sections
MORE

ഒരേക്കറിലെ സുന്ദരമായ പക്ഷിക്കൂട് കണ്ടിട്ടുണ്ടോ?

parrot1
SHARE

കുടുംബവുമൊന്നിച്ചുള്ള മൈസൂർ ഉല്ലാസ യാത്രയാണ്  ‘ശുക വന’ സന്ദർശനത്തിനു വഴി തെളിച്ചത്. മൈസൂർ പാലസ് കണ്ട ശേഷം താമസ സ്ഥലത്തേക്കുള്ള മടക്കയാത്രയിൽ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറിയ മധ്യ വയസ്ക്കന്റെ ‘ശുക വന’ വർണ്ണനയിലാണ് ഞങ്ങൾ വീണത്.

പിറ്റേന്ന് രാവിലെ തന്നെ ട്രാവലറിൽ അങ്ങോട്ട് വച്ച് പിടിച്ചു. മൈസൂർ നഗരത്തിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള ദത്താ നഗറിലായിരുന്നു‘ശുക വന’ സ്ഥിതി ചെയ്തിരുന്നത്. വയലേലകളും പൊടി കാറ്റും താണ്ടി മിനിറ്റുകൾ കൊണ്ട് അവിടെയെത്തിയ ഞങ്ങൾക്ക് പതിവ് പോലെ കൃത്യം ഒമ്പതേ മുപ്പതിന് തന്നെ സന്ദർശന കവാടം തുറന്നു നൽകി. പ്രവേശന ഫീസ് ഇല്ലായിരുന്നു. 

നഗര ഹൃദയത്തിലാണേലും പ്രകൃതിയോടിണങ്ങിയ നിര്‍മ്മിതി എങ്ങും പച്ചപ്പും കുളിർ കാറ്റും നിറഞ്ഞു നിന്നിരുന്നു, പക്ഷികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന സങ്കേതത്തിൽ പരിക്ക് പറ്റിയതും ഉപേക്ഷിക്കപ്പെട്ടതുമായ നാന്നൂറ്റി അറുപത്തിയെട്ടു വ്യത്യസ്ത ഇനത്തിൽ പെട്ട രണ്ടായിരത്തിയൊരുന്നൂറിലധികം അന്തേവാസികൾ വസിക്കുന്നുണ്ടെന്നു അറിഞ്ഞത് എനിക്ക് ആശ്ചര്യമായി തോന്നി. അത് നേരിട്ടു കണ്ടു മനസ്സിലാക്കിയപ്പോഴാവട്ടെ അതിലേറെ അദ്ഭുതവും. 

കല്ല് പാകിയ നീണ്ട നടപ്പാതകൾക്കിരുവശവും സ്ഥാപിച്ചിട്ടുള്ള വിശാലവും അതി നൂതനവും വൃത്തിയുള്ളതുമായ പല വലിപ്പത്തിലുള്ള കൂടുകളിൽ തനി നാടൻ മുതൽ വിദേശ ഇനത്തിൽപെട്ട അപൂർവയിനം പക്ഷികൾ വരെ അവരുടേത് മാത്രമായ ലോകത്തു കളിച്ചും ചിലച്ചും ഉല്ലസിക്കുന്നു, അപൂർവവും വൈവിധ്യം നിറഞ്ഞതുമായ തത്തകളായിരുന്നു മുഖ്യ ആകർഷണം. എല്ലാം ഒന്നിനൊന്നു മികച്ച സുന്ദരീ സുന്ദരന്മാർ. സ്വന്തം മക്കളെപോലെ അവരെ സ്നേഹ പരിലാളനകളോടെ പരിപാലിക്കുന്ന വോളന്റീർസ് കണ്ണിനും മനസ്സിനും കുളിർമയുള്ള കാഴ്ചയായിരുന്നു.

ഓരോ കൂടിനു പുറത്തും സ്ഥാപിച്ചിരുന്ന ബോർഡുകളിൽ പക്ഷികളുടെ ഇനം, ദേശം, പ്രായം, ശാസ്ത്രീയ നാമം തുടങ്ങി യ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തിയത് അവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും നമ്മുടെ ആവാസ വ്യവസ്ഥ യിൽ അവർക്കുള്ള പ്രാധാന്യം എത്രമാത്രമെന്ന് എന്റെ കൂടെ യുള്ള ഇളം തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കാനും ഏറെ സഹായകമായി തോന്നി. 

മൊബൈൽ ഫോൺ ഓഫ് ചെയ്യുക, ഫോട്ടോ പകർത്താതിരിക്കുക, തുടങ്ങിയ കർശന നിർദേശങ്ങൾ പാലിച്ചത് കൊണ്ട് തന്നെ ആ സന്ദർശന വേളയിലെ മനോഹര മുഹൂർത്തങ്ങൾ പലതും ഹൃദയത്തിൽ ഒപ്പിയെടുക്കാനും ആ നിമിഷങ്ങള്‍ കൂടുതൽ അനുഭവവേദ്യമാകാനും ഇടയാക്കി. 

തുടർന്ന് സങ്കേതത്തിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന പക്ഷികളെ കുറിച്ചുള്ള ഫോട്ടോസ്, പുസ്തകങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കുന്ന സ്റ്റാളുകൾ സന്ദർശിച്ചത് മറ്റൊരു നവ്യാനുഭവമായി. ഒടുവിൽ മണിക്കൂറുകൾ നീണ്ട ആ മായാപ്രയാണത്തിന് ശേഷം കഫെറ്റീരിയയിൽ നിന്നും ഒരു ചൂട് കാപ്പിയും കുടിച്ചു പുറത്തെ ബോൺ സായ് ഗാർഡനിലെ പുൽ തകിടിയിൽ ചെന്നിരുന്നപ്പോൾ മനസ്സിനും ശരീരത്തിനും തീരെ ഭാരം കുറവായിരുന്നു....ഒരു പക്ഷി തൂവൽ പോലെ!!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA