മൗറിഷ്യസ് സന്ദർശിക്കുന്നവർ കണ്ടിരിക്കേണ്ട ഇടങ്ങൾ

mauritius-trip
SHARE

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. ബീച്ചുകളുടെ നാടായ മൗറിഷ്യസിനെ വ്യത്യസ്തമാക്കുന്ന മറ്റനേകം ഘടകങ്ങള്‍ കൂടിയുണ്ട്. നാലുവശവും ജലത്താല്‍ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകള്‍ക്ക് പുറമേ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ്. മൗറിഷ്യസ് സന്ദര്‍ശിക്കുന്ന ഏതൊരു സഞ്ചാരിയും ഒഴിവാക്കാതെ കണ്ടിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കടല്‍ത്തീരങ്ങളില്‍ സമയം കളയാതെ കണ്‍നിറയെ കണ്ടാസ്വദിക്കാനുള്ളവ ഈ നാട്ടിലുണ്ട്.

വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ചമാരല്‍ ഭൂമി

ഏഴ് വ്യത്യസ്ത നിറത്തിലെ മണ്‍കൂനകളാണ് ചമാരല്‍. മൗറീഷ്യസില്‍ എത്തിയാല്‍ ബീച്ചിലേയ്ക്ക് പോകാതെ ആദ്യം കണ്ടിരിക്കേണ്ട സ്ഥലമാണ് ചമാരല്‍ ഭൂമി. ഏഴ് നിറമുള്ള  ഈ ഭൂമി ഒരു പ്രകൃതിയുടെ അത്ഭുതാവഹമായൊരു പ്രതിഭാസമാണ്.ബസാള്‍ട്ടിക് ലാവയെ കളിമണ്‍ ധാതുക്കളാക്കി മാറ്റുന്നതിലൂടെയാണ്  ഭൂമി ഈ നിറങ്ങളിലായത്.  ചുവപ്പും പച്ചയും വയലറ്റുമെല്ലാം കലര്‍ന്ന ഈ മനോഹര നിറമുള്ള ഭൂമി കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം സൂര്യോദയമാണ്.  കൊടും പേമാരിയും  മാറി മറിവരുന്ന കാലാവസ്ഥയും ഒന്നും  ഈ കളര്‍മണ്‍കൂനകളുടെ മാറ്റുകുറച്ചിട്ടില്ല.

മൗറീഷ്യന്‍ റം നുകരാം

ലോകത്തിലെ ഏറ്റവും മികച്ച റം ലഭിക്കുന്നത് എവിടെ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം അത് മൗറിഷ്യസ് ആണ്. ആരേയും ആരാധകരാക്കുന്ന തകര്‍പ്പന്‍ റമ്മുകള്‍ നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും. പല രുചികളില്‍ ഭാവങ്ങളില്‍ എല്ലാം ഏറ്റവും വില കുറഞ്ഞതുമുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതുവരെ. അങ്ങനെ റമ്മുകളുടെ ഘോഷയാത്ര തന്നെയുണ്ട് ഈ നാട്ടില്‍.

ചരിത്രമുറങ്ങുന്ന യുറേക്ക ഹൗസ്

1830 ല്‍ നിര്‍മ്മിച്ച ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് യുറേക്ക ഹൗസ്. ഇംഗ്ലീഷ്, ഫ്രഞ്ച് പ്രഭുക്കന്മാരുടെ ഈ കൊളോണിയല്‍ വസതി ഇപ്പോള്‍ മൗറീഷ്യസിന്റെ കൊളോണിയല്‍ കാലഘട്ടത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. നിങ്ങള്‍ ഒരു ചരിത്രാന്വേഷിയാണെങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം.

ഗ്രാന്‍ഡ് ബേയില്‍ കടലിനടിയിലൂടെ നടക്കാം

കടലുകാണുന്നവരൊക്കെ ഒരിക്കലെങ്കിലും ചിന്തിക്കുന്ന കാര്യമായിരിക്കും കടലിനടിയിലെ ലോകത്തെക്കുറിച്ച്. ആ കടലിനടിലിയിലെ ലോകം നടന്നുകാണാന്‍ അവസരം ലഭിച്ചാലോ. ആ അനുഭവത്തിനായി ഗ്രാന്റ് ബേയിലേയ്ക്ക് പോയാല്‍ മതി. ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളും, പലതരത്തിലെ മത്സ്യങ്ങളേയും എല്ലാം അടുത്തറിയാന്‍ അതും നടന്നുകണ്ടുകൊണ്ട് ഇവിടെ സാധിക്കും.

ട്ര ഓക്‌സ് ബിച്ചസില്‍ ഒരു അന്തര്‍വാഹിനി സഫാരി നടത്താം

മൗറീഷ്യസിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ട്ര ഓക്‌സ് ബിച്ചസ് സ്ഥിതി ചെയ്യുന്നത്. മൗറിഷ്യസിലെ എല്ലാ വടക്കന്‍ നഗരങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ബഹളങ്ങള്‍ ഒട്ടുമില്ലാത്ത ബീച്ചും കണ്‍കുളിര്‍പ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ക്രിസ്റ്റല്‍ ക്ലിയര്‍ വെള്ളവുമാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി സബ് മറൈന്‍ സഫാരി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നിങ്ങളെ കടലിന്റെ ഉള്ളറകളിലയ്ക്ക് എത്തിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA