ADVERTISEMENT

മലനിരകളും കുന്നുകളും അരുവികളും വെള്ളച്ചാട്ടവുമൊക്കെയുള്ള ഹൈറേഞ്ചിൽ അധികം ആരും കാണാത്ത കാഴചകളുമുണ്ട്. ആങ്ങനെയൊരിടമാണ് അർജുനൻ മല. മേഘങ്ങൾ ചുംബിച്ചും ഇളം കാറ്റ് തഴുകിയും അർജുനൻ മലയുടെ ഭംഗി ദിവസം ചെല്ലുംതോറും വർധിക്കുകയ്യാണ്. വാഗമൺ സന്ദർശിച്ചു മടങ്ങുന്ന മിക്ക സഞ്ചാരികളും  ഈ മലയെപ്പറ്റി അറിഞ്ഞു ഇപ്പോൾ ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്. പശുപ്പാറ, ലക്ഷംവീട് എന്നീ ഗ്രാമങ്ങളിൽ നിന്നും യാത്ര ആരംഭിക്കാം. 

'അർജുനൻ മല' എന്ന പേര് എങ്ങനെ വന്നുവെന്നു ആർക്കും ഇതുവരെ ആറിയില്ല. എന്നാൽ ഈ മലയോടു ചേർന്ന് തന്നെയാണ് പാഞ്ചാലി എന്ന് പേരുള്ള മറ്റൊരു മല കൂടെയുള്ളത്. ലക്ഷംവീട് എന്ന ഗ്രാമത്തിൽ നിന്നും യാത്ര തുടങ്ങിയാൽ 400 മീറ്റർനു ഉള്ളിൽ മലയുടെ അടിവാരത്തു എത്തും. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മല ചെങ്കുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇടുങ്ങി കൂടിയ പാറക്കെട്ടുകളുടെ ഇടയിലൂടെ വേണം മലയുടെ മുകളിൽ എത്താൻ. ഇവയെല്ലാം മറികടന്നു മലമുകളിൽ എത്തുമ്പോൾ, ദൃശ്യവിരുന്ന് ഒരുക്കുന്നത് പ്രകൃതിയുടെ കാഴ്ചയിലേക്കാണ്.

 

 മലയുടെ മുകളിൽ ഒത്ത നടുവിൽ ഒരു വലിയ കുരിശു സ്ഥിതി ചെയ്യുന്നുണ്ട്. അർജുനൻ എന്ന് വിളിക്കുന്ന മലയിൽ എങ്ങനെ ഈ കുരിശു വന്നു എന്ന് പലരും ആശ്ചര്യപെടുന്നുണ്ടാവും. വലിയ കുരിശിനോട് ചേർന്ന് താഴേക്ക് നോക്കിയാൽ 13  ചെറുകുരിശുകളും കാണാം. ആലമ്പള്ളി സെന്റ് ഡൊമിനിക് കത്തോലിക്ക ദൈവാലയത്തിൽ അവിടുത്തെ വിശ്വാസികൾ പീഡാനുഭവ വെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമായി കയറുന്ന കുരിശുമല കൂടെയാണ് ഇവിടം. 

 

കണ്ണിൽ പച്ചവിരിക്കുന്ന കാഴ്ചകളാണ് അർജുനൻ മലയുടെ മുകളിൽ നിന്ന് നോക്കിയാൽ. ഇരുവശങ്ങളിലുമായി പച്ചപുതച്ചു നിൽക്കുന്ന ആലമ്പള്ളി, എ.വി.ടി. എസേറ്റേറ്റുകൾ. തോട്ടത്തിനു നടുവിലിലൂടെ ട്രാക്ടറുകൾക്കു പോകാനുള്ള വഴികൾ. പച്ചക്കുന്നുകൾക്കിടയിലൂടെ മെലിഞ്ഞും നിറഞ്ഞും ഒഴുകുന്ന തോട് വെള്ളിയരഞ്ഞാണം പോലെ കാണാം. മറ്റൊരു ഭാഗത്തേയ്ക്ക് നോക്കിയാൽ ഉയർന്നു നിൽക്കുന്ന പാഞ്ചാലി മല കാണാം. ഒറ്റ നോട്ടത്തിൽ പാതിമയക്കം വന്നു തലചായ്ച്ചു കിടക്കുന്ന ഒരു സുന്ദരിയെപോലെ തോന്നും.

 

ഏലപ്പാറയിൽ നിന്നും 14 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. വാഗമൺ ഉപ്പുതറ വഴി ഏഴാം നമ്പർ സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ എസ്റ്റേറ്റ് വഴിയിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്താം. ഇവിടെ ഉള്ള ആളുകളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. ഏലം,കാപ്പി,കുരുമുളക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. മൺസൂൺ കാലത്തും തണുപ്പുള്ള സമയത്തും മനോഹരമായ മൂടൽമഞ്ഞു പുതച്ചു പച്ചനിറത്തിലുള്ള അർജുനൻ മലയെ നമുക്ക് കാണാം.

English Summary: Arjunanmala Hillstation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com