170 പെൺകുട്ടികളിൽ ഒരാളായി ഞാനും: അഗസ്ത്യാർകുട യാത്രയിലെ മറക്കാനാവാത്ത അനുഭവം
Mail This Article
ജീവിതത്തിലെ ഏറ്റവും സുന്ദരമായ 3 ദിവസങ്ങൾ. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം. ഹിന്ദുപുരാണങ്ങളിൽ നമ്മൾ വായിച്ചിട്ടുള്ള സപ്തർഷികളിലൊരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച മലനിരകളാണ് അഗസ്ത്യാർകൂടം. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന അപൂർവങ്ങളായ 2000-ത്തോളം മരുന്നു ചെടികളുടെ കലവറ കൂടിയാണത്. ഇവിടുത്തെ കാറ്റിനുപോലും ഔഷധഗുണമുണ്ടെന്നും രോഗങ്ങളിൽനിന്ന് സംരക്ഷിക്കുമെന്നും സുഖപ്പെടുത്തുമെന്നും ആളുകൾ വിശ്വസിക്കുന്നു. കഴിഞ്ഞ വർഷം മുതലാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. ഈ വർഷം എന്റെ സ്വപ്നങ്ങളിൽ അഗസ്ത്യാർകൂടവും കൂടി. ഇത്രയും അതിസാഹസികമായ യാത്ര എനിക്ക് എങ്ങനെ കഴിഞ്ഞു എന്ന് ഇപ്പോഴും അറിയില്ല.
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് വഴികളാണ് അഗസ്ത്യമലയിലേക്കുള്ളത്. ആന, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ വന്യമൃഗങ്ങളുടെയും പലതരം വിഷപ്പാമ്പുകളുടെയും താവളമാണിവിടം. അതുകൊണ്ടുതന്നെ അത്ര ദുഷ്കരവുമാണ് യാത്ര.
ഓൺലൈൻ ബുക്കിങ് ആയതുകൊണ്ടും ഒരു ദിവസം 100 ആളുകളെ മാത്രമേ കയറ്റിവിടുകയുള്ളു എന്നതുകൊണ്ടും വളരെ കഷ്ടപ്പെട്ടാണ് പോകാനുള്ള പാസ്സ് സംഘടിപ്പിച്ചത്. യാത്രയ്ക്കു കൂട്ടായി എത്തിയത് എന്റെ കെട്ടിയോൻ ആയിരുന്നു. താലിക്കൊപ്പം രണ്ടു ചിറകും കൂടി അദ്ദേഹം നൽകിയിരുന്നു; ഒരുപാട് സ്വപ്നം കാണാനും ഒരുപാട് യാത്ര പോകാനും. ഭൂമിക്ക് കീഴെ ഏട്ടന്റെ കൊക്കിൽ ഒതുങ്ങുന്ന എന്തും സ്വപ്നം കാണാനും. യാത്രയ്ക്കു കൂട്ടായി ഞങ്ങളുടെ ചങ്ക് വിഷ്ണു ഏട്ടനുമുണ്ടായിരുന്നു. അഗസ്ത്യാർകൂടം ട്രെക്കിങ്ങിന്റെ ആരംഭസ്ഥാനം ബോണക്കാട് ആണ്. ഏകദേശം 52 കിലോമീറ്റർ ദൂരമുണ്ട് തിരുവനന്തപുരത്തു നിന്നു ലക്ഷ്യസ്ഥാനത്തേക്ക്. സ്വന്തമായി വാഹനമോ പ്രൈവറ്റ് വാഹനമോ ഇല്ല എങ്കിൽ ആകെയുള്ള മാർഗം ആനവണ്ടിയാണ്. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നു രാവിലെ 5 മണിക്ക് ബോണക്കാടേക്ക് ബസുണ്ടെന്ന് അന്വേഷിച്ചറിഞ്ഞിരുന്നു.
തലേദിവസം അവിടെ അടുത്ത് മുറി എടുത്തു, നേരത്തേതന്നെ സീറ്റ് പിടിക്കാം എന്നുകരുതി പുലർച്ചെ 4 .30 നു ബസ് സ്റ്റാൻഡിൽ എത്തി. ദാ കിടക്കുന്നു, ഒരു സീറ്റ് പോലും ഇല്ല. എല്ലാം ഫിൽഡ്. അഗസ്ത്യാർകൂടം ട്രെക്കിങ്ങിനു പോകുന്നവരും ഇടക്കൊക്കെ ഇറങ്ങാനുള്ളവരും ബസിലുണ്ട്. ഒരാളോട് അന്വേഷിച്ചപ്പോൾ 2 മണിക്കൂർ യാത്ര ഉണ്ടാകും എന്നു പറഞ്ഞു. ദൈവമേ, ഇനി അത്ര നേരം നിൽക്കണോ എന്ന് മനസ്സിൽ ആലോചിച്ചു. അതിന്റെ ഉത്തരം ആ ചേട്ടൻ തന്നെ പറഞ്ഞു, ആരെങ്കിലും എണീക്കുന്നത് നോക്കി നിന്നാൽ മതി. പോകുന്ന വഴി വളവും തിരിവും ഉണ്ട്. അതുകൊണ്ട് ചെറിയ ബസ് ആണ് ആ റൂട്ടിലോട്ട് ഇട്ടിരിക്കുന്നത്. അതാ ഇത്ര തിരക്കും. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്, ചെറിയ ബസ് ആണ്. ആ ചേട്ടനു താങ്ക്സ് പറഞ്ഞു ബസിന്റെ ഒരു സീറ്റിൽ പിടിച്ചു നിന്നു. അങ്ങനെ രാവിലെ 5 മണിക്ക് തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് ബോണക്കാട് ബസിൽ ഞങ്ങൾ 3 പേരും യാത്ര തുടങ്ങി. കുറച്ചു നേരത്തെ നിൽപ്പിനുശേഷം സീറ്റുകിട്ടി.
ഏകദേശം 2 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ ബോണക്കാട് എത്തിച്ചേർന്നു.അവിടെ നിന്ന് അരമണിക്കൂറോളം നടന്നു ഞങ്ങൾ ബോണക്കാട് ഫോറസ്റ്റ് ഓഫിസിൽ എത്തി. ബൈക്കിലോ കാറിലോ ആണ് വരുന്നത് എങ്കിൽ ഫോറസ്റ്റ് ഓഫിസിന്റെ അടുത്തു വരെ പോകാനേ സാധിക്കൂ. ഫോറസ്റ്റ് ഓഫിസിൽ പാസ്സ് ചെക്കിങ്ങും ബാഗ് ചെക്കിങ്ങും അഗസ്ത്യാർകൂടം യാത്രയിൽ അറിയേണ്ട കാര്യങ്ങളെ കുറിച്ചുള്ള ഒരു ചെറിയ ബോധവൽക്കരണവും കഴിഞ്ഞാണ് തുടർന്നുള്ള യാത്ര.
സമുദ്രനിരപ്പിൽനിന്ന് 1868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടം പര്‍വതത്തിലേക്കാണ് പോകേണ്ടത്. ആനയും കടുവയും പുലിയും കരടിയും കാട്ടുപോത്തുമെല്ലാമുള്ള വനത്തിലൂടെ 19 കിലോമീറ്റര്‍ നടന്ന് വേണം പോകാന്‍. വന്യമൃഗങ്ങളെ കണ്ടാല്‍ അവയെ ശല്യപ്പെടുത്തരുത്. അവ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഗൈഡിന്റെ നിർദ്ദേശം അനുസരിച്ചുവേണം മുന്നോട്ടുപോകാൻ. യാത്രയില്‍ നിശബ്ദത പാലിക്കണം. ജൈവവൈവിധ്യത്തിന്റെ കലവറയാണ് അഗസ്ത്യാര്‍കൂടം. ആരോഗ്യപ്പച്ച പോലെയുള്ള അപൂര്‍വ ഔഷധസസ്യങ്ങള്‍ കാട്ടില്‍ എമ്പാടുമുണ്ട്. ഇതൊക്കെ കണ്ട് ആസ്വദിച്ച് ഒന്നും നശിപ്പിക്കാതെ യാത്ര ചെയ്യുക. മദ്യവും ലഹരിവസ്തുക്കളും കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് വസ്തുക്കളൊന്നും കാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ല.
എല്ലാ ചെക്കിങ്ങും കഴിഞ്ഞു ഞങ്ങൾ അവിടെനിന്ന് പ്രഭാതഭക്ഷണം കഴിച്ചു. നല്ല ആവിപറക്കുന്ന പുട്ടും പപ്പടവും പയറും പിന്നെ ചൂട് കട്ടനും. പോകുന്ന വഴിയിൽ വേറെ കടയോ ആഹാരത്തിനുള്ള വഴിയോ ഇല്ലാത്തതുകൊണ്ട് ഉച്ചഭക്ഷണവും ഞങ്ങൾ അവിടെ നിന്നു വാങ്ങി. മുന്നോട്ടുള്ള യാത്ര സുഗമമാക്കുവാനായി ഉൗന്നി നടക്കാൻ മുളംകമ്പുകളും വാങ്ങി.
ബോണക്കാടിനും അഗസ്ത്യകൂടം കൊടിമുടിക്കുമിടയിൽ ഇടയിൽ അതിരുമല എന്ന സ്ഥലത്ത് ചെറിയ ക്യാമ്പിങ്ങുണ്ട്. ഇടക്ക് 2 കിലോമീറ്റർ കൂടുമ്പോൾ ഓരോ പോയിന്റുകൾ കാണാം. അവിടെ നമ്മുടെ സഹായത്തിനായി ഗൈഡുകൾ ഉണ്ടാകും. മുന്നോട്ടു പോകുംതോറും നഗരത്തിന്റെ ശബ്ദങ്ങളിൽ നിന്നൊഴിഞ്ഞ് വേറെ ഒരു ലോകത്തിലേക്ക് പോകുന്ന പ്രതീതി. വലുതും ചെറുതുമായ നിരവധി നദികളും അരുവികളും മറികടന്നുള്ള ആ യാത്ര വേറെ ഒരു അനുഭവമാണ്.
ക്ഷീണം മാറ്റാനായി ഓറഞ്ചും ഗ്ലുക്കോസുമൊക്കെ കരുതിയിരുന്നു. കൂടെ നാരങ്ങയും. അട്ടയുടെ ശല്യം ഒഴിവാക്കാനായിരുന്നു നാരങ്ങയും ഉപ്പും എടുത്തത്. കുറെ നടന്നു കഴിഞ്ഞപ്പോൾ വയറ്റിൽനിന്ന് വിശപ്പിന്റെ വിളിയെത്തി. പിന്നെ ഒന്നും നോക്കിയില്ല, അടുത്തുള്ള വെള്ളച്ചാട്ടത്തിനരുകിലിരുന്നു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ഉൗണു കഴിച്ചു. അൽപനേരം വിശ്രമിച്ച ശേഷം യാത്ര തുടങ്ങി. പുൽമേട് എത്തിയപ്പോൾ വെയിലിന്റെ കാഠിന്യം കൂടി. യാത്രയിൽ കൂടുതൽ വെയിൽ ഉണ്ടാവുക പുൽമേട്ടിലാണ്. പേരുപോലെ തന്നെ പുൽമേടാണ , ഇലകൾ ഒന്നും ഇല്ലാതെ കുറെ മരങ്ങളും ഇടക്കു വീശുന്ന നനുത്ത കാറ്റും. നോക്കെത്താ ദൂരത്തില്‍ മുട്ടുവരെ ഉയരത്തിലുള്ള പുല്ല്. പുല്‍മേട്ടിലൂടെ ഞങ്ങള്‍ക്ക് പോകാനുള്ള വഴി അനന്തമായി കിടക്കുന്നു. മുകളില്‍ കത്തുന്ന സൂര്യന്‍. നടപ്പിന്റെ വേഗം കുറഞ്ഞു തണല്‍കാണുന്നിടത്തൊക്കെ ഞങ്ങള്‍ നിന്നുതുടങ്ങി.
ആന, കാട്ടുപോത്ത്, കരടി എന്നിവയുടെ വിഹാരരംഗമാണ് ഈ പുല്‍മേട് എന്ന് ഗൈഡ് പറഞ്ഞതോടെ ഞങ്ങൾ പരസപരം നോക്കി പതുക്കെ എണീറ്റു ഗ്ളൂക്കോസ് പൊട്ടിച്ചുവായിലിട്ടു വേഗം നടന്നു. ‘ഇത് കരടിയുടേത്, ഇത് കാട്ടുപോത്തിന്റേത്...’, വഴിയില്‍ ചില ജീവികളുടെ കാഷ്ഠം ചൂണ്ടിക്കാണിച്ച് അദ്ദേഹം വിശദീകരിച്ചു.. ഞങ്ങളുടെ നടപ്പിന്റെ വേഗം കൂടി.
പുൽമേട്ടിലൂടെ നടന്നു നേരെ നോക്കിയപ്പോൾ ദൂരെയൊരു മല, അതിന്റെ മുകളിലേക്ക് വളഞ്ഞുപുളഞ്ഞ് നൂലുപോലെ ഒരു വഴി കാണാം. അതിലെ ഉറുമ്പുകള്‍ പോലെ യാത്രക്കാര്‍ ഇറങ്ങി വരുന്നതു കണ്ട് ഞങ്ങൾ സ്തംഭിച്ചു നിന്നു. അതാണ് ഏഴുമടക്ക്. അതുകയറി മുകളിലെത്തിയാല്‍ പച്ചിലക്കാട്. അതും കടന്നുവേണം അതിരുമല ക്യാംപിലെത്താന്‍. പുൽമേട് കടന്ന് വീണ്ടും കാട്ടിലേക്ക് കയറി. നടന്നുനടന്ന് ഒടുവില്‍ ഏഴുമടക്കിന്റെ താഴെയെത്തിയപ്പോഴേക്കും വെയില്‍ ചാഞ്ഞുതുടങ്ങി. മുകളിലേക്ക് നോക്കാതെ മുന്നോട്ടുവയ്ക്കുന്ന കാലിന്റെ അഗ്രത്തില്‍ മാത്രം ദൃഷ്ടിയുറപ്പിച്ച് ഓരോ ചുവടും വച്ച് മെല്ലെ കയറി.
പച്ചിലക്കാട്ടിലൂടെ ഞങ്ങള്‍ക്ക് മുന്നില്‍ കയറ്റം മാത്രമേ ഉണ്ടായിരുന്നുള്ളു. അതും വഴിയില്ല, ഒരു പാറപ്പുറത്തുനിന്ന് മറ്റൊരു പാറപ്പുറത്തേക്ക്, അവിടെ നിന്ന് ഒരു വേരിന്റെ മുകളിലേക്ക്. പിന്നെ മരത്തിന്റെ വേരില്‍ പിടിച്ച് അടുത്ത പാറയിലേക്ക്. എല്ലാം മുകളിലേക്ക് മാത്രം. അതിനിടെ മുന്നില്‍ പോയവരെയൊന്നും കാണുന്നില്ല. ശബ്ദവും കേള്‍ക്കാനില്ല. ഊര്‍ജവും സമാഹരിച്ച് വീണ്ടും കയറിത്തുടങ്ങി. ഒന്നും കാണാന്‍ പറ്റാത്തതുപോലെ ഇടതൂര്‍ന്ന് മരങ്ങളും ചെടികളും വള്ളികളും വളര്‍ന്നു നില്‍ക്കുന്നു. ആന തൊട്ടടുത്ത് നിന്നാല്‍ പോലും അറിയാന്‍ സാധിക്കാത്ത സ്ഥിതി. കിതച്ചും നിന്നും വള്ളിയില്‍ തൂങ്ങിക്കയറിയും അങ്ങനെ ആ കയറ്റം കയറി. ഒന്നാം ദിവസം ഏകദേശം 19 കിലോമീറ്റർ ദൂരം താണ്ടി അതിരുമല ബേസ് ക്യാംപ് എത്തി. ബോണക്കാട് നിന്നുമുള്ള പാസ്സ് കാണിച്ചു. 2 പേർക്ക് 1 പായ എന്നതാണ് കണക്ക്. വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ചുറ്റും വലിയ കുഴികൾ കുഴിച്ച് അതിന്റെ നടുവിൽ ഒരു താല്കാലിക ഷെഡ്. ക്യാംപിനു പിന്നിലായി അതാ അഗസ്ത്യാര്‍കൂടം തലയുയര്‍ത്തി നില്‍ക്കുന്നു. സന്ധ്യാരശ്മികള്‍ തട്ടി ചാമരം വീശിയിരുന്ന മേഘങ്ങളെല്ലാം സുവര്‍ണശോഭയാര്‍ന്നിരിക്കുന്നു. ക്യാംപില്‍ അപ്പോഴേക്കും വെളിച്ചം മറഞ്ഞിരുന്നു. കാട്ടില്‍ അങ്ങനെയാണ്, പെട്ടെന്ന് ഇരുട്ടുവീഴും. നാല് വലിയ ഷെഡുകളും ഒരു വയര്‍ലെസ് ഓഫിസും കാന്റീനും ഏതാനും ശുചിമുറികളും ചേര്‍ന്നതാണ് ക്യാംപ്.
അവിടെ അതികഠിനമായ തണുപ്പ് ആയിരുന്നു. കൂട്ടിനു ശക്തിയായ കാറ്റും. കാറ്റിൽ ക്യാംപിന്റെ ഷീറ്റ് ഇളകിപ്പോകുമോ എന്നുവരെ തോന്നി. ജാക്കറ്റും പുതപ്പും ഇട്ടിട്ടും അതൊന്നും തണുപ്പിന് അകത്തുവരാൻ ഒരു തടസ്സമായിരുന്നില്ല. രാവിലെ ക്യാംപിൽ നിന്നും ഭക്ഷണവും വാങ്ങി 7.15 ന് പുറപ്പെട്ടു, ക്യാംപിൽനിന്ന് 6 -7 കിലോമീറ്റർ ദൂരമുണ്ട് അഗസ്ത്യമലവരെ. കുറച്ചു നടന്നപ്പോൾ അതിരുമല ക്യാംപിന്റെ അടുത്തായി അഗസ്ത്യാര്‍കൂടം പോകുന്ന മലയടിവാരത്തിലുള്ള പ്രതിഷ്ഠയ്ക്ക് മുന്നില്‍ തൊഴുതു പ്രസാദവും ചാര്‍ത്തി യാത്ര തുടർന്നു.
ഇനിയാണ് താൻ പാതി ദൈവം പാതി എന്ന വാചകം അർഥവത്താകുന്നത്. ഇഴഞ്ഞു തന്നെയാണ് ഞാൻ വഴികൾ പിന്നിട്ടത്. സത്യം പറഞ്ഞാൽ ആവേശത്തിൽ പോയതാണെങ്കിലും അവിടെ ചെന്നപ്പോൾ അമ്മയെ ഒന്നൂടെ കണ്ടിട്ട് മരിച്ചാ മതി എന്നായിരുന്നു മനസ്സ് നിറയെ. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഏകദേശം 2 ദിവസം കാട്ടിൽ തന്നെ.
പിന്നെയങ്ങോട്ട് യാത്ര അതികഠിനമായിരുന്നു. ഇറക്കമോ നിരപ്പായ സ്ഥലമോ ഇല്ലാതെ കയറ്റം മാത്രം. ചുറ്റും നോക്കിയാല്‍ അതി മനോഹരമായ കാഴ്ചകള്‍. കാഴ്ചയില്‍ ഇടയ്ക്കിടെ, ദൂരെ തല ഉയര്‍ത്തി നില്‍ക്കുന്ന അഗസ്ത്യാര്‍കൂടം വന്നുമറയുന്നു. വഴിയിലുടനീളം പേരറിയാത്ത മനോഹരമായ പുഷ്പങ്ങളും ഔഷധസസ്യങ്ങളും. യാത്രയിൽ ഏറ്റവും ദുർഘടം ആയി തോന്നിയത് മുട്ടിടിച്ചാൺമല ആയിരുന്നു. ഒരു കാൽ മുകളിലേക്ക് വെച്ച് അടുത്ത കാൽ വയ്കുമ്പോൾ കാൽമുട്ട് നമ്മുടെ നെഞ്ചത്തു തട്ടും, അത്രയേറെ കുത്തനെയുള്ള കയറ്റമാണ്. അതുകൊണ്ടാണിതിന് മുട്ടിടിച്ചാൺമല എന്നു പേരു വരാൻ കാരണം.നടന്നുനടന്ന് ഒടുവില്‍ പൊങ്കാലപ്പാറയില്‍ എത്തി. അഗസ്ത്യാര്‍കൂടത്തിന് തൊട്ടുതാഴെ എത്തി. 2 .45 വരെയേ അഗസ്ത്യാർകുടത്തിൽ പ്രവേശനം ഉള്ളൂ.കാടുകടന്ന് എത്തിയതോടെ അഗസ്ത്യാര്‍കൂടം പര്‍വതത്തിന്റെ മുകള്‍ ഭാഗം ദൃശ്യമായി. ഇനിയങ്ങോട്ട് പാറയും പുല്‍ചെടികളും മാത്രം. കുറെ നടന്നും ഇരുന്നും ഇഴഞ്ഞും അവസാനം ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി.
അഗസ്ത്യാര്‍കൂടത്തിന് മുകളിലെത്തി പാറപ്പുറത്തേക്ക് മലര്‍ന്ന് വീണു. കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം എഴുന്നേറ്റുനോക്കിയപ്പോള്‍ ചുറ്റും കണ്ട കാഴ്ച വിവരിക്കാൻ പോലും ആവില്ല ആ കാഴ്ച കണ്ടുതന്നെയറിയണം. അങ്ങു ദൂരെ മലനിരകള്‍ക്ക് കിരീടം ചാര്‍ത്തി പഞ്ഞിമെത്ത പോലെ മേഘക്കൂട്ടങ്ങളും നീലച്ചായം കവിഞ്ഞൊഴുകിയപോലെ ജലാശയവും. എത്ര സുന്ദരിയാണ് ഈ പ്രകൃതി. മലനിരകളെ തഴുകി കോടമഞ്ഞ് മുകളിലേക്ക് കയറിവരുന്ന അതിമനോഹരമായ കാഴ്ച. ലോകത്തിന്റെ നെറുകയിൽ എത്തിയപോലെയായിരുന്നു. കാണാൻ കൊതിച്ചിരുന്ന അഗസ്ത്യനെ വണങ്ങി നിന്നപ്പോൾ മനസ്സ് ശരിക്കും ശൂന്യം ആയിരുന്നു. അഗസ്ത്യമുനിക്കുമുന്നില്‍ അല്‍പനേരം തൊഴുകൈയോടെ നിന്ന ശേഷം ഞങ്ങള്‍ പാറപ്പുറത്തേക്ക് മടങ്ങി. അല്‍പനേരം കൂടി പാറപ്പുറത്ത് ചുറ്റുമുള്ള മനോഹരായ കാഴ്ചകളില്‍ മുഴുകി ധ്യാനതുല്യമിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ തിരിച്ചിറങ്ങിത്തുടങ്ങി. കയറിവന്ന കയറ്റമിറങ്ങി, കാടും താണ്ടി, പുല്‍മേടും കടന്ന്, അരുവികളും കടന്ന്, നാടും കടന്ന് തിരികെ നഗരത്തിലേക്ക്..
ഏറെ സന്തോഷിച്ച അഭിമാനിച്ച 3 ദിവസങ്ങളായിരുന്നു ആ യാത്ര സമ്മാനിച്ചത്. ഈ വർഷം നടത്തിയ അഗസ്ത്യാർകുട യാത്രയിൽ 170 പെൺകുട്ടികളിൽ ഒരാൾ ഞാനും.
English Summary : Agasthyakudam Trekking Memorable Trip