വാഗമണ്ണും പാഞ്ചാലിമേടും പരുന്തുംപാറയും കണ്ടുമടുത്തവർ ഇങ്ങോട്ടു പോരൂ

Mail This Article
പ്രകൃതി സൗന്ദര്യത്തിൽ ഏറെ മുന്നിലാണ് ഇടുക്കി. പച്ചപ്പു നിറഞ്ഞ മലയോരങ്ങളും വെള്ളച്ചാട്ടങ്ങളും താഴ്‍വരകളുമൊക്കെ നിറഞ്ഞ ഇവിടേക്കുള്ള യാത്ര എല്ലാവർക്കും പ്രിയമാണ്. സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നതും അറിയാത്തതുമായി നിരവധിയിടങ്ങൾ ഇവിടെയുണ്ട്. വാഗമണ്ണും പാഞ്ചാലിമേടും പരുന്തുംപാറയുമൊക്കെ കണ്ടുമടുത്തവർക്ക് ഇവിടേക്ക് പോകാം. പ്രകൃതിയൊരുക്കിയ അദ്ഭുത കാഴ്ചയുണ്ടിവിടെ. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന കൊടുകുത്തിമലയിലേക്കു തന്നെ യാത്ര പോകാം. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തുനിന്നും അഞ്ചു കിലോമീറ്റർ മാറി ഇടുക്കിയിലോട്ടുള്ള പാതയിൽ കൊടികുത്തി എന്ന സ്ഥലത്താണ് ഈ മനോഹര കാഴ്ച ഉള്ളത്.

ഈ ഹൈവേയിലൂടെ യാത്ര ചെയ്യുന്ന പലരും തങ്ങളുടെ വാഹനങ്ങൾ നിർത്തി ഈ മനോഹാരിത ആസ്വദിക്കാറുണ്ട്. അതിരാവിലെ മഞ്ഞുപുതച്ച മലനിരകളും, പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശവും, ഇടുക്കിയുടെ സൗന്ദര്യം വിളിച്ചോതുന്ന ചെറിയ കുന്നുകളും ഇവിടെ ദൃശ്യമാണ്. ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ പാഞ്ചാലിമേട്ടിലോട്ടും വാഗമണ്ണിലോട്ടും പരുന്തുംപാറയിലോട്ടും പോകുന്ന പാതയായതിനാൽ സഞ്ചാരികൾക്ക് എളുപ്പത്തിൽ ഈ സ്ഥലത്തു എത്തിച്ചേരാനാകും. പ്രകൃതിസൗന്ദര്യം ആവേളം ആസ്വദിക്കാവുന്നതാണ്.

അങ്ങ് ദൂരെ അടുക്കുകളായ മലനിരകളും, മഞ്ഞും, ഈറൻ അണിയിക്കുന്ന തണുത്ത കാറ്റും എല്ലാം ഇവിടുത്തെ ആകർഷണമാണ്. സഞ്ചാരികള്‍ തീർച്ചയായും ഇൗ സുന്ദരഭൂമിയിലേക്ക് ഒരിക്കലെങ്കിലും വരേണ്ടതാണ്.

ഹാരിസൺ റബ്ബർ എസ്റ്റേറ്റിലെ റബ്ബർ മരങ്ങൾ വെട്ടിനീക്കം ചയ്യ്തപ്പോൾ ആണ് ഇത്ര മനോഹരമായ കാഴ്ച സഞ്ചാരികൾക്ക് സമ്മാനിച്ചത്. യാത്രയെ സ്നേഹിക്കുന്നവർക്കും, മനോഹാരിത ഇഷ്ട്ടപെടുന്നവർക്കും കൊടികുത്തി വ്യൂ പോയിന്റ് നല്ല അനുഭവം തന്നെ ആയിരിക്കും.
English Summary: Kodikuthimala View Point