നിഗൂഢതയും സൗന്ദര്യവും നിറഞ്ഞ കാട്

silent-valley-new
SHARE

മലകൾക്കു കാവലായ മഴക്കാടുകൾക്കു മുകളിലൂടെ പറക്കുന്ന മലമുഴക്കി വേഴാമ്പൽ. മഴ കാത്തു കഴിയാറുണ്ട് ഈ പക്ഷി എന്നാണു േകട്ടിട്ടുള്ളത്. ഞങ്ങളും മാരിയെ കാത്തു, ഒരു മൺസൂൺ യാത്രയ്ക്കായി ഒരുങ്ങി. പക്ഷേ, മഴമേഘങ്ങൾക്കു നാട്ടിൽ പെയ്യാൻ വല്ലാത്ത മടി. എന്നാൽപ്പിന്നെ എന്നും മഴ പെയ്യുന്നിടത്തേക്കാവാം യാത്രയെന്നു തീരുമാനിച്ചു. അങ്ങനെയാണ് മൗനത്തിന്റെ താഴ്‍വര മനസ്സിലേക്കു വന്നത്, മഴയുടെയും താഴ‍‍്‍‍വര – സൈലന്റ് വാലി. 

യാത്രക്കൊരുങ്ങി. തൃശൂരിൽ നിന്നു വഴിയൊന്നു മാറ്റിപ്പിടിച്ചു. സാധാരണ പാലക്കാട്, മണ്ണാർക്കാട് വഴിയാണ് സൈലന്റ് വാലിയിലെത്തുക. പക്ഷേ, ദേവസ്വഭാവമുള്ള ഒരസുരൻ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. 

ഒന്നല്ല, അരയല്ല ഒന്നര! 

കേരളത്തിൽ അതിസുന്ദരമായ ചുറ്റുപാടുകളുള്ള ക്ഷേത്രങ്ങളിലൊന്നാണ് വടക്കാഞ്ചേരിക്കടുത്തുള്ള ഉത്രാളിക്കാവ്. പാടത്തിനു നടുക്കാണ് അമ്പലം. ഗ്രീസിലെയും മറ്റും ഓപ്പൺ തിയറ്റര്‍ പോലെ ചുറ്റും ഉയർന്ന സ്ഥലം. ഇവിടിരുന്നാണ് ആളുകൾ വെടിക്കെട്ടു കാണുക. അടുത്തുള്ള എള്ളിൻ ചെടികളിൽ കാറ്റ് തിരമാല തീർക്കുന്നതും കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല.

ചേലക്കര റൂട്ടിൽ ആറ്റൂരിൽ വച്ച് വലതു തിരിഞ്ഞാൽ അസുരൻകുണ്ട് ഡാമിലെത്താമെന്ന് സുഹൃത്ത് ഗിരീഷ് പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങൾ ആറ്റൂർ കഴിഞ്ഞ് കുറച്ചു മുന്നോട്ടുപോയി. ഡാമിലേക്കുള്ള വഴി ചോദിച്ചപ്പോൾ ഒന്നര കിലോമീറ്റർ പിന്നോട്ട് എന്നൊരു ഓട്ടോക്കാരൻ പറഞ്ഞു.  ഒന്നര കിലോമീറ്റർ കഴിഞ്ഞിട്ടും ആ കുഞ്ഞു വഴി കാണുന്നില്ല. പിന്നെയും ഓട്ടോക്കാരോട് ചോദിച്ചു. ഒന്നര കിലോമീറ്റർ തിരിച്ച് പിന്നോട്ടെന്ന് വീണ്ടും മറുപടി. ഇതെന്താ ഇവിടെ ഒന്നര മാത്രമേ ഉള്ളോ? അവസാനം അര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു നാട്ടുകാരൻ കൃത്യമായി വഴി പറഞ്ഞു തന്നു. ഓട്ടോക്കാരോടു തിരക്കിയതാണ് പ്രശ്നമായത്.  അവർക്ക് ചെറിയ ഓട്ടം പോലും ഒന്നരകിലോമീറ്ററാണല്ലോ. പ്രധാന റോഡിൽ നിന്നു രണ്ടു കിലോമീറ്ററുണ്ട് ഡാമിലേക്ക്. 

അസുരനെത്തുന്നു

വളരെ ചെറിയ ഒരു ചെക്ക് ഡാമാണ് അസുരന്‍കുണ്ട്.  കുടുംബസമേതം സായാഹ്നം ചെലവിടാൻ ഇവിടെയെത്തുന്നവർ ഏറെ. ഭീതിയില്ലാതെ കാടിന്റെ  അനുഭവം കിട്ടുന്നതു തന്നെ ആകർഷണം. പനകള്‍ തടാകത്തിൽ തലയുയർത്തി നിൽക്കുന്നുണ്ട്.  പാറക്കൂട്ടങ്ങളിൽ  പക്ഷികളെ കാണാം.  ഭാഗ്യമുണ്ടെങ്കിൽ  മാനുകളെയും. പേരറിയാ ചോലകളിൽ നിന്നുള്ള ഒഴുക്ക് തടഞ്ഞു നിർത്തി ജലസേചനത്തിനുപയോഗിക്കുന്നു. കണ്ടാൽ ചെറുതാണെങ്കിലും ഏതാണ്ട് പത്തു കിലോമീറ്റർ ദൂരം  ജലാശയത്തിനു ചുറ്റും നടക്കാം (സാഹസികപ്രിയരാണെങ്കിൽ) ‘മിസ്റ്റർ ഫ്രോഡ്’ എന്ന ചിത്രത്തിലെ ചില അവസാന രംഗങ്ങൾ ഇവിടെ നിന്നാണു ഷൂട്ട് ചെയ്തത്. ഇപ്പോൾ വെള്ളം തീരെക്കുറവാണ്. ഒന്നു ചുറ്റിനടന്നു തിരിച്ചു വരുമ്പോൾ രണ്ടുപേർ ഡാമിനുമുകളിലിരുന്ന് ബിസ്കറ്റ് മീനുകൾക്കിട്ടു കൊടുക്കുന്നു. കുറെ പാക്കറ്റ് തൊട്ടടുത്തുമുണ്ട്.

silent-valley-Karuvara_water

‘‘എന്തിനാ ഇത്ര വിലയുള്ളത് മീനുകൾക്കിട്ടു കൊടുക്കുന്നത്?’’

‘‘ഈ മീനുകളെ ഞങ്ങൾ വളർത്തുന്നതാ.

ബിസ്കറ്റ് ആണെങ്കിൽ കാലാവധി കഴിഞ്ഞതും’’. അമ്പട കേമന്മാരേ....

മൂന്നു ലക്ഷം മീൻകുഞ്ഞുങ്ങളെ തടാകത്തിൽ വളർത്തുന്നുണ്ടിവർ.മഴ ഇനിയും പെയ്തില്ലെങ്കിൽ ഭീകര നഷ്ടം പറ്റുമെന്ന സങ്കടം പങ്കുവച്ചപ്പോൾ ഞങ്ങളും ഒന്നും പറഞ്ഞില്ല. മൺസൂൺ യാത്ര പ്ലാൻ ചെയ്ത് മഴയില്ലാറോഡുകളിലൂടെ വാഹനം ഒാടിച്ചതിന്റെ നിരാശ ഞങ്ങൾക്കുമുണ്ടല്ലോ. 

silent-valley-Bhavani_puzha

സൈരന്ധ്രിവനത്തിലേക്ക്

കുന്തിപ്പുഴ കാണാൻ ജീപ്പു സഫാരിയാണ് ശരണം. മുക്കാലിയിൽ നിന്ന് ഇരുപത്തിരണ്ടു കിലോമീറ്ററുണ്ട് സൈരന്ധ്രിയിലേക്ക്. സൈലന്റ് വാലി നാഷ നൽ പാർക്ക് ആവുന്നത് 1984 ല്‍ ആണ്. ഇതിനു മുൻപേ വൈദ്യുത വകുപ്പ് ഉണ്ടാക്കിയതാണ് മെറ്റൽ റോഡ്. യാത്ര യിൽ ആദ്യം പ്ലാന്റേഷനുകളും മറ്റും കാണാം. 

silent-valley4
Image courtesy : David V. Raju

പിന്നീട് ആർദ്ര ഇലപൊഴിയും കാടുകൾ. അർധ നിത്യഹരിത വനത്തിലേക്കെത്തുമ്പോൾ നാം ഏതാണ്ട് പത്തു പതിനൊന്നു കിലോമീറ്റർ താണ്ടിയിട്ടുണ്ടാവും. 2006 ലെ സെൻസസ് പ്രകാരം പതിനഞ്ചു കടുവകളും പതിനൊന്നു പുലികളും ഇവിടെയുണ്ട്. ഞങ്ങൾ നാലുപേർ ചേർന്നപ്പോൾ പുലികളുടെ എണ്ണം കടുവകളുടേതിനു സമമായി. ലൈജു എന്ന ചെറുപ്പക്കാരൻ ഗൈഡിന് ഓരോ വിശേഷവും പറഞ്ഞുതരാൻ ആവേശം. ആദ്യമേ ഇരുനൂറു വർഷം പഴക്ക മുള്ള ഒരു അമ്മച്ചിപ്ലാവ് കാണിച്ചു തന്നു. വയസ്സിത്രയായിട്ടും നാണം മാറിയിട്ടില്ലാ മട്ടിൽ ചുവന്നിരിക്കുന്ന തടിയിൽ ഇപ്പോഴും മുളകൾ പൊട്ടുന്നുണ്ട്. മരത്തിന്റെ ഈ സ്വഭാവത്തി നാണോ അമരത്വം എന്നു പറയുന്നത്?

silent-valley5
Image courtesy : girishmohan p k

കുരങ്ങച്ചനു വീണ്ടും നന്ദി

മറ്റൊരു പ്ലാവ് സൈലന്റ് വാലിയുടെ ജീവനാണ്. വെടിപ്ലാവ്.  ഇതിന്റെ ഫലമാണ് സിംഹവാലൻ കുരങ്ങുകളുടെ ഭക്ഷണം.  വംശനാശഭീഷണി നേരിടുന്ന ഈ കുരങ്ങാണ് വെറുമൊരു സംരക്ഷിതവനം മാത്രമായിരുന്ന സൈലന്റ് വാലിയെ ദേശീ യോദ്യാനമാക്കിയത്. എഴുപതുകളിൽ കുന്തിപ്പുഴയിൽ അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് സർക്കാര്‍ തീരുമാനമെടുത്തു. അന്ന് പ്രകൃതിസ്നേഹികളെല്ലാം ഒന്നിച്ചു സമരം ചെയ്തപ്പോൾ പദ്ധതി ഉപേക്ഷിച്ചു. അല്ലെങ്കിൽ സിംഹവാലൻ കുരങ്ങുകളും ലോകത്തെ അമൂല്യമായ ഈ നിത്യഹരിത വനവും നശിച്ചു പോയേനെ. 

മൗനത്തിന്റെ താഴവര

silent-valley

സൈലന്റ് വാലി യാത്രയുടെ അവസാനം കുന്തിപ്പുഴയുടെ തീരത്താണ്. ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗമാണിത്. ഇവിടെയെത്തുമ്പോൾ നന്നായി മഴ പെയ്തു.  യാത്രയിലെ ആദ്യ മഴകൊള്ളൽ. ദുന്ദുഭിനാദം പാടി ചാടിക്കളിക്കാൻ തോന്നിയെങ്കിലും താഴെ മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന കുന്തിയെ കണ്ടപ്പോൾ വേണ്ടെന്നു വച്ചു. അട്ടകളാണെങ്കിൽ ആദ്യായിട്ട് മനുഷ്യനെ കാണുന്നപോലെ, പലയിടത്ത് അട്ടകടിയേറ്റു. പക്ഷേ, ഉദ്ഭവം മുതൽ 20 കിലോമീറ്റര്‍ മനുഷ്യ സ്പർശമേൽക്കാതെയൊഴുകുന്ന കുന്തിപ്പുഴയെ കാണാൻ അൽപ്പം അട്ടകടിയൊക്കെ കൊണ്ടാലും സാരമില്ല. അഹങ്കാരിയായ അതിസുന്ദരിയെപ്പോലെ ആരെയും വകവയ്ക്കാതെ അലറിക്കുതിച്ചാണ് കുന്തിപ്പുഴ ഒഴുകുന്നത്. ഈ ജലത്തിന്റെ  നൈർമല്യത്തിനു പച്ചവെള്ളം  എന്നു തന്നെ പറയുന്നതാണുത്തമം. പുഴയ്ക്കു കുറുകെ ഒരു ഇരുമ്പു തൂക്കുപാലമുണ്ട് ആ പാലത്തിനു താഴെയായിരുന്നു നിർദിഷ്ട(കഷ്ട) വൈദ്യുത പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരുന്നത്. 

silent-valley3
Image courtesy : Cj.samson

ഋതുമതിയായ് തെളിമാനം

വാച്ച് ടവറിൽ നിന്നാല്‍ നാഷണൽ പാർക്കിന്റെ കോർ ഏരിയയുടെ ഏരിയൽ ദൃശ്യം കിട്ടും. കുന്തിപ്പുഴ മലകൾക്കിടയിലൂടെ ഒഴുകിവരുന്നു. നിലമ്പൂരിനടുത്തുള്ള കരുവാരക്കുണ്ട് മലനിരകളും തമിഴ്നാട്ടിലെ മുക്കുർത്തി വന്യജീവിസങ്കേതവും അതിർത്തികളാണ്. നിലത്തുള്ള ഒരു  ജീവിയെയും കാണാനൊത്തില്ലെങ്കിലും അത്യപൂർവമായ മലമുഴക്കിവേഴാമ്പലുകളെ വാച്ച്ടവറില്‍ വച്ചു കണ്ടു. തിരിച്ചിറങ്ങുമ്പോൾ വാനം പെട്ടെന്ന് ഋതുമതിയായി. അതിലും ചടുലമായി പെയ്തിറങ്ങി. ബാഗിൽ നിന്ന് ആ കുഞ്ഞു കുടയെടുത്തു നിവർത്തുന്നതിനു മുൻപേ മനസ്സും മഴയും ചോദിച്ചു– ഇവിടെ വന്ന് മഴകൊണ്ടില്ലെങ്കിൽ പിന്നെന്തു കാര്യം?

അട്ടപ്പാടിയെന്ന മഴനിഴൽ പ്രദേശം

മഴ മാത്രമല്ല മഴനിഴൽപ്രദേശം കൂടി കാണാനുള്ള കൊതിയോടെ. അട്ടപ്പാടിയിലെ വരണ്ട കുന്നുകൾക്കിടയിലൂടെ യാത്ര തിരിച്ചു. ചേലയുടുത്ത ഒരു മുത്തശ്ശി തലയിൽ ചുമടേന്തി ആടുകളേയും തെളിച്ചു നടന്നുപോയി. ഗ്രാമങ്ങളിലുള്ളവർക്ക് എന്തൊരു ആരോഗ്യം, എന്തൊരു ഐശ്വര്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA