മൈനസ് ഡിഗ്രി തണുപ്പിലും ചൂടൻ നിരുറവ, പ്രകൃതി അദ്ഭുതങ്ങൾ ഒളിപ്പിച്ച നാട്
Mail This Article
ആർട്ടിക് പ്രദേശത്തെ ഒരു നോർഡിക് ദ്വീപ് രാഷ്ട്രമാണ് ഐസ്‌ലൻഡ്. അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകൾ, ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഐസ്‌ലൻഡിനെ 2008 ലെ സാമ്പത്തിക മാന്ദ്യം തകിടം മറിച്ചതാണ്. എന്നാൽ, പ്രകൃതി എന്ന സമ്പത്തിനെ ഒട്ടും നോവിക്കാതെ, ടൂറിസം കൊണ്ട് സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഈ രാജ്യത്തിനു സാധിച്ചു. ഐസ്‌ലൻഡുകാർ അവരുടെ രാജ്യത്തെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്നു. ഒരു രാജ്യം എത്രമാത്രം വൃത്തിയാക്കി സൂക്ഷിക്കാം എന്നത് മനസ്സിലാക്കാൻ ഇവിടെ വന്നാൽ മതി.
‘ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ’
മനോഹരമായ വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും ലാവാ ഫീൽഡും ടെക്ടോണിക് പ്ലേറ്റ്സ് സെപ്പറേഷനും ഹോട് സ്പ്രിങ്‌സും ഗെയിസിറും ബ്ലാക്ക് സാൻഡ് ബീച്ചുകളും ഐസ്‌ബർഗുകളും ബ്ലൂ ലഗൂൺ എന്ന ജിയോ തെർമൽ പൂളും സീൽ വാച്ചിങ്ങും അന്യഗ്രഹങ്ങളെ ഓർമിപ്പിക്കുന്ന ഭൂപ്രകൃതിയുള്ള ഹൈലാൻഡ് റീജിയനും ബേർഡ് വാച്ചിങ്ങും അതിൽ പ്രധാനപ്പെട്ടതാണ്. ഐസ്‌ലൻഡിലെ പ്രധാനപ്പെട്ട ഹൈവേ ആണ് റിങ് റോഡ്. രാജ്യത്തെ ചുറ്റി വരുന്നതു കൊണ്ടാണ് ആ പേരു കിട്ടിയത്. ഇവിടത്തെ പ്രകൃതി വിസ്മയങ്ങളിൽ ഭൂരിഭാഗവും റിങ് റോഡിലൂടെയുള്ള യാത്രയിൽ കാണാൻ സാധിക്കും.
130 അഗ്നിപർവതങ്ങളുണ്ട് ഈ രാജ്യത്ത്. പല അഗ്നിപർവതങ്ങളും ഈ മഞ്ഞുപാളികൾക്കടിയിൽ ആണെന്നതാണ് കൗതുകം. അഗ്നിപർവതങ്ങളും, അവയിൽനിന്നു പൊട്ടിയൊലിച്ച ലാവയും ചേർന്നുണ്ടാക്കിയ ലാവ ഫീൽഡ്‌സും ഗ്ലേഷിയറുകളും ഐസ്‌ലൻഡിനു നൽകിയ വിശേഷണമാണ് ‘‘ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ.’’ റിങ് റോഡിനരികിലൂടെയുള്ള യാത്രക്കിടയിൽ ചെറുകുന്നോളം വലുപ്പമുള്ള ഒരുപാട് നിർജീവ അഗ്നിപർവതങ്ങൾ കാണാം. അതിനു മുകളിൽ വലിഞ്ഞു കയറി, അഗ്നിപർവതത്തിനുള്ളിലേക്കു നോക്കി. അവിടം എന്നോ പൊട്ടിത്തെറിച്ച ലാവ കഷ്ണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. റിങ് റോഡിലൂടെ യാത്ര തുടർന്നു. അഗ്നിപർവതങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ ലാവ കടലിലേക്കു പോയ വഴികൾ കാഴ്ചകളായി. ഐസ്‌ലൻഡിൽ നാലു വർഷത്തിൽ ഒരിക്കൽ എന്ന തോതിൽ അഗ്നിപർവത സ്ഫോടനം നടക്കാറുണ്ട്.
ചെലവേറിയ യാത്ര
ഐസ്‌ലൻഡുകാരുടെ ജീവിതം രസകരമാണ്. നവംബർ മുതലുള്ള അതിശൈത്യകാലം അവർ വീടിനുള്ളിൽ തന്നെ ചെലവഴിക്കും. അതിശക്തമായ മഞ്ഞു വീഴ്ചയാണ് ഈ കാലയളവിൽ. വീടിനു പുറത്തിറങ്ങുന്നത് അപകടമാണ്. യാത്ര ചെയ്യാൻ ചെലവ് കൂടിയ രാജ്യമാണ് ഐസ്‌ലൻഡ്. അവരുടെ കാലാവസ്ഥ ഒരു കൃഷിക്കും അനുയോജ്യമല്ല. അതുകൊണ്ട് കൃഷി മുഴുവൻ ഗ്രീൻ ഹൗസ് ടെക്നോളജി ഉപേയാഗിച്ചാണ്. ഐസ്‌ലൻഡിൽ കാർ വാടകയ്ക്ക് എടുത്ത് സെൽഫ് ഡ്രൈവ് ചെയ്തു യാത്ര ചെയ്യുന്നതാണ് അഭികാമ്യം. മിക്ക ടൂറിസ്റ്റുകളും സ്വീകരിക്കുന്നത് ഈ മാർഗമാണ്. ഹോട്ടൽ മുറികൾ വളരെ ചെലവ് കൂടിയതാണ്, പ്രത്യേകിച്ചു വേനലിൽ. അതുകൊണ്ട് ക്യാംപിങ്ങാണ് പോക്കറ്റിനനുയോജ്യം. കിടക്കാൻ സൗകര്യമുള്ള മോട്ടോർ ഹോം വാഹനങ്ങൾ വാടകയ്ക്കു ലഭിക്കും. ഐസ്‌ലൻഡ് എന്ന രാജ്യം ഒരിക്കലും ബജറ്റ് ട്രാവലേഴ്സിനു അനുയോജ്യമല്ല. എനിക്ക് ഒരു ലീറ്റർ വെള്ളം ഏകദേശം 500 രൂപ കൊടുത്തു വാങ്ങേണ്ടി വന്നു. ഇതിനു ശേഷം കയ്യിൽ കരുതിയ വാട്ടർ ഫിൽറ്റർ ഉപയോഗിച്ച് നീരുറവകളിൽ നിന്നുള്ള വെള്ളം ശേഖരിച്ചു ഉപേയാഗിച്ചാണ് പിന്നീടങ്ങോട്ട് യാത്ര ചെയ്തത്.
റസ്റ്ററന്റുകളും ചെലവേറിയതാണ്. സൂപ്പർമാർക്കറ്റിൽ നിന്നും സാധങ്ങൾ വാങ്ങി കാറിൽ സംഭരിച്ച്, വഴിയരികിൽ ഭക്ഷണം പാകം ചെയ്തു കഴിച്ചാണ് യാത്ര. എങ്കിലും ഐസ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ഫിഷ് ആൻഡ് ചിപ്സ് പല തവണ റസ്റ്ററന്റുകളിൽ നിന്ന് കഴിച്ചു. താമസം ടെന്റിലായതിനാൽ കുളിയൊക്കെ വഴിയരികിലെ ചെറിയ അരുവികളിൽ നിന്നായിരുന്നു. തണുത്തുറഞ്ഞ കുളി, പല ദിവസം കൂടുമ്പോൾ മാത്രം.
നേച്ചർ വണ്ടർ
ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രധാന്യമുള്ള രാജ്യമാണ് ഐസ്‌ലൻഡ്. ഭൗമോപരിതലത്തിൽ രണ്ട് ടെക്ടോണിക് പ്ലേറ്റുകൾ(ഭൗമഫലകങ്ങൾ) കണ്ടുമുട്ടുന്ന ലോകത്തിലെ രണ്ട് സ്ഥലങ്ങളിൽ ഒന്നാണ് പിങ്‌വെല്ലിർ. മറ്റൊന്ന് ആഫ്രിക്കയിലാണ്. ഈ ടെക്ടോണിക് പ്ലേറ്റുകൾ എല്ലാ വർഷവും രണ്ട് സെന്റിമീറ്റർ പരസ്പരം അകലുന്നു. ഈ വസ്തുതകൾ കണക്കിലെടുത്തു പിങ്‌വെല്ലിറിനെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തി. പരസ്പരം അകലുന്ന ഈ രണ്ടു ഭൗമഫലകങ്ങളെ ബന്ധിപ്പിച്ചു ഒരു പാലം പണിതിട്ടുണ്ട്.
ഇതുവരെ പതിനഞ്ച് രാജ്യങ്ങൾ സന്ദർശിച്ചതിൽ ഐസ്‌ലൻഡിലെ പോലെ ഗംഭീരമായ ജലാശയങ്ങളോ, വെള്ളച്ചാട്ടങ്ങളോ മറ്റൊരിടത്തും കണ്ടിട്ടില്ല. മികച്ച വർണങ്ങൾ ആണ് ഈ ജലാശയങ്ങൾക്ക്. അതിൽ ഏറ്റവും മനോഹരം ഹ്റുന്ഫോസ്സർ(Hraunfossar) ആയിരുന്നു. ലാവാ ഫീൽഡുകളുടെ അടിത്തട്ടിൽ നിന്നും ഒഴുക്കി കുതിച്ചു ചാടുന്ന നീല കലർന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളുടെ ഒരു അതി മനോഹരമായ ദൃശ്യം. നോഹ, സ്റ്റാർ വാർസ്, ഇന്റെർസ്റ്റെല്ലർ പോലുള്ള സിനിമകൾ പ്രേക്ഷകർ സ്വീകരിക്കാൻ കാരണം അതിലെ ദൃശ്യഭംഗി കൂടിയാണ്. അതിനുള്ള അഭിനന്ദങ്ങൾ ഐസ്‌ലൻഡിനും അർഹതപ്പെട്ടതാണ്.
മഴവില്ലുകൾ കൊണ്ട് വേലി തീർത്ത ഗുൽഫോസ് വെള്ളച്ചാട്ടത്തിനരികിൽ നിൽക്കുമ്പോഴാണ് അതിരപ്പിള്ളിയെ ഒാർമിപ്പിച്ച കഥ കേട്ടത്. ഗുൽഫോസ് വെള്ളച്ചാട്ടത്തിൽ വൈദ്യുതിക്കായി പവർ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമെടുത്തു. അതിമനോഹരമായ ഈ വെള്ളച്ചാട്ടത്തെ നശിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞു വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് ആത്‍മഹത്യ ഭീഷണി മുഴക്കി ഐസ്‌ലാൻഡ്കാരെ മുഴുവൻ ഞെട്ടിച്ച Sigriður Tómasdóttir എന്ന സ്ത്രീ, ഐസ്‌ലൻഡ് ചരിത്രത്തിലെ ആദ്യത്തെ എൻവിറോണ്മെന്റലിസ്റ്റ് എന്നറിയപ്പെടുന്നു.
കണ്ടു തീരാത്ത കാഴ്ചകൾ
ഐസ്‌ലൻഡിലെ വട്നജോകുൽ ഗ്ലേഷിയർ ആണ് മറ്റൊരു അദ്ഭുതം. ഗ്ലേഷിയർ എന്നാൽ കാലാകാലങ്ങൾ തണുത്തുറഞ്ഞു നിൽക്കുന്ന വലിയ മഞ്ഞുപാളികൾ എന്നർഥം. അതിന്റെ അരികിലെത്തി, മഞ്ഞുകട്ടകൾ ഉരുകിയൊലിച്ചുണ്ടായ നദിയിലൂടെ ഒഴുകി നടക്കുന്ന ഐസ്‌ബർഗുകൾ. സാഹസികത ഇഷ്ടമാണെങ്കിൽ, പടുകൂറ്റൻ മഞ്ഞുപാളികളിലൂടെ യാത്ര ചെയ്യാം. അതിനു, പ്രത്യേകം മോഡിഫൈ ചെയ്ത ആർമി മിസൈൽ ക്യാരിയർ ട്രെക്കാണ് ഉപയോഗിക്കുന്നത്. അത്തരം യാത്രയ്ക്കായി അംഗീകൃതരായ ടൂറിസ്റ്റ് ഓപ്പറേറ്റർമാരുണ്ട്.
അമേരിക്കൻ ആർമിയുടെ തകർന്നു വീണ വിമാനം കാണുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. മെയിൻ റോഡിൽ നിന്ന് നാലു കിലോ മീറ്റർ ഉള്ളിലേക്ക്, ബീച്ചിലേക്ക് നടക്കണം അതിന്. 1973 ൽ തകർന്നു വീണ വിമാനം പിന്നീട് അമേരിക്ക ഉപേക്ഷിച്ചു പോവുകയായിരുന്നു. അതിപ്പോൾ ഒരു പ്രധാനപ്പെട്ട കാഴ്ച വസ്തുവായി.റിങ്‌റോഡിൽ നിന്ന് രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ഗയ്സിറുകൾ(Geysir) കാണാം. ഭൂമിയുടെ അടിത്തട്ടിൽ തിളച്ചു പൊങ്ങി 10 മീറ്റർ ഭൗമ ഉയരത്തിൽ വരെ എത്തുന്ന ഒരു ജിയോതെർമൽ പ്രതിഭാസമാണ് ഗയ്സിർ. ഉദ്ദേശം 1000 വർഷമായി എല്ലാ 10 മിനിറ്റിലും ഇത് സംഭവിക്കുന്നു.
ഐസ്‌ലൻഡിന്റെ ഹൈലാൻഡ്‌സ് മികച്ച 4x4 വാഹങ്ങൾ കൊണ്ട് മാത്രം സഞ്ചരിക്കാൻ സാധിക്കുന്ന മേഖലകളാണ്. ചില സ്ഥലങ്ങളിൽ എത്തിച്ചേരാൻ റിവർ ക്രോസിങ് അടക്കം പല സാഹസിക കടമ്പകളും കടക്കേണ്ടി വരും. അതൊക്കെ കടന്നു ചെന്നപ്പോൾ, ഈ ഭൂമിയി ൽ ജനിച്ചതാണ് വലിയ ഭാഗ്യം എന്ന് തോന്നും. സ്വപ്നങ്ങളിൽ പോലും കാണാൻ സാധിക്കാത്ത വിധം ഉപരിതലത്തിൽ തിളങ്ങുന്ന പച്ച പായലുകള്‍, അതിനെ തലോടി ഒഴുക്കുന്ന കുഞ്ഞരുവികള്‍, അകലെ വിദൂരതയിൽ തല ഉയർത്തി നിക്കുന്ന മനോഹരമായ പർവതങ്ങള്‍, ആ പർവതങ്ങളെ പുതപ്പിച്ചിരിക്കുന്ന മഞ്ഞുപുതപ്പുകള്‍... യാത്ര നൽകിയ പുതിയ അനുഭവങ്ങൾ.