ADVERTISEMENT

വർഷാവസാനമായിട്ട് എവിടെ യാത്ര പോകുമെന്നാലോചിച്ചു ഇരിക്കുമ്പോഴാണ് ബുള്ളറ്റ് കവലിയേഴ്‌സ് ഗ്രൂപ്പിൽ Year End Ride അനൗൺസ് ചെയ്യുന്നത്. രണ്ടാമതൊന്നു ആലോചിക്കാതെ അവർക്കൊപ്പമുണ്ടെന്ന് പറഞ്ഞു. എങ്ങോട്ടായാലും കവാലിയേസിന്റെ കൂടെയുള്ള ട്രിപ്പ്‌ പൊളിയായിരുക്കുമെന്നു ആദ്യ ട്രിപ്പ്‌ കൊണ്ട് ബോധ്യമയതാണ്....

Bullet Ride
Bullet Ride

സ്ഥലം തൊടുപുഴക്കടുത്തുള്ള മക്കുവള്ളി, മനയത്തടം, കൈതപ്പാറ റൂട്ട്. 18 കിലോമീറ്റർ കാട്ടിലൂടെ ഓഫ്‌ റോഡ്. സംഭവം അടിപൊളിയാണെന്ന് അനന്ദു ചേട്ടന്റെ പ്രീ റൈഡിന്റെ വിവരണം വായിച്ചപ്പോൾ മനസിലായി. പിന്നെ ഡിസംബർ 29 ആകാനുള്ള കാത്തിരിപ്പ് ആയിരുന്നു.

bullet-ride-1

തലേദിവസം റൈഡിങ് ജാക്കറ്റും ഗ്ലവ്സുമൊക്കെ വെയിലത്തു എടുത്തിട്ടപ്പോൾ തന്നെ വിട്ടുകാർക്ക് കാര്യം മനസിലായി. ഞായറാഴ്ച രാവിലെ 6 മണിക്ക് നാലുമണിക്കാറ്റ്, നമ്മുടെ ഐപ്പു ചേട്ടന്റെ റൈഡേഴ്‌സ് ഹട്ടിൽ നിന്നായിരുന്നു റൈഡ് സ്റ്റാർട്ടിങ്. ഏറ്റുമാനൂർ കുറവിലങ്ങാട് വഴി കൂത്താട്ടുകുളത്തേക്ക് പോകുന്നതിനാൽ ഞാൻ കുറവിലങ്ങാടണ് ജോയിൻ ചെയ്തത്.

bullet-ride-3

രാവിലെ തന്നെ വിട്ടിൽ നിന്നിറങ്ങി. റോഡിൽ വെട്ടം വീണു തുടങ്ങുന്നതേയുള്ളൂ. നല്ല കോടമഞ്ഞു ഉണ്ടായിരുന്നു. വെച്ചൂർ കല്ലറ റോഡിന്റെ ഇരു വശവുമുള്ള പാടങ്ങളിൽ കോട മഞ്ഞു നിറഞ്ഞു നിൽക്കുന്ന കാഴ്ച മനോഹരമായിരുന്നു. ആ കോടമഞ്ഞിനിടയിലൂടെ സൂര്യ കിരണങ്ങൾ ഒളിഞ്ഞു നോക്കുന്നു... ഞാൻ വല്ല ഊട്ടിയിലോ മൂന്നാറോ ആണോന്ന് പോലും തോന്നി പോയി.

6.30ന് കുറവിലങ്ങാട് എത്തി. നേരെ പള്ളിയിലേക്ക് പോയി. പള്ളിയിൽ കയറി പ്രാർത്ഥനയൊക്കെ കഴിഞ്ഞപ്പോഴേക്കും. കാവലിയേഴ്‌സ് എത്തി.ആ വരവ് കാണുമ്പോൾ തന്നെ നമ്മൾ ഫുൾ മൂഡിലാകും. 13 ബുള്ളറ്റും സപ്പോർട്ടിനായി ഐപ്പു ചേട്ടന്റെ ഫോർഡും പിന്നെ 25ഓളം റൈഡേഴ്സും. അവരുടെ കൂടെ നേരെ കുത്താട്ടുകുളത്തേക്ക്. അവിടെ 8 മണിക്ക് ഹോട്ടൽ കാരവനിൽ ബ്രേക്ക്‌ ഫാസ്റ്റ്. ഹോട്ടലും ബ്രേക്ക്‌ഫാസ്റ്റ് സൂപ്പർ ആയിരുന്നു. നീറ്റ് & ക്ലീൻ ഹോട്ടൽ. ഇഡ്ഡലിയും പൂരിയും മസാലയുമൊക്കെയുമായി എല്ലാവരും ബ്രേക്ക്‌ഫാസ്റ്റ് നന്നായി ആസ്വദിച്ചു.

bullet-ride-5

എല്ലാവരോടും പരിചയം പുതുക്കലും സൊറ പറഞ്ഞിച്ചിലുമൊക്കെ കഴിഞ്ഞു പാണ്ടപ്പള്ളി, വാഴക്കുളം, വണ്ണപ്പാറ ഗ്രാമങ്ങളിലൂടെ നേരെ വെൺമണിയിലേക്ക്. നമ്മുടെ ഓഫ്‌ റോഡ് തുടങ്ങുന്ന സ്ഥലം. അങ്ങോട്ടേക്കുള്ള യാത്ര കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെ ഉള്ള ചെറിയ വഴികളിലൂടെ ആയിരുന്നു. കൂടെ 4-5 ഹെയർ പിൻ വളവുകൾ ഉണ്ടായിരുന്നത് കൊണ്ട് റൈഡിനു നല്ലൊരു വൈബ് കിട്ടി.

10.45 കൂടി ഞങ്ങൾ വെൺമണിയിലെത്തി. നേരെ പോയത് ഉച്ചക്ക് ഭക്ഷണം പറഞ്ഞിരുന്ന ബോസ് ചേട്ടന്റെ ഗ്രീൻ പാലസ് ഹോട്ടലിലേക്ക് അവിടെ കുറച്ചു റിലാക്സ് ചെയ്തതിനു ശേഷം വെൺമണി ചെക്ക് ഡാം കാണാൻ പോയി. അവിടുന്ന് 10 മിനിറ്റ് ദൂരമേ ഉണ്ടായിരുന്നുള്ളൂ. നേരെ ചെന്നത് ഒരു പുഴയിലേക്കാണ്. വെള്ളം കുറവായതു കൊണ്ട് എല്ലാവരും പുഴയിൽ ഇറങ്ങി. ഫോട്ടോ സെക്ഷൻ ഉണ്ടായിരുന്നു. ചെറിയ വെള്ളച്ചാട്ടം, പുഴയുടെ നടുക്കുള്ള ഗുഹ പോലുള്ള പാറയൊക്കെയായി സംഭവം കളർഫുള്ളായി.

bullet-ride-4

12.30 വരെ പുഴയിൽ ചിലവഴിച്ച ശേഷം നേരെ ഫുഡ്‌ കഴിക്കാൻ ഗ്രീൻ പാലസ് ഹോട്ടലിലേക്ക്. വളരെ നല്ലൊരു ഫുഡിങ് എക്സ്പീരിയൻസ് ആയിരുന്നു ഗ്രീൻ പാലസിലേത്. കുറച്ചു നേരം കത്തി വച്ചു ഒന്ന് വിശ്രമിച്ച്, ഓഫ്‌ റോഡ് റൂട്ടിലേക്ക് ഇറങ്ങി. ഓഫ് റോഡിലേക്ക് കടക്കുന്നതിനു മുൻപ് അനന്ദു ചേട്ടൻ എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി.

നമുക്ക് കടന്നു പോകാനുള്ളത് മൂന്നു മെയിൻ സ്ഥലങ്ങളാണ് മക്കുവള്ളി, മനയത്തടം, കൈതപ്പാറ. 18-20 കിലോ മീറ്റർ കൊടും കാട്. കൈതപ്പാറയൊക്കെ ആനയും പുലിയുമൊക്കെ ഇറങ്ങുന്ന കാടാണെന്നു കേട്ടപ്പോൾ എല്ലാവരും ത്രില്ലിലായി. കഴിഞ്ഞ തവണ ആനയെ തൊട്ടടുത്തു കണ്ടതിന്റ ത്രിൽ ഒന്ന് വേറെ ആയിരുന്നു.

bullet-ride-2

മക്കുവള്ളി വരെ വഴി അത്ര ബുദ്ധിമുട്ടില്ലായിരുന്നു. കോൺക്രീറ്റ് പാകിയ വഴി കല്ല് പാകിയ വഴികൾക്ക് വഴിമാറി പിന്നെ അങ്ങോട്ട് പൂഴി വഴി അവിടുന്നങ്ങോട്ട് കല്ലും മുള്ളും നിറഞ്ഞ വഴി. കാടിനുള്ളിലൂടെ ഉള്ള യാത്ര എത്ര മനോഹരമാണ്. ഇടയ്ക്കിടക്ക് അവിടിവിടെ ചെറിയ വീടുകൾ. കുറെ ദൂരം വീടുകളേ ഇല്ല.മനയത്തടം എത്തിയപ്പോൾ അടുത്ത വീടുകൾ കാണാൻ തുടങ്ങി. അവിടുത്തെ കാഴ്ചകൾ ഭംഗിയുള്ളതായിരുന്നു. ഒരു വശത്ത് മലയും മറു വശത്ത് കൃഷിയിടങ്ങളും. പാടങ്ങളിൽ ഞാറുകൾ നിറഞ്ഞു നിൽക്കുന്നു. കൂടെ പാവലും വെണ്ടയും കോവലുമെല്ലാം നിരനിരയായി പന്തലിട്ട് നട്ടിരിക്കുന്നു. മല മുകളിൽ കാപ്പിയും ഏലവും കൊക്കയുമെല്ലാം ഉണ്ട്. വീടിനു മുന്നിലോക്കെ കാപ്പി കുരുക്കൾ നിരത്തി ഉണക്കാനിട്ടിരിക്കുന്നത് കാണാൻ നല്ല രസമുണ്ട്.

യാത്ര കുത്തനെ ഉള്ള ഇറക്കങ്ങളും കയറ്റങ്ങളും. റോഡിലെ ഉരുളൻ കല്ലുകളുമൊക്കെയായി റിയൽ ഓഫ്‌ റോഡിലേക്ക് മാറിയിരുന്നു.. ചില സ്ഥലങ്ങളൊക്കെ എല്ലാവരും കൂടി ഹെൽപ് ചെയ്തു വണ്ടി പിടിച്ചിറക്കിയുമെല്ലാം മുന്നോട്ട് പോയി. പോകുന്ന വഴിയിലുള്ള കാഴ്ചകൾ നമ്മെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു.  ഒരു സൈഡിൽ ഒരു പുഴയുടെ അവശേഷിപ്പുകൾ കാണാമായിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളുമായി വഴി പിന്നെയും മുന്നോട്ടു പോയി. ഒരു ഇറക്കം ഇറങ്ങി ചെന്നപ്പോൾ കണ്ടത് മനോഹരമായ ഒരു കാഴ്ച ആണ്. റോഡിന്റെ രണ്ടു സൈഡിലും വയലുകൾ പച്ചവിരിച്ചു നിക്കുന്നു.  വയലിന്റെ പുറകിലായി വലിയ മല, എന്താ ഒരു ഭംഗി. എല്ലാവരും വണ്ടി നിരത്തി വച്ചു വണ്ടീടെ മുകളിൽ കയറി നിന്ന് ഫോട്ടോ എടുത്തു.

bullet-ride-7

അവിടുന്ന് നേരെ കൈതപ്പാറയിലേക്ക് അവിടെ ഒരു കയറ്റത്തിൽ വച്ചു ബ്ലാക്ക് പെർളിന്റെ സൈഡ് സ്റ്റാൻഡ് കല്ലിൽ തട്ടി സ്പ്രിങ് പോയി. പിന്നെ എല്ലാവരും കൂടി വന്നു സപായിച്ചു. നിപ്പോൺ കാട്ടു വള്ളിയൊക്കെ പറിച്ചു സ്റ്റാൻഡ് കെട്ടി വച്ചു. അവിടെ ഒരു ഇറക്കം ഇറങ്ങി ചെല്ലുമ്പോൾ ഒറ്റയടി പാതമാത്രം ആ വഴിയുടെ നടുക്കണേൽ ഒരു പോസ്റ്റും. നേരെ അങ്ങ് ഇറങ്ങി ചെല്ലുവാണേൽ പോസ്റ്റൽ ഇടിച്ചു കിടക്കും. എല്ലാവരുടെയും വണ്ടി പിടിച്ചാണ് ഇറക്കിയത്. ആ ഇറക്കം ഇറങ്ങി കഴിഞ്ഞപ്പോൾ എല്ലാരും മടുത്തിരുന്നു. അവിടെ അടുത്തൊരു തൊഴുത്തുണ്ടായിരുന്നു. 2 പശുക്കളും 

മുകളിൽ നിന്ന് താഴേക്ക് ഒരു ഓസിലൂടെ വെള്ളം കൊണ്ട് പോകുന്നുണ്ടായിരുന്നു. ആ ഓസ് ഊരി എല്ലാവരും മതി വരുവോളം വെള്ളം കുടിച്ചു..  വെള്ളത്തിന്റെയൊക്കെ യഥാർത്ഥ രുചി ഇങ്ങനെയുള്ള ചില അവസരങ്ങളിലെ നമുക്ക് മനസിലാകൂ.

bullet-ride-6

അവിടെ വിശ്രമിച്ചു ഇരിക്കുമ്പോളാണ് അടുത്ത വലിയ പണിക്കുള്ള സാധ്യത തെളിഞ്ഞത്. നമ്മുടെ ഓഫ് റോഡ് തീരുന്നതിന്റെ അവസാനം ഒരു പാലം ഉണ്ട്. മെയിൻ റോഡിൽ നിന്ന് ഒരു അര കിലോമീറ്റർ ഇപ്പുറത്തായി. ആ പാലം പൊളിഞ്ഞു, ഇന്ന് കോൺക്രീറ്റ് ചെയ്തതേയുള്ളൂ. അതിലൂടെ വണ്ടി കടത്തി വിടില്ല. പണി കിട്ടിയോ എന്നാലോചിച്ചിരിക്കുമ്പോൾ തൊഴുത്തിന്റെ അടുത്ത് ഉണ്ടായിരുന്ന ചേട്ടൻ പറഞ്ഞു രണ്ട് മൂന്ന് ദിവസമായി കോൺക്രീറ്റ് ചെയ്തിട്ട് ബൈക്ക് പോകുന്നുണ്ട് എന്ന്. ഏതായലും മുന്നോട്ട് പോകാം എന്നു തീരുമാനിച്ചു. നമ്മുടെ ഐപ്പു ചേട്ടനും ടീമും അവിടെ കാത്തു നിപ്പുണ്ട്. പിന്നീടുള്ള റൂട്ട് ചുരം ആയിരുന്നു. ഫുൾ ഇറക്കം, ഹെയർ പിൻ വളവുകൾ. റോഡ് പൂഴിയും കല്ലു പാകിയതും. വളവുകളിൽ കോൺക്രീറ്റ് പാകിയതും. പിന്നെ ബാക്ക്ഗ്രൗണ്ടിൽ നല്ല കാടും കൂട്ടിനു ചീവിടുകളുടെ ബിജിഎം. റൈഡ് നന്നായി ആസ്വദിക്കാൻ പറ്റി.

മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ പാലത്തിനടുത്തെത്തി.. പക്ഷേ പാലത്തിലൂടെ വണ്ടി കടത്തി വിടുന്നില്ല. പാലം പണിത കോൺട്രാക്ടറും ചില നാട്ടുക്കാരുമൊക്കെ അവിടെ ഉണ്ടായിരുന്നു. അതിൽ ഒരാൾ പറഞ്ഞു പുഴയിലൂടെ വണ്ടി ഓടിച്ചു കയറ്റാൻ മുട്ടോളം വെള്ളമേ ഉള്ളുവെന്ന്. ബാക്കി ഉള്ളവർ തള്ളി കൊടുത്താൽ മതീന്ന്. അതൊരു ഹെവി റിസ്ക് ആകുമെന്ന് തോന്നിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ചിലർക്കൊക്കെ പുഴയിൽ ഒന്ന് വണ്ടി ഇറക്കി നോക്കണമെന്ന് ഉണ്ടായിരുന്നു.

bullet-ride-8

തൊട്ടപ്പുറത്ത് കൂടി വേറെ ഒരു വഴി ഉണ്ടായിരുന്നു. 4 കിലോമീറ്റർ ചുറ്റിയാൽ മതി. ഒരു ജീപ്പ് ആ വഴി പോകുന്നുണ്ടായിരുന്നു. ഞങ്ങൾ ആ ജീപ്പിന്റെ പുറകെ കൂടി. മൺവഴി ആയിരുന്നു കൂടുതൽ. ആരും പോകാത്ത വഴി പോലെ തോന്നി. വഴിയിലേക്ക് കാട്ടുചെടികൾ വളർന്നു നിക്കുന്നു. അതിനിടയിലൂടെ ഞങ്ങളുടെ വണ്ടികൾ കുതിച്ചു പാഞ്ഞു. കുറച്ചു ചെന്നപ്പോൾ ജീപ്പ് വേറെ വഴി തിരിഞ്ഞു. ഞങ്ങളുടെ യാത്ര കാടിനു നടുക്കുള്ള ഒറ്റയടി പാതയിലൂടെ ആയി. ഒറ്റയടി പാത കോൺക്രീറ്റ് പാതയിലേക്കും പിന്നെ ടാറിട്ട റോഡിലേക്കും കയറി. ഓഫ് റോഡ് അവസാനിക്കുന്നതിന്റെ സൂചന.

ആ വഴി നേരെ ചെന്നത് ഉടുമ്പന്നൂർക്കാണ്. അവിടെ ഒരു ചായക്കടയിൽ കയറി ഓരോ ചായയും കാപ്പിയുമൊക്ക കുടിച്ചു. വീണ്ടും ഉഷാറായി. ഇനി നേരെ വീട്ടിലേക്ക്. പെട്ടെന്ന് പോകേണ്ട കുറച്ചു പേർ ആദ്യം പോയി, പുറകെ ഞങ്ങളും. തിരിച്ചു ഉടുമ്പനൂരിൽ നിന്ന് ഞങ്ങൾ തൊടുപുഴ, പാല, ഏറ്റുമാനൂർ, കല്ലറ വഴിയാണ് പോയത്. ഉടുമ്പനൂർ - കല്ലറ വരെ നല്ല കിടുക്കാച്ചി റബറൈസ്‌ഡ്‌ റോഡാണ്. 2 മണിക്കൂർ കൊണ്ട് തിരിച്ചു വീട്ടിലെത്തി.

ഓരോ യാത്രയും എനിക്കു പുനർജന്മം ആണ്... മനസിനെ അസ്വസ്ഥമാക്കുന്ന എല്ലാത്തിൽ നിന്നുമുള്ള മോചനം. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും പുതിയ ഒരു ഉണർവ് ആണ്. ഓർമയിൽ സൂക്ഷിക്കാൻ കുറെ നല്ല നിമിഷങ്ങൾ, അനുഭവങ്ങൾ. അടുത്ത യാത്രക്കായുള്ള കാത്തിരിപ്പ്... നന്ദി ടീം ബുള്ളറ്റ് കവലിയേഴ്‌സ്.

English Summary: Bullet Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com