ADVERTISEMENT

സമുദ്രനിരപ്പിൽനിന്നു രണ്ടായിരത്തോളം അടി ഉയരത്തിലങ്ങനെ തലയുയർത്തി നിൽക്കുന്ന ഊരകം മല മലപ്പുറം ജില്ലയിലെ ഉയരംകൂടിയ പ്രദേശങ്ങളിലൊന്നാണ്.

ഊരകം മല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന പത്രവാർത്ത കണ്ടതിൽപിന്നെ എന്റെ നാടിനെയും ലോകമറിയുമെന്നും ദിവസവും ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാവുമെന്നുമെല്ലാമുള്ള സപ്നങ്ങൾ കണ്ടിട്ടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു.

Oorakam-Hill1

സമയം അഞ്ചരയായതും എന്നെ ഉണർത്താമെന്നേറ്റ മൊബൈൽ അലാം സ്വപ്നത്തിൽനിന്നു യാഥാർഥ്യത്തിലേക്ക് വളരെ വേഗം എന്നെ കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ വന്ന പത്രവാർത്തകളുടെ ഫലമായി ഞാനടക്കമുള്ള നാട്ടുകാർ കണ്ട സ്വപ്നങ്ങളിൽനിന്നു യാഥാർഥ്യങ്ങളിലേക്ക് എത്തിച്ചേരാൻ ദൂരമിനിയുമുണ്ടെങ്കിലും രാത്രിയിൽ ഞാൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കാന്‍ തീരുമാനിച്ചു. പ്രഭാതകൃത്യങ്ങൾ വേഗത്തിലാക്കി രാവിലെതന്നെ ബൈക്കുമെടുത്തു സുഹൃത്തിനെയും കൂട്ടി ഊരകം മല ലക്ഷ്യമാക്കി നീങ്ങി.

അരിമ്പ്രമലയും ചെരുപ്പടിമലയും ഊരകം മലയും ഉൾപ്പെടുന്ന മലമ്പ്രദേശത്തെ ഉയരം കൂടിയ സ്‌ഥലമാണ് തിരുവോണമല. മലപ്പുറം-വേങ്ങര സംസ്ഥാനപാതയിൽ ഊരകം പൂളാപ്പീസ് എന്ന സ്ഥലത്തുനിന്നു നാലുകിലോമീറ്ററോളം യാത്ര ചെയ്താൽ മലമുകളിലെ ട്രെക്കിങ് പോയിന്റിലെത്താം. ഇതിനടുത്തായാണ് മിനി ഊട്ടി വ്യൂപോയിന്റും പ്രൈവറ്റ് പ്രോപ്പർട്ടിയുടെ ഭാഗമായ എരുമപ്പാറ വ്യൂപോയിന്റുമുള്ളത്. എന്റെ വീട്ടിൽനിന്നു നോക്കിയാൽ കാണുന്ന എരുമപ്പാറ വ്യൂപോയിന്റിൽ നിന്നുള്ള പ്രഭാത കാഴ്ചകൾ വർണനകൾക്കതീതമാണ്. മഞ്ഞുമേഘങ്ങൾക്കുള്ളിൽനിന്നു സൂര്യൻ പൊങ്ങിവരുന്നതിനു മുന്നേതന്നെ മലയടിവാരത്തെ ക്ഷേത്രത്തിൽനിന്നുള്ള കീർത്തനങ്ങൾ കേൾക്കാം.

Oorakam-Hill2

എരുമപ്പാറ വ്യൂപോയിന്റിൽനിന്ന് ഒരു കിലോമീറ്റർകൂടി മുന്നോട്ടുപോയാൽ തിരുവോണമലയിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്ന സ്ഥലത്തെത്താം. വാഹനം പാർക്ക് ചെയ്ത് മുന്നോട്ട് നീങ്ങുമ്പോൾ ഞങ്ങളെ കൂടാതെ നിരവധി സഞ്ചാരികൾ അവിടെയുണ്ടായിരുന്നു. പക്ഷികളുടെ കളകളാരവം കേട്ടുകൊണ്ട് ഇരുപത് മിനിറ്റെടുത്തു ചെങ്കുത്തായ കയറ്റം കയറാന്‍. മലമുകളിലെത്തിയതും ഞങ്ങളെ സ്വാഗതം ചെയ്തത് പുരാതന ക്ഷേത്രമുറ്റത്തെ വാനരപ്പടയാണ്.

കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഏറ്റവും പഴക്കം കൂടിയ ക്ഷേത്രം സഞ്ചാരികൾക്കും വിശ്വാസികൾക്കും പുതിയ കാഴ്ചയാണ്. 2000 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ നിർമിതി തീർത്തും കരിങ്കല്ലുകൊണ്ടുള്ളതാണ്. ഇതിനോട് ചേർന്നു പുതുതായി പണികഴിപ്പിച്ച ഒരു ക്ഷേത്രവും കാണാം. എല്ലാവർഷവും തുലാം മാസത്തിലെ തിരുവോണനാളിൽ ഇവിടെ ഉത്സവം നടക്കുമ്പോൾ വിശ്വാസികൾ മല കയറാറുണ്ട്, അതുകൊണ്ടാണ് ഊരകം മല തിരുവോണമല എന്നറിയപ്പെടുന്നത്.

Oorakam-Hill8

ക്ഷേത്രമുറ്റത്തെ കൽപടവിൽ വിശ്രമിച്ചു ക്ഷീണം മാറ്റിയ ശേഷം അല്പം കൂടി മുകളിലേക്കു കയറി പടിഞ്ഞാട്ടു നടന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ സിഗ്നൽ സ്ഥാപിച്ച സ്ഥലത്തെത്താം. കമ്പിവേലി കൊണ്ടു സംരക്ഷിക്കുന്ന ഈ സിഗ്നലിൽ നിന്നുള്ള രാത്രിയിലെ ചുവന്ന പ്രകാശം വിമാനത്തിലെ പൈലറ്റുമാരെ സഹായിക്കാനുള്ളതാണ്. ഇവിടെനിന്നു വടക്കുപടിഞ്ഞാറ് മാറി ദൂരെ കരിപ്പൂർ വിമാനത്താവളവും അവിടെ വിമാനമിറങ്ങുന്നതും കാണാം. 

Oorakam-Hill6

എട്ടുമണി കഴിഞ്ഞതും ചുറ്റുമുള്ള കാഴ്ചകൾ മറച്ചുകൊണ്ടു കോട മൂടിയത് ഞങ്ങൾ അടക്കമുള്ള സഞ്ചാരികളെ സന്തോഷത്തിലാക്കി. താഴെ മലഞ്ചെരിവുകൾക്കിടയിലൂടെയുള്ള മഞ്ഞുമേഘങ്ങളുടെ യാത്ര മലകയറി വരുന്ന സഞ്ചാരികൾക്കു പുതുമയുള്ളതാണ്. മലപ്പുറം നഗരത്തിന്റെ വിദൂര കാഴ്ചയോടൊപ്പം ചുറ്റിലുമുള്ള മലനിരകളിലെ പച്ചപ്പും സഞ്ചാരികൾക്ക് കാണാമെങ്കിലും അതിനെല്ലാം അഭംഗിയെന്നോണം, നാട്ടുകാർക്ക് ഭീഷണിയാകുന്ന, അനുമതി ഉള്ളതും ഇല്ലാത്തതുമായ നൂറുക്കണക്കിന് കരിങ്കൽക്വാറികൾ ഈ മലകളിലുണ്ട്. രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും ഈ ക്വാറി മാഫിയകൾക്കെതിരെ മനപ്പൂർവം കണ്ണടയ്ക്കുമ്പോൾ മറ്റൊരു കവളപ്പാറയോ പെട്ടിമുടിയോ ആവർത്തിച്ചാൽ പിന്നെ ഞാനടക്കം ഈ ലോകത്തു കാണില്ലെന്നതാണ് യാഥാർഥ്യം.

Oorakam-Hill

സാധാരണ വൈകുന്നേരങ്ങളിൽ വീട്ടിലിരിക്കുമ്പോൾ കേൾക്കാറുള്ള പാറപൊട്ടിക്കുന്ന ശബ്ദമായിരിക്കാം ഇന്നലെ രാത്രിയിലെ എന്റെ സ്വപ്നത്തിനു കാരണം. വടക്ക് ഊരകം മലയും തെക്ക് വെങ്കുളമെന്ന കുന്നിൻപ്രദേശവും ഉൾപ്പെടുന്ന എന്റെ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന സ്വപ്നം ഒരു റോപ് വേയുടെ രൂപത്തിലായിരുന്നു.

Oorakam-Hill5

അതെ... വെങ്കുളത്തുനിന്ന് ഊരകം മലയിലേക്കൊരു റോപ് വേ. താഴെ തെങ്ങിൻതോപ്പുകളും വയലുകളും ഗ്രാമീണ ഭംഗിയുമെല്ലാം ആസ്വദിച്ചുകൊണ്ട് റോപ് വേയിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ!!! മലമുകളിൽ പൈതൃക ടൂറിസത്തിന്റെ ഭാഗമായി സംരക്ഷിക്കുന്ന ക്ഷേത്രം, വാച്ച് ടവർ, കൂടാതെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടെന്നവണ്ണം സഞ്ചാരികളെയും കാത്ത് സൈക്കിൾ സ്റ്റേഷൻ.

Oorakam-Hill9

വർഷങ്ങൾക്കുമുമ്പ് ഊരകം മല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന വാർത്ത ഞാൻ ഉൾപ്പെടുന്ന നാട്ടുകാർക്ക് സ്വപ്നങ്ങൾ നൽകിയെങ്കിൽ, ഇതും ഒരു സ്വപ്നം മാത്രമായി അവശേഷിക്കരുതേ എന്ന് ആഗ്രഹിച്ചുകൊണ്ടു മഞ്ഞിനിടയിലൂടെ ഞങ്ങൾ മലയിറങ്ങുമ്പോഴും സഞ്ചാരികളുടെ ചെറുസംഘങ്ങൾ മലകയറുന്നുണ്ടായിരുന്നു.

English Summary: Oorakam Hill Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com