ADVERTISEMENT

വിദൂരതയോടുള്ള ഭ്രാന്തിൽ പുതിയ ആകാശങ്ങൾ തേടി യാത്ര ചെയ്യുമ്പോൾ അശാന്തപർവതങ്ങളിൽ നിന്നുയർന്ന് വരുന്ന സമ്മോഹനമന്ത്രങ്ങൾ അവർണനീയമാണ്. പക്ഷേ ഇത്തവണ അത്രയും ശാന്തമായ മറ്റൊരു ഭൂമീമലയാളത്തിലേക്കായിരുന്നു സഞ്ചാരം.വരൂ...നമുക്കീ അഗാധമായ പ്രകൃതിയുടെ ഏറ്റവും തണുത്ത പ്രതലത്തിലേക്ക് ഇറങ്ങി ചെല്ലാം.

ലോകം ഗൂഗിൾ മാപ്പിൽ ഒത്തുങ്ങിപ്പോകുന്ന സമകാലികതയിൽ ഇത്തരം സ്ഥലങ്ങൾ കണ്ടുപിടിക്കുക തീർത്തും പ്രയാസകരമാണ്. ചെറുപ്പത്തിൽ കേട്ടു പഴകിയ മുത്തശ്ശി ക്കഥയിലെ ഈ സ്ഥലങ്ങൾക്ക് ഓർമകളിൽ ഇന്നും ഗൃഹാതുരതയുടെ മധുരമാണ്. തന്റെ വാർദ്ധക്യത്തിൽ അതൊക്കെ ഓർത്തെടുക്കുംമ്പോൾ മുത്തശ്ശിക്ക് പുതുമയുടെ മണവും. യൗവ്വനയുക്തയായ ആകാശത്തെ ആലിംഗനം ചെയ്യാൻ വൃഥാ പരിശ്രമിക്കുന്ന മലമുകളിലെ മരങ്ങളുടെ കൈ പിടിച്ചാണ് ഇവിടങ്ങളിൽ സൂര്യോദയമുണ്ടകുന്നത്. 

സൂര്യവെളിച്ചത്തിന്റെ കണ്ണുകളിലൂടെയാണ് ഭൂമിയും ആകാശവും തമ്മിൽ പ്രണയസാഫല്യമുണ്ടാകുന്നത്. ഈ പ്രേമ ചേഷ്ടകളുടെ സാക്ഷിയാണ് ഇവിടുത്തെ ആളുകൾ. അവിടെയുള്ള ജീവികൾക്ക് കള്ളവും ചതിയുമില്ലായിരുന്നു.യാതൊരു അഹംഭാവവുമില്ലാത്ത പച്ചയായ മനുഷ്യർ, ജീവികൾ!യുദ്ധങ്ങളും പകർച്ച്യാധികളുമില്ലാത്ത നാട്.

st-Thomas-Mount-Cruise

ചെറുപ്പത്തിൽ മുത്തശ്ശി അവരുടെ അച്ഛന്റെ കൈപിടിച്ച് ആകാശം കാണാൻ പോകുന്ന കാഴ്ചകൾ ഇപ്പോഴും ഒാർക്കുന്നു.തെളിഞ്ഞ ആകാശത്തിൽ മഴമേഘങ്ങൾ കൂടുകൂട്ടുന്ന കാഴ്ചകൾ. കണ്ണിൽ ഓർമകളുടെ കാറ്റ്.  വഴികൾ നന്നേ പൊട്ടിപ്പൊളിഞ്ഞതായിരുന്നു.  സഹായത്തിനു വഴികാട്ടിയായി വൃദ്ധനായ ഒരു മനുഷ്യനെയും കൂടെ കൂട്ടി. ചുറ്റുമുള്ള മരങ്ങളെല്ലാം എനിക്കൊപ്പം യാത്ര ചെയ്യുന്നത് പോലെ തോന്നി. വഴികൾക്കിരുവശവുമായി ചെറിയ  വീടുകൾ കാണാമായിരുന്നു. 

വഴികാട്ടിയുടെ നടത്തത്തിന്റെ ഊർജസ്വലത വല്ലാതെ അതിശയിപ്പിച്ചു. മലയോരങ്ങൾ ആകാശത്തെ സ്പർശിക്കുന്ന സ്വർഗ ഭൂമിയിലേക്ക് അയാൾ ഞങ്ങളെ കൊണ്ടെത്തിക്കും എന്നുറപ്പായിരുന്നു. പള്ളിയുടെ മുറ്റത്ത് നിന്ന് നോക്കുമ്പോൾ താഴ്‌വാരം അത്രയും മനോഹരമായി കാണാമായിരുന്നു. അപ്പോഴേയ്ക്കും സൂര്യാസ്തമനമായിരുന്നു. ഓറഞ്ച് നിറമുള്ള വെളിച്ചം മരങ്ങളിൽ തട്ടി ഇലകളിലേക്ക് പടരുന്ന കാഴച.  പക്ഷികൾ കൂടുതേടി മരങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിരുന്നു. മലയടിവാരത്തേക്ക് നടന്നുനീങ്ങുന്ന ഞങ്ങളുടെ കാലൊച്ചകൾ.. ദുർഘടമായ വഴികളിൽ കൊഴിഞ്ഞ ഇലകൾ മെത്ത വിരിച്ചതുപോലെ തോന്നി.

 

പാലായിൽ നിന്നും നൂറു മീറ്റർ ഇടത്തേക്ക് മാറി ഒരു വഴിയുണ്ട്. നഗരത്തിന്റെ കോലാഹലങ്ങളൊക്കെ വിട്ട് ചെറിയ കയറ്റങ്ങളും വളവുകളുമുള്ള ഈ വഴിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒന്നര കിലോമീറ്റർ യാത്ര ചെയ്ത് ഇരുണ്ട റബ്ബർ തോട്ടത്തിലൂടെ കടന്ന് പോവുന്ന ഒരു  ഇടവഴിയിലെത്തി. ആ വഴി അവസാനിച്ചത് നന്നേ കുറിയ ഒരു ആരാധനാലയത്തിന്റെ മുമ്പിലായിരുന്നു. സെന്റ് തോമസ് മൗണ്ട് ചാപ്പൽ. അമൂല്യമായ കാഴ്ചകളിൽ ഒന്നായിരുന്നു അങ്ങനെയൊരു സ്ഥലത്ത് അത്തരമൊരു പ്രതിഷ്‌ഠ. നിഗൂഢമായ എന്തൊക്കെയോ അതിൽ മറഞ്ഞിരിക്കുന്ന പോലെ തോന്നി. എന്നെ സംബന്ധിച്ചിടത്തോളം  അതെല്ലാം അത്രയുംആകർഷണീമായിരുന്നു.

ഓർമകൾ അയവിറക്കി ഉറങ്ങാൻ കിടന്നപ്പോൾ പോലും അടഞ്ഞ കണ്ണുകളിലേക്ക് ആകാശത്തിന്റെ, നീലവെളിച്ചം അലയടിച്ചുകൊണ്ടിരുന്നു. കുറച്ചു നേരത്തേക്ക് ആ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയുടെ സൗന്ദര്യമങ്ങനെ ആസ്വദിച്ചു, പകയും പ്രതികാരവുമില്ലാതെ സ്നേഹത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന പ്രകൃതി.

English Summary: Memorable Travel Experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com