ബിഎംഡബ്ല്യുവിന്റെ ആ‍ഡംബരത്തിൽ കാടിന്റെ കുളിർമയറിഞ്ഞൊരു ഗവി യാത്ര

gavi4
SHARE

ഗവി, പുലർമഴയേറ്റു തുടുത്തു നിൽക്കുന്ന ഒരു ചെമ്പരത്തിച്ചെടി പോലെ പച്ചപുതച്ചു നിന്നപ്പോൾ അതിൽ വിടർന്ന  ചുവന്ന ഒരു പൂവായിരുന്നു ബിഎംഡബ്ല്യു വൺ സീരീസ്. പച്ചയുടെ  നിറഭേദങ്ങളിൽ മഴത്തുള്ളികൾ മഹേന്ദ്രജാലം കാട്ടിയ ദിനത്തിലാണ് ഞങ്ങൾ ഗവിയിലെത്തിയത്. നൂൽ മഴയിൽ വൺസീരീസിന്റെ  ചുവപ്പു ചേർന്നപ്പോൾ കിട്ടിയ അനുഭൂതിയ്ക്കു ചെമ്പരത്തി എന്നല്ലാതെ  എന്തു പേരിടാൻ? ഗവിയും വൺ സീരീസും നൽകുന്ന കാടറിവും യാത്രാസുഖവു മാണിത്തവണ. സാധാരണ വിനോദസഞ്ചാരികൾക്കു കാഴ്ചകൾ കുറവാണു ഗവിയിലെങ്കിലും കാടു നല്‍കുന്ന കുളിർമയറിയാൻ ഇവിടെയെത്തുന്നവർ കൂടുതലാണ്. ഗവി എന്നു കേൾക്കുമ്പോഴെ മനസ്സിൽ കുളിർമയെത്തുന്നില്ലേ?

പത്തനംതിട്ടയിലെ സീതത്തോടു വഴിയാണു ഗവിയിലേക്കുള്ള യാത്ര. കോട്ടയത്തു നിന്നു പുറപ്പെട്ട ബിഎംഡബ്ലു വൺ സീരീസ് സ്പോര്‍ട് മോഡിൽ പുഷ്പകവിമാനം  പോലെ യാണ് സീതത്തോടെത്തിയത്. സീതത്തോടും  പരിസരവും രാമകഥകളാൽ സമ്പന്നം. വനവാസകാലത്തു രാമ, ലക്ഷ്മണന്മാരും സീതയും പോവാത്ത സ്ഥലം ഇന്ത്യയിലില്ല. സീത ഭൂമി പിളർന്നു താഴ്ന്നു പോയെന്നു വിശ്വസിക്കുന്നിടം സീതക്കുഴി. ലവകുശന്മാർ  വിദ്യയഭ്യസിച്ച സ്ഥലം ഗുരുനാഥൻ മണ്ണ്.  മണ്ണിലേക്കു താഴ്ന്ന സീതയുടെ മുടിയിൽ കയറിപ്പിടിച്ച രാമന്, പക്ഷേ മുടി മാത്രമേ പിടികിട്ടിയുള്ളൂ. ഈ മുടി വലിച്ചെറിഞ്ഞ സ്ഥലമായി അറിയപ്പെടുന്ന സീതമുടിയും ഇവിടുണ്ട്. കക്കി ഇക്കോ ടൂറിസം സെന്ററിലെത്തി പാസ് എടുക്കുന്നതു വരെ ഇങ്ങനെ ‘സീതാസ്ഥലങ്ങൾ കാണാം. ആഹാരം സീതത്തോടിൽ നിന്നു വാങ്ങണം. 

കാടു കയറുന്ന ചുവപ്പു കിളി

gavi3

ഗവിയിലേക്കു രാവിലെ എട്ടുമണി മുതൽ 12 മണി വരയേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. അതും പത്തെണ്ണം മാത്രം. ഒഴിവു ദിവസം 30 വാഹനങ്ങൾ പ്രവേശിപ്പിക്കും. ആനക്കൂട്ടം വഴിയിലിറങ്ങി നിൽക്കുകയോ മറ്റോ ചെയ്താൽപ്പിന്നെ യാത്രയ്ക്ക് അനുമതി കിട്ടില്ല. ബൈക്കുകളിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ‘‘മലപ്പുറത്തു നിന്നു വന്ന സംഘത്തിനു കാട്ടിൽ കയറാൻ അനുമതി നൽകിയില്ല ഇന്നലെ. പിള്ളേരുടെ അവസ്ഥ കഷ്ടമായിരുന്നു, പക്ഷേ എന്തു ചെയ്യാനാ? ഒരു കൊമ്പൻ അക്രമാസക്തനായി നിൽപ്പുണ്ടായിരുന്നു’’– റേഞ്ച് ഓഫിസർ സലാഹുദ്ദീൻ പറഞ്ഞു. കൊച്ചാണ്ടി ചെക്ക് പോസ്റ്റിലെ കർശന പരിശോധന കഴിഞ്ഞപ്പോൾ ബിഎംഡ ബ്ല്യു വൺ സീരീസ് കാനനയാത്രയ്ക്കു തയാറെടുത്തു. ട്രാക്ഷൻ കൺട്രോൾ ഓൺ ആക്കി. സൺ റൂഫ് തുറന്നിട്ടു.  സ്പോർട് മോഡ് ഡ്രൈവ് ഓഫാക്കി ഇക്കോ പ്രോ മോഡലിലേക്ക് മാറി. 

gavi6

‘‘പണി ആനയുടെയും അട്ടയുടെയും രൂപത്തിൽ വരാതെ കാത്തോളണേ കാനനദൈവങ്ങളേ’’– ബാച്ച്ലർ പാർട്ടി’ ലൈനിൽ നോബിൾ പ്രാർത്ഥിച്ചു. ആനയും കടുവയും പുലിയും പിന്നെ വേഴാമ്പലുകളും മുന്നിലെത്തണേയെന്നു ടെലി ലെൻസ് മുകളിലേക്കുയർത്തി ഫൊട്ടോഗ്രാഫർ സാംസൺ പ്രാർത്ഥിച്ചു. ആരുടെ പ്രാർത്ഥന കേൾക്കും ഗവി മുത്തപ്പൻ? വേഴാമ്പൽ, മലയണ്ണാൻ, നീലഗിരി മാർട്ടെൻ തുടങ്ങിയ അപൂർവ ജീവികൾ ഗവിയിലുണ്ട്. 

ഇനി ഗവിയിലെത്തുംവരെ 64 കിലോമീറ്റർ ദൂരം കാട്ടിലൂടെ മാത്രമാണു യാത്ര. കാടനക്കം ശ്രദ്ധിക്കണം. കാറ്റിലെത്തുന്ന ഗന്ധത്തിനു ‘മൂക്കോർക്കണം’. നമ്മുടെ എതിരെ നിന്നാണു കാറ്റെത്തുന്നതെങ്കിൽ പേടിക്കേണ്ട. പക്ഷേ കാറ്റു നമ്മെത്തട്ടി മുന്നോട്ടാണെങ്കിൽ ആനകൾക്കു ഗന്ധം പിടികിട്ടും. അപകടം കൂടും. 

‘കാട്ടിലെ നിയമം കാട്ടുനിയമം’

കാട്ടിൽ ഒരു വണ്ടി ബ്രേക്ക് ‍ഡൗണായാൽ അതിലെ യാത്രക്കാരെ  മുഴുവൻ തൊട്ടടുത്തു വരുന്ന വാഹനത്തിൽ കൊണ്ടു പോവണം. അതാണത്രേ കാട്ടു നിയമം. ‘‘കേടാവുന്നതു കെഎസ്ആർടി സിയാണെങ്കിലോ?’’

gavi7

വൺസീരീസിന്റെ സുന്ദരബോണറ്റിലും സൺറൂഫിനു മുകളിലും യാത്രക്കാർ ഇരിക്കുന്നതു മനസ്സിൽ കണ്ടു. കാട്ടു മുത്തപ്പാ അങ്ങനെ സംഭവിക്കല്ലേയെന്നൊരു  കൂട്ടപ്രാർത്ഥന വണ്ടിയിൽ നിന്നുയർന്നു. 

ഈറ്റക്കാടുകൾ മറയിടുന്നൊരു വളവു തിരിഞ്ഞപ്പോഴാണ് ആനവണ്ടി എതിരെവന്നത്. സൈഡ് കൊടുക്കാൻ ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു. ഇതിനിടയിൽ ബസ്സിലെ എല്ലാ കണ്ണുകളും വൺസീരീസിനെ ആലിംഗനം ചെയ്തു കഴിഞ്ഞിരുന്നു. വളവുകളിൽ എപ്പോഴും ആനകളെ പ്രതീക്ഷിക്കാമത്രേ. പക്ഷേ ഈ മൃഗങ്ങളെയൊന്നും പേടിയില്ലാത്ത രണ്ടു പേരെ ഞങ്ങൾ കണ്ടു. ആദ്യം ഒരു ആദിവാസി ബാലൻ. കളിവണ്ടിയുരുട്ടി പാട്ടുപാടി പോവുകയാണവൻ.

അട്ടയെ പേടിയില്ല ആനയെ പേടിയില്ല. വൺസീരീസിന്റെ നിറവും രൂപവും കണ്ടപ്പോൾ കണ്ണുകളിൽ വല്ലാത്തൊരു കൊതി. അവന്റെ കയ്യിലെ വണ്ടി ഏതാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരി സമ്മാനിച്ച് ആ ബാല്യം ചക്രമുരുട്ടിപ്പോയ് മറഞ്ഞിരുന്നു. കളിവണ്ടികൾ കയ്യിലിരുന്ന ബാല്യത്തെയോർത്ത് ഗീയർ ഡ്രൈവ് മോഡിലിട്ടു. ഇതും ഒരു കളി വണ്ടി തന്നെ. ഓട്ടോ മാറ്റിക് ഗീയർ മോഡിലിട്ടാൽപ്പിന്നെ സ്റ്റിയറിങ്ങും ബ്രേക്കും പ്രവർത്തിപ്പിച്ചാൽ മതി. 

കാട്ടിലെന്താ ജിംനേഷ്യമുണ്ടോ? ഈറ്റവെട്ടുകാരുടെ ശരീരം കണ്ടാൽ അങ്ങനെ ചോദിക്കാതിരിക്കാൻ തോന്നില്ല. ആർനോൾഡ് ശിവശങ്കരേട്ടന്റെ കുഞ്ഞനുജന്മാർ ഈറ്റ ലോറിയിൽ നിറയ്ക്കുന്നു. ഇവർക്കും ആനയെ പേടിയില്ലത്രേ. 

ഇടയ്ക്കു ചായയോ വെള്ളമോ കിട്ടണമെങ്കിൽ മൂഴിയാർ 40 ൽ എത്തണം. ശബരിഗിരി പദ്ധതിയിലെ ഉദ്യോഗസ്ഥർക്കായി ഒരുക്കിയ 40 ഏക്കർ കോളനിയാണിത്. മൂഴിയാർഡാമില്‍ നിന്ന്  അഞ്ചു കിലോമീറ്റർ ദൂരം. പരശുരാമൻ പണികഴിപ്പിച്ചതാണെ ന്നു ഐതിഹ്യമുള്ള അഞ്ച് അയ്യപ്പക്ഷേത്രങ്ങളിലൊന്ന് ഇവിടെയുണ്ട്. ഉയരത്തിലായതിനാലാവാം ഇവിടെ മൂടൽ മഞ്ഞു വരാൻ താമസിക്കുന്നു. വന്നപ്പോഴോ? ഒരു പാട്ടുപാടാൻ തോന്നി. 

‘‘മൂടൽമഞ്ഞു മുലക്കച്ച കെട്ടിയ 

മുത്തണിക്കുന്നിൻ താഴ് വരയിൽ...

നിത്യകാമുകീ നിൽപ്പൂ ഞാനീ

ചുവന്ന വണ്‍ സീരീസിനരികിൽ.’’

മൂഴിയാർ, കക്കി, ഗവി തുടങ്ങി ഒത്തിരി ഡാമുകളുണ്ട് ഈ വഴിയിൽ. മാത്രമല്ല ഇവയ്ക്കു മുകളിലൂടെയാണു നമുക്കു യാത്ര ചെയ്യേണ്ടതും. ഒരു വശത്ത് ആഴവും മറുവശത്തു നിറഞ്ഞ ജലവും ആസ്വദിച്ചുള്ള ഈ യാത്രയും മറ്റെങ്ങും ലഭിക്കില്ല. 

തെറിപ്പാറ

നല്ല ചൂടു ചായയും പഴംപൊരിയും കഴിച്ചിട്ട് വൺസീരീസിലേക്കു കയറി. എബിച്ചേട്ടന്റെ അടുത്ത നീക്കം. ‘‘നിങ്ങളാരെയെങ്കിലും ചീത്തവിളിച്ചിട്ടുണ്ടോ?’’ ഉണ്ട്, ഇല്ല, ഉണ്ടില്ല എന്നി ങ്ങനെ സമ്മിശ്ര പ്രതികരണം. ‘‘നിങ്ങളെ ആരെങ്കിലും തെറി പറഞ്ഞിട്ടുണ്ടോ?’’ വീണ്ടും ചോദ്യം കാറിൽ ഒരു ചെറിയ നിശ്ശബ്ദത പരന്നു. എല്ലാവരും ആലോചനയിലാണോ?

‘‘അല്ല ചേട്ടാ, എന്തായിപ്പോ അങ്ങനെ ചോദിക്കാൻ?’’

‘‘ഓ.....ചുമ്മാ.’’ അരണ്ട വെളിച്ചത്തിലും ആ കണ്ണുകളിലെ കുസൃതി കാണാൻ പറ്റി. സന്ധ്യയായി. 24 കിലോമീറ്റർ പിന്നിട്ട് ഇരട്ടകണ്ണുകൾ തുറന്ന് വൺസീരീസ് ഒരു പാറയ്ക്കരുകിലെത്തി. ഡാം പണിയാനായി പാതി പൊട്ടിച്ചെടുത്ത ഒരു കൂറ്റൻ പാറ. ഞങ്ങൾ പുറത്തിറങ്ങി നല്ല നൂൽ മഴ പൊടിയുന്നുണ്ട്. തണുപ്പ് അട്ടകളെത്തോൽപ്പിച്ച്  വസ്ത്രത്തിനുള്ളിലൂടെ നുഴഞ്ഞു കയറുന്നു. ഈ പാറയ്ക്കു നേരെ തെറി പറഞ്ഞു നോക്കൂ, അതു തിരിച്ചു തെറി പറയും. 

‘‘അതു സാധാരണമല്ലേ, പ്രതിധ്വനി?’’

‘‘അല്ല, നല്ലതു പറഞ്ഞു നോക്കൂ, മിണ്ടില്ല.’’ സത്യം. പച്ചപ്പരമാർഥം. കുമാരാ എന്നുറക്കെ പാറയെ വിളിച്ചു. ഹും അനക്കമില്ല.  പലതവണ ടെസ്റ്റ് ചെയ്തു നോക്കി. നല്ലതു പറയുമ്പോൾ മിണ്ടാപ്പാറ. ചീത്തവിളിക്കുമ്പോൾ പതിന്മടങ്ങുച്ചത്തിൽ  ഗാംഭീര്യത്തോടെ തെറിപ്പാറ തിരിച്ചടിച്ചു.  നാട്ടുകാരിട്ട താണത്രേ തെറിപ്പാറയെന്ന പേര്. സത്യത്തിൽ ചീത്ത പറയുന്നവർക്ക് ഈ പാറയൊരു പാഠമാണ്. നമ്മളെത്ര തീവ്രതയോടെ പറയുന്നുവോ അത്രയ്ക്കു തിരിച്ചും കിട്ടും. ജാഗ്രതൈ. വല്ലക്കാര്യോണ്ടോ??

കാട്ടിലെ മൈക്കിൾ ജാക്സൺ

താമസം പമ്പാഡാമിന്റെ കരയിലുള്ള വൈദ്യുത വകുപ്പിന്റെ ഐബിയിൽ. തൊട്ടടുത്ത് പുൽമേടുകളുണ്ട്. ഒട്ടേറെ കിളികളെയും മൃഗങ്ങളെയും അടുത്തു കാണാം. വൺസീരീസിന്റെ ചുവപ്പിനെ തോൽപ്പിക്കുന്ന നിറത്തോടു കൂടിയ തീക്കുരുവി ഒരെണ്ണം തൊട്ടടുത്ത മരത്തിലിരുന്നു. അതു മൈൻഡ് ചെയ്യാതെ മരയണ്ണാനും. മുകളിലേക്കു നോക്കിയപ്പോൾ താഴെയുള്ള വിദ്വാന്മാരെ മറന്നുപോയി. അട്ടകൾ. രക്തദാഹി യായ അട്ടകൾ എന്നു വേണമെങ്കിൽ പറയാമെങ്കിലും സത്യ ത്തിൽ ഇവ പാവങ്ങളാണ്. വേദനിപ്പിക്കാതെ രക്തമൂറ്റും. കാലിൽ അട്ടയുണ്ടോയെന്നു നോക്കുന്നതിനിടയിൽ ഒരു ശബ്ദം– മൈക്കിൾ ജാക്സന്റെ മൂൺവാക്കു പോലെയല്ലേ അട്ട കയറുന്നത്? എല്ലാവരും തിരിഞ്ഞു നോക്കി. ഡോര്‍മിറ്ററിയിലെ  നളൻ ഗിരീഷേട്ടൻ. കയ്യിലെ ചിക്കനും മസാലയും കപ്പയും കയ്യോടെ കൊടുത്തു. സാധനങ്ങൾ വാങ്ങിയ ഗിരീഷേട്ടൻ ഉറക്കെപ്പറഞ്ഞു– വല്ല ക്കാര്യോണ്ടോ?

pathanamthitta-gavi-bus

കളിയാക്കിയതാണോ? ഏയ് അല്ല എന്തു ചെയ്താലും അവസാനം ഗിരീഷേട്ടൻ പറയും വല്ല ക്കാര്യോണ്ടോ? കേട്ടു കേട്ട് ഞങ്ങളുടെ വായിലും, ‘വല്ല ക്കാര്യോണ്ടോ’ ഓടിക്കളി ക്കാൻ തുടങ്ങി. പാചകം ഗിരീഷേട്ടൻ വെടിപ്പായി ചെയ്യും. ചിക്കൻ കറി വച്ചാൽ ഇതു ഞാൻ തന്നെയാണോ എന്നു കോഴിക്കു പോലും അഭിമാനം തോന്നുംവിധം ടേസ്റ്റ്. ചിക്കൻ കറി വിളമ്പിക്കഴിഞ്ഞപ്പോഴും കേട്ടു ആ മൊഴി. വല്ലക്കാര്യോണ്ടോ?

ചില കറന്റ് കാര്യങ്ങൾ

വൈകിട്ടു പമ്പാഡാമിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ലോകവുമായി ഒരു ഫോൺ ബന്ധം പോലുമില്ലാത്ത ഈ ജോലി ഇഷ്ടപ്പെടുന്നവരാണ് അധികവും. ശബരിഗിരി പ്രോജ ക്ടുമായി ബന്ധപ്പെട്ട എല്ലാ ഡാമുകളുടെയും മേൽനോട്ടമട ക്കമുള്ള ജോലി റിസ്ക്കിയാണെന്നു പറയേണ്ടതില്ലല്ലോ? കൂടാതെ കൊച്ചുപമ്പയിലെ ചെറിയ ഡാമിൽ നിന്നു ശബരിമല യിലേക്കുള്ള വെള്ളം തുറന്നു വിടുകയും വേണം. ജീവൻ അപകടപ്പെടാവുന്ന സാഹചര്യത്തിലും ആത്മാർത്ഥമായി ജോലിയെടുക്കുന്ന ഈ ഉദ്യോഗസ്ഥരുള്ളതുകൊണ്ടൊക്കെ യാണ് നാം ഇരുട്ടിലാവാതെ കഴിയുന്നത്. അസിസ്റ്റന്റ് എൻജി നീയർ ജയകുമാർ, ഓവർസിയർ അജിത്ത് തുടങ്ങി മറ്റു ജീവന ക്കാരുടെയെല്ലാം വാക്കുകളിൽ വൈദ്യുതവകുപ്പിൽ ജോലി ചെയ്യുന്നതിന്റെ അഭിമാനമുണ്ടായിരുന്നു.

കേരളത്തിലെ ഏറ്റവും അഡ്വാൻസ്ഡ് ആയ വകുപ്പാണിതെന്ന് സബ് എൻജിനീയർ രമേഷ്. ജലവൈദ്യുത പദ്ധതികൾക്കു തുരങ്കം വയ്ക്കുന്ന കപട പരിസ്ഥിതി വാദികൾക്കെതിരെ രോഷവും സംസാരിത്തിലുണ്ടായിരുന്നു. കൂടംകുളം ആണവ നിലയ ത്തിൽ നിന്നുള്ള വൈദ്യുതി പാസ് ചെയ്യുമ്പോൾ അണുവികിര ണം മൂലം ഗർഭം പോലും അലസാമെന്നു പ്രസംഗിച്ചവരുണ്ട ത്രേ. ടർബൈൻ കറക്കി ഗുണമെല്ലാം ഊറ്റിയെടുത്ത വെള്ളമാ ണു നാട്ടുകാർക്കു നൽകുന്നത് എന്ന മറ്റൊരു പ്രസംഗം കുപ്രസിദ്ധമാണല്ലോ. നനുത്ത മഴ രാത്രിയെ അവിസ്മരമീയ മാക്കി. (വൈദ്യുതവകുപ്പിന്റെ തിരുവനന്തപുരം ഓഫിസിൽ നിന്നു അനുമതിയെടുക്കണം ഇവിടെ താമസിക്കാൻ. ഡോർമി റ്ററിയും ലഭ്യമാണ്. ഭക്ഷണത്തിനായി കാന്റീനുണ്ട്, പിന്നെ ഗിരീഷേട്ടനും) മൂഴിയാറിൽ നിന്നു 38 കിലോമീറ്ററുണ്ട് കൊച്ചു പമ്പയിലേക്ക്. 

പുഷ്പകവിമാനം ലങ്കയിൽ 

പമ്പാഡാമിൽ നിന്നു രാവിലെ ഗവിയിലേക്കു വളയം പിടിച്ചു. ഈ വഴിയിലാണ് ആ പ്രസിദ്ധ മരം. ഗോഫർ. ഇതുപയോഗിച്ചാണ് നോഹ പെട്ടകമുണ്ടാക്കിയതത്രേ. കേരളത്തിൽ ഗവി യിൽ മാത്രമേ ഈ വൃക്ഷഭീമനെ കാണാൻ സാധിക്കുകയുള്ളൂ. രണ്ടെണ്ണമുണ്ടിവിടെ എങ്ങനെ ഈ മരം ഇവിടെയെത്തി? അറിയില്ല. ഇതേപ്പറ്റി കൂടുതൽ പഠനം നടന്നിട്ടുണ്ടോ? ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല ഗവിയിൽ. ഗവിയെന്ന പേരു തന്നെ ഉദാഹരണം. ആർക്കും കൃത്യമായ ഉത്തരമില്ല. കിളിക ളുടെ നാദം കേട്ടൊരാൾ  പ്രകൃതിയെ  കവിയാക്കി സങ്കൽപ്പി ച്ചത്രേ.  കവി പിന്നീട്  ഗവിയായത്രേ. വിശ്വാസയോഗ്യമല്ല.

pathanamthitta-gavi

മൂന്നു കിലോമീറ്റർ കൂടി പോയാൽ നമ്മുടെ പുഷ്പക വിമാനം ശ്രീലങ്കയിലെത്തും. ഒരു കൊച്ചു ലങ്ക. കാടു കടലാണെന്നു വിചാരിച്ചാൽ ഇവിടെ ഒരു ദ്വീപ് തന്നെ. ശ്രീലങ്കൻ തമിഴ് വംശജരെ 1964 ൽ അധിവസിപ്പിച്ചത് ഇവിടെയാണ്. പൊന്നമ്പ ലമേട്ടിലേക്കുള്ള വഴി പുല്ലുമൂടിക്കിടക്കുന്നതു കാണാം. കൊച്ചുലങ്ക കഴിഞ്ഞ് അരമണിക്കൂർ വേണ്ട ഗവിയിലെത്താൻ. ചിലയിടങ്ങളിൽ തകർന്നു കിടക്കുകയാണു റോഡ്. പക്ഷേ, ബിഎംഡബ്ലു വൺ സീരീസിന്റെ സൂപ്പർ സസ്പെൻഷൻ കുലുക്കങ്ങളൊന്നും ഉള്ളിലേക്കു തന്നില്ല. മാത്രമല്ല, ചിലയിട ങ്ങളിൽ അടിതട്ടുമെന്നു പേടിയുണ്ടായിരുന്നെങ്കിലും അതിസുന്ദരമായി ഗട്ടറുകൾ താണ്ടിക്കയറി ഈ കുഞ്ഞു ബിഎംഡബ്ലു.

ഗാനംപോലെ ഗവി

മഞ്ഞു മരങ്ങളും മനുഷ്യരും ചേർന്ന സുന്ദര കവിതയാണു ഗവി. കാറ്റിൽ ഇളകുന്ന മരച്ചാർത്തുകളും പുൽമേട്ടിലൊളി ക്കുന്ന മഞ്ഞുതുള്ളികളും നനുത്തു പെയ്യുന്ന നൂൽ മഴയും താളമിട്ട്, പേരറിയാക്കിളികളുടെ നാദങ്ങളിലൂടെയാണ് ഗവിയെന്ന ഗാനം പുറത്തു വരിക. ആസ്വാദന ശേഷിയുള്ള വർക്ക് ഇതു സ്വർഗീയ സംഗീതം. 

gavi5

പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിൽപ്പെടുന്ന നിബിഡവനമേഖലയിലാണ് കൊച്ചുവനഗ്രാമം. പുൽമേടുകളും ചോലക്കാടുകളും ഉള്‍പ്പെടുന്ന സുന്ദരൻ ഇക്കോ ടൂറിസം സെന്റർ. റാന്നി റിസർവ് ഫോറസ്റ്റും പെരിയാർ ടൈഗർ റിസർവും ഗവിയെ പങ്കു വയ്ക്കുന്നു. രണ്ടു വഴികളുണ്ട് ഗവിയിൽ എത്താൻ. യാത്ര കൂടുതലും കാട്ടിലൂടെയാണു വേണ്ടതെങ്കിൽ പത്തനംതിട്ട– ആങ്ങാമൂഴി വഴി തിരഞ്ഞെ ടുക്കാം. അല്ലെങ്കിൽ വണ്ടിപ്പെരിയാറിൽ നിന്നു ഗവിയിലെത്താം (28 കിലോമീറ്റർ). ഏതു വഴിയാണെങ്കിലും ആനകളും മ്ലാവു കളും  ഏതു സമയത്തും റോഡിനു കുറുകെ വരാം. അതു കൊണ്ടു വാഹനം 30 കിലോമീറ്ററിലും കുറഞ്ഞ വേഗത്തിൽ മാത്രം ഓടിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാട്ടിൽ തള്ളാതിരി ക്കുക തുടങ്ങിയ ചില നിയമങ്ങൾ പാലിക്കുക. സത്യത്തിൽ ഗവി എന്നൊരു സ്ഥലത്തെക്കാൾ സഞ്ചാരികൾക്കിഷ്ടമാവുക കൊടും കാട്ടിലൂടെയുള്ള യാത്രയാവും. 

ഗവിയിൽ കേരള ഫോറസ്റ്റ് ഡവലപ്മെന്റ്  കോർപ്പറേഷൻ  സഞ്ചാരികൾക്കായി താമസസൗകര്യമൊരുക്കിയിട്ടുണ്ട്. ഗവി ഡാമിൽ ബോട്ടിങ് ആസ്വദിക്കാം. മ്യൂസിയം കാണാം, ഏലത്തോട്ടം സന്ദർശിക്കാം. തുടങ്ങി കുടുംബയാത്രികർക്കും ഇഷ്ടമാകുംവിധമാണ് ഗവിയിലെ വിനോദസഞ്ചാരം.

നൈറ്റ് ക്യാംപ്, ജീപ്പ് സഫാരി, ട്രക്കിങ് എന്നിവ ആസ്വദിക്കണമെങ്കിൽ രണ്ടു ദിവസമെങ്കിലും ഇവിടെ തങ്ങണം. എന്നാലേ കാടിന്റെ  ഒരു ഫീൽ കിട്ടുകയുള്ളൂ. ഒരു ദിവസം കൊണ്ടു ഗവി കാണണമെന്നുള്ളവർക്ക് ആനവണ്ടിയാത്ര തന്നെ ശരണം. അതും ഒരു മറക്കാനാവാത്ത യാത്രയായിരിക്കും. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നു 100 കിലോമീറ്ററുണ്ട് ഗവിയിലേക്ക്. വെറും 77 രൂപയ്ക്ക് ഏതാണ്ട് അഞ്ചു മണിക്കൂർ കാട്ടിലൂടെ യാത്ര വേറെയെവിടെ കിട്ടും?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA