ADVERTISEMENT

കാടിന്റെ കാഴ്ചകൾ തേടി യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ ജീവതത്തിൽ ഒരിക്കലെങ്കിലും മലക്കപ്പാറയിൽ പോകണം. അതും കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ എന്നീ കേരളത്തിലെതന്നെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ഷോളയാർ ഡാമും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മഴക്കാടും വന്യമൃഗങ്ങളെയും കണ്ട് 40 കിലോമീറ്റർ നീളുന്ന വനപാതയിലൂടെ മലക്കപ്പാറ ആനവണ്ടി യാത്ര ആരെയും ആകർഷിക്കും.

ചാലക്കുടി ബസ് സ്റ്റാൻഡിലേക്ക്…

ഒരു അവധി ദിവസത്തിന്റെ ആലസ്യം മാറാനായി ശുദ്ധമായ വായുവും കണ്ണിനു കുളിരേകുന്ന പച്ചപ്പും കണ്ട് ചെലവഴിക്കാം എന്ന ചിന്തയിലാണ് വീട്ടിൽനിന്നു യാത്ര പുറപ്പെട്ടത്. ചാലക്കുടിയിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 12 മണി. ഇവിടെനിന്നു രാവിലെ 7. 30 മുതൽ മലക്കപ്പാറയ്ക്കു ബസ് സർവീസ് ഉണ്ട്. താമസിച്ചെത്തിയതിന്റെ വിഷമത്തോടെ നിൽക്കുന്ന എന്നോട്, അതു നന്നായി എന്നു പറഞ്ഞു തന്നത് സുഹൃത്ത് ദീപക് ആണ്. ചാലക്കുടി സ്വദേശിയായ ദീപക് വർഷങ്ങളായി മിക്ക വീക്കെൻഡിലും ഈ ബസിൽ യാത്ര ചെയ്യുന്നതാണ്. ഏതാണ്ട്  50 ലേറെത്തവണ ഇതുവരെ ഈ ബസിൽ മലക്കപ്പാറയ്ക്കു പോയിട്ടുണ്ട്. ദീപക്കിനെപ്പോലെ നിരവധി  ആനവണ്ടി സ്നേഹികളെ നമുക്ക് ചാലക്കുടിയിലും പരിസരങ്ങളിലും കാണാം.

Malakkapara-trip3

കൃത്യം 12.30 നു തന്നെ ബസ് ചാലക്കുടിയിൽനിന്നു പുറപ്പെട്ടു. ഈ റൂട്ടിലെ യാത്ര ആസ്വദിക്കാൻ വേണ്ടി വിദേശികൾ ഉൾപ്പടെ  നിരവധിപ്പേരുണ്ടായിരുന്നു. അതിരപ്പിള്ളി വാഴച്ചാൽ വനപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ പ്രധാന സഞ്ചാര മാർഗമാണ് ഈ ആനവണ്ടി.

