ADVERTISEMENT

ശവകുടീരങ്ങളുടെ നഗരമാണ് ഡൽഹി. നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന അധിനിവേശങ്ങളുടെയും പലായനങ്ങളുടെയും ചരിത്രം ഉറങ്ങുന്ന നഗരം. കാലാകാലങ്ങളിൽ നടന്ന പടയോട്ടങ്ങളുടെ മുറിപ്പാടുകൾ നെഞ്ചിലേറ്റു വാങ്ങിയ നഗരം. ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ അസംഖ്യം മഹായുദ്ധങ്ങളുടെ കഥ പറയാനുണ്ട് ഇവിടുത്തെ ചോര മണക്കുന്ന ഓരോ മണൽത്തരിക്കും. ഓരോ യുദ്ധത്തിനുമൊടുവിൽ നിരത്തിലും യുദ്ധഭൂമിയിലുമൊക്കെയായി കുന്നുകൂടുന്ന കബന്ധങ്ങൾ മറവു ചെയ്യുന്നതിനായി വേർതിരിക്കപ്പെട്ട ശവക്കോട്ടകൾ ഈ മഹാനഗരത്തിൽ ധാരാളമുണ്ട്.  അങ്ങനെയുള്ള ഒരിടത്തേക്കാണീ യാത്ര.

1--Grave-of-a-child-of-13-days-of-age--

കാലത്തിന്റെ ലാളനവും താഡനവുമേറ്റ് നഗരത്തിന്റെ സുപ്രധാന ഭാഗത്തായി, അധികമാരാലും അറിയപ്പെടാതെ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നിക്കോൾസൺ സെമിത്തേരി. കശ്മീരിഗേറ്റ് മെട്രോ സ്റ്റേഷനിലെ നാലാം നമ്പർ ഗെയ്റ്റിൽ കൂടി വെളിയിലിറങ്ങിയാൽ തൊട്ടു മുന്നിൽ കാണാം നിക്കോൾസൺ സെമിത്തേരിയുടെ പ്രധാന കവാടം. പഴകിയ കാവിനിറം തേച്ചു പിടിപ്പിച്ച ഒരു കവാടം. അതിനകത്തു മറ്റൊരു ലോകമാണ്. നൂറ്റാണ്ടുകൾക്കു മുൻപേ, അറിയപ്പെടാത്ത ഒരിടത്തേക്ക് യാത്ര പറഞ്ഞും പറയാതെയും കടന്നു പോയവരുടെ ലോകം. 

ഒന്നാം സ്വാതന്ത്ര്യ സമരം

നിക്കോൾസൺ സെമിത്തേരിയുടെ ചരിത്രം ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈസ്റ്റിന്ത്യാക്കമ്പനിപ്പടയിലെ ഇന്ത്യൻ ശിപായിമാരുടെ കലഹത്തോടെയാണ്‌ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നത്. 1857 മേയ്‌ പത്താം തീയതി മീററ്റിൽ ആരംഭിച്ച ലഹള ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാരെ വെല്ലുവിളിച്ചു കൊണ്ട് സമരത്തിനിറങ്ങിയ ഇന്ത്യൻ സൈനികർ യമുനാ നദി കടന്ന് അക്കാലങ്ങളിൽ ഷാജഹാനാബാദ് എന്നറിയപ്പെട്ടിരുന്ന ദില്ലിയിലെത്തി. ചില തദ്ദേശീയരായ ആളുകളും അവർക്കൊപ്പം ചേർന്നു. കണ്മുൻപിൽ കണ്ട ബ്രിട്ടിഷ് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും കൊല ചെയ്‌ത് അവർ മുന്നേറി. കലാപകാരികളെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ സൈനികർ മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലി പിടിച്ചടക്കി. ലഹള അടിച്ചമർത്താനായി പഞ്ചാബിലെ ചീഫ് കമ്മിഷണറായിരുന്ന ജോൺ ലോറൻസ് ഒരു സൈന്യത്തെ സംഘടിപ്പിച്ച് പട്ടാള ഉദ്യോഗസ്ഥനായിരുന്ന ജോൺ നിക്കോൾസന്റെ നേതൃത്വത്തിൽ ദില്ലിയിലേക്കയച്ചു. 

5--Graves-and-graves-everywhere-

പഞ്ചാബിൽനിന്ന് ദില്ലിയിലെത്തിയ നിക്കോൾസൺ ഓഗസ്റ്റ് 25ന് നജഫ്ഗഡിൽ ശിപായികളുമായി പോരാട്ടത്തിലേർപ്പെട്ടു. തുടർന്നുണ്ടായ പല പോരാട്ടങ്ങൾക്കും നായകത്വം കൊടുത്തു കൊണ്ട് ജോൺ നിക്കോൾസൺ ലഹളക്കാരുമായി യുദ്ധത്തിലേർപ്പെട്ടു. സെപ്റ്റംബർ 14-ന് പുരാതന ദില്ലിയിലെ ലാഹോറിഗേറ്റിൽ വച്ചു നടന്ന പോരാട്ടത്തെ നയിക്കുകയും അതേ ദിവസം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 1857 സെപ്റ്റംബർ 14-ന് ബ്രിട്ടിഷ് സൈന്യം ഡൽഹി പിടിച്ചെടുത്തു. യുദ്ധാനന്തരം ഡൽഹി ആളൊഴിഞ്ഞ ഒരു ശവപ്പറമ്പായി മാറി. 1857 സെപ്റ്റംബർ 21-ന് ബഹദൂർഷാ സഫർ ബ്രിട്ടിഷ് സൈന്യത്തിനു കീഴടങ്ങി. അദ്ദേഹത്തിന്റെ രണ്ട് മക്കളെയും പേരമകനെയും ഇന്ത്യാഗേറ്റിന് മുൻപിൽ പരസ്യമായി വെടിവച്ചു കൊന്നു. അഞ്ചാമത്തെ മകനായ മിർസ മുഗളിനെയും മറ്റു രണ്ട്‌ രാജകുമാരന്മാരേയും ക്രൂരമായി മർദ്ദിച്ചവശരാക്കി, പൂർണ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച്‌ കൊണ്ടു പോയി ദില്ലിയിലെ ഖൂനി ദർവാസയിൽ വെച്ച്‌ ക്രൂരമായി കൊലപ്പെടുത്തി. ബഹദൂർഷാ സഫർ എന്ന അവസാന മുഗൾ സുൽത്താനെ ബ്രിട്ടിഷുകാർ ബർമ്മയിലേക്ക്‌ നാടുകടത്തി. അദ്ദേഹത്തിന്റെ പുത്രപൗത്രന്മാരെ മുഴുവൻ കൊന്നൊടുക്കിയതോടെ മുഗൾ രാജപരമ്പര അവസാനിച്ചു. അങ്ങനെ ഇന്ത്യയിൽ മുഗൾ ഭരണത്തിന്‌ ഈ ലഹളയോടുകൂടി അന്ത്യമായി. 

2--Deo-Notus_unknown-names-

ബ്രിഗേഡിയർ ജനറൽ ജോൺ നിക്കോൾസൺ

അതിസമർഥനായ ഒരു ബ്രിട്ടിഷ് പട്ടാള ഉദ്യോഗസ്ഥനായിരുന്നു നിക്കോൾസൺ. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചൊതുക്കിയ ഹീറോ എന്നാണു ബ്രിട്ടിഷ് ചരിത്രകാരന്മാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതെങ്കിൽ കാർക്കശ്യക്കാരനും നിഷ്ഠൂരനുമായ ഒരു പട്ടാള ഉദ്യോഗസ്ഥനായാണ് ഭാരതീയ ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുന്നത്. ശിപായി ലഹളയെ നേരിടുന്നതിനിടെ ഷാജഹാനാബാദ് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഇന്നത്തെ  പുരാതന ഡൽഹിയിൽ ലാഹോറി ഗേറ്റിനടുത്തു വച്ചു നടന്ന യുദ്ധത്തിൽ വെടിയുണ്ടയേറ്റ് ഒൻപത് ദിവസം നരകയാതന അനുഭവിച്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മുപ്പത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. മരിക്കുന്നതിന് മുൻപ് ബ്രിട്ടിഷുകാർ ഡൽഹി തിരിച്ചുപിടിച്ചു എന്ന വാർത്ത കേൾക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നുള്ളത് മരണക്കിടക്കയിൽ അദ്ദേഹത്തിനു ആശ്വാസം നൽകി എന്ന് ചരിത്രം പറയുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട നിരവധി ബ്രിട്ടിഷ് സൈനികരെ മറവു ചെയ്യുന്നതിനായി കശ്‌മീരി ഗേറ്റിൽ പുതുതായി തയാറാക്കിയ സെമിത്തേരിയിൽ ജോൺ നിക്കോൾസൺ അന്ത്യവിശ്രമം കൊള്ളുന്നു.

3-Grave-of-John-Nicholson-

ജോൺ നിക്കോൾസൻ സെമിത്തേരി

ആയിരക്കണക്കിന് ബ്രിട്ടിഷുകാർ യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ അവരുടെ ജഡങ്ങൾ മറവു ചെയ്യുന്നതിനായി തയാറാക്കിയ ഈ സെമിത്തേരി തുടക്കത്തിൽ ‘ഓൾഡ് ഡൽഹി മിലിട്ടറി സെമിത്തേരി' എന്ന് അറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് ജോൺ നിക്കോൾസൺ സെമിത്തേരി എന്ന് അദ്ദേഹത്തിന്റെ ബഹുമാനാർഥം നാമകരണം ചെയ്തു. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടിഷ് ആർമിയിലെ സൈനിക ഉദ്യോഗസ്ഥന്മാരെയും അവരുടെ കുടുംബങ്ങളെയും മാത്രമാണ് ഇവിടെ സംസ്കരിച്ചിരുന്നതെങ്കിലും സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭാരതീയരുടെയും ശവസംസ്ക്കാരം സെമിത്തേരിയുടെ പ്രത്യേകം വേർതിരിക്കപ്പെട്ടിട്ടുള്ള  സ്ഥലത്തായി അനുവദിക്കപ്പെട്ടു. 

4delhi

സെമിത്തേരിയുടെ വലതു ഭാഗത്തായി ബ്രിട്ടിഷുകാരുടെയും ഇടതു ഭാഗത്തായി ഭാരതീയരുടെയും കല്ലറകൾ സ്ഥിതി ചെയ്യുന്നു. ജോൺ നിക്കോൾസണിന്റെ മാർബിളിൽ തീർത്ത കല്ലറക്കു ചുറ്റും ഇരുമ്പഴികൾ കൊണ്ട് ഒരു കവചം നിർമ്മിച്ചിരിക്കുന്നു. വല്ലാത്തൊരു ശ്മശാന മൂകതയാണ് ചുറ്റിലും. ചോര മണക്കുന്ന യുദ്ധങ്ങൾക്കൊടുവിൽ ജീവൻ ബലി കൊടുക്കേണ്ടി വന്ന നിരവധി ബ്രിട്ടിഷുകാരുടെ ശവകുടീരങ്ങൾ ചുറ്റിലും. പലതും കാലത്തിന്റെ പ്രഹരമേറ്റ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. തിളച്ചു മറിയുന്ന വേനലിന്റെ തീക്ഷ്ണതയിൽ ഉണങ്ങിക്കരിഞ്ഞു നിൽക്കുന്ന കാട്ടുചെടികളും മുട്ടോളമെത്തി നിൽക്കുന്ന വാടിക്കരിഞ്ഞ മുൾച്ചെടികളും മനുഷ്യ ജീവിതത്തിന്റെ നശ്വരതയെ ഓർമപ്പെടുത്തുന്നു. ദുരന്തത്തിന്റെ എണ്ണമറ്റ എത്രയോ കഥകൾ പറയാനുണ്ടാവും ഈ മൃതികുടീരങ്ങൾക്ക്. മിത്തുകളും ഭാവനകളും ഇഴ ചേർന്നു കിടക്കുന്ന ഒരിടമാണിത്. 

ഇന്നും അമാവാസി രാത്രികളിൽ വെളുത്ത കുതിരപ്പുറത്തു സഞ്ചരിക്കുന്ന നിക്കോൾസൺ സായിപ്പിനെ ചിലരെങ്കിലും നേരിട്ടു കണ്ടിട്ടുള്ള കഥകൾ ധാരാളം. പിറന്നിട്ട് ഏതാനും ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന കുഞ്ഞുങ്ങളുടെയും കല്ലറകൾ ഇവിടെ കാണാം. സ്മാരക ശിലകളിൽ കൊത്തി വച്ചിരിക്കുന്ന പേരുകൾ പലതും കാലം മായ്ച്ചു കളഞ്ഞിരിക്കുന്നു. പേരുകളില്ലാത്ത വേറെയും നൂറുകണക്കിന് ഫലകങ്ങളിൽ കൊത്തി വച്ചിരിക്കുന്നത് വെറും രണ്ടേ രണ്ടു വാക്കുകൾ മാത്രം "Deo Notus" (known only to God). അതേ, ദൈവത്തിനു മാത്രം പേരറിയാവുന്നവർ! ചരിത്രത്തിൽ സ്വന്തമായ അവശേഷിപ്പുകളും കൈയൊപ്പുകളും ഒന്നും ബാക്കിവയ്ക്കാതെ മറ്റൊരു ലോകത്തിലേക്കു കടന്നു പോയവർ! അധിനിവേശങ്ങളും പലായനങ്ങളും രക്തച്ചൊരിച്ചിലുകളിൽ മാത്രം അവസാനിക്കുന്ന യുദ്ധങ്ങളും ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക് യുഗങ്ങൾക്കു മുൻപേ യാത്ര പോയവർ. അവർ ഇവിടെ ഉറങ്ങട്ടെ, ശാന്തമായി, സ്വച്ഛമായി. അവരുടെ സ്മൃതിക്ക്‌ മുൻപിൽ കണ്ണുകൾ ഈറനണിയുന്നു; കണ്ണേ, മടങ്ങുക!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com