യാത്രികർക്ക് കാഴ്ചയുടെ നിറവസന്തമൊരുക്കുന്ന അനേകമിടങ്ങൾ ഇന്ത്യയിലുണ്ട്. അവയിൽ പലതും ചുറ്റിക്കാണാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം തീവണ്ടി യാത്ര തന്നെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ നടത്തിയിരിക്കേണ്ട മനോഹരമായ ചില ട്രെയിൻ യാത്രകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
മഞ്ഞുമലകളെ തഴുകിയൊരു യാത്ര
ഇപ്പോൾ ശൈത്യകാലമാണല്ലോ... മഞ്ഞ് ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. മഞ്ഞിന്റെ പുതപ്പിലൂടെ മണിക്കൂറുകളോളം ഓടുന്ന രണ്ട് തീവണ്ടികൾ ഇന്ത്യയിലുണ്ട്. ഇവയുടെ ചിത്രങ്ങൾ കണ്ടാൽ യൂറോപ്പിൽ ആണോയെന്ന് പോലും സംശയിച്ചു പോവും. ഇതിൽ ആദ്യത്തേത് ഹിമാചലിലൂടെ സഞ്ചരിക്കുന്ന കൽക്ക ഷിംല എക്സപ്രസാണ്.

ഹിമാലയൻ മലനിരകളും താഴ്‌വാരങ്ങളും കാടുകളും താണ്ടി ഹിമാചലിന്റെ റാണിയായ ഷിംലയിലേക്കുള്ള ഈ ട്രെയിൻ യാത്ര നമുക്ക് സമ്മാനിക്കുന്നത് അതിസുന്ദരമായ കാഴ്ചകളാണ്. അഞ്ച് മണിക്കൂറാണ് ദൈർഘ്യം. ഇതിന്റെ സെക്കന്റ് ക്ലാസ് ടിക്കറ്റിന് 75 രൂപ മാത്രമാണ് നിരക്ക്. വെറും 75രൂപക്ക് ഇത്തരമൊരു സ്വപ്നതുല്യമായ യാത്ര മറ്റെവിടെ കിട്ടും? യാത്രയ്ക്കായി തയാറെടുക്കുന്നവർഡൽഹി എത്തിയാൽ അവിടെ നിന്നും കൽക്കയിലേക്കുള്ള ട്രെയിൻ ലഭിക്കും.
കശ്മീരിന്റെ ഹൃദയത്തിൽ

മഞ്ഞ് കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള മറ്റൊരു ആകർഷണമാണ് സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ബാനിഹാളിൽ നിന്നും ബാരാമുള്ളയിലേക്കുള്ള ട്രെയിൻ. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന റെയിൽവേ ട്രാക്കും ചുറ്റുമുള്ള ഹിമമലകളും ചുറ്റുമുള്ള കാഴ്ചകളുമാണ് ഈ യാത്രയുടെ ഹൈലൈറ്റ്. 35 രൂപയുടെ സെക്കന്റ് ക്ലാസ് ടിക്കറ്റ് മാത്രമേ ബാരാമുള്ളയിലെത്താൻ ആവശ്യമുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം.
മരുഭൂമിയുടെ വശ്യതയിലൂടെ
മഞ്ഞ് പോലെ ഏവരെയും ആകർഷിക്കുന്ന മറ്റൊരു അദ്ഭുതമാണ് മരുഭൂമി. നോക്കെത്താദൂരത്ത് പരന്ന് കിടക്കുന്ന മരുഭൂമിയുടെ വന്യത നുകർന്ന് കൊണ്ടുള്ള യാത്ര ആരെയും ആകർഷിക്കും. അതിനുള്ള അവസരമാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും ജയ്സാൽമീറിലേക്കുള്ള ഡിസേർട് ക്വീൻ എക്സപ്രസ് ഒരുക്കുന്നത്.
.jpg.image.845.440.jpg)
ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ തീവണ്ടിയാത്രയുടെ സിംഹഭാഗവും മരുഭൂമിയിലൂടെയാണ് കടന്ന് പോവുന്നത്. 200 രൂപക്ക് സെക്കന്റ് സിറ്റിങ്ങും 340 രൂപക്ക് സ്ളീപ്പർ ടിക്കറ്റും ലഭിക്കുന്നതാണ്. ട്രെയിൻ പകൽ സമയത്തായതിനാലും നമ്മുടെ ഉദ്ദേശം കാഴ്ചകൾ കാണുക എന്നുള്ളതിനാലും സ്ളീപ്പറിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല.
തേയിലത്തോട്ടങ്ങളും താഴ്‌വരകളും
മഞ്ഞും മരുഭൂമിയും പോലെ സഞ്ചാരികളെ കൊതിപ്പിക്കുന്ന കാഴ്ചയാണ് തേയിലതോട്ടങ്ങളും താഴ്‌വരകളും. ഇവ രണ്ടും ആവോളം ആസ്വദിച്ച് പോകാവുന്ന ഒരു റെയിൽവേ റൂട്ടാണ് ആസാമിലെ ഗുവാഹാട്ടിയിൽ നിന്നും സിൽചാറിലേക്കുള്ളത്.

അഞ്ചോളം താഴ്‌വാരങ്ങളിലൂടെ കടന്ന് പോവുന്ന ഈ യാത്ര സമ്മാനിക്കുന്ന കാഴ്ചകൾ വശ്യമനോഹരമാണ്. 13 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ഈ കാഴ്ചയുടെ ഉത്സവം 145 രൂപയുടെ സെക്കന്റ് ക്ലാസ് ടിക്കറ്റിൽ ആസ്വദിക്കാൻ സാധിക്കും. സ്ലീപ്പറാണെങ്കിൽ 240 രൂപയാണ് റേറ്റ്.
പച്ചപ്പിന്റെ പറുദീസ
ഇനി പച്ചപ്പും തണുപ്പും കോടയും ആവോളം നുകർന്ന് കൊണ്ടുള്ള ഒരു യാത്രക്കാണ് താൽപര്യപ്പെടുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യം മേട്ടുപ്പാളയത്തിൽ ഊട്ടിയിലേക്ക് പോവുന്ന നീലഗിരി ടോയ്ട്രെയിനാണ്.
.jpg.image.845.440.jpg)
ചുറ്റുമുള്ള വനത്തിന്റെയും നീലഗിരി മലനിരകളുടെയും സൗന്ദര്യത്തിൽ മുഴുകിക്കൊണ്ടുള്ള അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള യാത്രക്ക് 295 രൂപയാണ് ടിക്കറ്റിന് വരുന്നത്. ഏഷ്യയിലെ ഏറ്റവും ചെങ്കുത്തായ പാതയിലൂടെ സഞ്ചരിക്കുന്ന തീവണ്ടി എന്ന ബഹുമതിയും ഈ ട്രെയിനിന് സ്വന്തമാണ്.
കാടുകളെ പ്രണയിക്കുന്നവർക്ക്
കാടും മലകളും വെള്ളച്ചാട്ടങ്ങളും മറ്റും സ്നേഹിക്കുന്നവർക്കുള്ള ഒരടിപൊളി ട്രെയിൻ പാതയാണ് മുംബൈ ഗോവ റൂട്ട്. ഇതിലൂടെ മഴക്കാലത്ത് പോവുന്നത് പ്രത്യേക അനുഭൂതി തന്നെയാണ്.

പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ഈ പാതയിൽ എത്രയോ മനോഹരമായ വെള്ളച്ചാട്ടങ്ങളും നിബിഡ വനങ്ങളും കാട്ടാറുകളും ഒക്കെ നമ്മുടെ ശ്രദ്ധയിൽപ്പെടും. 11 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ യാത്ര ഒരവിസ്മരണീയ അനുഭവമായിരിക്കും എന്നതിൽ സംശയമില്ല. 250 രൂപയേ ഇതിന്റെ സെക്കന്റ് ക്ലാസിന് വരുന്നുള്ളൂ.
കടലിലൂടെയും ഇന്ത്യൻ റെയിൽവേ
ഇൗ കാഴ്ചകൾക്കപ്പുറം കടലിലൂടെയുള്ള ട്രെയിൻ യാത്രകയ്ക്കായി തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്നും രാമേശ്വരത്തെക്കുള്ള ട്രെയിനിൽ കയറാം. ഇന്ത്യയിലെ അദ്ഭുതങ്ങളിലൊന്നായ പാമ്പൻ പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും.
.jpg.image.845.440.jpg)
കടലിന് മുകളിൽ പണിത ഈ മനോഹരമായ പാലത്തിലൂടെ അനേകദൂരം നീലനിറമാർന്ന കടൽകാഴ്ച്ചകൾ ദർശിച്ചു കൊണ്ടുള്ള ട്രെയിൻ യാത്ര അവർണ്ണനീയമാണ്. 105 രൂപയാണ് ഇതിന്റെ സെക്കന്റ് ക്ലാസ് ഫെയർ.
English Summary: Beautiful Train Journeys through India