sections
MORE

ഒരിക്കൽ കണ്ടാൽ മറക്കില്ല ഇവിടം

parambikulam-island–18
SHARE

പറമ്പിക്കുളത്തേക്കു പോവുകയെന്നത്‌ , തീരെക്കുട്ടിക്കാലത്ത് വായിച്ചു കേട്ട കാടിന്റെ സൗന്ദര്യം തേടിയായിരുന്നു.

തൂണക്കടവ് ഡാമും നീർനായക്കൂട്ടങ്ങളും കാടിന്റെ മണവും നിറഞ്ഞ പച്ചനിറത്തോടുകൂടിയ പുറംചട്ടകൾ നഷ്ടപ്പെട്ടുപോയ ഒരു കുഞ്ഞൻ പുസ്തകം. കാടിനോടു പ്രണയം തോന്നിയത് ഇൗ പുസ്തകത്തിന്റെ വായനയിലൂടെയാണ്. വർഷങ്ങൾ കടന്നു പോയിട്ടും വായിച്ചു രസിച്ച കാടിന്റെ ഒാർമകൾ മനസ്സിന്റെ കോണിൽ മായാതെ നിന്നു. കാടിന്റെ വന്യസൗന്ദര്യം തേടി യാത്ര തുടര്‍ന്നു.

parambikulam-island–17

പൊള്ളാച്ചിയുടെ ഹരിത സമൃദ്ധിയിലൂടെ ആനമല തേടിയെത്തുമ്പോൾ ഇടതൂർന്ന വനം. മരക്കൊമ്പുകൾക്ക് മീതെ ഏറുമാടങ്ങൾ,കൃഷ്ണവർണ്ണത്തോട് സാദൃശ്യമുള്ള തടാകങ്ങൾ,കാടിന്റെ നിയമങ്ങൾ കർക്കശമായി പാലിക്കുന്ന വനംവകുപ്പിന്റെ പരസ്യബോർഡുകൾ, ഇൗ കാഴ്ചകളെയെല്ലാം മറികടന്ന് യാതൊരു നിയമങ്ങളും പാലിക്കാതെ നിറുത്താതെ ഹോണടിച്ചു പായുന്ന പൊള്ളാച്ചി -- പറമ്പിക്കുളം KSRTC ബസ്.

parambikulam2
പറമ്പിക്കുളം കാഴ്ചകള്‍

വനം വകുപ്പിന്റെ വാഹനത്തിൽ കാടു ചുറ്റവേ പഴയ ബുക്ക്‌ വീണ്ടും കണ്മുന്നിലെത്തി. കാട്ടുനായ്ക്കൾ വേട്ടയാടിയ മാനിനെ പിൻതുടർന്നു പോയ  ആ വാച്ചർ മരിച്ചത് എവിടെ വച്ചായിരിക്കും? കെണിയിൽ വീണ മുതലയെ പെട്ടിയിലാക്കിയ ഡാം സൈറ്റും ആനക്കുട്ടി കളിക്കാൻ കയറി കുടുങ്ങിപ്പോയ കുരിയാർ കുട്ടിയിലെ ആ ക്വാർട്ടേഴ്സുമൊക്കെ എവിടെയായിരിക്കും. വായനയിലൂടെ മനസ്സിൽ തറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയായിരുന്നു പറമ്പിക്കുളത്തേക്ക് അടുപ്പിച്ചത്.

parambikulam6
പറമ്പിക്കുളം കാഴ്ചകള്‍

ആനമല റേഞ്ചിന്റെയും നെല്ലിയാമ്പതി റേഞ്ചിന്റെയും മനോഹര സങ്കലനം. ആർദ്ര ഇലപൊഴിയും കാടുകളുടെയും നിത്യഹരിത വനങ്ങളുടെയുംവിശാല വയൽപരപ്പുകളുടെ അപൂർവ ലയനം പറമ്പിക്കുളം -- ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും.

നെല്ലിയാമ്പതിയിൽ നിന്ന് പറമ്പിക്കുളം വരെയുള്ള 23 കിലോമീറ്റർ കാനനപാത ഇന്നും മലയാളിക്ക് സ്വപ്നം യാത്രയാണ്. അതുകൊണ്ട് തന്നെ 85 കിലോമീറ്റർ ചുറ്റി തമിഴ്നാടിന്റെ കാരുണ്യത്തിലാണ്  പറമ്പിക്കുളത്തിന്റെ ഹൃദയത്തിലേക്കെത്തിച്ചേരുന്നത്.

parambikulam3
പറമ്പിക്കുളം കാഴ്ചകള്‍

തൂണക്കടവിലാണ് ലോകത്തെ ഏറ്റവും പഴക്കമേറിയ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മരമുത്തശ്ശിയുള്ളത് കന്നിമേര തേക്ക്. പണ്ട് മരം മുറിക്കാനെത്തിയ ആദിവാസികൾ മുറിവായിൽ നിന്ന് ചോര പൊടിയുന്നത് കണ്ടു ദിവ്യത്വം കല്പ്പിച്ച മരം. ഏതൊരു പരിസ്ഥിതി പ്രേമിക്കും കരൾ കുളിർക്കും കാഴ്ച. മരമുത്തശ്ശിയെ പൂർണമായും കെട്ടി പുണരാൻ  കൈയ്യെത്തില്ല. ഒരു തടിച്ചി മുത്തശ്ശി. നാലര നൂറ്റാണ്ടുകൾ പഴക്കമുള്ള മരമുത്തശ്ശിയെന്നു കേൾക്കുമ്പോൾ അദ്ഭുതം തോന്നും.

parambikulam4
പറമ്പിക്കുളം കാഴ്ചകള്‍

ഈ ഐതിഹ്യത്തിന്റെ പിന്‍ബലം കൊണ്ടാകാം അത്യപൂർവമായ പ്രകൃതി സ്നേഹം ഇവിടെ കാണാൻ സാധിക്കുന്നത്. വളരെ കർമ്മനിരതരായ വനം വകുപ്പ് ഉദ്യോഗസ്ഥർ,അച്ചടക്കത്തോടെ വന്നുപോകുന്ന സഞ്ചാരികൾ. ഉണങ്ങി വീഴുന്ന കലമാൻ കൊമ്പു പോലും ആരുമെടുക്കാറില്ല. മറ്റു മൃഗങ്ങൾ തങ്ങളുടെ പല്ലിന് മൂർച്ച കൂട്ടുന്നത്‌ അതിലുരസിയാണത്രേ !!! മയിലും മലയണ്ണാനും കേഴമാനും മലമുഴക്കി വേഴാമ്പലുമെല്ലാം അവരവരുടെ ലോകത്തിൽ സ്വച്ച്ഛം.

സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് കാടിനു നടുവിൽ തടാകക്കരയിലേക്ക് തുറക്കുന്ന ഏറുമാടമാണ്. പൗർണ്ണമിരാത്രിയിൽ ഏറുമാടത്തിലെ താമസം എന്തുരസമായിരിക്കും. നിലാവിന്റെ നിറഞ്ഞ ശോഭയിൽ കാടിന്റെ കുളിരണിഞ്ഞുള്ള താമസം, പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്.

പറമ്പിക്കുളം കാഴ്ചകള്‍

മടക്കയാത്രയിൽ ഗോവിന്ദപുരം കഴിഞ്ഞപ്പോൾ ആവേശം സഹിക്കാനാകാതെ പതിവുപോലെ പ്രിയ സഹോദരനെ വിളിച്ചു ബുക്കിന്റെ പേര് തിരക്കി. പറയേണ്ട താമസം നിഷ്പ്രയാസം ഓർത്തെടുത്തു പറഞ്ഞു 'പ്രകൃതിയുടെ മടിത്തട്ടിൽ' അവിടെ ജോലി ചെയ്തിരുന്ന ഒരു DFO എഴുതി തയാറാക്കിയതായിരുന്നു. കാടിനെ പ്രണയിക്കാൻ പഠിപ്പിച്ച പുസ്തകം

പറമ്പിക്കുളത്തേക്ക് എങ്ങനെ എത്തിച്ചേരാം

കൊച്ചിയിൽ നിന്ന് നെന്മാറ പൊള്ളാച്ചി വഴി യാത്ര തിരിക്കുന്നതാണ് നല്ലത്. പ്രകൃതിയുെട ഹരിതഭംഗിയറിഞ്ഞുകൊണ്ടുള്ള യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ  അതിരപ്പള്ളി വാൽപ്പാറ വഴി പറമ്പിക്കുളത്തേക്കു പോകാം.

പറമ്പിക്കുളം കാഴ്ചകള്‍

പറമ്പിക്കുളം കടുവാസംരക്ഷണ കേന്ദ്രം, പാലക്കാടു നിന്ന്  89 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 44 കിലോമീറ്ററും അകലെ പാലക്കാടു ജില്ലയിൽ സ്ഥിതി ചെയ്യുന്നു. രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെയാണ് സന്ദർശന സമയം. 150 രൂപയാണ് വനംവകുപ്പിന്റെ വാഹനത്തിൽ യാത്ര ചെയ്യാന്‍ ഇൗടാക്കുന്നത്. തമിഴ്‌നാട്ടിലെ സേത്തുമട എന്ന സ്ഥലത്ത് കൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാന പാത കടന്നു പോകുന്നത്.കാടിന്റെ സൗന്ദര്യം നുകര്‍ന്ന് കാട്ടിനുള്ളിൽ താമസിക്കാൻ മുൻ‌കൂർ അനുവാദം ആവശ്യമാണ്. തൂണക്കടവ് ഡാം,കന്നിമേര തേക്ക്, സാലിം അലി ബേർഡ് ഇന്റെർപ്രെറ്റേഷൻ സെന്റർ, പഴയ ട്രാംവേ എന്നിവ മുഖ്യ ആകർഷണം. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പറമ്പിക്കുളം പരിസ്ഥിസ്തി പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA