ADVERTISEMENT

മനോഹരമായ റോഡുകളിലൂടെ സഞ്ചരിക്കുന്നത് എത്ര അവിസ്മരണീയവും അദ്ഭുതാവഹവുമായ അനുഭവമാണെന്ന് ഒരു ബൈക്ക് യാത്രികന് മാത്രമേ പറയാന്‍ കഴിയൂ. ശാന്തമായ കാറ്റിന്റെ തലോടലില്‍ അലസമായി പ്രകൃതിയുടെ മാറിക്കൊണ്ടിരിക്കുന്ന രൂപങ്ങളെ അടുത്തറിഞ്ഞ് കാടും മേടും താണ്ടി നടത്തുന്ന ഓരോ ബൈക്ക് യാത്രയും സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ കൂടിയാണ്. ആ അനുഭവം കുറച്ച് വാക്കുകളുടെ പരിധിക്കുള്ളില്‍ വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളുമാണ്. ബൈക്ക് ട്രിപ്പ് പ്രേമികളെ ആവേശത്തിലാക്കാവുന്ന മികച്ച 5 റൂട്ടുകളെ പരിചയപ്പെടാം.

ഡല്‍ഹി ടു ലേ

എതൊരു ബൈക്ക് യാത്രികനും ബൈക്കില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്‌നഭൂമിയാണ് ലേ. രാജ്യത്തെ ഏറ്റവും ജനപ്രിയ മോട്ടോര്‍ ബൈക്കിംഗ് യാത്രകളില്‍ ഒന്നാണെങ്കിലും, ദില്ലിയില്‍ നിന്ന് ലേയിലേക്കുള്ള യാത്ര മികച്ച ബൈക്ക് യാത്രക്കാര്‍ക്ക് പോലും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഏകദേശം 15 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണിത്. ദില്ലിയില്‍ നിന്ന് ലേയിലേക്കുള്ള യാത്രയില്‍ അസംഖ്യം സാഹസികതകളും കാഴ്ചകളും നിറഞ്ഞിരിക്കുന്നു. ഈ റൂട്ട് ചണ്ഡീഗഢിലൂടെ കടന്ന്  മണാലിയിലേക്ക് പോകുന്നു, അവിടെ നിന്നാണ് ഡല്‍ഹി ടു ലേ യാത്രയിലെ യഥാര്‍ത്ഥ മലകയറ്റം ആരംഭിക്കുന്നത്. 

അതുവരെ കണ്ട കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായി ലാന്‍ഡ്‌സ്‌കേപ്പ് ക്രമേണ നഗരങ്ങളില്‍ നിന്ന് ഹിമാലയന്‍ ഗ്രാമങ്ങളിലേക്കും മഞ്ഞുവീഴ്ചയുള്ള പര്‍വതങ്ങളിലേക്കും മാറുകയും ഒടുവില്‍ തീര്‍ത്തും മരുഭൂമി പോലുള്ള ഭൂപ്രദേശമായ ലേയില്‍ അവസാനിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോര്‍ പാസായ ഖാര്‍ദുങ് ലാ ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും ദുര്‍ഘടമായ റോഡുകളിലൂടെയാണ് ഈ യാത്ര എന്നത് ആരുടേയും ഉള്ളൊന്നുലയ്ക്കുമെങ്കിലും യാത്രയുടെ പൂര്‍ണ്ണത കൈവരിക്കണമെങ്കില്‍ ഇതൊക്കെ താണ്ടിയേ പറ്റു.

ഷിംല ടു സ്പിതി വാലി

ഷിംലയില്‍ നിന്ന് സ്പിതി വാലിയിലേക്കുള്ള ബൈക്ക് യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ഹിമാചല്‍പ്രദേശിന്റെ അതിമനോഹരമായ ഭംഗിയാണ്. ഷിംല മേഖലയിലെ പച്ചയും മഞ്ഞുവീഴ്ചയുമുള്ള കുന്നുകളില്‍ നിന്ന്, ഭൂപ്രകൃതി മുകള്‍ ഭാഗത്തേയ്ക്ക് പോകുന്തോറും ക്രമേണ കൂടുതല്‍ പാറകളുള്ളതും മനോഹരവുമായ ഒരു താഴ്‌വരയിലേക്ക് നിങ്ങളെ ആനയിക്കും. ഒരു വശത്ത് മഞ്ഞുപുതച്ച കൊടുമുടികളെങ്കില്‍ മറുവശത്ത് വെള്ളച്ചാട്ടങ്ങളും അവിടവിടെയായി കിന്നൗര്‍ എന്ന ആട്ടിന്‍പറ്റങ്ങള്‍ മേഞ്ഞുനടക്കുന്ന പുല്‍മേടുകളുമാണ് നിങ്ങളെ സ്വാഗതം ചെയ്യുക.

പാമ്പിനെപ്പോലുള്ള വളഞ്ഞും പുളഞ്ഞും പോകുന്ന ഇടുങ്ങിയ പര്‍വ്വത പാതകള്‍, കുത്തനെയുള്ള ചരിവുകള്‍, പാറകള്‍ നിറഞ്ഞ ഭൂപ്രദേശം എന്നിവ ഈ യാത്രയുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെങ്കിലും സാഹസീകരായ സഞ്ചാരികള്‍ ഇവയൊക്കെ കീഴടക്കി സ്പിതിയെന്ന സ്വപ്‌നഭൂമിയിലേയ്ക്ക് ഇറങ്ങിചെല്ലും.

കണ്ണൂര്‍ ടു ബെംഗളുരു

നമ്മുടെ കണ്ണൂരില്‍ നിന്നും ബെംഗളുരുവെന്ന മെട്രോപോളിറ്റന്‍ സിറ്റിയിലേയ്ക്ക് ഒരു ബൈക്ക് റൈഡ് ഒരിക്കലെങ്കിലും നടത്തിനോക്കേണ്ട ഒന്നാണ്. റോഡ് ട്രിപ്പിന്റ എല്ലാ മനോഹാരിതയും വാരിവിതറിയ ഒരു റൂട്ടാണ് ഇതെന്ന് നിസംശയം പറയാം. ഇതുവഴിയുള്ള സവാരി അതിമനോഹരമാണ്, ഇടയ്ക്കിടെ കണ്ണിലേയ്ക്ക് കയറിവരുന്ന മലഞ്ചെരിവുകളുടെ മനോഹരമായ കാഴ്ചകളും താഴ്‌വാരകളുടെ മനംമയക്കുന്ന പച്ചപ്പും കൊണ്ട് സഞ്ചാരികളുടെ ഹൃദയം കവരും ഈ റൂട്ട്. ഇനി യാത്ര ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്കാണോ എങ്കില്‍ പൊളിക്കും. 

നാഗര്‍ഹോള നാഷണല്‍ പാര്‍ക്കിലൂടെ വന്യജീവികളെയും കണ്ട് തോള്‍പെട്ടി വഴി  മാനന്തവാടിയെന്ന കൊച്ചു കാശ്മീര്‍ താഴ്‌വരയിലെത്താം. അവിടെ നിന്ന് കൂത്തുപറമ്പിലേക്ക്. ബെംഗളുരുവിന്റെ മടുപ്പിക്കുന്ന നഗരതിരക്കുകളില്‍ നിന്നും പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഒരു കിടിലന്‍ യാത്ര നടത്തിനോക്കൂ.

ഭാലുക്‌പോങ്ങില്‍ നിന്ന് തവാങ്ങിലേയ്ക്ക്

ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭാലുക്‌പോങ്ങില്‍ നിന്ന് തവാങിലേക്കുള്ള ഒരു ബൈക്ക് യാത്ര ചെയ്താല്‍ മതി. മിക്കയിടത്തും മഞ്ഞുവീണുറഞ്ഞ റോഡുകളായിരിക്കും നിങ്ങള്‍ക്ക് വഴി കാട്ടുക. എങ്കിലും ഇതിലൂടെയുള്ള സാഹസീകമായ ബൈക്ക് റൈഡ് ശരിക്കും എഞ്ചോയ് ചെയ്യാനാകും. നിരവധി വളവുകളും ചരിവുകളുമുള്ള വഴിയിലൂടെ കടന്നുപോകുമ്പോള്‍ കണ്ണിനും മനസ്സിനും ആശ്വാസമായി വെള്ളച്ചാട്ടങ്ങളും പ്രകൃതിയുടെ മറ്റ് കാഴ്ച്ച വിസ്മയങ്ങളും നിങ്ങളുടെ യാത്രയെ കൂടുതല്‍ മനോഹരമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com