വെറ്റിലപ്പാറയിൽ അതിഥികളെ വരവേൽക്കുന്ന മ്ലാവ്

രാവിലെ ഏഴു മുതൽ മലക്കപ്പാറയ്ക്കു ബസ് സർവീസ് ഉണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. അങ്ങനെ രാവിലെ പുറപ്പെടുന്ന ബസുകളിൽ യാത്ര ചെയ്‌താൽ ലഭിക്കാത്ത ഒരു ഗുണം ഉച്ച കഴിഞ്ഞു പുറപ്പെടുന്ന ബസുകളിലെ യാത്രയ്ക്ക് ഉണ്ട്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള 40 കിലോമീറ്റർ റോഡ് കേരളത്തിലെ തന്നെ ഏറ്റവും മികച്ച വനപാതയാണ്. ആനയും കാട്ടുപോത്തും മാനും മ്ലാവുമൊക്കെ ധാരാളം സ്വൈരവിഹാരം നടത്താറുള്ള വനം. അതുകൊണ്ടുതന്നെ ഈ യാത്രയ്ക്ക് വനംവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ ഈ വഴിയിൽ ഒരിടത്തും യാത്രയ്ക്കിടെ നിർത്താനോ ഹോൺ മുഴക്കുവാനോ ഉച്ചത്തിൽ പാട്ടുവയ്ക്കാനോ പാടില്ല. വാഴച്ചാൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്നു മലക്കപ്പാറയ്ക്ക് വൈകിട്ട് 6 മണിക്കു ശേഷം സ്വകാര്യവാഹനങ്ങൾക്കു പോകുവാൻ അനുവാദമില്ല. വാഴച്ചാൽ, മലക്കപ്പാറ ചെക്ക് പോസ്റ്റുകൾ അടയ്ക്കും. രാത്രിയിൽ ധാരാളം വന്യമൃഗങ്ങൾ ഇറങ്ങുന്ന വനപാതയാണിത്. 

malakkapara-trip

ഈ നിയന്ത്രണം ബാധകമല്ലാത്ത, ഉച്ചക്ക് 12.30 നും വൈകുന്നേരം 4.40 നും ചാലക്കുടിയിൽനിന്നു പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ മലക്കപ്പാറയിൽനിന്നു ചാലക്കുടിക്ക് വനപാതയിലൂടെ സഞ്ചരിക്കുന്നത് രാത്രിയോടടുത്താണ്. മറ്റൊരു വാഹനവും പാതയിൽ ഇല്ലാത്ത രാത്രിസമയങ്ങളിൽ ‘നെഞ്ചും വിരിച്ചു’ വനപാതയിലൂടെ നടക്കുന്ന ആനയെയും പോത്തിനെയുമൊക്കെ കാണാൻ ഉള്ള അവസരം ആകെ ലഭിക്കുന്നത് ഈ ബസിൽ യാത്ര ചെയ്യുന്നവർക്കു മാത്രമാണ്.

പ്രധാന കാഴ്ച

ചാലക്കുടിയിൽനിന്നുള്ള ബസ് അതിരപ്പിള്ളിയിൽ എത്തുമ്പോൾ കുറച്ചു സഹയാത്രികരെങ്കിലും അവിടെ ഇറങ്ങും. അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിക്കാനായി വിദേശികളും സ്വദേശികളുമായ ഒരുപാട് സഞ്ചാരികൾ ഈ ബസിൽ വന്നിറങ്ങാറുണ്ട്. ബസിൽ മലക്കപ്പാറയ്ക്കു യാത്ര ചെയ്യുന്നവർക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു നോക്കു കാണുവാൻ മാത്രമേ അവസരം ലഭിക്കൂ. മിക്കവാറും അതിരപ്പിള്ളിയിൽ ബസ് നിർത്തിയിടുന്നത് 3 മിനിറ്റ് മാത്രം. ഇതേ അവസ്ഥ തന്നെയാണ് വാഴച്ചാൽ വെള്ളച്ചാട്ടത്തിനടുത്തും.

Malakkapara-trip2

വാഴച്ചാൽ ചെക്‌പോസ്റ്റ് കഴിഞ്ഞാൽ വനപാത ആരംഭിക്കുകയാണ്. പോകുന്ന വഴിയിൽ ഇടതു വശത്താണ് ചാർപ്പ വെള്ളച്ചാട്ടം. മഴക്കാലത്തു റോഡിലേക്ക് അടിച്ചു കയറുന്ന ശക്തമായ ഈ വെള്ളച്ചാട്ടം മഴയില്ലാത്ത സമയങ്ങളിൽ ശാന്തമായി സഞ്ചാരികളുടെ കണ്ണിനു കുളിരേകുന്നു. ഇനി മണിക്കൂറുകളോളം മുന്നിലും വശങ്ങളിലും വനം മാത്രം. കാടിന് നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വനപാതയിലൂടെ മുമ്പോട്ടു പോകുമ്പോൾ ലോവർ ഷോളയാർ ഡാമിന്റെ പവർഹൗസും കേരളത്തിന്റെ ഭാഗമായ ഷോളയാർ ഡാമും തമിഴ്നാടിന്റെ ഭാഗമായ, ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളും പ്രധാന കാഴ്ചകൾ ആണ്. ഇതെല്ലാം കണ്ടു മുന്നോട്ടു പോകുമ്പോൾ അസ്തമയ സൂര്യന്റെ കുങ്കുമ വർണ്ണം വനത്തിനുമേൽ നിഴൽ വിരിക്കും. കാട്ടുപാതയിൽ നിന്നു ബസ് പതുക്കെ തേയിലക്കാട്ടിലേക്കു കയറിത്തുടങ്ങുമ്പോൾ മലക്കപ്പാറ എന്ന ഗ്രാമം നമ്മെ സ്വാഗതം ചെയ്യും.

Malakkapara-trip1

മലക്കപ്പാറ എന്ന കേരള തമിഴ് ഗ്രാമം

ഔദ്യോഗികമായി കേരളത്തിന്റെ ഭാഗമാണെങ്കിലും  ഏതാണ്ട് പൂർണമായും തമിഴ് സംസ്കാരവും ജീവിതരീതിയുമാണ് മലക്കപ്പാറയ്ക്ക്. ബസ് മലക്കപ്പാറയിലേക്ക് എത്തുമ്പോൾ രണ്ടുവശവും പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് സ്വാഗതം ചെയ്യുക. തമിഴ് വംശജരായ ആളുകൾ കോടമഞ്ഞിനിടയിലൂടെ തേയിലക്കൊളുന്തിന്റെ ചുമടുമായി നടക്കുന്ന ഹൃദ്യമായ ദൃശ്യം വഴിനീളെ കാണാം. മലക്കപ്പാറയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റും കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോൾ ഈ ചെറു തമിഴ് ഗ്രാമത്തിലെ സായാഹ്‌ന ജനജീവിതം നമുക്ക് കൺകുളിരെ കാണാം.  

മലക്കപ്പാറയിലെ ആനവണ്ടി  താവളം

തമിഴ്നാടിന്റെ ഭാഗമായ അപ്പർ ഷോളയാർ ഡാമിന്റെ തൊട്ടു താഴെയാണ് ആനവണ്ടിയുടെ മലക്കപ്പാറയിലെ ഹാൾട്ട്. ഒരു ചായ കുടിച്ചു തിരിച്ചു വരാനുള്ള 15 മിനിറ്റ് ആണ് സമയം. തമിഴ്നാട് കേരള ബോർഡറും ഇവിടെത്തന്നെ. ഇവിടെ നിന്ന് 28  കിലോമീറ്റർ ദൂരമുണ്ട് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാൽപാറയ്ക്ക്. പൊള്ളാച്ചിക്കും വാൽപാറയ്ക്കും പോകേണ്ട യാത്രികർക്ക് ഇവിടെ നിന്നു ബസ് ലഭ്യമാകും. തമിഴ്നാട് സർക്കാർ ബസ് മിക്കവാറും ഓരോ മണിക്കൂർ ഇടവിട്ട് ഉണ്ടാകും.

Malakkapara-trip5

വാരാന്ത്യങ്ങളിൽ രാവിലെ ചാലക്കുടിയിൽനിന്നു പുറപ്പെട്ടു കാടും യാത്രയും ആസ്വദിച്ച്, ഇതേ ആനവണ്ടിയിൽ മടങ്ങുന്ന സഞ്ചാരികളും കുറച്ചു നാട്ടുകാരുമാണ് തിരിച്ചു പോകാൻ ഈ ബസിൽ ഉള്ളത്. ധാരാളം ഹോംസ്റ്റേകളും റിസോർട്ടുകളും മലക്കപ്പാറയിൽ ഉണ്ട് അതുകൊണ്ടു തന്നെ ഒരു ദിവസം തങ്ങി മലക്കപ്പാറയിലെ കുളിര് അറിയണമെന്നുള്ളവർക്കു താമസസൗകര്യം ഒരു പ്രശ്നമേയല്ല.

മലക്കപ്പാറ ആനവണ്ടി യാത്ര എന്തുകൊണ്ട് വ്യത്യസ്തമാകുന്നു

ഒരു തികഞ്ഞ വനയാത്ര എന്ന നിലയിൽ മലക്കപ്പാറ യാത്ര വ്യത്യസ്തമായ അനുഭവമാണ്. വളരെ ബജറ്റ് കുറഞ്ഞ ഒരു വൺ ഡേ ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമാണ് ഈ യാത്ര. ശുദ്ധവായു ശ്വസിച്ചും വനത്തെ കണ്ടും അറിഞ്ഞുമുള്ള യാത്രയിൽ, വഴികളിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ നിത്യജീവിതത്തിലെ എല്ലാ വിഷമതകളും മറന്നു നന്നായി റിലാക്സ് ചെയ്യാം.

വളഞ്ഞ വഴികളിലെ വളയം പിടിക്കുന്ന കരുതലിന്റെ കൈകൾ

സഞ്ചാരികളെ ആകർഷിക്കുന്ന തലത്തിലേക്ക് മലക്കപ്പാറ ആനവണ്ടി യാത്ര വളർന്നതിൽ ബസിലെ ജീവനക്കാരുടെ പങ്ക് വലുതാണ്. യാത്രക്കാരോടുള്ള സൗഹൃദപരമായ പെരുമാറ്റവും പരിഗണനയും മറ്റു ബസ് സർവീസുകളിൽനിന്ന് മലക്കപ്പാറ ആനവണ്ടി യാത്രയെ വ്യത്യസ്തമാക്കുന്നു. ഒരു ബസിനു കഷ്ടിച്ചു പോകാൻ മാത്രം വീതിയുള്ള ഈ വനപാതയിലൂടെ മറ്റു വലിയ വാഹനങ്ങൾക്കു കൂടി സഹായകരമായ രീതിയിൽ സുരക്ഷിതമായാണ് ആനവണ്ടി സഞ്ചരിക്കുന്നത്. ധാരാളം വളവുകളുള്ള ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പലയിടത്തും ബസ് ഒരുപാട് സമയം നിർത്തി മറ്റു വാഹനങ്ങൾക്ക് വഴി  കൊടുക്കേണ്ട സാഹചര്യവും ചിലപ്പോൾ പുറകോട്ടു തന്നെ  പോകേണ്ടതായും വരും. ഇത്തരം ദുർഘടമായ എല്ലാ സാഹചര്യങ്ങളിലും വളരെ ശ്രദ്ധയോടെ അപകടരഹിതമായാണ് ഇവർ ഡ്രൈവ് ചെയ്യുന്നത്.

വളരെ അപകടം പിടിച്ച ഒരു വനപാതയിലൂടെ  സുരക്ഷിതമായി ബസ് ഓടിക്കണമെങ്കിൽ അസാമാന്യ ഡ്രൈവിങ് പാടവം വേണം. ഞാൻ യാത്ര ചെയ്ത ആനവണ്ടിയിലെ ഡ്രൈവർ രഞ്ജിത്ത് ചേട്ടന്റെ മികവ് പോകുന്ന വഴിയിലെ പല സ്ഥലത്തും നേരിട്ടറിയാൻ സാധിച്ചു. വന്യമൃഗങ്ങളെ കാണുമ്പോഴും മനോഹരമായ ദൃശ്യങ്ങൾ നിറഞ്ഞ പ്രദേശത്തുമൊക്കെ യാത്രക്കാർക്കു ചിത്രങ്ങൾ എടുക്കാൻ ഉള്ള സൗകര്യം  ഈ ബസ് ജീവനക്കാർ ഒരുക്കി കൊടുക്കാറുണ്ട്. ഇത് യാത്രാപ്രേമികൾക്ക് വലിയൊരു സഹായം ആണ്.

ഓരോ തവണയും വ്യത്യസ്ത കാഴ്ചകൾ നൽകുന്ന മലക്കപ്പാറ യാത്ര

വെറ്റിലപ്പാറയിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്ന മ്ലാവും പെൻസ്റ്റോക്ക് പൈപ്പിന്റെ സുന്ദര ദൃശ്യങ്ങളും ആനവണ്ടിയിൽ യാത്രക്കാരെല്ലാം ചേർന്നുള്ള  മണിച്ചേട്ടന്റെ പാട്ടും മലക്കപ്പാറയിലെ ചായയും ഞുറുക്കുമൊന്നും വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാൻ സാധ്യമല്ല, അത് അനുഭവിച്ചു തന്നെ അറിയണം അതിനായി മലക്കപ്പാറ ആനവണ്ടിയിൽ ഒന്നു യാത്ര ചെയ്യണം.

മലക്കപ്പാറയിലെ തമിഴ് ചായയും കുടിച്ച് ഇരുൾ വീണു തുടങ്ങിയ വഴിത്താരകളിലൂടെ തിരിച്ചു യാത്ര തുടങ്ങിയപ്പോഴായിരുന്നു എന്റെ ഹൃദയമിടിപ്പ് ഉയർന്നു തുടങ്ങിയത്. മറ്റു വാഹനങ്ങളുടെ ശല്യമൊന്നും ഇല്ലാതെ ഉറങ്ങിത്തുടങ്ങുന്ന കാടിന്റെ ഉള്ളറകളിൽനിന്നു സഞ്ചാരികളുടെ കണ്ണിനും വിരുന്നേക്കാൻ എത്തുന്ന അതിഥികളും അത്യപൂർവമായി ഈ കാടിന്റെ ചില ഭാഗങ്ങളിൽ ഭാഗ്യം ചെയ്തവർക്കു മാത്രം കാണാൻ സാധിച്ച ലക്ഷക്കണക്കിന് മിന്നാമിനുങ്ങളുടെ ഉൽസവവും ആയിരുന്നു മനസ്സു നിറയെ. ചുറ്റും കണ്ണോടിച്ചപ്പോൾ ഈ കാഴ്ചകൾ  കാണാൻ സാധിക്കുമോ എന്നുള്ള ആകാംക്ഷ എന്നെപ്പോലെ ബസിലെ മിക്ക സഞ്ചാരികളുടെ കണ്ണുകളിലും പ്രതിഫലിച്ചിരുന്നു.

∙ ചാലക്കുടിയിൽനിന്നു മലക്കപ്പാറ വരെയുള്ള യാത്രയ്ക്ക് 80 രൂപയാണ് ടിക്കറ്റ് നിരക്ക്( കൊറോണ എന്ന മഹാമാരിയെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോയടെ താൽക്കാലികമായി ബസ് ചാർജിലും മാറ്റം വരുത്തിയിട്ടുണ്ട്..)

∙ മലക്കപ്പാറയ്ക്ക് രാവിലെ 7.30, ഉച്ചയ്ക്ക് 12.20, ഉച്ചകഴി‍ഞ്ഞ് 3.00, 4.40 എന്നീ സമയങ്ങളിലാണ് ബസ്

∙ മലക്കപ്പാറയിൽ നിന്ന് രാവിലെ 7.10, 8.10, ഉച്ചയ്ക്ക് 12.25, ഉച്ചകഴി‍ഞ്ഞ് 5.00 എന്നീ സമയങ്ങളിലാണ് ബസ്

ലോകത്തെ ആശങ്കയിലാക്കിയ കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിലവിൽ മലക്കപ്പാറയിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്.

English Summary: Chalakudi to Malakapara Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT