ADVERTISEMENT

മോഹൻലാലിന്റെ വിസ്മയാഭിനയത്തിൽ വിരിഞ്ഞ മാന്ത്രികം സിനിമയിലെ മുഖ്യസീനുകൾ ചിത്രീകരിച്ച  കണ്ടൽ കാടുകൾ ആർക്കാണ് മറക്കാനാകുക. പിന്നീടും നിരവധി ചിത്രങ്ങൾ ഈ മനോഹര കണ്ടൽകാടുകളിൽ ചിത്രീകരിച്ചിട്ടുണ്ട്. ഈ കണ്ടൽ കാട്ടിലേക്ക് യാത്രതിരിച്ച മൂന്നു പെണ്ണുങ്ങളുടെ യാത്രാനുഭവം.

പിച്ചാവരം മംഗ്രോവ് ഫോറസ്റ്റ്

ബൈക്ക് റൈഡ് ആണുങ്ങൾക്കു മാത്രമല്ല പെൺകുട്ടികൾക്കും ഹരമാണ്. ആ ഇഷ്ടത്തിനൊടൊപ്പമുള്ള യാത്രയായിരുന്നു പ്ലാൻ ചെയ്തത്. പോണ്ടിച്ചേരിയിൽ നിന്നും 67കിലോമീറ്റർ മാറി ചിദംബരത്തിൽ നിന്നും 15 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പിച്ചാവരം മംഗ്രോവ് ഫോറസ്റ്റായിരുന്നു ലക്ഷ്യം. ലാലേട്ടന്റെ മാന്ത്രികം, കമലഹാസന്റെ ദശാവതാരം സിനിമകളിൽ കണ്ടിട്ടുള്ള ഈ സുന്ദരയിടം ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്ന മോഹമായിരുന്നു പിച്ചാവരം യാത്രയാക്കായി പ്രേരിപ്പിച്ചത്.

pichavaram-travel3

ദശാവതാരം സിനിമയിൽ വിഗ്രഹം കടലിലേക്കു കൊണ്ടുപോകുന്നൊരു നദിയോരമുണ്ട്. ഇരുവശത്തും കടുംപച്ചക്കണ്ടലുകൾ നിറഞ്ഞ ഡെൽറ്റ. ആ സീൻ കണ്ടതുമുതൽ മനസ്സിൽ കണ്ടലുപോലെ പടർന്നുനിന്നിരുന്നു അവിടെയെത്താനുള്ള മോഹം. പിച്ചാവരം എന്ന അതിസുന്ദരമായ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംരക്ഷിത കണ്ടൽക്കാട്ടിലൂടെയാണ് ആ സീനുകൾ ഗ്രാഫിക്സിന്റെ സഹായത്തോടെ ചെയ്തത്. പിന്നീട് എത്രയോ സിനിമകൾ, ദശാവതാരത്തിനു മുൻപും പിൻപും ഈ കണ്ടൽ സമൃദ്ധിയെ ഒപ്പിയെടുത്തിട്ടുണ്ട്.

പോണ്ടിച്ചേരിയിൽ നിന്ന് സ്കൂട്ടിയിൽ

മൂവരും പോണ്ടിച്ചേരിയിൽ നിന്നും രാവിലെ 7 മണിക്ക് യാത്ര തുടങ്ങി. മിക്കവരും യാത്രയാക്കായി കൂട്ടുപിടിക്കുന്ന റോയൽ എൻഫീൽഡ് അല്ലായിരുന്നു, യാത്രയ്ക്ക് കൂട്ടായി എത്തിയത് സ്കൂട്ടിയായിരുന്നു. പെട്രോൾ ടാങ്ക് ഫുൾ ആക്കി ഞങ്ങൾ കടലൂർ റോഡിലോട്ട് യാത്ര തിരിച്ചു. ഒരു മണിക്കൂർ മതി പിച്ചാവരം എത്തി ചേരാൻ. ‌എന്നാലും പോകുന്ന വഴിക്കുള്ള സുന്ദര കാഴ്ചകൾ ഞങ്ങളെ അതിന് അനുവദിച്ചില്ല, ഇടയ്ക്കിടെ സെൽഫിക്കായി നിൽക്കേണ്ടി വന്നു.

pichavaram-travel4

 

ഏകദേശം എട്ടര മണിയായപ്പോൾ ചിദംബരം എത്തി. തമിഴ് സിനിമകളിലൂടെ കണ്ടിട്ടുള്ള ക്ഷേത്രം കാണാനായി ഇറങ്ങി. ചിദംബരം കോവിൽ അതിമനോഹരം, വാക്കുകൾ കൊണ്ടുള്ള വിവരണം മതിയാവില്ല. പലവര്‍ണങ്ങളിൽ കൊത്തു പണികളോടുകൂടിയ ക്ഷേത്രം ആദ്യകാഴ്ചയിൽ തന്നെ ആരെയും അദ്ഭുതപ്പെടുത്തും. വലിയൊരു അമ്പല കുളം. ലക്ഷ്യം പിച്ചാവരമായതുകൊണ്ട്  അധിക നേരം അവിടെ ചിലവഴിച്ചില്ല. നല്ലൊരു കിടിലൻ കോഫി കുടിച്ചു രണ്ട് വടയും കഴിച്ച് വിശപ്പകറ്റി വീണ്ടും പിച്ചാവരത്തേക്ക്. 

pichavaram-travel

 

9 മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ ആണ് സന്ദർശന സമയം. 2800 ഏക്കർ വലുപ്പത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ കാടുകളിൽ രണ്ടാം സ്ഥാനത്താണ് പിച്ചാവരം. ആ സുന്ദരിയെ കണ്ടതിൽ ഒരുപാട് സന്തോഷവും അതിശയവും തോന്നി. പിച്ചാവരത്തിന്റെ കണ്ടലുകൾക്കിടയിലൂടെ ഒരു ബോട്ട് യാത്ര അതായിരുന്നു അടുത്ത ലക്ഷ്യം.

 

ബോട്ട് യാത്രയ്ക്കായി നിരവധി പാക്കേജുകൾ ഉണ്ടായിരുന്നു, 3 പേരും ചേർന്ന് 400 രൂപക്ക് ബോട്ട് എടുത്തു 1 മണിക്കൂർ നേരം കണ്ടൽകാട്ടിലൂടെയുള്ള യാത്ര ശരിക്കും ആസ്വദിച്ചു. ബോട്ട് ഓടിക്കുന്ന ആൾ 100 രൂപ കൂടുതൽ ചോദിക്കും. ഓഫർ 2 മണിക്കൂർ നേരത്തേക്ക് ബോട്ട് യാത്ര പോകാം എന്നതാണ്. ഇതിനോട് ചേർന്ന് 6 കിലോമീറ്റർ ദൂരത്തിലുള്ള ബീച്ച് ഏരിയയും ഉണ്ടത്രേ.

 

51 ദ്വീപുകളും 200–ലധികം പക്ഷികളും മറ്റും ഇവിടെ കാണാം. അനക്കോണ്ടാ ചിത്രത്തിൽ കണ്ടത് പോലുള്ള പ്രകൃതിദൃശ്യങ്ങളും വെള്ളക്കെട്ടുകളും കാണാം. എന്നാൽ ഇവിടെ ഒട്ടും തന്നെ ആഴം ഇല്ല. 1 മണിക്കൂർ ബോട്ട് യാത്ര മനസിനും ശരീരത്തിനും കുളിർമ പകരുന്നതായിരുന്നു. ബോട്ട് യാത്രയ്ക്ക് ശേഷം  മീൻവിഭവങ്ങൾ കൂട്ടി ആഹാരം കഴിക്കാം. ഞണ്ട് റോസ്റ്റ്, മീൻ വറുത്തത്, ചെമ്മീൻ റോസ്റ്റ് ഒക്കെ ചേർത്ത് നന്നായി കഴിച്ചു.

 

തിരിച്ചുള്ള യാത്രയിൽ പോണ്ടിച്ചേരി ഓഷിയന്‍ പാർക്കിൽ കയറി നന്നായി അടിച്ചു പൊളിച്ചു. വെള്ളത്തിൽ മുക്കിയും കായലിൽ എറിഞ്ഞും റോക്കറ്റിൽ പറന്നുമുള്ള അതിസാഹസിക ഗെയിമുകൾ ആയിരുന്നു അവിടെ ഒരുക്കിയിരുന്നത്. സാഹസിക പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് പോണ്ടിച്ചേരിയിലെ ഓഷിയന്‍ പാർക്ക്. 300 രൂപയാണ് പ്രവേശന നിരക്ക്. ബാക്കി ടോക്കൺ സംവിധാനം ആയിരുന്നു അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ സമയം മാത്രം ബാക്കി ഉണ്ടായിരുന്ന ഞങ്ങള്‍ക്ക് എല്ലാത്തിലും കയറാൻ പറ്റിയില്ലെങ്കിലും കുറെയൊക്കെ ആസ്വദിച്ചു.

 

നേരം ഇരുട്ടിയിരുന്നു. സന്തോഷം നിറഞ്ഞ ആ യാത്രാദിനം ബിരിയാണി കഴിച്ചു അവസാനിപ്പിച്ചു. കുറെ ഓർമകൾ സമ്മാനിച്ച പിച്ചാവരം ചിദംബരം ഡ്രൈവും പാർക്കിലെ വിനോദങ്ങളുമൊക്കെ മനസ്സിൽ ഇടംപിടിച്ചു. ഇനിയും വരുംമെന്ന ഉറപ്പിൽ മടക്കയാത്രക്കൊരുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com