ഇടുക്കി പൊളിയാണ്; കാൽവരി മൗണ്ടും അഞ്ചുരുളിയും രാമക്കൽമേടും നിറഞ്ഞ സഞ്ചാരികളുടെ സ്വർഗം
Mail This Article
ഇടുക്കി എന്നും കാഴ്ചക്കാരിൽ കുളിർ നിറയ്ക്കുന്ന നാടാണ്. പുറംലോകത്തിന് അറിയാവുന്നതും അറിയാപ്പെടാത്തുമായ ഒരുപാടു സുന്ദര സ്‌ഥലങ്ങൾ ഇടുക്കിയുടെ പ്രത്യേകതയാണ്. സഞ്ചാരികളെ കാത്തുനിൽക്കുന്ന കാൽവരി മൗണ്ടും അഞ്ചുരുളിയും രാമക്കൽമേടും വാഗമണ്ണും എന്നിങ്ങനെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇടുക്കിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളും കോട മഞ്ഞും സമ്പന്നമാക്കിയ ചില കാഴ്ചകളിലൂടെ.
കാറ്റ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല ആ സ്‌ഥലവും മനോഹരമാണെങ്കിൽ അത് ഒന്നുകൂടി പ്രിയങ്കരമാകും. തേക്കടിയിൽനിന്നു 40 കി.മീ. ദൂരെ നെടുംകണ്ടത്തിനടുത്തു സ്‌ഥിതി ചെയ്യുന്ന സ്‌ഥലമാണ് രാമക്കൽമേട്. മലമുകളിൽ അതിമനോഹരമായ കാഴ്ച ഒരുക്കി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന സ്‌ഥലം. കുറവൻ കുറത്തി ശില്പവും തമിഴ് നാടിന്റെ വിദൂര ദൃശ്യവും മനം നിറയ്ക്കുന്ന കാഴ്ചകളാണ്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ഒരു നല്ല വിരുന്നായിരിക്കും രാമക്കൽമേട്.
കട്ടപ്പനക്കടുത്തു സ്‌ഥിതി ചെയ്യുന്ന ഇടുക്കി ഡാം റിസർവോയറിന്റെ ഭാഗമായ അഞ്ചുരുളി ജലാശയം സഞ്ചാരികൾക്ക് ഒരു പുത്തൻ അനുഭവം ആയിരിക്കും. ഇരട്ടയാർ ഡാമിൽനിന്ന് അഞ്ചുരുളിലേക്ക് 5.5 കി.മീ. ദൂരമുള്ള തുരങ്കവും നീല പരവതാനി വിരിച്ച ജലാശയവും സഞ്ചാരികളെ ആകർഷിക്കുന്നു. അഞ്ച് കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ സ്‌ഥലമാണ് അഞ്ചുരുളി.
ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യം നൽകുന്ന മറ്റൊരു സ്‌ഥലമാണ് കാൽവരി മൗണ്ട്. ചെറിയ തുരുത്തുകൾക്കു ചുറ്റും നീല തടാകം വിരിച്ചു നിൽക്കുന്ന ഇടുക്കി ഡാം അതിമനോഹര കാഴ്ചയാണ്. ചെറിയൊരു കുന്നുകയറി സഞ്ചാരികൾ എത്തുന്നത് പ്രകൃതി ഒരുക്കുന്ന മറ്റൊരു വിരുന്നിലേക്കാണ്. കട്ടപ്പനയിൽനിന്നു 10 കി.മീ. മാത്രം ദൂരെ, ചെറുതോണി റോഡിൽനിന്ന് 1.5 കി.മീ. ഉള്ളിലേക്കു മാറിയാണ് കാൽവരി മൗണ്ട് നിലകൊള്ളുന്നത്. സമുദ്ര നിരപ്പിൽനിന്ന് 2700 അടി ഉയരത്തിൽ തല ഉയർത്തി ഇടുക്കിയുടെ സൗന്ദര്യം വിളിച്ചോതുന്ന കാൽവരി മൗണ്ടിൽ ഇടയ്ക്ക് വന്നു പോകുന്ന കോ മഞ്ഞും പ്രകൃതിയുടെ സൗന്ദര്യം ഇരട്ടിയാക്കുന്നു.
തൊമ്മൻകുത്ത്, തൊടുപുഴയിൽനിന്ന് 20 കി.മീ. മാറി കാടിനകത്തു സ്‌ഥിതി ചെയ്യുന്ന അതി നോഹരമായ വെള്ളച്ചാട്ടം. ടിക്കറ്റ് എടുത്തശേഷം കാട്ടിലൂടെ സഞ്ചിരിച്ചുവേണം ഓരോ വെള്ളച്ചാട്ടവും കാണാൻ. 7 കുത്തുകളായിട്ടാണ് ഇവിടെ വെള്ളച്ചാട്ടം. കാട്ടിലൂടെ നടന്ന് പ്രകൃതിയുടെ തണൽ ആസ്വദിച്ച് ഓരോ കാഴ്ചയും കാണാം. മൃഗങ്ങളെ പേടിക്കാതെ കുടുബസമേതം കാടിന്റെ ശാന്തതയും സൗന്ദര്യവും അനുഭവിക്കാൻ കഴിയും. അരുവിയിലിറങ്ങി കാടിന്റെ കുളിർമ അനുഭവിക്കാൻ അവസരമുണ്ട്.
English Summary: Best Places to Visit in Idukki