കാടിന്റെ ഉൾ കാഴ്ചകളിലേക്ക് നീട്ടിയ ലെൻസ്

wild-life
SHARE

ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ (2015) പീപ്പിൾസ് ചോയ്സ് അവാർഡ് നേടിയ ആദ്യ മലയാളി തോമസ് വിജയന്റെ ചിത്രങ്ങളിലൂടെ കാടിന്റെ കഥ...

Craft, Passion, Technical skills and Equipments make a good photographer. But an element of luck can make a good photographer great. Luck in being at the right place at the right time'

ഭാഗ്യം തുണയ്ക്കുന്ന ചില ക്ലിക്കുകളുണ്ട്. അപ്രതീക്ഷിതമായി മുന്നിൽ വരുന്ന കാടിന്റെ ചില സുന്ദര നിമിഷങ്ങളെ അതേ പോലെ ഒപ്പിയെടുക്കാൻ കഴിവുമാത്രം പോരെന്ന് തെളിയിക്കുന്ന ക്ലിക്കുകൾ. ക്യാമറ കയ്യിലെടുക്കാൻ തുടങ്ങിയതു മുതൽ എന്റെ ഫ്രെയിമുകളിൽ നിറഞ്ഞു നിന്നത് മാർജാര വിസ്മയങ്ങളായിരുന്നു. കടുവ, പുള്ളിപ്പുലി, അതല്ലെങ്കിൽ ജഗ്വാർ, ബ്ലാക്ക് പാന്തർ. ഈ കൂട്ടരോട് എപ്പോഴും ഒരിഷ്ടം കൂടുതലുണ്ട്. മറഞ്ഞിരുന്ന് കൊതിപ്പിക്കുന്ന അവയുെട ചെയ്തികള്‍ പിന്തുടർന്ന് ക്യാമറയിൽ പകർത്താൻ അണയാത്ത ആവേശമാണ് മനസ്സിൽ. പതിവു പോലെ ഒരുപാടു നേരം കാത്തുകാത്തിരുന്ന് കടുവയുടെ വ്യത്യസ്തമായൊരു ആക്‌ഷൻ പകർത്താനുള്ള കഠിനശ്രമത്തിനിടെയാണ് എന്റെ ശ്രദ്ധ മുഴുവൻ തെറ്റിച്ച് തൊട്ടടുത്ത മരത്തിലേക്ക് ആ ലങ്കൂർ കുടുംബം വന്നെത്തുന്നത്”...വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലെ ഓസ്കാർ എന്നു വിശേഷിപ്പിക്കുന്ന ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ (2015) പീപ്പിൾസ് ചോയ്സ് അവാർഡ് നേടിയ ആദ്യ മലയാളി തോമസ് വിജയൻ തന്റെ ചിത്രങ്ങൾക്കു പിന്നിലെ കഥ പറയുന്നു...

ക്യാറ്റ് ബ്രദേഴ്സ് കാട്ടിലേക്ക്...

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങൾ കാടെനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ യാത്രകളൊക്കെയും കാടെന്ന അനുഭവത്തെ ക്യാമറയിൽ പകർത്താനായിരുന്നു. ഒരു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുടെ ശേഖരത്തിലുള്ള ചിത്രങ്ങളിൽ കൂടുതലും അയാൾക്ക് ഏറെ പ്രിയപ്പെട്ട ഏതെങ്കിലും കാട്ടുമൃഗത്തിന്റേതായിരിക്കും. എന്റെ ശേഖരത്തിലെ കടുവയുടെ ചിത്രം പോലെ. സാധാരണയായി കാണുന്ന ഒന്നിനെ പകർത്താനാണ് ഏറ്റവും പ്രയാസം. കടുവയുടെ, പുള്ളിപ്പുലിയുടെ ഒരുപാട് ചിത്രങ്ങൾ കാഴ്ചക്കാർക്ക് പരിചിതമാണ്. ആ പരിചയത്തിനപ്പുറത്തേക്ക് ഒരു പുതിയ ഫ്രെയിം കണ്ടെത്തുക എന്നത് എപ്പോഴും ഒരു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ നേരിടുന്ന വെല്ലുവിളിയായിരിക്കും.

wild-life6

കുട്ടിക്കാലം തൊട്ടേ ക്യാമറ കൂട്ടുകാരനെ പോലെ എപ്പോഴും കൂടെയുണ്ടായിരുന്നു. കാടിനെ, ക്യാമറയെ, ഇഷ്ടപ്പെടുന്ന രണ്ട് സഹോദരന്മാരുണ്ടെനിക്ക്. ഒരു പക്ഷേ, എന്നെക്കാൾ മികച്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫേഴ്സ്, മോഹൻ തോമസും , തോമസ് രാജനും. മൂന്നുപേരുടെയും ഇഷ്ട വിഷയമാണ് ‘മാർജാര വിസ്മയങ്ങൾ’. അതുകൊണ്ട് ‘ക്യാറ്റ് ബ്രദേഴ്സ്’ എന്നാണ് കൂട്ടുകാർ ഞങ്ങളെ വിളിക്കുന്നത്.

wild-life1

ഫിലിം ക്യാമറയാണ് ആദ്യം കയ്യിലുണ്ടായിരുന്നത്. ഞങ്ങൾ മൂന്നുപേരുടേയും പൊതുസ്വത്ത്. കന്നിയാത്ര കർണാടകയിലെ രംഗനതിട്ടു പക്ഷിസങ്കേതത്തിലേക്കായിരുന്നു. മോഹൻ തോമസാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലെ എന്റെ ഗുരു. ബെംഗളൂരുവാണ് ജനിച്ചതും വളർന്നതും. ബ ന്ദിപ്പൂർ വന്യജീവി സങ്കേതമായിരുന്നു ഞങ്ങളുടെ സ്ഥിരം താവളം..

ഊഞ്ഞാലാടി രസിക്കുന്ന ഹനുമാൻ കുരങ്ങൻ...

ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ (2015) പീപ്പിൾസ് ചോയ്സ് അവാർഡ് കിട്ടിയ ചിത്രത്തെ അവിചാരിതമായി സംഭവിച്ച ഭാഗ്യം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 2012 ലാണ് ഈ ചിത്രമെടുത്തത്.

wild-life3

‘കടുവയുടെ വ്യത്യസ്തമായ ചിത്രമെടുക്കാൻ കൂട്ടുകാരോടൊപ്പം ബന്ദിപ്പൂരിലെത്തിയതായിരുന്നു ഞാൻ. എല്ലാ കാടുകളിലും സാധാരണയായി കണ്ടുവരുന്ന ജീവിയാണ് കുരങ്ങൻ. മിക്കപ്പോഴും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ഫോട്ടോ എടുക്കാതെ ഒഴിവാക്കുന്ന വിഭാഗം. ബന്ദിപ്പൂർ കാടിനുള്ളിൽ കടുവയുടെ വരവ് കാതോർത്ത് നിശബ്ദമായിരിക്കുന്ന സമയം. തൊട്ടടുത്ത മരത്തിലേക്കു വന്നെത്തിയ ലങ്കൂർ കുടുംബത്തിന്റെ കളികൾ എന്റെ ശ്രദ്ധയെ തെറ്റിച്ചുകൊണ്ടേയിരുന്നു. ആദ്യം ദേഷ്യം വന്നു. പിന്നെ പതിയെ ഞാനവയുടെ കളികൾ ആസ്വദിക്കാൻ തുടങ്ങി. നാലു കുരങ്ങുകളുണ്ട്.

wild-life4

അതിൽ ഒരു കുരങ്ങൻ മരത്തിൽ തൂങ്ങിയാടി ഓരോ കുസൃതികൾ കാണിക്കുന്നു. ഈ ‘കുരങ്ങുകളി’കൾ ഞാനെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ വീണ്ടും കടുവയുെട വരവിലേക്കായി ശ്രദ്ധ. അല്പസമയം കഴിഞ്ഞതേയുള്ളൂ... ഒരിക്കൽ കൂടി ഞാൻ ആ മരത്തിലേക്കൊന്ന് നോക്കി. മരമുകളിലിരിക്കുന്ന രണ്ടു ഹനുമാൻ കുരങ്ങിന്റെ നീണ്ട വാലുകളിൽ ഊഞ്ഞാലാടി രസിക്കുന്ന കുരങ്ങനെയാണ് അപ്പോൾ കണ്ടത്. പെട്ടെന്നെന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞു. ക്യാമറ ക്ലിക്ക് ചെയ്യാൻ കൈ വിറച്ചു. മൂന്നു തവണ ആ കുരങ്ങൻ, വാലിൽ തൂങ്ങി ഊഞ്ഞാലാടി. അങ്ങനെ കടുവയുടെ ചിത്രമെടുക്കാൻ പോയി കുരങ്ങന്റെ ചിത്രമെടുത്ത് മടങ്ങി.’

96 രാജ്യങ്ങളിൽ നിന്നായി 46000 അപേക്ഷകരാണ് ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ (2015) മത്സരത്തിൽ പങ്കെടുത്തത്. രാജ്യത്തിന്റെ പേരിലാണ് ഈ അവാർഡ് നൽകുന്നത്. മത്സരത്തിനായി ബന്ദിപ്പൂരിൽ നിന്നെടുത്ത ‘ഊഞ്ഞാലാടി രസിക്കുന്ന ഹനുമാൻ കുരങ്ങന്റെ’ ചിത്രമാണ് ഞാൻ അയച്ചത്. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയവും ബി ബി സി വൈൽഡ് ലൈഫ് മാഗസിനും ചേർന്ന് നൽകുന്ന ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ അവാർഡ് കഴിഞ്ഞ 52 വർഷത്തിനിടെ കിട്ടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ആദ്യമലയാളി എന്നീ അംഗീകാരങ്ങൾ ഈ ചിത്രം എനിക്കു സമ്മാനിച്ചു.

കാടറിയാതെ എങ്ങനെ കാടിനെ കുറിച്ച് പറയും...

