ക്യാമറയുമായി കാട് കയറിയ അഞ്ചു പെണ്ണുങ്ങൾ

നിഷ പുരുഷോത്തമൻ.
SHARE

ക്യാമറയും കാടും ആണിനു മാത്രമുള്ളതോ? അല്ലെന്ന് വിളിച്ചു പറയുന്നു.... ക്യാമറയുമായി കാട് കയറിയ അഞ്ചു പെണ്ണുങ്ങള്‍...

‘കാട്ടിലാണെന്റെ മനസ്സ് ’ നിഷ പുരുഷോത്തമന്‍

പരവൂര്‍, കൊല്ലം, ഫൊട്ടോഗ്രഫി വർക്‌ഷോപ്പുകളും ടൂറുകളും സംഘടിപ്പിക്കുന്നു...

ഫൊട്ടോഗ്രഫി എന്നും എന്റെ ഇഷ്ടങ്ങളില്‍ പ്രധാനമായിരുന്നു. പച്ചപ്പ് നിറഞ്ഞ കാഴ്ചകളാൽ സമ‍‍ൃദ്ധമായിരുന്നു കുട്ടിക്കാലം. കാവും പച്ചവിരിച്ച പാടങ്ങളും കായലും കടലുമെല്ലാം നിറഞ്ഞ മനോഹരമായ പെയിന്റിങ് പോലൊരു ലോകം. അഞ്ചോ പത്തോ മിനിറ്റ് നീളുന്ന നടത്തം കൊണ്ടെത്തിക്കുക കാഴ്ചയുടെ വിസ്മയത്തിലേക്കായിരിക്കും. പക്ഷികള്‍ മാത്രമല്ല, പാമ്പും കീരിയും ചിത്രശലഭങ്ങളും മിന്നാമിനുങ്ങുകളുമെല്ലാമായി കാഴ്ചയുടെ പൂരം തന്നെ. ഈ ചുറ്റുപാടുകളില്‍ ആഴ്ന്നിറങ്ങി കിടക്കുന്നു യാത്രയോടും പ്രകൃതിയോടുമുള്ള എന്റെ പ്രണയത്തിന്റെ വേരുകള്‍.

Naughty Fight

എന്നാല്‍, കാടിനോടുള്ള ഇഷ്ടവും ഫൊട്ടോഗ്രഫിയും യാത്രയും എല്ലാം ഗൗരവമായി കണ്ടുതുടങ്ങിയത് പിന്നെയും ഏറെക്കഴിഞ്ഞാണ്. തിരുവനന്തപുരം ഫൈന്‍ആര്‍ട്‌സ് കോളജിൽ നിന്നു ബി.എഫ്.എ. കഴിഞ്ഞു ദുബായില്‍ എത്തിയ സമയം. ദുബായിലെ ഷട്ടര്‍ ബഗ്‌സ് ക്രിയേറ്റീവ് ഫോറത്തിന്റെ ഭാഗമാകുന്നത് അപ്പോഴാണ്. എന്റെ കഴിവുകളെ തേച്ചുമിനുക്കാന്‍ അത് അവസരമൊരുക്കി. ആദ്യത്തെ രണ്ടുവര്‍ഷത്തോളം പക്ഷികളില്‍ മാത്രമായിരുന്നു ശ്രദ്ധ. പിന്നീട് ഇന്ത്യയിലും ആഫ്രിക്കയിലുമുള്ള കാട്ടുസഞ്ചാരങ്ങള്‍ തുടങ്ങി.

കാട് സമം സന്തോഷം

പ്രകൃതിയെ കൂടുതല്‍ ആഴത്തില്‍ അറിയാനും അടുക്കാനും സാധിക്കുന്നത് കാട്ടിനുള്ളിലായിരിക്കുമ്പോഴാണ്. എത്രയധികം സമയം കാട്ടില്‍ ചെലവഴിക്കാന്‍ സാധിക്കുന്നുവോ അത്രയുമധികം സംതൃപ്തിയും സന്തോഷവുമുണ്ടാകും, എന്റെ അനുഭവമാണത്. അതുകൊണ്ട് കാട്ടിനുള്ളില്‍ ആയിരിക്കുന്നതാണ് എനിക്കേറെ പ്രിയങ്കരം. ടെന്‍ഷനുകളെ കുടിയൊഴിപ്പിക്കാനുള്ള മാര്‍ഗം കൂടിയാണത്. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും കാടിന്റെ തണുപ്പില്‍ മറക്കും. കാട്ടിനുള്ളിലൂടെയുള്ള ഒരു യാത്ര നല്‍കുന്ന സുഖത്തെ മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ല. അത് നല്‍കുന്ന ഉന്‍മേഷം, ആകാംക്ഷ... പ്രോജക്ട് മാനേജര്‍ ജോലി ഉപേക്ഷിക്കാനും വൈല്‍ഡ്‌ലൈഫ് ടൂറുകളും ഫൊട്ടോഗ്രഫി വർക്‌ഷോപ്പുകളും സംഘടിപ്പിക്കാനും പ്രചോദനമായത് ഒരു പരിധിവരെ ഇവയെല്ലാം ആയിരിക്കാം.

പറമ്പിക്കുളത്തെ കടുവകള്‍

കഴിഞ്ഞവര്‍ഷം ഒരു സര്‍ക്കാര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് കേരളത്തിലെ ടീമിനൊപ്പം ആറു മാസത്തോളം കേരളത്തിലെ കാടുകളില്‍ സഞ്ചരിച്ചിരുന്നു. ഇതില്‍ രണ്ടുമാസവും കൊടുംകാട്ടിനുള്ളിലാണ് ചെലവഴിച്ചത്. ഒരു ദിവസം ചുരുങ്ങിയത് ഏഴു കി.മീ. മുതല്‍ 22 കി.മീ. വരെ കാട്ടിനുള്ളിലൂടെ നടക്കണം. കൊടും വിഷമുള്ള പാമ്പുകളുടെ കടിയേല്‍ക്കാതെ തലനാരിഴയ്ക്കുള്ള രക്ഷപ്പെടലും കാട്ടാനയുടെ മുന്നിൽ നിന്നു ജീവനും കൈയില്‍ പിടിച്ചുള്ള ഓട്ടങ്ങളും പ്രാണികള്‍ കടിച്ചും മുള്ളുകളും കമ്പുകളുംകൊണ്ടും ശരീരത്തുണ്ടാകുന്ന മുറിവുകളും എല്ലാമുണ്ടായെങ്കിലും സൈലന്റ്‌വാലിയും പെരിയാറും ഇരവികുളവും പറമ്പിക്കുളവുമെല്ലാം ആ യാത്രയില്‍ ഞാന്‍ അടുത്തറിഞ്ഞു.

Elephant Calf

യാത്ര തുടങ്ങിയപ്പോള്‍ തന്നെ ടീമിലുള്ളവര്‍ എന്നോട് പറഞ്ഞിരുന്നു, നോര്‍ത്ത് ഇന്ത്യയിലെ കാടുകളിൽ നിന്നു സഫാരി ജീപ്പില്‍ പോകുമ്പോള്‍ ഒരു കടുവയുടെ ചിത്രം കിട്ടുന്നത് അത്ര വലിയ കാര്യമല്ല. എന്നാല്‍, കേരളത്തിലെ കാട്ടിൽ നിന്നും, പ്രത്യേകിച്ച് ട്രക്കിങ്ങിനിടെ, ഒരു കടുവയുടെ പടം എടുക്കാന്‍ പറ്റുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന്. യാത്ര അതു ശരി വയ്ക്കുകയും ചെയ്തു. കാല്‍പ്പാടുകളും കടുവയുടെ കാഷ്ഠവും മാത്രം കണ്ട് പലപ്പോഴും ഞങ്ങള്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. പറമ്പിക്കുളമായിരുന്നു അവസാന ലക്ഷ്യം. ഒമ്പതു ദിവസമാണ് അവിടെ ഞങ്ങൾക്കുള്ളത്.

ആദ്യ മൂന്നു ദിവസം കടുവയെ തേടിയുള്ള അലച്ചിലായിരുന്നു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ ചെരിപ്പുപോലും ഉപേക്ഷിച്ചായിരുന്നു നടപ്പ്. പക്ഷേ, ഒന്നിനെ പോലും കണ്ടില്ല. അതോടെ മറ്റു മൃഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവസാന ദിവസമായി. കടുവയെ കാണാന്‍ പറ്റാത്തതിന്റെ വിഷമം എല്ലാവര്‍ക്കുമുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് ആനക്കല്‍ വയല്‍ മേഖലയിലേക്ക് യാത്ര തുടങ്ങി. തുടക്കത്തില്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെങ്കിലും ട്രക്കിങ് ആരംഭിച്ച് 10 മിനിറ്റ് ആയപ്പോഴേക്കും കടുവയുടെ പുതിയ കാഷ്ഠവും കാല്‍പ്പാടുകളും കണ്ണില്‍പ്പെട്ടു. ഒപ്പമുള്ള വസന്തന്‍ എന്ന വഴികാട്ടി അല്‍പം അകലെ മഞ്ഞ നിറം അനങ്ങുന്നതും കണ്ടുപിടിച്ചു. ബൈനോക്കുലറിലൂടെ നോക്കിയ വസന്തന്‍ നല്‍കിയ വിവരങ്ങള്‍ ഞങ്ങളെ ആനന്ദത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നതായിരുന്നു. 500 മീറ്റര്‍ മാത്രം അകലെ, ഒരു കുളംപോലെ തോന്നിക്കുന്ന വെള്ളക്കെട്ടില്‍ നാലു കടുവകള്‍! ആഹ്ലാദം അടക്കി ഞങ്ങളെല്ലാം പെട്ടെന്ന് തയാറായി.

Tiger

ശബ്ദമുണ്ടാക്കാതെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങാൻ വസന്തന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇരുന്നൂറു മീറ്ററോളം നിലത്ത് ഇഴഞ്ഞുനീങ്ങിയ ഞങ്ങള്‍ ഒടുവില്‍ ഒരു മരത്തിന്റെ പിന്നില്‍ ഒളിച്ചു. കടുവകളെ ഇപ്പോള്‍ നന്നായി കാണാം. അവിടെ ഇരുന്നുകൊണ്ട് ഞാന്‍ മൂന്നുനാലു ചിത്രങ്ങള്‍ എടുത്തു. ഒരു ഫ്രെയിമില്‍ നാലു കടുവകള്‍! അതും ട്രക്കിങ്ങിനിടയില്‍! ആഹ്ലാദത്തോടെ വീണ്ടും ക്ലിക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ അവ ഞങ്ങളെ കണ്ടു. ഞങ്ങളുടെ നിശ്ശബ്ദതയും സാവധാനമുള്ള സമീപനവും ആ ജീവികളില്‍ ചെറിയ വിശ്വാസമുണ്ടാക്കിയെന്നു തോന്നുന്നു. ഇതോടെ 100 മീറ്റര്‍ കൂടി ഞങ്ങള്‍ മുമ്പോട്ട് നീങ്ങി. ഇപ്പോള്‍ കടുവകള്‍ കുറച്ചുകൂടി അടുത്തായി. പെട്ടെന്ന് അവയെല്ലാം വെള്ളത്തില്‍നിന്ന് കരയില്‍ കയറി പല ഭാഗത്തായി നിലയുറപ്പിച്ചു. ഒന്ന് ഞങ്ങളുടെ ഇടതുഭാഗത്ത്, ഒരെണ്ണം വലത്ത്, രണ്ടു കടുവകള്‍ നേരെ മുമ്പില്‍- അങ്ങനെയായി പൊസിഷന്‍. ഏതിന്റെ ചിത്രം എടുക്കണമെന്ന് എനിക്കാകെ കണ്‍ഫ്യൂഷന്‍. ഒടുവില്‍, നേരെ മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കടുവകളുടെ ചിത്രം പകര്‍ത്താന്‍ തുടങ്ങി. പെട്ടെന്ന് അവയില്‍ ഒരെണ്ണം ഞങ്ങള്‍ക്കുനേരെ നടന്നുവന്നു. എന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ മുകളിലേക്ക് പടര്‍ന്നുകയറി. കടുവയ്ക്കും ഞങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ ഒരു മരം മാത്രമാണുള്ളത്. ഒരു നിമിഷം ഞങ്ങളെ നോക്കിനിന്നശേഷം അവന്‍ മരത്തിലേക്ക് ചാടിക്കയറി. ഉടന്‍തന്നെ തിരിച്ച് നിലത്തേക്കും. എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു. ആ ആക്‌ഷൻ സീരീസിന്റെ 16 സുന്ദരമായ ഷോട്ടുകള്‍ എനിക്കു കിട്ടി. കാട്ടില്‍ എനിക്കു ലഭിച്ച ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷമായിരുന്നു അത്.

ഓരോ യാത്രയും ഓരോ അനുഭവമാണെന്നു പറയാം. ഇക്കഴിഞ്ഞ ഡിസംബറില്‍ നടത്തിയ യാത്ര എന്റെ പല പ്രാർഥനകള്‍ക്കുമുള്ള മറുപടിയായിരുന്നു. ആഫ്രിക്കന്‍ കാടുകളിലെ പുല്‍മേടുകളില്‍ കാടിന്റെ രാജാവിനൊപ്പം അപൂർവ നിമിഷങ്ങള്‍ കനിഞ്ഞേകി പ്രകൃതി എന്നെ അനുഗ്രഹിച്ചു. മഴയത്ത് തല കുടയുന്ന സിംഹത്തിന്റെ ചിത്രമായിരുന്നു യാത്ര പ്ലാൻ ചെയ്യുമ്പോൾ എന്റെ സ്വപ്നം. ആ സ്വപ്ന ഷോട്ട് മാത്രം യാഥാർഥ്യമായില്ല. പക്ഷേ, അതൊഴികെ ഒട്ടേറെ മനോഹര ഫ്രയിമുകൾ എന്റെ ക്യാമറ സ്വന്തമാക്കി.

കണ്ണുകള്‍ എന്റെ മേല്‍ തറപ്പിച്ചു വച്ച് രാജകീയ ഭാവത്തോടെ സിംഹരാജൻ ഞങ്ങളുടെ സഫാരി വാഹനത്തിന് അടുത്തേക്ക് മെല്ലേ നടന്നുവന്നു. ചുറ്റും ഒന്നു നടന്ന്, പിന്‍ചക്രത്തില്‍ തന്റെ അധികാരപ്രദേശത്തിന്റെ അടയാളം രേഖപ്പെടുത്തി. അവസാനം, ഇടതുവശത്തെ മുന്‍ചക്രത്തിനു സമീപം കിടപ്പായി. അവന്റെ ഓരോ ചുവടുവയ്പ്പിലും എന്റെയുള്ളിൽ പൂത്തിരികള്‍ വിടരും പോലെ തോന്നി. ഹൃദയമിടിപ്പ് കാതില്‍ പെരുമ്പറ പോലെ വീഴുന്നുണ്ടായിരുന്നു. ഒരു ക്ലിക്കിനും നല്‍കാനാകാത്ത ആനന്ദമായിരുന്നു ആ കാഴ്ച.

നെഞ്ചില്‍ ചേര്‍ക്കുന്ന കാട്

കാട്ടില്‍ ആയിരിക്കാനാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്, അത് ലോകത്ത് എവിടെയാണെങ്കിലും കുഴപ്പമില്ല. വീട്ടില്‍പോണോ കാട്ടില്‍പോണോ എന്നു ചോദിച്ചാല്‍ കാടെന്ന് ഏത് ഉറക്കത്തിലും ഏത് നട്ടപ്പാതിരയ്ക്കും പറയുമെന്ന് ചുരുക്കം. എങ്കിലും, കേരളത്തിലെ കാടിന്റെ പച്ചപ്പ് നല്‍കുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. മറ്റൊരിടത്തുനിന്നും അതു കിട്ടില്ല. അതുകൊണ്ട്, അല്‍പം കൂടി നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നു ഞാനെന്റെയീ കാടിനെ. കാടിന്റെ വന്യതയ്‌ക്കൊപ്പമുള്ള സഞ്ചാരം... ചിത്രങ്ങള്‍... കാടനുഭവങ്ങള്‍... ഇതൊക്കെയാണ് പിന്തിരിഞ്ഞു നോക്കുമ്പോഴുള്ള പ്രധാന കൈമുതലുകള്‍. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നടത്തുന്ന വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ഓഫ് ഇയര്‍ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ മൂന്നുതവണ എന്റെ ചിത്രങ്ങള്‍ എത്തിയിട്ടുമുണ്ട്. എങ്കിലും, ഇതിനെല്ലാം മേലെ, ഒരാളെയെങ്കിലും പ്രകൃതിയോട് അടുപ്പിക്കാന്‍ എന്റെ ചിത്രങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ നേട്ടം.

‘വെറുതേ മൂങ്ങയെ ക്രൂശിക്കരുത് ’ അപര്‍ണാ പുരുഷോത്തമന്‍

നാട്ടകം, കോട്ടയം, അധ്യാപിക, ശ്രീപുരം ഗവ. എച്ച്.എസ്.എസ്, കണ്ണൂര്‍

അപർണാ പുരുഷോത്തമൻ
അപർണാ പുരുഷോത്തമൻ. നാട്ടകം, കോട്ടയം. ( അധ്യാപിക, ശ്രീപുരം ഗവ.എച്ച്.എസ്.എസ്. കണ്ണൂർ)

മനുഷ്യരോടുള്ളതിലും കൂടുതല്‍ ഇഷ്ടം ചെറുപ്പം മുതല്‍ എനിക്ക് മൃഗങ്ങളോടും പക്ഷികളോടും ഉണ്ട്. ഈ ഇ ഷ്ടംകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യുന്ന വൈല്‍ഡ് ലൈഫ് ചിത്രങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രഫറായ രാധികാ രാമസ്വാമിയുടെ പേജ് ഒരുദിവസം ഒരാള്‍ എനിക്ക് ഷെയര്‍ ചെയ്തു. മനോഹരങ്ങളായ ഒരുപാട് ചിത്രങ്ങള്‍... പക്ഷികളുടേതായിരുന്നു കൂടുതലും. ജോലി ഉപേക്ഷിച്ച് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫിയിലേക്ക് വന്നയാളായിരുന്നു അവര്‍. അവരോട് എനിക്ക് കടുത്ത ആരാധന തോന്നി. അപ്പോഴും ഫൊട്ടോഗ്രഫിയെപ്പറ്റി എനിക്ക് പ്രത്യേകിച്ച് ഐഡിയ ഇല്ല. അത്തരം ചിത്രങ്ങള്‍ എനിക്ക് എടുക്കാന്‍ പറ്റുമെന്നും തോന്നിയില്ല. പക്ഷേ, വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രഫിയോട് വല്ലാത്തൊരു ഇഷ്ടമുണ്ടാകാന്‍ അതു കാരണമായി.

പെയിന്റിങ് വഴി ഫൊട്ടോഗ്രഫിയിലേക്ക്

എം.ജി. യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്.ഡി.ക്ക് ചേര്‍ന്ന് രണ്ടാം വര്‍ഷമായിരുന്നു വിവാഹം. അശോക് കെ.എസ്.ഇ.ബിയില്‍ അസി. എന്‍ജിനീയറായിരുന്നു. ഷോളയാറില്‍ കാടിനു നടുക്കുള്ള പവര്‍ ഹൗസിലാണ് അദ്ദേഹത്തിന് ജോലി. അതിരപ്പിള്ളി കഴിഞ്ഞ് 35 കി.മീ സഞ്ചരിക്കണം ഷോളയാറിലെത്താന്‍. അവധി കിട്ടുമ്പോഴെല്ലാം അദ്ദേഹത്തെ കാണാന്‍ ഞാന്‍ ഷോളയാറിന് പോകും.

അക്കാലത്ത് പെയിന്റിങ്ങില്‍ വലിയ താത്പര്യമായിരുന്നു. ചിത്രങ്ങളെടുത്താല്‍ അതേപോലെ പെയിന്റ് ചെയ്യാമെന്നു പറഞ്ഞ് ആദ്യ വിവാഹ വാര്‍ഷികത്തിനു ഭര്‍ത്താവ് എനിക്കൊരു ക്യാമറ സമ്മാനിച്ചു. ഫൊട്ടോഗ്രഫിയോട് ഒട്ടും താത്പര്യമില്ല, അശോക് എനിക്കു വേണ്ടി വെറുതെ പൈസ കളഞ്ഞല്ലോ എന്ന ചിന്തയായിരുന്നു അപ്പോൾ. പക്ഷേ, വാങ്ങിയതല്ലേ എന്നോര്‍ത്ത് കണ്ണില്‍ കാണുന്നതെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. ഒരു ദിവസം ബീച്ചില്‍നിന്ന് ഞാന്‍ പകര്‍ത്തിയ ചീനവലകളുടെയും കടലിന്റെയും അസ്തമയത്തിന്റെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പ്രതീക്ഷിക്കാതെ ഒരുപാട് നല്ല കമന്റ്‌സ് അതിനു കിട്ടി. ഇതോടെ പെയിന്റിങ് മാറ്റി വച്ച് ക്യാമറയുടെ പിന്നാലെയായി.

Bird

ഒരിക്കല്‍ തൊപ്പിക്കിളി കൂടുകൂട്ടുന്നതു ഞാന്‍ കണ്ടു. അന്നുമുതല്‍ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നതു വരെയുള്ള ഓരോ സ്‌റ്റേജും പകര്‍ത്തി. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങള്‍ കണ്ട് ഒരുപാടുപേര്‍ പ്രോത്സാഹിപ്പിച്ചു. പരിചയത്തിലുള്ള അധ്യാപകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ശാസ്ത്ര മാസികയില്‍ കൊച്ചുകുട്ടികള്‍ക്കായി കഥപോലെ ചിത്രം സഹിതം അതു പ്രസിദ്ധീകരിച്ചു. ഈ ആര്‍ട്ടിക്കിളിനു വേണ്ടി പക്ഷികളെപ്പറ്റി കൂടുതലായി പഠിക്കേണ്ടി വന്നു. അതിനു ശേഷം ഏത് പക്ഷിയുടെ ചിത്രം എടുത്താലും ആഴത്തില്‍ മനസ്സിലാക്കാനും നോട്ടുകള്‍ എഴുതി സൂക്ഷിക്കാനും തുടങ്ങി. ഇതോടെയാണ് ഫൊട്ടോഗ്രഫി കുറച്ചുകൂടി സീരിയസായി എടുക്കണമെന്ന് തോന്നിയത്. അങ്ങനെ കുറച്ചുകൂടി നല്ലൊരു ക്യാമറ വാങ്ങി.

ഷോളയാറിലെ ‘അജ്ഞാത ജീവി’

ക്യാമറ വാങ്ങിയ ശേഷം ചിത്രങ്ങള്‍ എടുക്കുന്നതിനായി ഷോളയാര്‍ മുതല്‍ വാല്‍പ്പാറയിലെ ആളിയാര്‍ ഡാം വരെ ഞങ്ങള്‍ ഒരു ബൈക്ക് യാത്ര നടത്തി. മൂന്നു കി.മീ. കൊടുംകാട്ടിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ പവര്‍ഹൗസില്‍ നിന്ന് മെയിന്‍ റോഡിലെത്താനാകൂ. ഇഷ്ടംപോലെ മൃഗങ്ങള്‍ ഉള്ള സ്ഥലമാണിത്. ഇടയ്ക്ക് ബൈക്ക് നിര്‍ത്തി കാട്ടിലൂടെ കുറച്ച് നടക്കും. ഫോട്ടോയെടുത്തും കാടിന്റെ ഭംഗി ആസ്വദിച്ചും നടക്കുന്നതിനിടയിലാണ്, ഞാന്‍ അതുവരെ കാണാത്ത തരത്തിലുള്ള ഒരു ജീവി മരത്തിലേക്ക് കയറിപ്പോയത്. എനിക്കന്ന് പക്ഷികളുടെ ചിത്രമെടുക്കാനാണ് താത്പര്യം. എങ്കിലും അതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ട്, വളരെ അശ്രദ്ധമായി അതിന്റെ രണ്ടുമൂന്ന് ക്ലിക്കുകള്‍ എടുത്തു. പിന്നെയും യാത്ര തുടര്‍ന്നു.

തിരിച്ചെത്തിയശേഷം ആ ജീവി ഏതാണെന്ന് അറിയാന്‍ വല്ലാത്ത കൗതുകം തോന്നി. കൊച്ചിന്‍ റിഫൈനറിയില്‍ ജോലി ചെയ്യുന്ന ബിജോയ് എന്ന സുഹൃത്തിന് ഇതിന്റെ ചിത്രം അയച്ചുകൊടുത്തു. ഫൊട്ടോഗ്രഫര്‍ കൂടിയായ അദ്ദേഹം ഇതുകണ്ടിട്ട് അദ്ഭുതത്തോടെ പറഞ്ഞു- ‘ടീച്ചറേ, നിങ്ങള്‍ ഭയങ്കര ലക്കിയാണ്... കാലങ്ങളായി വന്യജീവി ഫൊട്ടോഗ്രഫേഴ്‌സിന്റെ സ്വപ്‌നമാണിത്. ഐ.യു.സി.എന്‍. റെഡ്‌ലിസ്റ്റില്‍പ്പെട്ട നീലഗിരി മാര്‍ട്ടിന്‍ എന്ന അപൂർവ സ്പീഷീസ് ആണിത്. കേരളത്തില്‍ രണ്ടുപേര്‍ മാത്രമേ അതിന്റെ ചിത്രമെടുത്തിട്ടുള്ളൂ. ഒന്ന് എൻ.എ നസീറാണ്. രണ്ടാമത്തേത് ഇതും. വേറെയാരും ഷോളയാറില്‍ ഇതിനെ കണ്ടിട്ടില്ല.’ ഇതു കേട്ടതോടെ ഞങ്ങള്‍ ആകെ എക്‌സൈറ്റഡ് ആയി.

ആ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം അച്ചടിച്ചു വന്നിരുന്നു. അപൂർവ മരനായയെ ഷോളയാറിൽ കണ്ടെത്തി എന്നായിരുന്നു വാര്‍ത്ത. ഷോളയാറില്‍ ഈ ജീവി ഉണ്ടെന്നു സ്ഥിരീകരിക്കുന്നത് ഈ ചിത്രത്തോടെയാണ്. ഇതോടെ എന്റെ ആത്മവിശ്വാസം കൂടി. തുടര്‍ന്ന് നല്ലൊരു പ്രഫഷനല്‍ ലെന്‍സിലേക്ക് മാറി. ആയിടെ ലളിതകലാ അക്കാദമി നടത്തിയ മത്സരത്തില്‍ ഞാനെടുത്ത ഒരു ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു അരണയുടെ ചിത്രമായിരുന്നു അത്.

Waiting

ഭർത്താവിനു സ്ഥലം മാറ്റമായപ്പോള്‍ ഷോളയാറിലേക്കുള്ള വഴി അടഞ്ഞു. തുടര്‍ന്നാണ് ചിത്രങ്ങള്‍ക്കായി യാത്രപോകാന്‍ തുടങ്ങിയത്. അവധി ദിവസങ്ങളിലെല്ലാം അങ്ങനെ കാട് സഞ്ചാരം തുടങ്ങി. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക കാടുകളും കയറിക്കഴിഞ്ഞു.

പാവം പാവം മൂങ്ങകള്‍

കടുവയെയോ പുലിയെയോ കരടിയെയോ കാണുന്നതിനേക്കാള്‍ എനിക്ക് സന്തോഷം വ്യത്യസ്തമായ ഒരു മൂങ്ങയെ കാണുമ്പോഴാണ്. ഇവയെ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഉള്‍ക്കാടുകളിലാകും മിക്കവാറും ഉണ്ടാവുക. ഒരുപാട് വെറൈറ്റി കേരളത്തിലുണ്ട്. തട്ടേക്കാടാണ് മൂങ്ങകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. ഏഴ് തരം മൂങ്ങകളെ തട്ടേക്കാട് നിന്ന് മാത്രം എനിക്ക് കാണാനായിട്ടുണ്ട്.

അന്ധവിശ്വാസത്തിന്റെ പേരില്‍ ഒരുപാട് ക്രൂശിക്കപ്പെടുന്ന പക്ഷികൂടിയാണ് മൂങ്ങ. മൂങ്ങ വര്‍ഗത്തില്‍പ്പെട്ട കാലന്‍കോഴിയും വെള്ളിമൂങ്ങയും ഉദാഹരണം. വെള്ളിമൂങ്ങ ശരിക്കും കാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത പക്ഷിയാണ്. മനുഷ്യവാസമുള്ള പ്രദേശത്തിനു സമീപം താമസിക്കാനാണ് അതിനിഷ്ടം. എന്നാല്‍, വെള്ളിമൂങ്ങയെ കാണുമ്പോള്‍തന്നെ പലരും ഫോറസ്റ്റുകാരെ വിവരം അറിയിക്കുകയും പിടികൂടി കാട്ടില്‍ വിടുകയും ചെയ്യും. ആ ജീവിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്.

തട്ടേക്കാട് കാണുന്ന മാക്കാച്ചിക്കാടയോടും ഇത്തിരി ഇഷ്ടം കൂടുതലാണ്. ശ്രീലങ്കയില്‍ ഇൗ പക്ഷി ധാരാളമായുണ്ട്. വര്‍ഷത്തില്‍ ഒരു മുട്ട മാത്രമാണ് ഈ പക്ഷി ഇടുക. ഇതിനെ ഒന്ന് കാണാനായി മാത്രം ഒരുപാട് വിദേശികളും ഇവിടെ വരുന്നുണ്ട്.

നന്മയുടെ വാത്മീകം

2012 ല്‍, വാത്മീകം എന്ന പേരില്‍ കോട്ടയത്തെ ലളിതകലാ അക്കാദമി ഹാളില്‍ ഒരു എക്‌സിബിഷന്‍ നടത്തിയിരുന്നു. വനസംരക്ഷണത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നല്ല പ്രതികരണം ഉണ്ടായി. ഇപ്പോള്‍ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ എക്‌സിബിഷനുകളും ക്യാംപുകളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ ക്ലാസ്സുകളും പ്രദര്‍ശനവുംകൊണ്ട് ഒരു മരമെങ്കിലും മുറിക്കപ്പെടാതിരിക്കുകയും ഒരു ജീവി എങ്കിലും സംരക്ഷിക്കപ്പെടുകയും ചെയ്താല്‍ അതില്‍പ്പരം സന്തോഷമില്ല. ബഷീറിന്റെ വാക്കുകള്‍ കടമെടുത്താല്‍, ലോകത്തിന്റെ അവകാശികളായ ഈ ജീവിവര്‍ഗങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്നും ഒരുപാട് മൂങ്ങകളും ഒരുപാട് മാക്കാച്ചിക്കാടകളും ഉണ്ടാകണമെന്നുമാണ് എന്റെയും ആഗ്രഹം.

‘ക്യാമറയ്‌ക്കൊപ്പം മനസ്സും ഫോക്കസ് ആകണം’ സി.ആര്‍. പുഷ്പ

ചിറ്റാര്‍, പത്തനംതിട്ട, അധ്യാപിക, ചേളാരി വി.എച്ച്.എസ്.എസ്, മലപ്പുറം

പഠനം കഴിഞ്ഞ്, ജോലിയൊക്കെ കിട്ടി, മാറ്റമൊന്നുമില്ലാതെ ജീവിതം ഒഴുകിപ്പോകുന്ന സമയം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ബോറടി മാറ്റാന്‍ ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി. ഒരുദിവസം, മൊബൈലിലും കൈയിലുണ്ടായിരുന്ന ബേസിക് ക്യാമറയിലും എടുത്ത ചിത്രങ്ങള്‍ ഞാന്‍ അതില്‍ പോസ്റ്റ് ചെയ്തു. വളരെ പെട്ടെന്ന് കുറേ ആള്‍ക്കാരിലേക്ക് ആ ഫോട്ടോസ് എത്തി. അതൊരു തുടക്കമായിരുന്നു. നല്ല അഭിപ്രായം ലഭിച്ചതോടെ ഇതെനിക്ക് പറ്റിയ മേഖലയാണെന്ന് തിരിച്ചറിഞ്ഞു. അതോടെ തുടക്കക്കാര്‍ക്ക് പറ്റിയ രീതിയിലുള്ള പുതിയ ക്യാമറ സ്വന്തമാക്കി. ആത്മവിശ്വാസമായപ്പോൾ ഒരു പ്രഫഷനല്‍ ക്യാമറയും വാങ്ങിച്ചു.

പക്ഷികളെ തേടുന്ന ക്യാമറ

സി. ആർ പുഷ്പ.
സി. ആർ പുഷ്പ. ചിറ്റാർ, പത്തനംതിട്ട, അധ്യാപിക, ശ്രീപുരം ഗവ.എച്ച്.എസ്.എസ്. മലപ്പുറം.

ഇതിനിടെ എങ്ങനെയോ പക്ഷികളിലേക്ക് എന്റെ ശ്രദ്ധ മാറിയിരുന്നു. നമ്മുടെ വീട്ടുമുറ്റം മുതല്‍ ലോകത്തിന്റെ ഏതു കോണില്‍ വരെ പക്ഷികളെ കാണാനാകും. എവിടെപ്പോയാലും അതുവരെ കാണാത്ത തരത്തിലുള്ള പുതിയൊരു പക്ഷിയെ കാണാനായിട്ടുണ്ടെന്നതാണ് എന്റെ അനുഭവം. ഇന്ത്യയില്‍തന്നെ ആയിരത്തിനും മേലെ ഇനത്തിലുള്ള പക്ഷികളുണ്ട്. പശ്ചിമഘട്ടത്തില്‍തന്നെ അഞ്ഞൂറിലധികവും. ഇതിനെ എല്ലാം കണ്ടുതീര്‍ക്കുക എന്റെ ആയുഷ്‌കാലത്തില്‍ തീരുന്നതല്ല. ഫൊട്ടോഗ്രഫിയോടുള്ള ഇഷ്ടത്തിനു വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂവെങ്കില്‍, യാത്രകള്‍ എനിക്ക് ചെറുപ്പം മുതല്‍തന്നെ ഇഷ്ടമാണ്. യാത്രയ്ക്കു സഹായകമാകുന്നതുകൊണ്ടാകാം എന്റെ ഫൊട്ടോഗ്രഫി ഇങ്ങനെ നിലനിന്നു പോകുന്നതെന്നു തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം യാത്രയില്‍നിന്ന് വേറിട്ടല്ല ഫൊട്ടോഗ്രഫി നില്‍ക്കുന്നത്.

ധ്യാനം പോലെ

മരങ്ങള്‍ക്കും പച്ചപ്പിനും ഇടയില്‍ കാടിന്റെ സംഗീതം ആസ്വദിച്ച് ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ അമ്മയുടെ മടിയിലെ കുട്ടിക്കാലമാണ് തിരികെ കിട്ടുന്നത്. കാഴ്ചകള്‍ പലതും നമുക്കു മാത്രം പ്രകൃതി നല്‍കുന്ന സമ്മാനമാണ്. കാടുപോലെ ഏകാന്തതയും ഏകാഗ്രതയും ഇത്രയേറെ കിട്ടുന്ന മറ്റൊരിടമില്ല. ചുറ്റും മരങ്ങളും പക്ഷികളും ചിത്രശലഭങ്ങളും കരിയിലയും കൂടെ നമ്മളും. ഒരു മരത്തിനപ്പുറത്ത് ഏതെങ്കിലും മൃഗം നില്‍പ്പുണ്ടോ എന്നുപോലും നമുക്ക് അറിയില്ല. തലയ്ക്കു മുകളില്‍ പച്ചിലപ്പന്തലിന്റെ ഇടയിലൂടെ സൂര്യപ്രകാശം പൊട്ടുപോലെ ഭൂമിയെ തേടുന്നുണ്ടാകും. അതൊരു അനുഭവമാണ്. ഞാനത് ആസ്വദിക്കുന്നു.

Drinking Water

അതിനാല്‍തന്നെ, ധ്യാനംപോലെയാണ് എനിക്ക് ഫൊട്ടോഗ്രഫി. ഫോട്ടോ എടുക്കുകയെന്നത് പെട്ടെന്ന് തീരുന്ന ജോലിയല്ല. തപസ്സുപോലെ ഒരുപാട് നേരം ചെലവഴിച്ചാണ് ഒാരോ ചിത്രവും പകര്‍ത്തുക. ക്യാമറയ്‌ക്കൊപ്പം മനസ്സും ഫോക്കസാവണം. അതൊരു മെഡിറ്റേഷന്‍ അനുഭവമാണ് സമ്മാനിക്കുക. ഏകാഗ്രത കൂട്ടുന്ന കാര്യം തന്നെയാണത്. എനിക്ക് അതിന് കുറച്ച് ഏകാന്തത ആവശ്യമുണ്ട്. അതുകൊണ്ട് ഒറ്റയ്ക്ക്് യാത്രചെയ്യാനാണ് എനിക്കേറെ ഇഷ്ടം. അതൊരു പ്രത്യേക സുഖമാണ്. കാട്ടിലൊക്കെ ഒറ്റയ്ക്കു പോകേണ്ടി വരുമ്പോള്‍ സുരക്ഷയുടെയും മറ്റും പ്രശ്‌നമുണ്ട്. ചെലവ്, വാഹനം ഇല്ലായ്മ എന്നിവയുമുണ്ടാകാം. ഈ സാഹചര്യത്തില്‍ ടീമിന്റെയൊപ്പം പോകേണ്ടി വരും. ഫോട്ടോയെടുക്കുമ്പോള്‍ എന്നെ ഒറ്റയ്ക്കു വിടുന്ന ഒരു ഗ്രൂപ്പാണെങ്കില്‍ അതാണ് ഏറെ സന്തോഷം. എപ്പോഴും ടീമില്‍നിന്ന് ഞാന്‍ ചീത്ത കേള്‍ക്കുന്നതും കൂട്ടംതെറ്റി നടക്കുന്നതിന്റെ പേരിലാണ്. കാട്ടിലൊക്കെ കൂട്ടം തെറ്റി നടക്കുന്നത് അത്ര സുഖകരമായ കാര്യമല്ല.

സത്വരയിലെ സ്‌കിമ്മര്‍

ഒരു സ്ഥലത്തേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുമ്പോൾ തന്നെ ആ പ്രദേശത്തെക്കുറിച്ചുള്ള ധാരണ നമ്മുടെ മനസ്സിലുണ്ടാകും. ഏതൊക്കെ പക്ഷികളാണ് അവിടെയുണ്ടാകുക, ഏതൊക്കെ മൃഗങ്ങളെ കാണാന്‍ പറ്റും, ഏതു സമയത്താണ് ഇവയെ കാണാവുന്നത്, ഫോട്ടോയ്ക്കുള്ള സാധ്യത ഇവയെല്ലാം മനസ്സിലാക്കിയിരിക്കും. എന്നാല്‍ ഞാന്‍ വളരെയേറെ മനസ്സില്‍ ആഗ്രഹിക്കുകയും ഉടന്‍തന്നെ പോയി ക്യാമറയില്‍ പകര്‍ത്തണമെന്ന് വിചാരിക്കുകയും ചെയ്ത രണ്ടു ചിത്രങ്ങള്‍ ഒരു പ്ലാനിങ്ങുമില്ലാതെ യാദൃച്ഛികമായാണ് എനിക്ക് കിട്ടിയത്.

ആദ്യത്തേത് ഒരു സ്‌കിമ്മര്‍ പക്ഷിയുടേതാണ്. ഒരുതരം മീന്‍കൊത്തി പക്ഷിയാണിത്. പക്ഷിയുടെ മുകളിലത്തെ ചുണ്ടും താഴത്തെ ചുണ്ടും രണ്ടു വലുപ്പത്തിലുള്ളതാണ്. മുകളിലത്തേ ചുണ്ട് അല്പം നീളം കുറഞ്ഞതായിരിക്കും. ചുണ്ടുകള്‍ അകത്തിപ്പിടിച്ച് വെള്ളത്തിനു മേലെ തെന്നിനീങ്ങുകയാണ് ഇതു ചെയ്യുക. ഒറ്റപ്പറക്കലില്‍ ആവശ്യത്തിന് മീന്‍ കൊക്കിനുള്ളിലാക്കും. ഇന്ത്യയില്‍ വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ ഈ പക്ഷികള്‍ ഉള്ളൂ. കഴിഞ്ഞ അവധിക്കാലത്ത് ഞാന്‍ മധ്യപ്രദേശിലെ സത്പുര വന്യജീവി സങ്കേതത്തില്‍ പോയി. അവിടെ ഈ പക്ഷി ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ല. പുലി, കരടി തുടങ്ങിയവയെ കാണാനാണ് അവിടെ പ്രധാനമായും സഫാരി പോകുന്നത്.

മണിക്കൂറുകള്‍ കാത്തിരുന്ന് പുലിയെയും കരടിയെയും എ ല്ലാം കണ്ടു. ഏറ്റവും അവസാനമാണ് രണ്ട് പുലികള്‍ വരുന്നത്. കാത്തിരിപ്പിന്റെ മടുപ്പെല്ലാം മറന്ന് എല്ലാവരും പടങ്ങള്‍ എടുത്തു. കാത്തിരുന്നതിന്റെ സുഖം അറിയുന്നത് അപ്പോഴാണ്. ഭീകരനായ ജീവിയാണെങ്കിലും കൈയില്‍ എടുത്ത് ഓമനിക്കാന്‍ തോന്നുന്ന പോലുള്ള സൗന്ദര്യമാണവയ്ക്ക്്.

Bird

പിറ്റേന്ന് അവിടുള്ള നദിയിലൂടെ ഒരു ബേഡിങ് ട്രിപ്പുണ്ട്. കരയില്‍ ഒരുപാട് പക്ഷികള്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. ആ പക്ഷികളെയും കൂടും കാണാനാണ് യാത്ര. ബോട്ട് നീങ്ങിക്കഴിഞ്ഞാണ് സ്‌കിമ്മര്‍ അവിടെയുണ്ടന്നും കാണാനാകുമെന്നും അറിഞ്ഞത്. ശരിക്കും തുള്ളിച്ചാടാന്‍ തോന്നി. കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ഒരു പക്ഷി ഒട്ടും നിനയ്ക്കാതെ എന്റെ മുമ്പില്‍! പ്രത്യേകിച്ച് ഒരു തരത്തിലുമുള്ള കഷ്ടപ്പാടുമില്ലാതെ ബോട്ട് പുറപ്പെട്ടതു മുതല്‍ അവസാനം വരെ കുഞ്ഞുങ്ങളടക്കം ഇഷ്ടംപോലെ സ്‌കിമ്മറുകളെ കാണാന്‍ പറ്റി. പുലര്‍കാല മഞ്ഞും സൂര്യപ്രകാശവും കാഴ്ചയുടെ മനോഹാരിതയും കൂടി. കണ്ണിന് വളരെ സ്വീറ്റായ കാഴ്ച.

സാരസ്വത കൊക്കിന്റെ ഡാന്‍സ്

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ പോയി മടങ്ങുന്ന വഴിയാണ് സാരസ്വതകൊക്ക് കാഴ്ചയിലേക്കും ക്യാമറയിലേക്കും കടന്നുവരുന്നത്. ഞങ്ങളുടെ വണ്ടി ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെത്തിയിരുന്നു അപ്പോള്‍. രാജസ്ഥാനിലെ ബരക്പുര്‍ സാങ്ച്വറിയിലാണ് ഈ പക്ഷിയെ കൂടുതലായും കാണാറുള്ളത്. എന്റെ മനസ്സില്‍ ബരക്പൂര്‍ പോകുന്നതിനെക്കുറിച്ച് ചെറിയൊരു ആലോചനയുമുണ്ട്. പറക്കുന്ന പക്ഷികളില്‍ ഏറ്റവും നീളം കൂടിയ പക്ഷിയാണ് സാരസ്വത കൊക്ക്. ബ്രീഡിങ് കാലമാകുമ്പോള്‍ ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി ഇത് ചിറകുവിടര്‍ത്തി നൃത്തം ചെയ്യും. വളരെ മനോഹരമാണതെന്ന് കേട്ടിട്ടുണ്ട്.

ഹൈവേയിലൂടെ വണ്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇ രുവശത്തും കരിമ്പിന്‍ പാടങ്ങള്‍. പുതിയ കൃഷി തുടങ്ങിയിട്ടേയുള്ളൂ. ഇലകളൊന്നും വളര്‍ന്ന് പൊങ്ങാത്തതുകൊണ്ട് പാടത്തെ കാഴ്ചകള്‍ വ്യക്തമായി കാണാം.

യാത്രയിലെ അലസമായ ഒരു നോട്ടത്തിനിടയിലാണ് പാടത്ത് നാലു സാരസ്വതകൊക്ക് തൂവല്‍ മിനുക്കി നില്‍ക്കുന്നത് ഞാന്‍ കാണുന്നത്. ഞങ്ങള്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. ഞാന്‍ ക്യാമറയുമെടുത്ത് പാടത്തേക്ക് പാഞ്ഞു. ഫോട്ടോ എടുത്തുകൊണ്ടിരിക്കെ അവ പെട്ടെന്ന് നൃത്തം ചവിട്ടാന്‍ തുടങ്ങി. ആര്‍ക്കും അത് കണ്ടില്ലെന്നു നടിച്ച് പോകാനാവില്ല. അത്തരമൊരു സീനാണത്. 130 കി.മീ. സ്പീഡില്‍ പോകുന്ന കാറിലിരിക്കുമ്പോള്‍ അവ കണ്ണില്‍പ്പെട്ടത് ശരിക്കും നിയോഗം പോലെ തോന്നുന്നു. എനിക്ക് വിധിച്ചിട്ടുള്ള നിമിഷം പോലെ കരുതുന്നു. അല്ലെങ്കില്‍ ഞാനൊരിക്കലും അത് കാണേണ്ടതല്ല.

‘അച്ഛന്റെ ഓര്‍മയാണ് കാട് ’ ലതാ പ്രഭാകരന്‍

കലൂർ, എറണാകുളം, ഹൈക്കോടതിയില്‍, സീനിയര്‍ അഭിഭാഷക

ലതാ പ്രഭാകർ.
ലതാ പ്രഭാകർ. കലൂർ, എറണാകുളം ( ഹൈക്കോടതിയിൽ സീനിയർ അഭിഭാഷക)

തൃശ്ശൂര്‍ മണ്ണുത്തിയിലായിരുന്നു എന്റെ കുട്ടിക്കാലം. അവിടെ വെറ്റിനറി കോളജിലെ പ്രൊഫസറായിരുന്ന അച്ഛന്‍ ഡോ. പ്രഭാകരനാണ് കാട്ടിലേക്കുള്ള ആദ്യ വഴികാട്ടി. കാടും കാട്ടിൽ പോകുന്നതും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമുള്ള കാര്യമായിരുന്നു. പോകുമ്പോഴൊക്കെയും എന്നേയും ഒപ്പം കൂട്ടും. അങ്ങനെ കുട്ടിക്കാലത്ത് ഞാന്‍ ഒരുപാട് തവണ കാട്ടില്‍ പോയിട്ടുണ്ട്. കാടിനോടുള്ള ഇഷ്ടം അന്നു തുടങ്ങിയതായിരിക്കണം.

ഇടഞ്ഞ ആനയെ വെടിവച്ച് മയക്കാനൊക്കെ അച്ഛന്‍ പോകുമായിരുന്നു. ഏറെ അപകടം പിടിച്ച പണി. അച്ഛന്‍ പോയാല്‍ മടങ്ങിയെത്തുന്നതുവരെ ഞങ്ങള്‍ ആധിയോടെയാണ് കാത്തിരിക്കുക. 1995 ലാണ് ഞങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ആ സംഭവമുണ്ടാകുന്നത്. തൃശ്ശൂര്‍ പേരാമംഗലത്തിനടുത്ത് ആന ഇടഞ്ഞതറിഞ്ഞു മയക്കുവെടി വയ്ക്കാന്‍ പോയതായിരുന്നു അച്ഛന്‍. പാറമേക്കാവ് രാജേന്ദ്രനാണ് ഇടഞ്ഞത്.

Birds

കോപാകുലനായി പാഞ്ഞുനടക്കുന്ന ആനയ്ക്കുനേരെ അച്ഛന്‍ വെടിയുതിര്‍ത്തു. പക്ഷേ, വെടിയേറ്റ ആന അപ്രതീക്ഷിതമായി തിരിച്ചോടിയെത്തി. ഒപ്പം നിന്നവരെല്ലാം ചിതറി പലവഴിക്കു പാഞ്ഞു. ആനയുടെ മുന്നിലകപ്പെട്ട അച്ഛന്‍ പക്ഷേ, കുത്തേറ്റുമരിച്ചു. അച്ഛന്റെ മരണം അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇന്നും നോവിക്കുന്നു, ആ ഓർമ.

നാലാം ക്ലാസിലെ ടോയ് ക്യാമറ

ഞാന്‍ നാലില്‍ പഠിക്കുമ്പോഴാണ് അമ്മ യു.എന്‍. ഡെലിഗേറ്റായി ഡെന്മാര്‍ക്കില്‍ പോകുന്നത്. അവിടെനിന്ന് മടങ്ങിയെത്തിയപ്പോള്‍ എനിക്കും അനിയനുമായി അമ്മ ഒരു സമ്മാനം കൊണ്ടുവന്നു- ഒരു കൊച്ചു ടോയ് ക്യാമറ. അതിലാണ് എന്റെ ആദ്യത്തെ ക്ലിക്ക്. അച്ഛനൊപ്പവും പിന്നീട് ഭര്‍ത്താവിനൊപ്പവും കാട്ടില്‍ പോയപ്പോഴൊന്നും ചിത്രം പകര്‍ത്തുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നേയില്ല. രണ്ടുമൂന്ന് വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ ക്യാമറയില്‍ തമാശയ്ക്കാണ് ഞാന്‍ ഫൊട്ടോഗ്രഫി തുടങ്ങുന്നത്. അന്ന് എടുത്ത ചിത്രങ്ങള്‍ വ്യത്യസ്തവും ഭംഗിയുള്ളതുമാണെന്ന് പലരും പറഞ്ഞു. ഇതോടെയാണ് സ്വന്തമായി ഒരു ക്യാമറ വാങ്ങിയാല്‍ തരക്കേടില്ല എന്ന് തോന്നിയത്. അങ്ങനെ ഒരെണ്ണം സ്വന്തമാക്കി.

കാട്ടിലായാലും നാട്ടിലായാലും പക്ഷിച്ചിത്രങ്ങള്‍ എടുക്കാനാണ് എനിക്കിഷ്ടം. ബന്ദിപ്പുര്‍, നാഗര്‍ഗൊള, മുതുമല തുടങ്ങിയ കാടുകളിലൊക്കെ പക്ഷികളെയും തേടി പോകാറുണ്ട്. സിംഗപ്പൂർ, തായ്‌ലന്‍ഡ്, മലേഷ്യ എന്നിവയാണ് പക്ഷിയെപ്പോലെ പറന്ന വിദേശരാജ്യങ്ങള്‍. അടുത്തമാസം ശ്രീലങ്കയ്ക്കു പോകും. കോടതി വെക്കേഷനിലും വീക്കെന്‍ഡുകളിലുമാണ് യാത്രകള്‍ അധികവും. വെറ്റിറിനറി ഫേം ഏരിയാ മാനേജര്‍ ആയിരുന്ന ഭര്‍ത്താവ് സുബ്രഹ്മണ്യനായിരുന്നു മുമ്പൊക്കെ യാത്രകളിലെ കൂട്ട്. ഞങ്ങള്‍ ഒരുപാട് യാത്രപോകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായി യാത്ര.

മറക്കാത്ത ചിറകടി

വേഴാമ്പൽ

ഒരുപാട് ബുദ്ധിമുട്ടിയത് വേഴാമ്പലിന്റെ ചിത്രം എടുക്കാനാണ്. മണിക്കൂറുകള്‍ നീണ്ട തപസ്സായിരുന്നു അത്. കാത്തിരിപ്പിനൊടുവില്‍ വേഴാമ്പല്‍ മുമ്പില്‍ വന്നപ്പോള്‍ ക്ലിക്ക് ചെയ്യാന്‍തന്നെ മറന്നുപോയി. കേരളത്തിനോട് ഒരുപാട് ഇഷ്ടം തോന്നിയ നിമിഷമായിരുന്നു അത്. ‘നമ്മുടെ പക്ഷിയല്ലേ ഈ പറക്കണേ...’ എന്ന് ഓര്‍ത്തപ്പോള്‍ കോരിത്തരിച്ചു. കൈയെത്തിച്ചാല്‍ തൊടാവുന്നത്ര അടുത്തുകൂടെയാണത് പറന്നുപോയത്. ആ ചിറകടി ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എനിക്ക് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രമാണോ എന്നു തോന്നും പോലെ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. മനസ്സുനിറയുന്ന പോലെ ഒരുപാട് ചിത്രങ്ങള്‍ എടുക്കാന്‍ അന്നു പറ്റി.

ഫൊട്ടോഗ്രഫിയോടു താത്പര്യം ഉണ്ടായശേഷം ക്യാമറ എപ്പോഴും എന്റെ കാറിലുണ്ടാകും. കാരണം, എവിടുന്നാണ് ഫോട്ടോ കിട്ടുകയെന്ന് പറയാനാകില്ല. നല്ല ഷോട്സ് പലതും എനിക്ക് കിട്ടിയിട്ടുള്ളത് അവിചാരിതമായാണ്.

Bird

ജൂണ്‍ അഞ്ചിനു ഹൈക്കോടതിയില്‍ ഞാനെടുത്ത ചിത്രങ്ങളുടെ ഒരു എക്‌സിബിഷന്‍ നടത്തിയിരുന്നു. ചിത്രത്തിലെ പല പക്ഷികളും നമ്മുടെ പറമ്പിലൊക്കെ വരാറുള്ളതാണെന്ന് പറയുമ്പോള്‍ പലര്‍ക്കും അദ്ഭുതമാണ്. 'ഓ, ഇതൊക്കെ ഇവിടെയുണ്ടോ, ഇത്രേം ഭംഗിയുണ്ടോ...' എന്നൊക്കെയാണ് ചോദ്യം. ഈ ചിത്രങ്ങള്‍ കണ്ടിട്ട് പലരും പക്ഷികളെ നിരീക്ഷിക്കാന്‍ പോലും തുടങ്ങി. ചുറ്റുമുള്ള ജീവജാലങ്ങൾക്കും ഭൂമിയില്‍ തുല്യ അവകാശം ഉണ്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിഞ്ഞാൽ അതാണ് എനിക്ക് കിട്ടുന്ന സന്തോഷം.

‘എന്റെ തലതിരിച്ച യാത്ര’ സീമാ സുരേഷ്

ഗുരുവായൂർ, മുന്‍ പത്രപ്രവർത്തക

സീമാ സുരേഷ്
സീമാ സുരേഷ്. തൃത്താല, പാലക്കാട്, മുൻ പത്രപ്രവർത്തക

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ എന്‍.എ. നസീറിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ക്യാംപാണ് എ ന്റെ ജീവിതം മാറ്റിമറിക്കുന്നത്. കാടിനോടും വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രഫിയോടുമുള്ള കമ്പം തുടങ്ങുന്നത് ഈ ക്യാംപിൽ വച്ചാണ്. തൃശൂരിലെ ഒരു ഫൊട്ടോഗ്രഫി ഇന്‍സ്റ്റിറ്റ്യൂഷനാണ് ക്യാംപ് സംഘടിപ്പിച്ചത്. ക്ലാസ്സുകള്‍ ചിമ്മിനി വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയിലും. പങ്കെടുത്ത 30 പേരില്‍ ഞങ്ങള്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ മാത്രം. എല്ലാവരും കാടിനെ പ്രണയിക്കുന്നവര്‍. ഈ യാത്രയാണ് എന്റെ തല തിരിച്ചത്.

ഫൊട്ടോഗ്രഫിയെപ്പറ്റി കൂടുതല്‍ അറിയണമെന്ന തോന്നല്‍ ശക്തമായതോടെ ഷൂട്ട് സ്‌കൂളില്‍ ചേര്‍ന്ന് ബേസിക് പഠിച്ചു. അവിടെനിന്നുതന്നെ രണ്ടുമൂന്ന് ക്യാംപുകള്‍ അറ്റന്റ് ചെയ്തു. അന്നെന്റെ കൈയില്‍ ഒരു ബേസിക് ക്യാമറയേ ഉള്ളൂ. കൂടുതല്‍ മനസ്സിലാക്കിയതോടെ യാത്രകള്‍ക്കൊപ്പം ഫൊട്ടോഗ്രഫിയും ആസ്വദിച്ചുതുടങ്ങി. മനസ്സില്‍ പതിഞ്ഞിരുന്ന കാഴ്ചകള്‍ അങ്ങനെ ലെന്‍സില്‍ പതിയാന്‍ തുടങ്ങി.

ടെന്‍ഷന്‍ ഫ്രീ ഏരിയ

ടെന്‍ഷനുകള്‍ മാറ്റുന്ന മായാലോകമാണ് എനിക്ക് കാട്. ഇലമര്‍മരങ്ങളും കിളിപ്പേച്ചുകളും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയും വന്യതയുടെ മുരള്‍ച്ചകളും നിറഞ്ഞ ആ ലോകം തണുപ്പാര്‍ന്ന കൈകള്‍ നീട്ടി ഇടയ്ക്കിടെ എന്നെ വിളിക്കും. അതിനാല്‍, ഓരോ യാത്രയുടെ ഒടുക്കവും അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പിന്റെ തുടക്കമാണ്.

കാടറിഞ്ഞിട്ടു വേണം കാട്ടിലൂടെ യാത്ര ചെയ്യാന്‍. മനസ്സിന് അച്ചടക്കം വേണം. കാടിനെ ബഹുമാനിച്ചുകൊണ്ട് മാത്രമേ ട്രക്കിങ്ങിന് പോകാവൂ. അഞ്ചുവര്‍ഷമായി ഞാന്‍ കാടുകയറാന്‍ തുടങ്ങിയിട്ട്്. കാട്ടിൽ നിന്നു ആനയെയോ കടുവയെയോ അല്ലെങ്കില്‍ ചെറിയൊരു പ്രാണിയെ എങ്കിലുമോ ഫോട്ടോ എടുത്തുകൊണ്ട്് വന്ന് കംപ്യൂട്ടറില്‍ ഇട്ട് കാണുന്നതിലും അപ്പുറം സന്തോഷമില്ല. വളരെ ചെലവേറിയ ഹോബിയാണ് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫി. എങ്കിലും ചെലവിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. എന്റെ ചിത്രങ്ങള്‍, യാത്രകള്‍, അല്ലെങ്കില്‍ എന്റെ ഒരു ചിത്രം നല്‍കുന്ന സന്ദേശം ഇവയെല്ലാമാണ് എനിക്കു കിട്ടുന്ന ഏറ്റവും വലിയ സന്തോഷം.

കേരളത്തിലെ കാടുകളുടെ സൗന്ദര്യം പുറത്തെ കാടുകളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കുറച്ചുകൂടി തുറസ്സായ കാടുകളാണ് അവിടെയുള്ളത്. വലിയ മരങ്ങളൊന്നും ഉണ്ടാകില്ല. ഫോട്ടോയെടുക്കാന്‍ എളുപ്പം ഈ കാടുകളാണ്. എന്നാല്‍, കേരളത്തിലെ കാട്ടില്‍ മൃഗങ്ങളെ കാണാനുള്ള സാധ്യത കുറവാണ്. പല യാത്രകളിലും ഒറ്റ മൃഗത്തെപോലും കാണാനാവാതെ തിരിച്ചുപോരേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഇവിടുത്തെ കാട് നല്‍കുന്ന പൊസിറ്റീവ് എനര്‍ജി ഒന്നു വേറെതന്നെയാണ്.

കാട്ടിലെ ദൈവം

ഓരോ ചിത്രത്തിനു പിന്നിലും ഒരു സ്ട്രഗിളുണ്ടാകും. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫിയെന്നത് ഈശ്വരന്‍ നമുക്കു തരുന്ന ഭാഗ്യമാണെന്നാണ് എന്റെ വിശ്വാസം. ഷോളയാറിലൂടെ പത്തും പതിനൊന്നും യാത്രകള്‍ നടത്തിയിട്ട് എനിക്ക് വേഴാമ്പലിനെ കാണാന്‍ സാധിച്ചിരുന്നില്ല. ഒരിക്കല്‍, ശ്വാസം വിടാതെ മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും എനിക്ക് കിട്ടിയത് അതിന്റെ കാലും വാലിന്റെ അറ്റവും മാത്രം!

പതിമൂന്നാമത്തെ യാത്രയിലാണ് എനിക്ക്് ക്യാമറ നിറയെ വേഴാമ്പലിനെ കിട്ടുന്നത്. ഒരു മരക്കൊമ്പില്‍ രണ്ട് വേഴാമ്പലുകള്‍ ഇരുന്ന് സ്‌നേഹം പങ്കിടുകയാണ്. അന്ന് ക്യാമറയിലെ 32 ജി.ബി. കാര്‍ഡ് വേഴാമ്പല്‍ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞു.

Photo By Seema

കടുവയുടെ ചിത്രത്തിനു വേണ്ടിയും ഇതേപോലെ അലഞ്ഞിട്ടുണ്ട്. ഒരു തവണ കടുവ തൊട്ടുമുന്നില്‍ വന്നു നിന്നെങ്കിലും അതിനെ കണ്ടതിന്റെ അദ്ഭുതത്തില്‍ ഫോട്ടോ എടുക്കാന്‍ പോലും വിട്ടുപോയി. കടുവ കാട്ടിലെ ദൈവമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ദൈവം മുന്നില്‍ വന്നാല്‍ എന്തുചെയ്യും? അതേ അവസ്ഥയാണ് അന്നുണ്ടായത്. എന്റെ കൂടെ വേറെ രണ്ട് ഫൊട്ടോഗ്രഫേഴ്‌സും ഉണ്ടായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലില്‍ ആര്‍ക്കും ഫോട്ടോയെടുക്കാനായില്ല. അവന്‍ കാട്ടിലേക്ക് മറഞ്ഞശേഷം ഞെട്ടലില്‍ നിന്ന് മുക്തരായ ഞങ്ങള്‍ പരസ്പരം ചോദിച്ചു- ങേ, കടുവയല്ലേ ആ പോയത് എന്ന്... നല്ലൊരു ചിത്രം അന്ന് കിട്ടുമായിരുന്നു. അത് എടുക്കാനാവാത്തതില്‍ നിരാശയുണ്ടായിരുന്നെങ്കിലും കടുവയെ കണ്ടതിന്റെ സന്തോഷം അതുക്കും മേലെയായിരുന്നു. പിന്നെയും കാലം ഒരുപാടു കഴിഞ്ഞാണ് 'ദൈവം' എന്നോടു കനിഞ്ഞത്.

കാടിന് ഓരോ സമയത്തും ഓരോ സൗന്ദര്യമാണ്. മഴക്കാലത്തെ കാടും രാത്രിയിലെ കാടും കാട്ടിലെ നിലാവും എല്ലാം കണ്ടുതന്നെ ആസ്വദിക്കണം. എത്ര വര്‍ണിച്ചാലും വാക്കുകളുടെ പരിമിതിയില്‍ തട്ടി അത് ചിതറിപ്പോകും. കാടിന്റെ പലവിധ ശബ്ദങ്ങളില്‍ മുങ്ങി, നിലാവും ആകാശവും കണ്ട് പാറപ്പുറത്ത് കിടക്കുമ്പോള്‍ സ്വര്‍ഗം വന്നു വിളിച്ചാലും ഞാന്‍ പോകില്ല, സത്യം...  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA