ADVERTISEMENT

മേഘങ്ങളെ തൊട്ട്, മഞ്ഞിന്റെ തണുപ്പിൽ ഒരു കൂട്ടം മലനിരകൾ. ഹിൽ സ്റ്റേഷനുകൾക്ക് പേരുകേട്ട കേരളത്തിന്റെ സ്വന്തം ഇടുക്കിയിലെ മറ്റൊരു അദ്ഭുത ഭൂപ്രകൃതി ഉറുമ്പിക്കര. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ-ഏന്തയാർ-വടക്കേമല വഴി യാത്ര തിരിക്കാം. കൂട്ടിക്കലിൽ നിന്നും പതിനെട്ടു കിലോമീറ്റർ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച 'ഉറുമ്പിക്കരയിലേക്ക് ' -എത്താൻ ഏറ്റവും എളുപ്പം ഉള്ള വഴിയാണിത്. ഈ വഴി തെരഞ്ഞെടുത്താൽ ഒരു നേട്ടം കൂടിയുണ്ട്. യാത്രയിൽ 'വെമ്പിളി', 'പാപ്പാനി', 'വെള്ളപ്പാറ' എന്നി മൂന്നു വെള്ളച്ചാട്ടങ്ങൾ കൂടി ആസ്വദിക്കാം.

urumbikara-travel3

കണ്ടവർക്കും കേട്ടറിഞ്ഞവർക്കും ഉറുമ്പിക്കര എന്നും അദ്ഭുതം തന്നെ ആയിരിക്കും. പശ്ചിമഘട്ടത്തിന്റെ സർവ സൗന്ദര്യവും ശിരസ്സിലേറ്റി അവൾ അങ്ങിനെ നിൽക്കുകയാണ്. സർവ്വ  സമയവും കോടമഞ്ഞു പുതഞ്ഞു നിൽക്കുന്ന ഈ മലനിരകൾ തിങ്ങി നിറഞ്ഞ വനങ്ങളുടെയും അരുവികളുടെയും പച്ചപ്പ്‌ നിറഞ്ഞ താഴ്‍‍‍‍‍വാരങ്ങളുടെയും അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കും. ഉറുമ്പിക്കരയുടെ ഉയരങ്ങളിൽ എത്താൻ ഇനിയും ഒരു വഴി കൂടെ ഉണ്ട്. ഇടുക്കി ജില്ലയിൽ നിന്നും  ഏലപ്പാറ വഴി ഉപ്പുകുളം - ടൈഫോയ്ഡ് എസ്റ്റേറ്റ് കടന്നു മാതാമ്മകുളം വഴിയും ഉറുമ്പിക്കര എത്താം. പതിനൊന്നു കിലോമീറ്റർ ദൂരം.

മുകളിലേക്ക് പോകാൻ ജീപ്പ് ആണ് ഏറ്റവും നല്ല മാർഗം. ഓഫ് റോഡ് റൈഡിനു  നന്നായി വഴങ്ങുന്ന ഇരുചക്രവാഹനങ്ങളും ഉപയോഗിക്കാം. രണ്ടായിരത്തിയഞ്ഞൂറ് രൂപയാണ് നിലവിൽ  ഒരു ജീപ്പ് ഏന്തയാർ നിന്നും ഉറുമ്പിക്കര വരെ എത്തുവാൻ ഇൗടാക്കുന്നത്.അടിവാരത്തായി രണ്ടു റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. 'സംഗമം' റിസോർട്ടും 'ഗെയ്‌ര' റിസോർട്ടും'. കയറി പോകുന്ന വഴിയിൽ ബ്രിട്ടീഷ് ഭരണകാലത്തു കരിങ്കല്ലും തടിയും ഉപയോഗിച്ചു നിർമിച്ച ഒരു ഓൾഡ് ടി ഫാക്ടറിയുടെ  ജീവനറ്റ ശേഷിപ്പുകളും കാണാം. ചെറിയ അരുവികളും പഴമയുടെ ഭംഗിയിൽ ഒരു ചെറു ക്ഷേത്രവും താണ്ടി മുകളിലേക്ക് പോകും തോറും അന്തരീക്ഷത്തിന്റെ മാറ്റങ്ങൾ വ്യക്തമായി അനുഭവപ്പെടും. ഉച്ച തിരിഞ്ഞുള്ള സമയം എങ്കിൽ സന്ധ്യ എത്തുന്നതിനു മുൻപേ  നല്ല തണുപ്പ് കലർന്ന ഇരുട്ട് പ്രദേശമാകെ നിറയും.  

urumbikara-travel

രാത്രി സമയങ്ങളിൽ ക്യാംപിങ് ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഇണങ്ങുന്നവളാണ് ഉറുമ്പിക്കര. അഡ്വഞ്ചർ സ്പോർട്സ് താൽപ്പര്യം ഉള്ളവരെ ഉറുമ്പിക്കര എന്നും സ്വാഗതം ചെയ്യുന്നു. പാരാഗ്ലൈഡിങ്, മൗണ്ടൈൻ ക്ലൈമ്പിങ്, ട്രീ ഹാവ്സ് സ്റ്റേ, ക്യാംപിങ്, നേച്ചർ വോക്കിങ് തുടങ്ങിയവയ്ക്കു ഈ ഭൂപ്രദേശം ഉയർത്തി തരുന്ന സാധ്യതകൾ വിശാലം ആണ്. ട്രെക്കിങ്ങിനും പേരുകേട്ട കേരളത്തിന്റെ തന്നെ ഭാഗമായ ഈ സഹ്യസുന്ദരിക്ക് ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ബന്ധപെട്ടവരിൽ നിന്നും കിട്ടുന്നില്ല എന്നുള്ളതും വസ്തുതയാണ്. പാരാഗ്ലൈഡിങ്ങിലും പാരാമോട്ടോറിങ്ങിലും വാഗമണ്ണിനും മൂന്നാറിനും ഒപ്പം ഉയരങ്ങൾ കാണാൻ ഇവളും ഒരുക്കം തന്നെ.

urumbikara-travel2

മൂന്നാർ, വയനാട്, തെന്മല, തേക്കടി തുടങ്ങിയ സ്ഥലങ്ങൾ ആണ് കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിങ്ങ് സ്പോട്ടുകൾ. പാറക്കൂട്ടങ്ങളും അരുവികളും താണ്ടി ചുറ്റും ഉയർന്നു നിൽക്കുന്ന  മലനിരകളിൽ, ഇടയ്ക്കു  വാഗമൺ മലകളെയും കണ്ട്‌ വനാന്തരീക്ഷത്തിന്റെ എല്ലാ ഉറവുകളും ഉൾക്കൊണ്ട് മുകളിൽ ചെന്ന് കോടമഞ്ഞിൽ പൊതിഞ്ഞു  ദേഹമാകെ തണുത്തു കയറുമ്പോൾ ആരും പറഞ്ഞു പോകും, തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ട്രെക്കിങ്ങ് അനുഭവം ആണ് ഉറുമ്പിക്കര തനിക്ക് തന്നത് എന്ന്. ഒരു സംശയം മാത്രം: ഇത്രയൊക്കെ പ്രകൃതി തൊടുന്ന അനുഭവങ്ങൾ തന്നിട്ടും മറ്റു ട്രെക്കിങ്ങ് സ്പോട്ടുകളുടെയും അത്രയും അല്ലെങ്കിൽ മറ്റു മൗണ്ടൈൻ സ്പോട്ടുകളുടെയും അത്രയും ശ്രദ്ധയോ പ്രസിദ്ധിയോ ഉറുമ്പിക്കരക്കു മാത്രം എന്തുകൊണ്ടായിരിക്കും  കിട്ടാതെ പോയത് എന്ന്. അതിനായ് ഇനിയും നാളുകൾ വേണ്ടി വന്നേക്കാം. 

ഉറുമ്പിക്കരയെക്കുറിച്ച് പറഞ്ഞു കേട്ട് കണ്ടറിയാനായി വരുന്നവരിൽ കൂടുതലും ഓഫ് റോഡ് ഡ്രൈവിനെ പ്രണയിക്കുന്നവരാണ്. ജീപ്പിൽ കുലുങ്ങിയും ആടിയും ചെരിഞ്ഞും, ഇടക്കൊന്നു പകച്ചും, കൂർത്തതും വഴുക്കലുള്ളതുമൊക്കെയായ പാറക്കെട്ടുകളിലൂടെയും, വെള്ളത്തിലൂടെയും എല്ലാം  മുഖമാകെ പൊടി പറപ്പിച് അവനങ്ങനെ കയറി വരും; ഓഫ് റോഡ് ഡ്രൈവിന്റെ പ്രാതാപത്തിലും ഉറുമ്പിക്കരയെന്ന സുന്ദരിയെ കീഴടക്കിയതിന്റെ അഹങ്കാരത്തിലും. അൽപ്പം കിതച്ചെങ്കിലും ടു വീലേഴ്‌സുമായി വരുന്ന റൈഡേഴ്സും ഒട്ടും കുറവല്ല.

urumbikara-travel4

അഡ്വഞ്ചർ സ്പോർട്സ് വിഭാഗത്തിൽ പാരാഗ്ലൈഡിങ്ങും  ട്രെക്കിങ്ങും ഓഫ്‌റോഡ് റൈഡിങ്ങും മാത്രം അല്ല, അങ്ങ്  ഉയരെ പൊങ്ങി നിൽക്കുന്ന കൂറ്റൻ മലകളും താഴ്‌വരങ്ങളും നിറഞ്ഞുള്ള വനന്തരങ്ങളും സിപ് ലൈനിങ്ങിനും  ഇണങ്ങിയവൾ എന്ന് ഉറുമ്പിക്കര ഉറപ്പിച്ചു പറയുന്നു. ഉറുമ്പിക്കരയുടെ സാധ്യതകൾ ഇവിടെ തീരുന്നില്ല. വേണ്ടപ്പെട്ടവർ ഉത്സാഹം കാണിച്ചാൽ അതിലും ഉത്സാഹത്തിൽ കേരളത്തിലെ തന്നെ മികച്ച അഡ്വഞ്ചർ സ്പോട്ടുകളിൽ ഒന്നായി മാറാൻ അവൾ തയാർ. കാത്തിരിക്കാം. പ്രകൃതിയുടെ ഐശ്വര്യമായി, സൗന്ദര്യമായി അവൾ തലയുയർത്തി നിൽക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com