മൗണ്ടൻ ഗൊറില്ലകളെ തേടി

2gorilla
SHARE

ആഫ്രിക്കയിൽ മസൈ മാര, വിക്ടോറിയ വെള്ളച്ചാട്ടം തുടങ്ങിയവ പോലെ പ്രശസ്തമാണ് മൗണ്ടൻ ഗൊറില്ല ട്രെക്കിങ്ങ്. മനുഷ്യനുമായി ജനിതകഘടനയിൽ വളരെയധികം സാമ്യമുള്ള മൗണ്ടൻ ഗൊറില്ലകൾ നിത്യ ഹരിത വനങ്ങളായ ഉഗാണ്ടയിലുള്ള ബിവിണ്ടി, മഹാഗിങ്ങാ (Bwindi Impenetrable & Mgahinga) നാഷണൽ പാർക്കിലും റുവാണ്ടയിലുള്ള വോൾകാനോസ് നാഷണൽ പാർക്കിലും (Volcanoes National Park) കോംഗോയിലുള്ള വിരുന്‍ഗ നാഷണൽ (Virunga National Park) പാർക്കിലുമെല്ലാം വസിക്കുന്നു. ഏകദേശം 800 ൽ താഴെ മൗണ്ടൻ ഗൊറില്ലകളാണ് ഭൂമുഖത്തുള്ളത്.  വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്താണ് മൗണ്ടൻ  ഗൊറില്ലയുടെ സ്ഥാനം.

617377858

  ഇക്കൂട്ടർ ചെറിയ ഗ്രൂപ്പുകളായാണ് താമസം. സിൽവർ ബാക് എന്നറിയപ്പെടുന്ന ആൺ ഗൊറില്ലകളാണ് ഗ്രൂപ്പിനെ നയിക്കുന്നത്. മിക്ക ഗ്രൂപ്പുകളിലും ഒന്നോ രണ്ടോ ആൺ ഗൊറില്ലകൾ ഉണ്ടാവും. ഗ്രൂപ്പുകൾ തമ്മിൽ കണ്ടുമുട്ടിയായാൽ, സിൽവർ ബാക്കുകൾ തമ്മിൽ വഴക്കുണ്ടാകാറും പതിവാണ്. പൊതുവെ സസ്യാഹാരിയായ ഗൊറില്ലകൾ ചിലപ്പോൾ ഉറുമ്പുകളെയും ചെറിയ പ്രാണികളെയും ഭക്ഷിക്കാറുണ്ട്. ദിവസവും ആറുമണിക്കൂറോളം ഭക്ഷണം കഴിക്കലാണ് പരിപാടി. ഗൊറില്ലകൾ പൊതുവെ നിരുപദ്രവകാരികളും നാണം കുണുങ്ങികളും ആണ്.

മൗണ്ടൻ ഗൊറില്ലയെ നേരിൽ കാണുവാനുള്ള ആദ്യപടി ഗൊറില്ല പെര്‍മിറ്റു സംഘടിപ്പിക്കുകയാണ്‌. പതിനാറു വയസിൽ താഴെയുള്ള കുട്ടികളെ ട്രെക്കിങ്ങിനു അനുവദിക്കുന്നതല്ല. കോംഗോയിൽ സെക്യൂരിറ്റി പ്രശനങ്ങൾ ഉള്ളതിനാൽ ഉഗാണ്ടയിലും റുവാണ്ടയിലും ആണ് ഗൊറില്ല ട്രക്കിങ് നടത്താൻ സാധിക്കുന്നത്. എട്ടു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ഒരു മണിക്കൂറാണ് ഗൊറില്ലകളുടെ കൂടെ ചിലവഴിക്കാൻ അനുവദിച്ചിരിക്കുന്നത്. ഉഗാണ്ടയിൽ 600 ഡോളറും റുവാണ്ടയിൽ 1500 ഡോളറുമാണ് പെർമിറ്റ് ഫീസ്. സഞ്ചാരികൾക്ക് നേരിട്ട് അപേക്ഷിക്കാമെങ്കിലും ടൂർ ഏജന്റുകൾ മുഖേന തരപ്പെടുത്തുന്നതാണു എളുപ്പം. പലപ്പോഴും  പെർമിറ്റുകൾ കിട്ടാൻ ബുദ്ധിമുട്ടാണ്. മൂന്ന് പാർക്കിലും കൂടി ഏകദേശം നാനൂറോളം ഗൊറില്ലകളെയാണ് ടൂറിസ്റ്റുകൾക്ക് കാണുവാൻ സാധിക്കുന്നത്.

