങ്ങൾ കണ്ടില്ല. ഇനി തിരിച്ചു പോകാം എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ ഒരു സ്ത്രീ വിറകും ചുമന്നു വരുന്നു അവരോടു ഞങ്ങൾ ചോദിച്ചു ഇവിടെ ആന ഉണ്ടോയെന്ന്? 'ആന ഉണ്ട് ഇപ്പോൾ പാക്ക മുടിയാത് 5മണി ആകുമ്പോൾ കോവിൽക്കു പക്കം വരും അപ്പൊ പാക്കാം' എന്നുപറഞ്ഞു അവര്‍ പോയി .

valpara-trip3-gif

സമയം 2 കഴിഞ്ഞു ഇനി ഇവിടെ നിന്നിട്ടു കാര്യമില്ലെന്നു പറഞ്ഞു തിരിച്ചിറങ്ങി. വൈകിട്ട് 5മണി വരെ നിന്നാൽ ഇന്ന് തിരിച്ചു പോകാൻ പറ്റില്ല. അതുകൊണ്ടു ആന മോഹം ഉപേക്ഷിച്ചു യാത്രതിരിച്ചു. വാൽപാറ വഴി പോകാതെ മലക്കപ്പാറ വഴി പോകാംമെന്നു തീരുമാനിച്ചു. ആ യാത്രയിൽ ഞങ്ങൾക്ക് ആനയെ കാണാൻ സാധിച്ചു. കുറെ ചിത്രങ്ങളും പകർത്തി. മനസ്സില്‍ ആഗ്രഹിച്ച കാഴ്ച കണ്ട സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും. ഓരോ യാത്രയിലും ഓരോ വിസ്മയങ്ങൾ സമ്മാനിക്കുന്ന വാൽപാറയോട് യാത്രപറഞ്ഞു. ഓരോ യാത്രയും ഓരോ പ്രതീക്ഷകളാണ് ഓരോ അനുഭവങ്ങളാണ്. കാണാത്ത കാഴ്ചകളും അനുഭവിക്കാത്ത വിസ്മയങ്ങളും നിറഞ്ഞ ഓരോ യാത്രകളെയും ആസ്വദിക്കുക പ്രണയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT