ADVERTISEMENT

കാടും മേടും കണ്ട് റോഡിലൂടെ വാഹനമോടിച്ച് യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. അധികം ദൂരമില്ലാത്ത ഇടങ്ങളിലേക്ക് ഇങ്ങനെ യാത്ര ചെയ്‌താല്‍ സ്വന്തം സൗകര്യമനുസരിച്ച് സ്ഥലങ്ങള്‍ കാണാം എന്നൊരു മെച്ചവുമുണ്ട്. പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിച്ചാണ് യാത്രയെങ്കില്‍ ചെലവാകുന്ന പണം താരതമ്യേന കുറവായിരിക്കും. എന്നാല്‍ റോഡ്‌ ട്രിപ്പ് തരുന്ന ഒരു സുഖം ഒന്നു വേറെ തന്നെയാണ്. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ അധികം പണച്ചെലവു കൂടാതെ റോഡ്‌ ട്രിപ്പ്‌ പ്ലാന്‍ ചെയ്യാന്‍ സാധിക്കും. അതിനായുള്ള ചെറിയ ചില ടിപ്പുകള്‍ അറിയാം.

വഴി പറഞ്ഞു തരാന്‍ മാപ്പുകള്‍

യാത്ര ചെയ്യും മുന്‍പേ പോകുന്ന സ്ഥലത്തേക്കുള്ള വഴിയും മറ്റു സൗകര്യങ്ങളും കൃത്യമായി മനസ്സിലാക്കണം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വഴി മനസ്സിലാക്കാനായി ഗൂഗിൾ മാപ്പ് സഹായിക്കും.

•പാര്‍ക്കുകള്‍, എടിഎമ്മുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ അറിയാനായി Rand McNally, Google Maps, MapQuest എന്നിവ ഉപയോഗിക്കാം.

•യാത്ര മുഴുവനായി പ്ലാന്‍ ചെയ്ത് മറ്റുള്ളവര്‍ക്കു കൂടി പങ്കു വയ്ക്കാന്‍ TripIt സഹായിക്കും.

•വഴിയില്‍ ഉണ്ടാകുന്ന തടസ്സങ്ങളും ഏറ്റവും കുറഞ്ഞ പെട്രോള്‍ വിലയുമെല്ലാം മനസ്സിലാക്കാന്‍ AAA TripTik ഉപയോഗിക്കാം

•പോവാനാഗ്രഹിക്കുന്ന നഗരങ്ങള്‍ Yahoo Trip Plannerല്‍ രേഖപ്പെടുത്തി വയ്ക്കാം. 

ഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍, വിശ്രമം എന്നിവയ്ക്കായി പ്രത്യേകം ഇടവേളകള്‍ ക്രമീകരിച്ചു വേണം യാത്ര പ്ലാന്‍ ചെയ്യാന്‍. കുഞ്ഞുങ്ങള്‍ കൂടെയുണ്ടെങ്കില്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. ട്രാഫിക് കൂടുതലുള്ളതും പണികള്‍ നടക്കുന്നതുമായ റോഡുകള്‍ പരമാവധി ഒഴിവാക്കി പകരം മറ്റു വഴികള്‍ ആദ്യമേ കണ്ടു വയ്ക്കുന്നത് സമയവും പരിശ്രമവും ലാഭിക്കാന്‍ സഹായിക്കും. ഇരുട്ടു വീണാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വഴിയാണെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ആദ്യമേ ചെയ്തു വയ്ക്കണം. 

ചെലവുകള്‍ ആദ്യമേ കണക്കാക്കി വയ്ക്കാം

എത്ര ദിവസത്തേക്കാണ് യാത്ര എന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ വിവിധ ആവശ്യങ്ങളിലേക്കായുള്ള ചെലവുകള്‍ കണക്കു കൂട്ടാന്‍ തുടങ്ങാം. അനാവശ്യമായ ചെലവുകള്‍ നിയന്ത്രിക്കാനും തുടര്‍ന്നുള്ള യാത്രകളില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനും ഇത് സഹായിക്കും.

ഇന്ധനം, വാഹനച്ചെലവുകള്‍, ഭക്ഷണം, താമസം, കാഴ്ചകള്‍ കാണാനുള്ള ഫീസുകള്‍ എന്നിവയാണ് ഈ കൂട്ടത്തില്‍ വരുന്നത്. ആദ്യം തന്നെ കയ്യില്‍ എത്ര പണമുണ്ട് എന്ന് കണക്കാക്കുക. ഇന്ധനച്ചെലവ്‌ പോലെ കൃത്യമായി കണക്കു കൂട്ടാന്‍ പറ്റുന്നവയ്ക്കുള്ള ചെലവുകള്‍ ആദ്യം വിലയിരുത്തുക. ഇന്ധനത്തിനായി എത്ര രൂപ ചെലവാകും എന്നറിയാന്‍  AAA Fuel Calculator പോലെയുള്ള വെബ്സൈറ്റുകള്‍ സഹായിക്കും.ബാക്കിയുള്ള പണമാണ് താമസം, ഭക്ഷണം, കാഴ്ചകള്‍ കാണല്‍ എന്നിവയ്ക്കായി ഉപയോഗിക്കേണ്ടത്. മിക്ക സ്ഥലങ്ങളിലും സൗജന്യമായി താമസിക്കാവുന്ന തരം ഇടങ്ങള്‍ കാണും. ഇവ പരാമാവധി പ്രയോജനപ്പെടുത്തുക. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രധാന പ്രത്യേകത അവിടെ ഭക്ഷണ സാധനങ്ങള്‍ക്ക് എപ്പോഴും അമിതവിലയായിരിക്കും എന്നതാണ്. അതിനാല്‍ വണ്ടിയില്‍ ഭക്ഷണം കരുതുക. എനര്‍ജി ബാര്‍, നട്ട്സ്, ബിസ്ക്കറ്റ്, പഴം തുടങ്ങി പെട്ടെന്നു കേടായിപ്പോവാത്തതും ഊര്‍ജ്ജം നല്‍കുന്നതുമായ ഭക്ഷണസാധനങ്ങള്‍ കയ്യില്‍ കരുതാം.

ഗ്രില്‍, ടെന്‍റ്  പോലെയുള്ളവ കൂടെ കൊണ്ടു പോയാല്‍ വഴിയിലെവിടെയെങ്കിലും കിടന്നുറങ്ങാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനും എളുപ്പമാണ്. ഇതുവഴി ഒരുപാട് പണം ലാഭിക്കുകയും ചെയ്യാം. ടെന്റുകളില്‍ കിടന്നുറങ്ങുന്നത് യാത്രക്കാരെ സംബന്ധിച്ച് വളരെ മികച്ച അനുഭവവുമായിരിക്കും.

ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടുത്തെ ഭക്ഷണം ആസ്വദിക്കാന്‍ താൽപര്യമുള്ള ഫുഡികള്‍ക്ക് അധികം പണച്ചെലവില്ലാത്ത മോട്ടലുകളെ ആശ്രയിക്കാം. മിക്ക സ്ഥലങ്ങളിലും അപ്പപ്പോള്‍ ഭക്ഷണം ചൂടോടെ തയ്യാറാക്കി തരുന്ന ചെറിയ തട്ടുകടകളും ധാരാളം ഉണ്ടാവും. പരിസരം നിരീക്ഷിച്ച ശേഷം വൃത്തി ഉറപ്പു വരുത്തി ഇവയില്‍ നിന്നും ഭക്ഷണം കഴിക്കാം. മുന്തിയ തരം ഹോട്ടലുകളില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ രുചി ഇവിടത്തെ ഭക്ഷണത്തിനു കാണും എന്നതാണ് വാസ്തവം!

എന്തൊക്കെ കൊണ്ടു പോകണം?

സ്വന്തം വാഹനവുമായി പോകുമ്പോള്‍ ധാരാളം സാധനങ്ങള്‍ കയ്യില്‍ കരുതാനുള്ള പ്രവണത സ്വാഭാവികമാണ്. എന്നാല്‍ ഭാരം കൂടുന്തോറും വാഹനത്തിന്‍റെ മൈലേജിനെ അത് കാര്യമായി ബാധിക്കും. അതിനാല്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രമെടുത്ത് യാത്ര ചെയ്യുന്നതാണ് നല്ലത്.

ക്യാമറ, ജിപിഎസ്/ഫോണ്‍, ചാര്‍ജറുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റ്‌, ഭക്ഷണസാധനങ്ങള്‍, ടോയ്‌ലറ്റ് സാമഗ്രികള്‍, ഐഡി കാര്‍ഡ്, പോകുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ എന്നിവ ആദ്യമേ പാക്ക് ചെയ്തു വയ്ക്കണം. ഉള്‍പ്രദേശങ്ങളില്‍ എടിഎം മെഷീനും കാര്‍ഡ് സൗകര്യങ്ങളും ഒന്നും അധികം ഉണ്ടാവാന്‍ ഇടയില്ല. അതിനാല്‍ ആവശ്യമായ പണം കയ്യില്‍ കരുതണം.

സുരക്ഷ പ്രധാനം

വാഹനമോടിക്കുമ്പോള്‍ ക്ഷീണം തോന്നിയാല്‍ ഉടനെ എവിടെയെങ്കിലും നിര്‍ത്തി ആവശ്യമായ വിശ്രമമെടുക്കണം. യാത്രക്കിടെ ഉറങ്ങിപ്പോവാന്‍ സാധ്യതയുള്ളതിനാലാണിത്. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാഹന ഇന്‍ഷുറന്‍സ്, ഫാമിലി ഇന്‍ഷുറന്‍സ് മുതലായവ കൃത്യമായി പുതുക്കിയിട്ടുണ്ടെന്നു ഉറപ്പു വരുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com