6gorilla11

ഉഗാണ്ടയിലുള്ള ബിവിണ്ടി നാഷണൽ പാർക്കാണ് ഗൊറില്ല ട്രെക്കിങ്ങിനായി  തെരഞ്ഞെടുത്തത്. കമ്പാലയിൽ നിന്നും പത്തുമണിക്കൂർ അധികം റോഡുയാത്രയുണ്ട് ഇവിടേക്ക്. എന്നാൽ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ എത്താനായാൽ (35 മിനിറ്റ് വിമാന യാത്ര), അവിടെ നിന്നും മൂന്നു മണിക്കൂർ യാത്രകൊണ്ട് പാർക്കിലെത്താം. “Lets Go Tours Rwanda” എന്ന കമ്പനി മുഖേനെയാണ് പെര്‍മിറ്റും, താമസവും ഉള്‍പ്പടെ മറ്റു യാത്ര സൗകര്യങ്ങളും തെരഞ്ഞെടുത്തത്. രണ്ടു ദിവസത്തെ ട്രെക്കിങ്ങിനായി ഗൈഡും ഒപ്പമുണ്ടാകും. 

റുവാണ്ട

7gorilla12

ദ്രുതഗതിയിൽ  പുരോഗതിയുടെ പാതയിൽ വളർന്നുകൊണ്ടിരിക്കുന്ന മനോഹര രാജ്യമാണ് റുവാണ്ട. മലകൾ ധാരാളമുള്ള ഇവിടം “Land of thousand hills” എന്ന പേരിലുെ പ്രസിദ്ധമാണ്. കൃഷിയും ടൂറിസവുമാണ് ഇവിടുത്തെ പ്രധാന വരുമാനം.  വളരെ വൃത്തിയും വെടിപ്പുമുള്ള റോഡുകൾ. എന്നാൽ അനുവദിച്ചിരിക്കുന്ന വേഗം തെറ്റിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത വലിയ പിഴയും ഇൗടാക്കും. ഫ്രഞ്ചും, ഇംഗ്ലീഷും, സ്വാഹിലിയും ഒക്കെ സംസാരിക്കുന്ന സമാധാന പ്രിയരായ ജനങ്ങൾ. ഇതൊക്കെയാണെങ്കിലും അവർക്കും പറയാനുണ്ട് വേദനാജനകമായ ഒരു പൂർവകാല ചരിത്രം. 1994 ൽ നടന്ന  നൂറു ദിവസം നീണ്ടുനിന്ന ഒരു കൂട്ടക്കുരുതിയുടെ കഥ. ഏകദേശം രണ്ടര ലക്ഷം ടുട്സി (tutsi) വംശജരെയാണ് ഹുട്ടു (Hutu) എന്ന മറ്റൊരു വർഗം കൊന്നൊടുക്കിയത്. “ഹോട്ടൽ റുവാണ്ട” എന്ന സിനിമ ഈ വംശഹത്യയെ ആധാരമാക്കിയുള്ളതാണ്. ഇന്ന് പുതിയ ഭരണകൂടം അതിന്റെ ഓർമക്കായി ഒരു സ്മാരകം ഉണ്ടാക്കുകയും ഐഡിന്റിറ്റി കാർഡിൽ പോലും വംശമോ അതുപോലുള്ള വിവരങ്ങളോ പാടില്ലെന്നുള്ള നിയമവും കൊണ്ടുവന്നു.

3gorilla5

എയർപോർട്ടിൽ നിന്നും, നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നത് പ്രകാരം അടുത്ത യാത്ര“genocide memorial” കാണാൻ ആണ് പോയത്. ഇവിടെ പ്രവേശനം സൗജന്യമാണ്. പത്തുമിനിറ്റു ദൈർഘ്യമുള്ള വീഡിയോ പ്രദർശനം കണ്ടുകൊണ്ടാണ് തുടക്കം. സ്മാരക മ്യൂസിയം, കൂട്ടത്തോടെ മറവുചെയ്ത കല്ലറകൾ, ഓര്‍മക്കായുള്ള പൂന്തോട്ടങ്ങൾ, ചെറിയ വീഡിയോ പ്രദർശനങ്ങൾ എല്ലാം കാഴ്ചകളും കണ്ടുകഴിയുമ്പോൾ ഏതു കഠിന ഹൃദയനും കരഞ്ഞുപോവും. വളരെ ഹൃദയ ഭേദകമായി തോന്നിയത് കൊല്ലപ്പെട്ട കുട്ടികളുടെ വിഭാഗം ആണ്. ഒപ്പമുണ്ടായിരുന്ന  ഗൈഡ് ജോണിന്റെ ബന്ധുക്കളെല്ലാം തന്നെ ഈ കൂട്ടക്കുരുതിയിൽ മരണപ്പെട്ടതായിരുന്നു. ജോണും മാതാപിതാക്കളും ഉഗാണ്ടയിൽ ആയിരുന്നതിനാൽ രക്ഷപ്പെട്ടു.

7genocide-kigali

പത്തുമണിയോടെ അവിടെ നിന്നും ഇറങ്ങി ബകിഗ ലോഡ്ജ് (Bakiga Lodge) ലക്ഷ്യമാക്കി യാത്രയായി. കാട്ടുണ (Katuna) എന്ന അതിർത്തി വഴി വീണ്ടും ഉഗാണ്ടയിൽ പ്രവേശിച്ചു. വഴിയിൽ ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണവും കഴിഞ്ഞ് മൂന്ന് മണിയോട് കൂടി ലോഡ്ജിൽ എത്തിച്ചേർന്നു. ഈ ലോഡ്ജ് ബിവിണ്ടി വനത്തിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മലകളും കുന്നുകളും നിറഞ്ഞതായിരുന്നു. തട്ടുതട്ടായി തിരിച്ചു ഇവിടെ വാഴ, ഉരുളക്കിഴങ്ങു, ബീൻസ് തുടങ്ങിയവ ധാരാളമായി കൃഷി ചെയ്യുന്നു. ഒരു മലയുടെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. വൈകുന്നേരം ചെറുതായി മഴ പെയ്യുകയും നല്ല തണുപ്പ് ആരംഭിക്കുകയും ചെയ്തു. ഗൊറില്ല ട്രക്കിങ്ങിനുവേണ്ടി വന്നിരിക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള പലരെയും പരിചയപ്പെടാനും സാധിച്ചു. വൈകുന്നേരത്തെ അത്താഴവും കഴിച്ചു ഉറക്കത്തിലേയ്ക്ക് വഴുതിവീണു. 

9gorilla14

രാവിലെ ആറുമണിക്കുണർന്നു റെഡിയായി (ട്രെക്കിങ് ഷൂസ്, റൈൻ കോട്ട് , ഒന്നര ലിറ്റർ വെള്ളം ഇവയെല്ലാം കൈയിൽ കരുതി. ഭക്ഷണവും കഴിച്ചു, ഉച്ചക്കുള്ളത് പായ്ക്കും ചെയ്തു , UWA ഓഫീസിലെത്തി. റൂഹിജ (Ruhija) എന്ന സ്ഥലത്തുള്ള ഉഗാണ്ട വൈൽഡ് ലൈഫ് അതോറിറ്റിയുടെ ഓഫീസിൽ നിന്നും നാലു ഗൊറില്ല ഗ്രൂപ്പുകളെ കണ്ടു. എട്ടുപേർ വീതമുള്ള നാലു ഗ്രൂപ്പുകൾക്കാണ് ഒരു ദിവസം ട്രെക്കിങ്ങ് നടത്താൻ സാധിക്കുന്നത്. രാവിലെ 8 മുതൽ രാത്രി 7 മണി വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. എന്നാൽ എല്ലാവരും അതിനും വളരെ നേരത്തെ തിരിച്ചു എത്താറാണ് പതിവ്. ട്രെക്കിങ്ങ് എളുപ്പമാക്കാൻ വേണ്ടി ആദ്യമേ തന്നെ രണ്ടു മൂന്ന് ട്രാക്കറുമാരെ ഓരോ ഗൊറില്ല ഗ്രൂപ്പിനെയും പിറ്റേ ദിവസം അവസാനമായി എവിടെ കണ്ടോ, അങ്ങോട്ട് അയക്കും. 

8gorilla13

ഒപ്പമുള്ള ഗൈഡ്  എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല എന്ന ചെറിയ വിവരണവും നൽകിയ ശേഷം ‍ നാലു ഗ്രൂപ്പാക്കി തിരിച്ചു. എനിക്ക് കിട്ടിയത് മുകിസാ (Mukiza) എന്ന ഗൊറില്ല ഗ്രൂപ്പ് ആണ്. മുകിസാ എന്ന സിൽവർ ബാക്കുൾപ്പെടെ പതിമൂന്നോളം ഗൊറില്ലകളാണ് ഈ ഗ്രൂപ്പിൽ ഉള്ളത്. മുകിസാ എന്നാൽ “lucky” എന്നാണത്രെ അർഥം. ആദ്യമേതന്നെ എല്ലാവരും തമ്മിൽ പരിചയപ്പെട്ടു. എന്റെ കൂടെയുള്ളത് അയര്‍ലണ്ടിൽ നിന്നുള്ള ഒരു ഫാമിലി അമേരിക്കയിൽ നിന്നുള്ള ഒരു ഫാമിലി, ജർമനിയിൽ നിന്നുള്ള രണ്ടുപേർ പിന്നെ UK യിൽ നിന്നും ഒരാൾ ആയിരുന്നു. എല്ലാവരും ആദ്യമായി ആണ് ഗൊറില്ല ട്രെക്കിങ്ങ് നടത്തുന്നത്. ഗൈഡിനെ കൂടാതെ രണ്ടു തോക്കു ധാരികളും പോർട്ടർമാരുമാണ് കൂടെ ഉള്ളത്. വനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ആനകൾ ഉള്ളതിനാല്‌ ആണ് തോക്കുധാരികൾ കൂടെ വരുന്നത്. ആകാശത്തേയ്ക്ക് വെടിവച്ചാൽ അവ ഓടി പൊയ്ക്കൊള്ളുമത്രെ.

11gorilla16

ധാരാളം വനകളിലൂടെ ഒക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊടും വനത്തിൽ കൂടിയുള്ള ഈ ട്രെക്കിങ്ങ് വളരെ വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന അമേരിക്കൻ ഫാമിലി കുറച്ചു പ്രായം ആയവരായതിനാൽ നന്നായി കഷ്ടപ്പെട്ടു. തെന്നിയും, നിരങ്ങിയും, നടന്നും ഇടക്കൊക്കെ വീണും മെല്ലെ മെല്ലെ ഞങ്ങൾ ലക്ഷ്യത്തിലേക്കു നീങ്ങി. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അതിരാവിലെ തന്നെ വനത്തിനുള്ളിൽ പോയ ട്രക്കറുമാരുടെ മെസ്സേജ് കിട്ടി.

4gorilla8

അവർ മുകിസ ഗ്രൂപ്പിനെ കണ്ടെത്തിയിരിക്കുന്നു. ഇനിയും ഒരു മണിക്കൂർ കൂടി നടക്കണം. എല്ലാവരും ശരിക്കും മടുത്തു. എങ്കിലും ഗൊറില്ലയെ കാണാനുള്ള ആവേശത്തിൽ വീണ്ടും മുന്നോട്ടു. ആദ്യം കണ്ടത് രണ്ടു ചെറിയ ഗൊറില്ലകൾ ഒരു മരത്തിൽ ഇരുന്നു കായ്കനികൾ ഭക്ഷിക്കുന്നതായിരുന്നു. തുടർന്ന് മറ്റു അനേകം ഗൊറില്ലകളെയും. കുറച്ചു വിഷമം പിടിച്ചവ ആയതിനാൽ പേരുകളൊന്നും മനസ്സിൽ നിന്നില്ല.

5gorilla10

സിൽവർ ബാക്കിനെ ഒന്ന് കാണേണ്ടത് തന്നെ ആണ്. 200 കിലോയോളം ഭാരം ഉണ്ടാവുമത്രെ. ഞങ്ങൾക്ക് രണ്ടു കുട്ടി ഗൊറില്ലകളെയും ഏഴുമാസം പ്രായമുള്ള വളരെ ചെറിയ ഒന്നിനെയും കാണാൻ സാധിച്ചു. ഒരു കുട്ടി ഗൊറില്ല മെല്ലെ മെല്ലെ വന്നു എന്റെ അടുത്ത് കളിയായി. കൗതുകം തോന്നി ആശാൻ എന്നെ തൊട്ടൊക്കെ നോക്കാൻ തുടങ്ങി. കുറച്ചു സമയത്തിന് ശേഷം ഗൈഡ് നിർദേശിച്ചത് അനുസരിച്ചു ഞാൻ പുറകോട്ടു മാറി. ഒരു മണിക്കൂർ കടന്നു പോയതേ അറിഞ്ഞില്ല. തിരിച്ചുള്ള കയറ്റമായിരുന്നു ഇറക്കത്തെക്കാൾ വിഷമം. തിരിച്ചു വൈൽഡ് ലൈഫ് ഓഫീസിൽ എത്തിയ ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് തരുകയുണ്ടായി. ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷം എല്ലാവരോടും യാത്ര പറഞ്ഞു ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമയും നെഞ്ചിലേറ്റി തിരിച്ചു റുവാണ്ടയിലേക്കു തിരിച്ചു.

12gorilla-group17

റുവാണ്ടയുടെ അതിർത്തിയിൽ എത്തിയപ്പോൾ മൂന്നുമണി ആയതേ ഉള്ളു. എന്റെ ഉഗാണ്ടക്കുള്ള വിമാനം രാത്രി 12 നാണു. ജോണിന്റെ നിർദേശ പ്രകാരം, ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് കോംഗോ (DRC) യോട് ചേർന്ന് കിടക്കുന്ന കീവ് തടാകം (lake kivu) കാണാൻ പോകാൻ തീരുമാനിച്ചു (അതിനു ചെറിയൊരു കാശു പുള്ളിക്ക് കൊടുക്കണം). ക്യാനിക (Kyanica) എന്ന ഉഗാണ്ടൻ അതിർത്തിയിൽ നിന്നും ഏകദേശം മൂന്നു മണിക്കൂറോളം യാത്ര ചെയ്തു അവിടെ എത്തിച്ചേർന്നു. വളരെ മനോഹരമായ സ്ഥലം. ചെറുതെങ്കിലും സുന്ദരമായ ബീച്ച്. എങ്ങും കോംഗോളീസ്‌ തരുണീമണികൾ. കിവു തടാകം പകുതി കോംഗോയിലും ബാക്കി റുവാണ്ടയിലും ആയിട്ടാണ് കിടക്കുന്നതു. ഞാനും ജോണും കൂടി ചെറിയൊരു ബോട്ടിങ് ഓക്കെ നടത്തി.

1boating2

വെള്ളത്തിൽ കൂടി ഞങ്ങൾ കോംഗോയിൽ കടന്നു. അതിനു വിസ വേണ്ടല്ലോ . ഇവിടുത്തെ ഹോട്ടലുകളിൽ ഈ തടാകത്തിൽ വളരുന്ന, അതീവ രുചികരമായ ഒരു ചെറിയ മീൻ കിട്ടുമത്രേ. എന്നാ പിന്നെ മീൻ തിന്നിട്ടു തന്നെ കാര്യമെന്ന് വച്ച് ടം ടം (tam-tam) എന്നൊരു ബീച്ച് ബാറിൽ കയറി. ബീച്ചിൽ എല്ലാവരും ആഘോഷത്തിലാണ്.

2boating

കോംഗോലീസ് സംഗീതം നല്ല ഉച്ചത്തിൽ വച്ചിട്ടുണ്ട്. ചിലർ ബീച്ചിലും മറ്റുചിലർ വെള്ളത്തിലും നിന്ന് ഡാൻസ് കളിക്കുന്നുണ്ട്. ജോൺ ചേട്ടൻ രണ്ടു പ്ലേറ്റ് മീൻ ഫ്രൈ ഓർഡർ ചെയ്തു, കൂടെ ഉരുളക്കിഴങ്ങു വറുത്തതും. കുറച്ചു നേരത്തിനു ശേഷം ദാ വന്നിരിക്കുന്നു രണ്ടു പ്ലേറ്റ് നത്തോലി ഫ്രൈ (Nethili Fish). ഇതാണത്രേ ഈ തടാകത്തിൽ മാത്രമുള്ള സ്പെഷ്യൽ മീൻ. എന്തായാലും മീൻ ഫ്രൈ അടിപൊളി ആയിരുന്നു.

617377858

ഏഴുമണിയോടെ ഞങ്ങൾ തിരിച്ചു കിഗാലി ലക്ഷ്യമാക്കി യാത്ര തിരിച്ചു. പത്തരയോടെ എയർപോർട്ടിൽ എത്തിച്ചേർന്നു. ജോണിനോട് നന്ദിയും പറഞ്ഞു രാത്രി പന്ത്രണ്ടു മണിയോടുകൂടി ഞാൻ ഉഗാണ്ടയിലേക്കു തിരിച്ചു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകളുമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA