ADVERTISEMENT

മഹാബലിപുരത്തേക്കു യാത്ര പോകണം– ഈ ആലോചന ഞാനും സുഹൃത്തും മനസ്സില്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും പദ്ധതികള്‍ പൊളിഞ്ഞു. അങ്ങനെയിരിക്കെ, ഓഫിസില്‍നിന്നു രണ്ടു ദിവസത്തെ അവധി നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങി പോകാന്‍ തന്നെ തീരുമാനിച്ചു.

ഡാ, ട്രിപ്പ് പോകാം...

പെട്ടെന്നു കേട്ടപ്പോൾ അവന്‍ ആശയക്കുഴപ്പത്തിലായി. എങ്കിലും കാര്യങ്ങള്‍ വേഗംതന്നെ തീരുമാനത്തിലെത്തി. ‘എന്നാപ്പിന്നെ അങ്ങനെ തന്നെ...,നീ മറ്റന്നാളത്തേക്ക് വണ്ടി ബുക്ക് ചെയ്യ്.. രാത്രിക്കു രാത്രി സ്ഥലം വിടാം.’ അവന്‍ ഓകെ പറഞ്ഞു

mahabalipuram-trip2

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ആ പഴയ മദ്രാസ് മെയില്‍ കിതച്ചുകിതച്ചെത്തി. വേഗം സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റി. കുറച്ചു വസ്ത്രങ്ങൾ കുത്തിക്കയറ്റിയ ഒരു ചെറിയ ബാഗ് തോളത്തും. പല്ലവ സാമ്രാജ്യം വാണ മഹാബലിപുരത്തെ കാഴ്ചകള്‍ കാണാന്‍ മുന്നും പിന്നും നോക്കാതെ ഞങ്ങള്‍ രണ്ടുപേരും അങ്ങനെ യാത്ര തുടരുകയാണ്. പ്രാചീന ചരിത്രവഴികള്‍ തേടിയുള്ള രണ്ടു യുവാക്കളുടെ പ്രയാണമെന്നൊക്കെ ഭംഗിവാക്കായി വേണമെങ്കില്‍ പറയാം. കാര്യങ്ങള്‍ അങ്ങനെയല്ലായിരുന്നു. മഹാബലിപുരത്തെ അതിമനോഹരമായ ശില്‍പ ഭംഗി ആസ്വദിക്കുക തന്നെയായിരുന്നു ലക്ഷ്യം.

mahabalipuram-trip3

സഞ്ചാരികളും ചരിത്രവിദ്യാർഥികളും എത്തിയിരുന്ന മഹാബലിപുരം മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദേശീയ തലത്തില്‍ കൂടുതൽ ശ്രദ്ധയാകര്‍ഷിച്ചത്. മണ്ണുമൂടി, തുമ്പിക്കൈ മുറിഞ്ഞുപോയ ആനകളുടെ ശില്‍പങ്ങള്‍ അന്നാണ് വീണ്ടും പുതുക്കിയത്. അങ്ങനെ ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ പല്ലവ സാമ്രാജ്യം പണികഴിപ്പിച്ച ഒരു മഹാനഗരത്തിന്റെ സവിശേഷതകള്‍ കാണാന്‍ രാത്രിവണ്ടിയില്‍ പാതിരാത്രിയെ പകലാക്കി കഥകള്‍ പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

mahabalipuram-trip2

രാവിലെ എട്ടു മണിക്കു തന്നെ ചെന്നൈ സെന്‍ട്രലിലെത്തി. പ്രത്യേകിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ചതിനു ശേഷം സമയം കളയാതെ കോയമ്പേട് ബസ് സ്റ്റാൻഡിലേക്കു നടന്നു. ആരോടൊക്കെയോ ചോദിച്ച് മഹാബലിപുരത്തേക്കുള്ള വണ്ടിപിടിച്ചു. യാത്ര ഒന്നര മണിക്കൂറുണ്ടായിരുന്നു.

വേറിട്ട വഴികള്‍ ..പുതിയ മനുഷ്യര്‍, നാട്ടിന്‍പുറങ്ങള്‍... പൊള്ളുന്ന വെയിലില്‍ വാട്ടര്‍ ടാങ്കുമായി മുണ്ടും കീറിയ ബനിയനുമണിഞ്ഞ് സൈക്കിള്‍ ചവിട്ടുന്ന യുവാക്കള്‍, വർക്‌ഷോപ്പ് പണിക്കാരന്റെ വലംകയ്യായി തൊട്ടടുത്തിരിക്കുന്ന അരുമയായ വളര്‍ത്തുനായ. ചുണ്ടത്ത് ബീഡി പുകച്ച് വലിയ കാര്യങ്ങള്‍ പറയുന്ന അണ്ണന്‍മാരായ തമിഴ് സഹോദരങ്ങള്‍. പതിനാറുകാരനും 60 കാരനും തമ്മിലുള്ള പൊരിഞ്ഞ സംസാരം; കാണുമ്പോള്‍ തര്‍ക്കമെന്ന് തോന്നുന്നത്... അങ്ങനെയങ്ങനെ നിറമുള്ള കാഴ്ചകള്‍ അണമുറിയാതെ കണ്‍മുന്നിലേക്കെത്തുകയാണ്. അവ മനസ്സിനെ ശാന്തമായ കടല്‍ പോലെ സ്വസ്ഥമാക്കി. അങ്ങകലെ കുന്നുകള്‍ കാണാം, മനോഹരമായ റോഡുകള്‍. തിരക്കൊഴിഞ്ഞ വഴികളിലൂടെ മിന്നല്‍വേഗത്തില്‍ ബസ് പാഞ്ഞു.

mahabalipuram-trip4

ഉച്ചയോടെ മഹാബലിപുരത്തെത്തി. ബസിലുള്ള ഭൂരിഭാഗം പേരും ഇവിടേക്കു തന്നെയായിരുന്നുവെന്ന് പിന്നീടാണ് ഞങ്ങളറിഞ്ഞത്. ബസിറങ്ങിയതും ഓട്ടോ ഡ്രൈവര്‍മാര്‍ പിറകെ കൂടി. എന്നാപ്പിന്നെ ഒരോട്ടോ പിടിക്കാമെന്ന് ഞങ്ങളും കരുതി. അങ്ങനെ, ആ വലിയ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകള്‍ക്ക് മുന്നില്‍ അഞ്ച് നിമിഷത്തില്‍ ഞങ്ങള്‍ എത്തിച്ചേർന്നു.

mahabalipuram-trip1

തമിഴ്നാട്ടിലെ വളരെ പഴക്കമേറിയ ഒരു തുറമുഖ നഗരമാണ് കാഞ്ചീപുരം. അതായത്, പഴയ മഹാബലിപുരം. സമുദ്രനിരപ്പില്‍നിന്നു 12 മീറ്ററോളം (39 അടി) ഉയരത്തിലാണ് ഇവിടം. നിർമിതകളിൽ ഭൂരിഭാഗവും പാറതുരന്നാണ്. പലതും ഒറ്റപ്പാറയിലുള്ളത്. ഇവയിലെല്ലാം  ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പര്‍ശം കാണാം. 

mahabalipuram-trip6

തിരുക്കടല്‍ മല്ലൈ, പഞ്ച രഥങ്ങള്‍, വരാഹ ഗുഹാക്ഷേത്രം, വിളക്കുമാടം, കടൽക്കരൈ കോവിൽ ഇവയെല്ലാമാണ് മഹാബലിപുരത്തെ പ്രധാനപ്പെട്ടതും വേറിട്ടതമായ അപൂര്‍വ കാഴ്ചകള്‍. ചരിത്രകാരന്‍മാരെ സംബന്ധിച്ചിടത്തോളം, ഒരു കാഘട്ടത്തിന്റെ ചരിത്രം കൊത്തിവച്ചിരിക്കുന്ന ഈ പ്രദേശം അമൂല്യമായ ചരിത്രസത്യങ്ങളെ ചികഞ്ഞെടുക്കുന്നതിനായി ഉപകരിക്കും.

mahabalipuram-trip7

എന്നാല്‍, സാധാരണക്കാരായ ഞങ്ങള്‍ക്ക്, കാലങ്ങള്‍ക്കു മുമ്പ് കുറേ മനുഷ്യര്‍ യുദ്ധവും അധികാരവും കൈമുതലാക്കി ഇവിടെ ജീവിച്ചിരുന്നു എന്ന ചിന്തയ്ക്കപ്പുറം, കല്ലില്‍ കൊത്തിവച്ച  ശില്‍പങ്ങളുടെ മനോഹാരിതയും അവ നമ്മുടെ മനസ്സിലുണ്ടാക്കുന്ന ഊര്‍ജവും തന്നെയായിരുന്നു ഒന്നാമത്തെ ആകര്‍ഷണം

mahabalipuram-trip5

അവയിൽ ഓരോ ശിൽപത്തെയും പറ്റി നാമെല്ലാം വായിച്ചിട്ടുണ്ടാവും. അതിനൊക്കെയപ്പുറം, ഇവിടെയെത്തുന്ന മനുഷ്യര്‍ അനുഭവിക്കുന്ന സന്തോഷവും കാഴ്ചകളിലെ അദ്ഭുതവും കൂട്ടായ്മയുടെ ആവേശവും തന്നെയാണ് ഈ യാത്രയെ ഏറെ ആവേശഭരിതമാക്കിയത്.

mahabalipuram-trip

ഓട്ടോയില്‍ ചെന്നിറങ്ങിയപ്പോള്‍ ആദ്യം കണ്ടത് സ്‌കൂള്‍ കുട്ടികള്‍ നിരനിരയായി നില്‍ക്കുന്നതാണ്. ടിക്കറ്റെടുക്കാനുള്ള തിരക്കായിരുന്നു അത്. തുടര്‍ന്ന് മഹാ ശില്‍പങ്ങള്‍ക്കരികിലേക്ക്, ചരിത്രത്തിന്റെ മടിത്തട്ടിലേക്ക്ആദ്യമായി കണ്ടത് തിരുക്കടല്‍ മല്ലൈ ക്ഷേത്രമാണ്. മണ്ണിന്റെ നിറമുള്ള ഈ സൃഷ്ടി വിഷ്ണുവിന്റെ ആരാധനാലയമാണ്. ശില്‍പങ്ങളെ സംരക്ഷിക്കാനായി പല്ലവ രാജാക്കന്മാര്‍ നിര്‍മിച്ചതാണ് ഈ അമ്പലം.

mahabalipuram-trip9

തൊട്ടടുത്ത് കടല്‍തീരം. ഏഴ് ,ഏട്ട് നൂറ്റാണ്ട് മുതല്‍ ഉപ്പുകാറ്റേല്‍ക്കുന്ന ഈ അദ്ഭുത ക്ഷേത്രം ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നിര്‍മാണത്തിലെ വ്യത്യസ്തത തന്നെയായിരുന്നു. ഓരോ ശില്‍പത്തിന്റെയും പൂര്‍ണത ആരെയും അദ്ഭുതപ്പെടുത്തും. ഓരോന്നിലും തൊടുമ്പോഴുള്ള തണുപ്പും നൂറ്റാണ്ടുകള്‍ക്കിപ്പുറവും അതിനുള്ള ദൃഢതയും കാലഘട്ടങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യവംശത്തിന്റെ സാങ്കേതിക മികവിന്റെ ഉദാഹരണമാണ്.

വിനോദ സഞ്ചാരികള്‍ അണമുറിയാതെ എത്തുകയായിരുന്നു അപ്പോഴും. വരുന്നവര്‍ അത്ഭുതത്തോടെ ആ കല്‍ക്ഷേത്രത്തിലേക്കു നോക്കുന്നു.എല്ലാ വശങ്ങളിലുമെത്തി തുരുതുരാ ചിത്രങ്ങളെടുക്കുന്നു. ക്ഷേത്രത്തെ ചുറ്റിനടന്നാല്‍ ചെറിയ ഗുഹകള്‍ പോലെ കാണാം. ചെറിയ വിടവുകളുമുണ്ട്. ഈ വിടവുകളിലിരുന്ന്, 'ധ്യാനനിമഗ്‌നനായ യുവാവ്' എന്ന തരത്തില്‍ ഞങ്ങളും ഒരുപാട് ചിത്രമെടുത്തു

പഞ്ചരഥങ്ങളും മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രവും വിളക്കുമാടവും പിന്നിട്ട് തീരക്ഷേത്രത്തിലെത്തുന്നതോടെ മഹാബലിപുരത്തിന്റെ പ്രൗഢിയും കൊത്തുപണികളിലെ അതിസൂക്ഷ്മ സൗന്ദര്യവും പൂര്‍ണതയിലെത്തും.

mahabalipuram-trip

ഓരോ കാഴ്ചയും ഏറ്റവും മികച്ചതെന്ന് തോന്നിക്കുന്നവ. മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രമായിരുന്നു കരവിരുതിന്റെ മറ്റൊരു മാന്ത്രിക സ്പര്‍ശം. ഒറ്റപ്പാറ കൊത്തിയെടുത്താണിത് പണിതിരിക്കുന്നത്. അകത്ത് അനന്ത ശയനവും മഹിഷാസുര വധവും ബുദ്ധനെയും കാണാം

എനിക്കു വളരെ ഭയാനകമെന്ന് തോന്നിയത് ലൈറ്റ് ഹൗസ് (വിളക്കുമാടം) തന്നെയായിരുന്നു. അപാരമായ ഉയരത്തില്‍ ചുറ്റുകോണിയിലൂടെ കയറിപ്പോകുന്ന ഒരിടം. ഒരുകൂട്ടര്‍ കയറുമ്പോള്‍ മുകളില്‍നിന്നു ധാരാളംപേര്‍ ഇറങ്ങിവരുന്നു. താഴേക്ക് നോക്കിയപ്പോള്‍ തലകറങ്ങി. മുക്കാല്‍ ഭാഗത്തോളം കയറിയ ഞാന്‍ തിരിച്ചിറങ്ങി. ഇറങ്ങുമ്പോഴും ഭയം തന്നെ. ഉയര്‍ച്ചയോട് വല്ലാത്ത ഭയമുണ്ടായിരുന്നതിനാല്‍ മുന്നിലെ ചുമരില്‍ നോക്കി പതിയെ സ്റ്റെപ്പിറങ്ങി. ശരീരം വിയര്‍ത്തൊലിച്ചു. ഒരു വിധത്തില്‍ താഴെയെത്തി.

അല്‍പ്പം കഴിഞ്ഞ് സുഹൃത്ത് താഴെ വന്നപ്പോഴാണ് കഥയറിയുന്നത്. തിരിഞ്ഞുനടക്കാനാകാതെ, ഒരു വട്ടം ചുറ്റി അപ്പോള്‍ത്തന്നെ തിരിച്ചിറങ്ങുന്ന വിധത്തിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. എന്തുതന്നെയായാലും, അനന്തമായ കടലിനെ ആകാശത്തുനിന്നു നോക്കിക്കാണുന്ന അനുഭവം അത് സമ്മാനിക്കും

ഗുഹാക്ഷേത്രങ്ങള്‍

അര്‍ജ്ജുനന്റെ തപസ്സ്, ഗോവര്‍ധന ഗിരി കുടയാക്കിയ കൃഷ്ണന്‍ തുടങ്ങി മഹാഭാരതത്തിലെ ധാരാളം മുഹൂര്‍ത്തങ്ങള്‍ മനോഹരമായി കല്ലില്‍ കൊത്തിവച്ചിരിക്കുന്നത് കാണാമിവിടെ. മലയിലെ പാറകള്‍ തുരന്നുമാറ്റി കൊത്തുപണികള്‍ നടത്തി നിര്‍മിച്ചവയാണ് ഇവ. മിക്ക ഗുഹാക്ഷേത്രങ്ങളും അപൂര്‍ണമായി നിലനില്‍ക്കുന്നു. നരസിംഹവര്‍മന്‍ ഒന്നാമന്റെ കാലത്താണ് ഈ ഗുഹാക്ഷേത്രവും നിര്‍മിക്കപ്പെട്ടത്. സിംഹത്തിന്റെ പുറത്തിരുന്ന്, കൈയില്‍ ഗദയുമായി നില്‍ക്കുന്ന മഹിഷാസുരനെ അമ്പെയ്ത് കൊല്ലുന്ന ദുര്‍ഗയുടെ ദൃശ്യം ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ ഒരു ശില്‍പം ഈ ക്ഷേത്രത്തിന്റെ വരാന്തയിലെ ചുമരിലുണ്ട്.ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചാല്‍ ശിവപാര്‍വതിമാര്‍, കാര്‍ത്തികേയന്‍, വിഷ്ണു, ബ്രഹ്‌മാവ് തുടങ്ങിയ ദേവന്മാരുടെ ശില്‍പങ്ങളും കാണാം.

പഞ്ചരഥങ്ങള്‍

രഥങ്ങളുടെ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള അഞ്ച് ക്ഷേത്രങ്ങള്‍. നരസിംഹവര്‍മന്‍ ഒന്നാമന്റെ കാലത്താണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മഹാഭാരതവുമായി മഹാബലിപുരത്തിനു ബന്ധമൊന്നുമില്ലെങ്കിലും ഈ അഞ്ചു രഥങ്ങളും പഞ്ചപാണ്ഡവന്‍മാരുടെ പേരിലാണ് അറിയപ്പെടുന്നത്. അഞ്ചിലെ നാലും ഒരൊറ്റക്കല്ലില്‍നി നിര്‍മിച്ചതാണ്. ധര്‍മരഥത്തിലെ (യുധിഷ്ഠരന്റെ രഥം) അര്‍ധനാരീശ്വരന്റെ കൊത്തുപണി പല്ലവ കലാരൂപങ്ങളിലെ ബൃഹത്ത് എന്നു വിശേഷിപ്പിക്കാവുന്നതിലൊന്നാണ്. എങ്കിലും ചില കൊത്തുപണികള്‍ പൂര്‍ണതയില്‍ എത്തിയിട്ടില്ല എന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം.

കൃഷ്ണന്റെ വെണ്ണയുരുള

ഒരു പാറപ്പുറത്ത്, ഇപ്പോള്‍ ഉരുണ്ടു പോകുമോ എന്നു തോന്നുന്ന തരത്തില്‍ നില്‍ക്കുന്ന വലിയ പാറയാണിത്. ബ്രിട്ടിഷുകാരുടെ കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി ആനകളെ ഉപയോഗിച്ച് ഈ പാറകള്‍ ഇളക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. പൂര്‍ണമായും പരാജയപ്പെടുകയാണുണ്ടായത് എന്നതു മറ്റൊരു ചരിത്രം.

മഹാബലിപുരം പല്ലവരാജ്യത്തെ ഒരു ശില്‍പകലാവിദ്യാലയമാണെന്നും കരുതപ്പെടുന്നു. അപൂര്‍ണമായതും പല ശൈലിയിലുള്ളതുമായ അനേകം ശില്‍പങ്ങളാണ് ഇങ്ങനെ കരുതാന്‍ കാരണം.

നട്ടുച്ചയോടെ സ്ഥലത്തെത്തിയ ഞങ്ങള്‍ വൈകുന്നേരം അഞ്ചു മണി വരെ ഇവിടെ ചെലവഴിച്ചു. 'മഹാബലിപുരം സന്ദര്‍ശിച്ച ശേഷം പിന്നീട് എവിടെപ്പോകും. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം കണ്ടു കഴിയില്ലേ?. അങ്ങനെ വന്നാല്‍ എന്റെ ഗ്യാരണ്ടിയില്‍ കൂടെവന്ന സുഹൃത്തിനും മടുപ്പാകില്ലേ?'- ഈ ചിന്തകള്‍ യാത്രയിലുടനീളം എന്നെ അലട്ടിയിരുന്നു.

എന്നാല്‍, അതെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് ഇവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. ചരിത്രപഠനത്തോട് അഭിനിവേശമില്ലാത്തവര്‍ക്കു കൂടി ഈ പ്രദേശം പ്രിയങ്കരമായി മാറുന്നു. ഒപ്പം തന്നെ, അഞ്ഞൂറും ആയിരവും വര്‍ഷങ്ങള്‍ പഴക്കമുള്ള സ്മാരകങ്ങളെ അദ്ഭുതത്തോടെ നോക്കാനും ആ നിര്‍മാണത്തിന്റെ വ്യത്യസ്തത ഒന്നൊന്നായി കണ്ട് മതിമറക്കാനും അതുവഴി പഴമയെ കുറിച്ച് മനസ്സില്‍ അവനവന്റെതായ ലോകം സൃഷ്ടിക്കാനും സഞ്ചാരികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. ചരിത്രത്തെ അവരങ്ങനെ സ്‌നേഹിച്ചുതുടങ്ങുന്നു. പലരും പഠനവിഷയമായി ചരിത്രം തിരഞ്ഞെടുക്കുന്നു. 

കാഴ്ചകള്‍ക്കിവിടെ അവസാനമില്ല

പൂഴിമണലിലൂടെ നടന്ന് ഓരോ അദ്ഭുതവും ക്യാമറയില്‍ പകര്‍ത്തി. വൈകുന്നേരമായതോടെ, വിശാലമായ കടപ്പുറത്ത് സ്ഥിതിചെയ്യുന്ന തീരക്ഷേത്രത്തിലേക്കായി യാത്ര. പോകുന്ന വഴികള്‍ നിറയെ കച്ചവടക്കാര്‍. വിവിധ നിറത്തിലുള്ള ശംഖുകള്‍ കൊണ്ടുള്ള വസ്തുക്കള്‍, ക്ഷേത്രങ്ങളുടെ ചെറുമാതൃകകള്‍, കല്ലിന്റെയും രുദ്രാക്ഷത്തിന്റെയും ഭംഗിയുള്ള മാലകള്‍ എന്നിവയൊക്കെ ഇവിടെയുണ്ടായിരുന്നു. കടല്‍തീരമെത്തും വരെ ഈ കാഴ്ചകളുണ്ട്. ഇരുവശങ്ങളിലും സഞ്ചാരികള്‍ അണമുറിയാതെ നടന്നുനീങ്ങുന്നു. 

ഒരുപാട് ശബ്ദത്തോടെ സംസാരിച്ച്, ഉപ്പും മുളകും തേച്ചുപിടിപ്പിച്ച നല്ല രുചിയുള്ള മാങ്ങയും പൈനാപ്പിളും കടിച്ച് കച്ചവടക്കാരോട് വിലപേശുന്ന കൂട്ടരും ഇക്കൂട്ടത്തിലുണ്ട്. എത്രത്തോളം വില താഴ്ത്താമോ അത്രയും കുറയ്ക്കാന്‍ കച്ചവടക്കാരന്‍ തയാറാകുമ്പോള്‍, ഒരു പത്ത് രൂപകൂടി കുറച്ചിരുന്നെങ്കില്‍ എന്ന വിധത്തില്‍ വീണ്ടുമൊരു പേശല്‍. അപ്പോഴേക്കും മുളകിന്‍ ചാറില്‍ കുതിര്‍ന്ന അഞ്ച് മാങ്ങാ കഷണങ്ങള്‍ അകത്താക്കിയിരിക്കും.

ഓരോന്നും കണ്ടാസ്വദിച്ച് ആപ്പിളും കടിച്ചായിരുന്നു ഞങ്ങളുടെ നടപ്പ്. വിശാലമായി പര്‍ച്ചേസ് ചെയ്യാന്‍ കൈവശം കാര്യമായൊന്നും ഇല്ലാഞ്ഞതിനാല്‍ ഇടത്തോട്ടോ വലത്തോട്ടോ അധികം നോക്കാതേ നേരെ കടൽത്തീരം ലക്ഷ്യമാക്കി നടന്നു.

നീളം കൂടിയ ഗേറ്റ് കടന്നാല്‍ കാണാം തീരക്ഷേത്രം. കടലിന്റെ ഇരമ്പം ഓരോ കാല്‍വയ്പ്പിലും കൂടിവന്നു. സായാഹ്നമായതിനാല്‍ അത് ശാന്തമായിരുന്നു. കടലിനോട് മുഖത്തോടു മുഖം നോക്കി അതിമനോഹരമായ ആ ക്ഷേത്രം യാത്രികരെയാകെ അദ്ഭുതപ്പെടുത്തി ശിരസ്സുയര്‍ത്തി നിന്നു. കടലിനു തൊട്ടടുത്തായിട്ടും, നൂറ്റാണ്ടുകളായുള്ള പ്രകൃതിയുടെ ആക്രമണങ്ങളില്‍ പറയത്തക്ക ക്ഷതങ്ങളൊന്നുമേല്‍ക്കാതെ തീരക്ഷേത്രം യാത്രികര്‍ക്ക് ഐതിഹാസിക കഥകള്‍ പറഞ്ഞുകൊടുക്കുകയാണ്

മറ്റെല്ലാ ശിലാക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായ ഒന്ന്. ക്ഷേത്രത്തിനകത്തെ തണുത്ത കരിങ്കല്ലിലൂടെ നടക്കുമ്പോള്‍ മറുവശത്ത് ബുദ്ധന്റെ ഭീമാകാരമായ ഒരു ശില്‍പം കാണാം. ചാഞ്ഞും ചരിഞ്ഞും ആ രൂപത്തിലിരുന്ന് സഞ്ചാരികള്‍ ചിത്രങ്ങളെടുക്കുകയായിരുന്നു. മഹാനായ ബുദ്ധനെ ഫ്രെയിമിലൊതുക്കി മൊബൈലിലാക്കി സൂക്ഷിക്കുന്ന ഇന്ത്യന്‍ ന്യൂജന്‍ കാഴ്ചകളായിരുന്നു നിറയെ. നേരം സായാഹ്നത്തിലേക്ക് കടന്നെങ്കിലും ആളുകളുടെ വലിയ പ്രവാഹം തന്നെ.

തീരത്തെ കച്ചവടമായിരുന്നു മറ്റൊന്ന്. നല്ല മൊരിഞ്ഞ മുളക് ബജ്ജിയും ചമ്മന്തിയും രണ്ട് പ്ലേറ്റ് വാങ്ങി. ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയുണ്ടായിരുന്നു അതിന്. വലിയ മത്സ്യങ്ങള്‍ മുളക് പുരട്ടി വച്ചിരിക്കുന്നതും തൊട്ടടുത്ത് കാണാം. പറയുന്നത് ഹോട്ടലിലെ കാര്യമല്ല; ഷീറ്റ് വലിച്ചുകെട്ടി നിര്‍മിച്ച ചെറിയ ഭക്ഷണ ശാലയിലെ കൊതിയൂറും വിഭവങ്ങളാണിത്. വമ്പന്‍ മത്സ്യങ്ങള്‍ കഷണങ്ങളാക്കാതെ നിരത്തിവച്ചിരിക്കുന്നു. എണ്ണ തിളയ്ക്കുന്ന ഒരു ചട്ടിയും തൊട്ടടുത്തുണ്ട്. ആളുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് അപ്പോൾ വറുത്തെടുക്കും. അല്‍പം സവാള അരിഞ്ഞതും മേമ്പൊടി ചേര്‍ത്ത് നല്‍കുന്നു. തീരത്തെ കാഴ്ചകള്‍ ഏറെ.

നേരമിരുട്ടുന്നത് വരെ അവിടെ നിന്നു. സുഹൃത്തുമൊത്ത് രണ്ട് മണിക്കൂര്‍ മാത്രം ചെലവഴിച്ച് പോരേണ്ടി വരുമെന്ന് കരുതിയ എനിക്കും അവനും സൂര്യനസ്തമിച്ചിട്ടും അവിടെനിന്നു പോരാന്‍ തോന്നിയില്ല. അത്രയ്ക്ക് മനോഹരമായിരുന്നു ഓരോന്നും. സൂര്യാസ്തമയത്തിന്റെ ചുവന്ന പ്രകാശം മാനം നീളെ പടര്‍ന്നപ്പോള്‍ ശിലാക്ഷേത്രത്തിന്റെ മോടിയും പ്രൗഢിയും വര്‍ധിച്ചു. മനസ്സില്ലാമനസ്സോടെ അവിടെനിന്നു യാത്ര തിരിച്ചു.

mahabalipuram-trip8

മുറിയൊന്നും ബുക്ക് ചെയ്യാതെ ‘മുന്നോട്ട് വച്ച കാല്‍ മുന്നോട്ട്, ബാക്കിയൊക്കെ വരുന്ന പോലെ’ എന്ന ചിന്തയിലായിരുന്നു യാത്ര തുടങ്ങിയത്. അതുകൊണ്ടുതന്നെ രാത്രി കിടന്നുറങ്ങാന്‍ പ്രത്യേക സൗകര്യമൊന്നുമുണ്ടായില്ല. തിരിച്ചുനടന്ന വഴി, പണം നല്‍കി കുളിക്കാനാകുന്ന സൗകര്യം കണ്ണില്‍ പെട്ടു. മണ്ണും പൊടിയും ശരീരത്ത് നിറഞ്ഞിരുന്നു. വിസ്തരിച്ചൊരു കുളി പാസാക്കി.  ഒരു ചൂട് ചായ... എല്ലാം ശുഭം.

നേരേ ചെന്നൈ റെയില്‍വേ സ്റ്റേഷനിലേക്ക്. 10.45 ന്റെ ഉഴവന്‍ എക്‌സ്പ്രസില്‍ തഞ്ചാവൂര്‍ക്ക് ടിക്കറ്റെടുത്തു. മഹാബലിപുരത്തെ കാഴ്ചകളും തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളുമായി ആ രാത്രി ഞങ്ങള്‍ യാത്രയായി.

English Summary: Visit Unesco World Heritage Site Mahabalipuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com