sections
MORE

ചരിത്രം ഉറങ്ങുന്ന കടുവാകോട്ട

Sariska,_Rajasthan4
SHARE

ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുനില്‍ക്കുന്ന കടുവാസങ്കേതവും ഒപ്പം പഴമയുടെ ഭംഗി വിടര്‍ത്തി നില്‍ക്കുന്ന ഒരുപിടി പുരാതന കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും ക്ഷേത്രങ്ങളുമാണ് കിഴക്കന്‍ രാജസ്ഥാനിലെ സരിസ്കയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. കടുവകൾക്ക് മാത്രമായുള്ള ഉദ്യാനമാണിവിടം.  വേനല്‍കാലത്ത് കടുത്ത ചൂടും മഴക്കാലത്തും തണുപ്പു കാലത്തും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടുന്ന വനമേഖല. 1979ല്‍ ദേശീയോദ്യാനമായി  പ്രഖ്യാപിച്ച സരിസ്ക വന്യജീവി സങ്കേതത്തിന്റെ പ്രധാന ആകര്‍ഷണം ബംഗാള്‍ കടുവകളാണ്. മധ്യപ്രദേശിലെ രത്തംബോര്‍ കടുവാസങ്കേതത്തില്‍ നിന്ന് പുനരധിവസിപ്പിച്ച ബംഗാള്‍ കടുവകളാണ് നിലവില്‍ ഇവിടെയുള്ളത്.

Sariska,_Rajasthan1

ആരവല്ലി പർവ്വതനിരയുടെ ഭാഗമായി കാണുന്ന സരിസ്ക ദേശീയ ഉദ്യാനം ചരിത്രപരമായി ഏറെ പ്രസക്തിയർഹിക്കുന്ന ഒരിടമാണ്.  274 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഇലപൊഴിയും വനമേഖലയായ സരിസ്ക നിരവധി സസ്യ-ജന്തു ജാലങ്ങളുടെ വാസസ്ഥലം കൂടിയാണ്. ആയിരത്തിലധികം വിവിധ സസ്യ ശേഖരവും ഈ വന മേഖലയെ ഫലഭൂഷ്ഠമാക്കുന്നു. നിരവധി മൃഗങ്ങളും സരിസ്കയിൽ സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ടെങ്കിലും ഈ ദേശീയ ഉദ്യാനം അറിയപ്പെടുന്നത് കടുവ സംരക്ഷിത കേന്ദ്രമായിട്ടാണ്. 

863348102

പുള്ളിപ്പുലി, നീർനായ, ചെന്നായ, കുറുക്കൻ, പുലി, പുള്ളിമാന്‍, കാട്ടുകാള, കാട്ടുനായ, കരിമ്പുലി,  ഹനുമാന്‍ കുരങ്ങ്, ഹൈന, കുറുക്കന്‍, കലമാന്‍ തുടങ്ങിയ വന്യജീവി സമ്പത്തിനൊപ്പം പക്ഷികളുടെ അപൂർവ്വ സാന്നിദ്ധ്യവും സരിസ്കയിലുണ്ട്.  പ്രത്യേക തരം മൂങ്ങകൾ ഉൾപ്പെടെയുള്ള പക്ഷികൾ ഇവിടുത്തെ സവിശേഷതയാണ്. 

863508408

ചരിത്രം ഉറങ്ങുന്ന സരിസ്കയിലെ പുരാതന അവശേഷിപ്പുകൾക്ക് പറയാൻ കഥകൾ ഒരുപാടാണ്. രാജസ്ഥാനിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമമാണ് ഭംഗര്‍. സരിസ്കയിൽ എത്തുന്ന  സഞ്ചാരികൾക്ക് ഒഴിവാക്കാൻ സാധിക്കാത്ത  പ്രദേശം. ആർക്കിയോളജി വകുപ്പിന്റെ കീഴിലാണ് ഭംഗര്‍ . പൗരാണികമായ അത്രയേറെ കഥകൾ ഇവിടവുമായി ചുറ്റപ്പെട്ടു കിടക്കുന്നു. ഇവിടേയ്ക്ക് കടക്കുന്നതിനു മുൻപ് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ "സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും ഭംഗറിനുള്ളിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു" എന്ന ബോർഡ് കാണാം. 

കാടിന്റെ ആഴമേറിയ അകത്തളങ്ങളിൽ അപകടകാരികളായ വന്യമൃഗങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് ഇത്തരമൊരു ബോർഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.  പക്ഷെ ഇന്നാട്ടുകാർ പറയുന്നത് അസമയത്ത് ഇവിടെ പ്രേത ശല്യം അനുഭവപ്പെടുന്നുണ്ടെന്നാണ്. കോട്ടകൾ, കൊട്ടാരങ്ങൾ, വീടുകൾ ഒക്കെ വളരെ സുന്ദരം. ഒരർത്ഥത്തിൽ മരണപ്പെട്ട ഒരു നഗരം. അത്ര വലിയ ഭീതിപ്പെടുത്തുന്ന കഥയൊന്നുമല്ല ഈ നഗരത്തിനു പറയാനുള്ളത്.  തലമുറകൾ അവസാനിച്ചു പോയ ഒരു രാജകുടുംബത്തിന്റെ കഥകൾ പറയുന്ന കോട്ട നഗരത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.

രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ജനറലുമായിരുന്ന മാന്‍സിങ്ങിന്റെ മകന്‍ മധോസിങ് 1613ലാണ് മനോഹരമായ ഈ ഭംഗര്‍ കോട്ട നിര്‍മിച്ചത്. ബാബാ ബലനാഥ് എന്ന സന്യാസിയുടെ ശാപം മൂലം മധോസിംഗിന്റെ പേരക്കുട്ടി അജബ്സിങ്ങിന്റെ കാലത്ത് ഈ കോട്ട ഉപേക്ഷിച്ചതായാണ് ഐതിഹ്യം. മൂന്ന് ക്ഷേത്രങ്ങളും ഉള്ള കോട്ടയും പരിസരവും പ്രേതനഗരമായാണ് പരിസരവാസികള്‍ ഗണിക്കുന്നത്. കോട്ടയും പരിസരവും സഞ്ചാരികളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് കാട്ടി സൂര്യോദയത്തിന് മുമ്പും ശേഷവും ഇങ്ങോടുള്ള പ്രവേശനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്.

കനക്വാരി കോട്ട, സരിസ്ക

Kankawari_fort2

കാടിനുള്ളിൽ കാണുന്ന കോട്ടയാണിത്‌. സരിസ്ക വനത്തിന്റെ പതിനെട്ടു കിലോമീറ്റർ ചുറ്റളവിൽ തന്നെയാണ് ഈ കോട്ടയും . പഴയകാല പ്രൗഢി വിളിച്ചോതുന്നതാണ് കോട്ടയെങ്കിലും ഭീതിപ്പെടുത്തുന്നതും വിസ്മയിപ്പിക്കുന്നതുമായ  അനുഭവവും കോട്ട സമ്മാനിക്കും. കടുവയെയും പുലികളെയും കാണാന്‍ ഏറെ സാധ്യതയുള്ള മേഖലയാണ് കോട്ടയും പരിസരങ്ങളും. കോട്ടയുടെ ഏറ്റവും മുകള്‍ഭാഗം വരെ സന്ദര്‍ശകര്‍ക്ക് കടന്നുചെല്ലാനാകും. ഇവിടെ നിന്നാല്‍ താഴ്‌വരയുടെയും വനമേഖലയുടെയും വിശാലദൃശ്യം കാണാനാകും.

ജംഗിള്‍ സഫാരി

838541548

സരിസ്കയിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യാകർഷണം ജംഗിള്‍ സഫാരിയാണ്. ദേശീയ പാര്‍ക്കിലെ വൈവിധ്യമാര്‍ന്ന മൃഗങ്ങളെയും അപൂര്‍വങ്ങളായ ജൈവ സമ്പത്തുകളും കണ്ടുകൊണ്ടുള്ള ജീപ്പ് സഫാരി സന്ദർശകർക്ക് ആവേശം പകരുന്നതാണ്. ജീപ്പ് സവാരി പാര്‍ക്കിന്റെ‌ കവാടത്തില്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാഹസിക ഇഷ്ടപ്പെടുന്നവർക്ക് ഉൾക്കാട്ടിലൂടെ നടത്തവുമാകാം. ട്രക്കിങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബംഗാള്‍ കടുവകള്‍ക്ക് പുറമെ കലമാന്‍, പുള്ളിമാന്‍, കാട്ടുപന്നി, നീലക്കാള, , ആന്‍റലോപ്പ്, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങള്‍ക്ക് പുറമെ  മയില്‍,സ്വര്‍ണ മുതുകുള്ള മരംകൊത്തികള്‍ തുടങ്ങി വ്യത്യസ്ത പക്ഷികളെയും ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാം.

സരിസ്കയിൽ എത്തണമെങ്കിൽ പല മാർഗ്ഗങ്ങളുമുണ്ട്. ഏറ്റവും അടുത്ത എയർപോർട്ട് 130  ൽ അധികം ദൂരത്തുള്ള ജയ്‌പ്പൂരാണ്. അവിടെ നിന്ന് നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള റെയിൽ ഗതാഗതമുണ്ട്. അത് സരിസ്ക സ്ഥിതി ചെയ്യുന്ന അൽവാർ വഴിയും പോകുന്നുണ്ട്. ഡൽഹി-ജയ്‌പൂർ ഹൈവേയിലാണ് ഈ ഇടം എന്നതിനാൽ റോഡ് മാർഗ്ഗവും ഇവിടെയെത്താൻ എളുപ്പമാണ്. 

Sariska,_Rajasthan3

ഇവിടെയെത്തി കഴിഞ്ഞാൽ പിന്നെ യാത്രകൾ ഔദ്യോഗികമായി തന്നെയാണ്. സ്വകാര്യമായ യാത്ര കാടിന്റെ ഉള്ളിലേയ്ക്ക് അനുവദനീയമല്ല. ട്രെക്കിങ്ങിനായി വാഹന സൗകര്യം ഇവിടെ അധികൃതർ നൽകുന്നുണ്ട്. മൃഗങ്ങൾ അക്രമിക്കാതെയിരിക്കാൻ വാഹനം ബലമുള്ള ഇരുമ്പു കമ്പികൾ കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു. എന്ത് തന്നെയായായാലും സരിസ്ക കാടും അതിന്റെ അടുത്തുള്ള പ്രദേശവും നിഗൂഢതകൾ ഇഷ്ടമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരിക്കും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA