വാഗമണ്ണും മൂന്നാറും മാത്രമല്ല ഇടുക്കിയിലെ ഇൗ സുന്ദരിയെയും കാണാതെ പോകരുത്

Mail This Article
സത്രം എന്നാൽ വിശ്രമകേന്ദ്രം എന്നാണ്. എന്നാൽ ഈ സത്രം വിശ്രമം മാത്രമല്ല വിനോദവും സഞ്ചാരികൾക്കു പ്രദാനം ചെയ്യുന്നു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽനിന്ന് മഞ്ജുമല ,പുതുക്കാട് വഴി മൗണ്ട് സത്രത്തിൽ എത്താം. മൗണ്ട് സത്രത്തിൽ എത്തുന്നതിനുമുമ്പേ വിസ്മയങ്ങൾ തുടങ്ങുകയായി. വഴിമധ്യേ ഉള്ള അർണക്കൽ, മൗണ്ട് എന്നീ സ്ഥലങ്ങളും സഞ്ചാരികളുടെ ഇഷ്ടയിടങ്ങളാണ്. സ്വദേശീയർ മാത്രമല്ല വിദേശീയരും ഇവിടെ എത്തിച്ചേരാറുണ്ട്. തേക്കടിയിൽ എത്തുന്ന സഞ്ചാരികൾ മൗണ്ട് സത്രത്തിലും പോകാതെ മടക്കയാത്രയില്ല.
മൗണ്ടിൽനിന്ന് സത്രം വരെ ഓഫ് റോഡ് ആണ്. ഈ യാത്ര സഞ്ചാരികൾക്കും ബൈക്കേഴ്‌സിനും ഏറെ പ്രിയങ്കരമാണ്. കുമളിയിൽനിന്നു സഞ്ചാരികളുമായി ഓപ്പൺ ജീപ്പ് സഫാരി അർണക്കൽ എസ്റ്റേറ്റ്, മൗണ്ട് കടന്നു സത്രത്തിൽ എത്തുമ്പോൾ സഞ്ചാരികളുടെ കണ്ണിലെ തെളിച്ചം കാണാം. മൗണ്ട് സത്രത്തിലെ കാഴ്ച സഞ്ചാരികളുടെ മനസ്സു നിറയ്ക്കും. പച്ചപ്പ് നിറഞ്ഞ മലനിരകളും മൊട്ടക്കുന്നുകളും സഞ്ചാരികൾക്കു വിസ്മയക്കാഴ്ചയാണ്.
തണുത്ത കാലാവസ്ഥയും മൂടൽ മഞ്ഞും മലനിരകളും പച്ചപ്പും പ്രകൃതിസൗന്ദര്യവും എല്ലാം സത്രം സഞ്ചാരികൾക്ക് നൽകുന്ന ഒരു സമ്മാനം ആണ്. ഈ മനോഹരിയെ അടുത്തറിയാനും ഇവിടുത്തെ വശ്യസൗന്ദര്യം ആസ്വദിക്കാനും ഫീസില്ല. കുമളിയിൽനിന്ന് ജീപ്പ് സഫാരിക്ക് ഏകദേശം 3500 രൂപ ഇടാക്കുന്നുണ്ട്. പക്ഷേ അതൊരു നഷ്ടമല്ല. അതിനുള്ള മുതൽ ഈ വിസ്‌മയം നമുക്കു പ്രദാനം ചെയ്യുന്നുണ്ട്. യുവാക്കളുടെ ഹരം ആയി മാറിയിരിക്കുകയാണ് ഇവിടുത്തെ ഓഫ് റോഡ്. ബൈക്കുമായി കൂട്ടുകാരുമൊത്ത് ആഘോഷിക്കാൻ പറ്റിയ ഇടമാണ് സത്രം.
ഇതിന്റെ വിനോദ സഞ്ചാര സാധ്യതകൾ ജനങ്ങളിലെത്തിക്കുവാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. ഇവിടെ ഒരു ഹെലിപാഡ് നിർമിക്കാനും പദ്ധതിയുണ്ട്. സത്രം വഴി ശബരിമലയിലേക്ക് എത്തിച്ചേരാം. മകരവിളക്കു കാണാൻ ഇവിടെ വരുന്ന ഭക്തരും കുറവല്ല.
ഇടുക്കിയിലേക്ക് യാത്ര ചെയ്യുന്നവർ തേക്കടിയിലും വാഗമണ്ണിലും മൂന്നാറിലുമായി ആയി ഒതുങ്ങാതെ സത്രവും സന്ദർശിക്കണം.
English Summary: Mount sathram Idukki