കാടുകയറി ചിന്തിക്കുന്ന ക്യാമറ

1palakkad-mahesh.jpg.image.784.410
SHARE

കാടകങ്ങളുടെ വന്യഭംഗി പകർത്തുന്നതിൽ മഹേഷ് , ഹരിശ്രീ കുറിച്ചത് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഫൊട്ടോഗ്രാഫറായ അച്ഛനൊപ്പം പറമ്പിക്കുളത്തു സർക്കാർ പരിപാടിയുടെ ഫൊട്ടോയെടുക്കാൻ പോയ പത്താം ക്ലാസുകാരന്റെ മനസിൽ അന്ന് കയറിയ കാട്ടിലെ കാഴ്ചകൾ പിന്നീട് ഇറങ്ങിപ്പോയതേയില്ല. കൊല്ലങ്കോട് കുതിരമൂളിയിൽ മണി–കുമാരി ദമ്പതികളുടെ മകനായ മഹേഷ് ക്യാമറയുമായിട്ടുള്ള കാടുകയറ്റം അന്നുതുടങ്ങിയതാണ്.‌

കാടനുഭവം മറക്കില്ല

ഓരോ കാടുകയറ്റവും ഓരോ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് മഹേഷ് പറയുന്നു. മഹാരാഷ്ട്രയിലെ ചിണ്ടോളം കുന്നുകളോടു ചേർന്നു ഗോൻ രാജാക്കാന്മാർ ഒരു കാലത്തു ഭരിച്ചിരുന്ന വനമേഖലയാണ് ഇന്നത്തെ ‘തഡോബ ആന്ധാരി ടൈഗർ റിസർവ്;. പാറക്കല്ലുകൾ, കുന്നുകൾ, ഗുഹകൾ എന്നിവ അനേകം മൃഗങ്ങൾക്ക് അഭയം നൽകുന്ന മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം.

ഇവിടത്തെ കടുവകളുടെ യാത്രകൾ ക്യാമറ ഫ്രെയിമിലൊതുക്കാൻ കഴിഞ്ഞ ജനുവരി 16 മുതൽ മഹേഷ് തഡോബയിലായിരുന്നു. പുഴയിൽ നീരാടി ഉല്ലസിക്കുന്ന കടുവ തന്റെ ക്യാമറയിൽ കുരുങ്ങിയതിന്റെ ത്രില്ലുണ്ട്. ഒരു വന്യജീവി ഫൊട്ടോഗ്രഫർക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം. തഡോബയിലേക്ക് ഇത് മൂന്നാം തവണയാണ് യത്രനടത്തുന്നത്. ജനുവരിയിലെ യാത്രയിൽ കടുവകളുടെ വേറിട്ട ചിത്രങ്ങൾ മിഴിവോടെ പകർത്തി.

സുഹൃത്തിനൊപ്പം മൂന്നാറിലേക്കുള്ള യാത്രയിൽ കുട്ടിയാനയെ പകർത്താനുള്ള ശ്രമത്തിനിടെ പിടിയാനയുടെ വരവും  ഓട്ടവുമൊക്കെ മറക്കാനാവാത്ത സംഭവങ്ങൾ. കൊന്നിട്ട മാനിനെ ഭക്ഷിക്കാൻ എത്തുന്ന പുലിയുടെ ചിത്രം പകർത്താൻ കാത്തിരുന്നത് അറുപത് മണിക്കൂറാണെന്ന് മഹേഷ് പറയുന്നു. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദസൂചനകൾക്കു വഴിയാണ് കടുവയുടെ സാന്നിധ്യം മനസിലാക്കുന്നത്. മഹേഷിന്റെ ക്യാമറയിൽ ആനയും കടുവയും പുലിയും വേഴാമ്പലുമെല്ലാം പതിഞ്ഞു കഴിഞ്ഞു.

ജിംകോർബറ്റ് നാഷനൽ പാർക്ക്, ബന്ദിപ്പൂർ, മൂന്നാർ, ചിന്നാർ, പറമ്പിക്കുളം, ആറളം, ഇരവികുളം, നെല്ലിയാമ്പതി, വാൽപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെത്തി നിൽക്കുന്നു യാത്രകൾ.  പോയിന്റ് ആൻഡ് ഷൂട്ട് ക്യാമറയിൽ നിന്നു തുടങ്ങിയ യാത്ര 1ഡി എക്സ്, 5ഡി മാർക് 4 എന്നിവയിലും എത്തി നിൽക്കുന്നു. കൊച്ചി വെസ്റ്റ് ഫോർട്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സിനിമാ ഫൊട്ടോഗ്രഫി പഠിച്ചിറങ്ങിയ മഹേഷ് ഇതിനകം രണ്ടു സിനിമകൾക്കു സഹ ക്യാമറാമാനായി പ്രവർത്തിച്ചു. കൂടാതെ ഷോർട്ട് ഫിലിം, ആൽബം എന്നിവ സംവിധാനം ചെയ്യുകയും അവയ്ക്കായി ക്യാമറ ചലിപ്പിക്കുകയും ചെയ്തു

2palakkad-bird.jpg.image.784.410
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA