ADVERTISEMENT

ഗാങ്‌ടോക്ക് എന്ന സുന്ദരിയകുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. മലമുകളില്‍ തന്നെ തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ അതിമനോഹരിയായി നില്‍ക്കുന്ന ഗാങ്‌ടോക്ക് എന്ന സുന്ദരനഗരത്തിലേക്ക് ഒരു യാത്ര ആകാം.സിക്കിമിന്റെ തലസ്ഥാനം എന്നുപറയുന്നതിനേക്കാള്‍ ഗാങ്ങ്‌ടോക്കിനെ വിസ്മയകാഴ്ച്ചകളുടെ തലസ്ഥാനം എന്നു വിളിയ്ക്കുന്നതാകും കൂടുതല്‍ ഉചിതം. ബുദ്ധമതവിശ്വാസികളുടെ പുണ്യഭൂമികൂടിയായ ഇവിടെയെത്തുന്ന ഏതൊരാള്‍ക്കും മടങ്ങിപ്പോകാന്‍ ഒരു മടിവരുമെന്നുറപ്പാണ്. അപ്പോള്‍ വിശേഷങ്ങളിലേക്ക് കടക്കാം.

 

അക്ഷരാര്‍ത്ഥത്തില്‍ മലമുകളിലെ സുന്ദരി തന്നെയാണ് ഈ നാട്. നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ഗാങ്ടോക്കിന്റെ ചരിത്രത്തിന്. ഏറെ വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമായ ആചാരങ്ങളുടെ നാടായ ഗാങ്ടോക്ക് തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടയിടം തന്നെയാണ്. ഒട്ടനവധി കാര്യങ്ങളുണ്ട് ഇവിടെയത്തുന്ന സഞ്ചാരികള്‍ക്കായി. എങ്കിലും ഏറ്റവും മികച്ചത് കേബിള്‍ കാര്‍ സവാരി തന്നെ.

 

ആകാശത്തുനിന്നൊരു ഗാങ്ങ്‌ടോക്ക് വീക്ഷണം

 

നഗരത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടുംകൂടി വീക്ഷിക്കാന്‍ ഈ ഇരട്ട ലിങ്ക് റോപ് വേയേക്കാള്‍ മികച്ചൊരു മാര്‍ഗ്ഗമുണ്ടാകില്ല. താഴെയുള്ള താഴ്വരകളുടെ മനോഹരമായ കാഴ്ച ഇത് പ്രദാനം ചെയ്യുന്നു. ഒരു കിലോമീറ്റര്‍ നീളമുള്ള ഈ റോപ് വേയിലെ ഏതെങ്കിലും സ്റ്റേഷനില്‍ നിന്നും നിങ്ങള്‍ക്ക് കയറാം. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നുമാത്രം. അല്ലെങ്കില്‍ നീണ്ട ക്യൂവില്‍ നിന്ന് നിങ്ങളുടെ സമയം നഷ്ടമാകും.

 

ആരേയും റൊമാന്റികാക്കും ഗോചെ ലാ ട്രക്ക്

 

കുന്നിന്‍മുകളിലുള്ളതായതിനാല്‍ തീര്‍ച്ചയായും ഇവിടം ട്രെക്കിങ് പ്രിയരുടെ കേന്ദ്രമാകുമെന്നുറപ്പാണല്ലോ.ഗാംങ്‌ടോക്കിലെ ഏറ്റവും പ്രസിദ്ധമായ ട്രെക്കിങേ ഗോച്ചെ ലാ ട്രക്ക് ആണ്. ഹിമാലയത്തിലെ ഏറ്റവും റൊമാന്റിക് ട്രെക്കിംഗുകളില്‍ ഒന്നാണിത്. ഈ ട്രെക്കിങ്ങിനിടയ്ക്ക് വിവിധ ഗ്രാമങ്ങള്‍ക്കും പലവിധമായ പ്രദേശങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ക്കും നിങ്ങള്‍ സാക്ഷ്യം വഹിക്കും. റോഡോഡെന്‍ഡ്രോണ്‍ മരങ്ങള്‍ക്കൊപ്പം അനന്തമായികിടക്കുന്ന മലനിരകളുടെ തണുപ്പേറിയ ആര്‍ദ്രമാം അനുഭവത്തിലൂടെ നിങ്ങള്‍ സഞ്ചരിക്കും.സോങ്ഗ്രി, താന്‍സിംഗ് തുടങ്ങിയ അതിമനോഹരമായ വനപഥങ്ങളിലൂടെയുള്ള സഞ്ചാരം ആരുടേയും മനംനിറയ്ക്കും. 

 

ടീസ്റ്റാ നദിയിലൂടെ കുതിച്ചുപായാം

 

ടീസ്റ്റാ നദി ഗാങ്ടോക്കിലെയും സിക്കിം പ്രവിശ്യയിലെയും ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ്. ഇവിടുത്തെ ഏറ്റവും നീളം കൂടിയ നദികൂടിയാണിത്.വിനോദസഞ്ചാരികള്‍ക്ക് നദിയുടെ കുറച്ചുഭാഗങ്ങളില്‍ റാഫ്റ്റിംഗ് സംഘടിപ്പിക്കുന്നുണ്ട്. വളരെ രസകരമായൊരു അനുഭവമായിരിക്കും ഈ റാഫ്റ്റിംഗ് സമ്മാനിക്കുന്നത്.  പരിചയസമ്പന്നര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ടീസ്റ്റ അനുയോജ്യമാണ്. വളവുകള്‍ക്കും തിരിവുകള്‍ക്കുമിടയില്‍ ഉയര്‍ന്ന് കുതിച്ചുപായാന്‍ ഒരല്‍പ്പം ധൈര്യം കൂടിവേണമെന്നുമാത്രം. എപ്പോഴും സുരക്ഷ ഉറപ്പാക്കാന്‍ പ്രൊഫഷണല്‍ കോര്‍ഡിനേറ്റര്‍മാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.

 

സെവന്‍ സിസ്റ്റേഴ്‌സ് വെള്ളച്ചാട്ടം

 

മനോഹരമായ സെവന്‍ സിസ്റ്റേഴ്‌സ് വെള്ളച്ചാട്ടം സന്ദര്‍ശിക്കുക എന്നതാണ് ഗാംഗ്ടോക്കിലെത്തിയാല്‍ ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം. പേര് സൂചിപ്പിക്കുന്നതുപോലെ, വിവിധ വലുപ്പത്തിലുള്ള ഏഴ് അരുവികള്‍ ഒന്നിനുപുറകെ ഒന്നായി താഴേയ്ക്ക് പതിയ്ക്കുന്ന ഗംഭീര കാഴ്ച്ചയാണ്. നിരവധിയാളുകളാണ് ഈ വെള്ളച്ചാട്ടം ആസ്വദിക്കാനായി ഇവിടെയെത്തുന്നത്.

 

താഷി വ്യു പോയിന്റ്

 

ഗാങ്‌ടോക്കില്‍ എവിടെ നിന്നാല്‍ ആണ് കാഞ്ചന്‍ജംഗയെ അതിഗംഭീരമായി കാണാനാവുക എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമാണ് താഷി വ്യു പോയിന്റ്. നഗരത്തില്‍ നിന്ന് ഏതാനും മൈല്‍ അകലെയായി സ്ഥിതിചെയ്യുന്ന ഈ വ്യു പോയിന്റില്‍ നിന്നുള്ള മനോഹരമായ കാഴ്ചകള്‍ അമ്പരപ്പിക്കുന്നതാണ്. ഇവിടനിന്ന് സൂര്യോദയം വീക്ഷിക്കാന്‍ വേണ്ടി മാത്രം നൂറുകണക്കിന് പേരാണ് എത്തുന്നത്. 

 

ബുദ്ധമതവിശ്വാസികള്‍ തങ്ങളുടെ പ്രധാനകേന്ദ്രമായി കാണുന്ന ഗാങ്‌ടോക്കില്‍ എണ്ണമറ്റ മൊണാസ്ട്രികളുണ്ട്. ഇതില്‍ എന്‍ചേ മൊണാസ്ട്രിയാണ് ഏറ്റവും പ്രമുഖം. ബുദ്ധമത വിശ്വാസികളുടെ ജീവകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഇവിടം ഗാംഗ്‌ടോക്കിനെ ഒരു മതനഗരമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഗാംഗ്‌ടോക്ക് നഗരത്തിനു മുകളിലായുള്ള ഒരു വലിയ കുന്നിന്റെ മുകളിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. കാഞ്ചന്‍ജംഗ കൊടുമുടിയുടെ മനോഹരമായ ദൃശ്യങ്ങള്‍ ആശ്രമത്തില്‍ നിന്നാല്‍ കാണാന്‍ സാധിക്കും. നാഥുല പാസ്, സോംഗോ തടാകം തുടങ്ങിയ കാഴ്ച്ചകളും ഈ നഗരത്തിന്റെ അതിര്‍വരമ്പുകളിലായി കണ്ടാസ്വദിച്ചുപോരാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com