റഷ്യയിലെ കംചട്ക, യു എസ് എ യിലെ അലാസ്ക, കെനിയയിലെ മസായ് മാര, ഇന്ത്യയിലെ രൺഥംഭോർ, കാനഡയിലെ ഒൺടാറിയോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാടുകള്‍ തേടി യാത്ര ചെയ്തിട്ടുണ്ട്. ഓരോ ത വണ കാടു കയറുമ്പോഴും മറക്കാനാവാത്ത എ ന്തെങ്കിലുമൊക്കെ കാഴ്ച മിക്കവാറും കാണാറുണ്ട്. നമ്മൾ പൊതുവെ ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘മൃഗീയത’. സാമൂഹിക വിരുദ്ധമായി ചെയ്യുന്ന എന്തു പ്രവൃത്തിയെയും ‘മൃഗീയമായി പോയി’ എന്ന് പറയും. സത്യത്തിൽ മൃഗങ്ങളുടെ ലോകത്തെ കുറിച്ച് നമുക്ക് എത്രത്തോളം അറിവുണ്ട്? ഈ അടുത്ത് എന്റെ ഫൊട്ടോഗ്രഫി ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമുണ്ടായി.

wild-life8

‘ഇന്ത്യയിലെ രൺഥംഭോർ വന്യജീവി സ ങ്കേതത്തിൽ കടുവയുടെ ചിത്രം പകർത്താനായി പോയിരുന്നു. കുറേ നേരം അലഞ്ഞെങ്കിലും കടുവയുടെ സാധാരണ ചെയ്തികൾക്കപ്പുറം വ്യത്യസ്തമായൊരു ഫ്രെയിമിനു വേണ്ട ഒന്നും തന്നെ കിട്ടിയില്ല. തിരിച്ച് പോരാൻ നിൽക്കുമ്പോഴാണ് കടുവ തന്റെ ഇരയെ വേട്ടയാടി പിടിക്കുന്നതിനുള്ള ശ്രമം നടത്തുന്നത് കണ്ടത്. പെട്ടെന്നു തന്നെ ഒരു ‘ലൈവ് വേട്ട’ പകർത്താൻ ഞാൻ ക്യാമറ സെറ്റ് ചെയ്തു. കടുവയുടെ മുന്നിൽ പ്രാണരക്ഷയ്ക്കായി ഒാടിയ മൃഗം പെട്ടെന്നു വഴിവെട്ടിച്ച് കടന്നുകളഞ്ഞു. അതിനെ പിടിക്കാനായി ചാടിയ കടുവയുടെ മുന്നിൽ അപ്പോൾ അറിയാതെ ചെന്നുപെടുകയാണ് മാൻ വർഗത്തിൽപ്പെടുന്ന മീൽഗായ് എന്ന മൃഗം. ഒരു നിമിഷം പാഴാക്കാതെ കടുവ അതിനെ കൊന്നു. മാൻ പൂർണ ഗർഭിണിയായിരുന്നു. ചത്തു കിടക്കുന്ന മാനിനെ ചുറ്റി കടുവ രണ്ടുതവണ നടന്നു. ശേഷം പതിയെ, വളരെ സൂക്ഷ്മമായി അതിന്റെ വയർ ഓരോ പാളിയായി പൊളിച്ചെടുത്തു. ചോരയിൽ മുങ്ങി നിൽക്കുന്ന മീൽഗായുടെ കുഞ്ഞിനെ കടുവ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കും പോലെ ഒരു ഇലയിൽ പൊതിഞ്ഞ് ചേർത്ത് കടിച്ചെടുത്ത് തൊട്ടടുത്ത പച്ചപ്പിൽ കൊണ്ടുപോയി കിടത്തി. ഈ രംഗം മുഴുവൻ ഞാൻ ചിത്രീകരിച്ചു. വിശക്കുമ്പോൾ മാത്രമേ ഒരു കാട്ടുമൃഗം ഇര തേടുകയുള്ളൂ. വിശപ്പില്ലാത്ത സമയത്ത് തൊട്ടടുത്തു കൂടി ഒരു ഇര കടന്നുപോയാൽ പോലും അതിനെ വേട്ടയാടുകയില്ല. കാടിന് അതിന്റേതായ നിയമമുണ്ട്. കാടു കയറാത്ത, കാടിനെ അറിയാത്ത ഒരാൾ മൃഗങ്ങളുടെ സ്വഭാവത്തെ പറ്റി പറയാൻ അർഹനല്ല.

സ്വപ്നം പോലെ ചില ചിത്രങ്ങൾ

എന്റെ ശേഖരത്തിലെ മിക്ക ചിത്രങ്ങൾക്കും കാത്തിരിപ്പിന്റെ ഒരായിരം കഥകൾ പറയാനുണ്ടാകും. കരിമ്പുലിയുടെ ചിത്രമെടുക്കുകയെന്നത് ഒരു മോഹം മാത്രമായി മനസ്സിൽ അവശേഷിച്ചിരുന്നു. അതിനായി മാത്രം നടത്തിയ യാത്രകൾ ഏറെ. കർണാടകയിലെ ഡാൻഡേലി വനമേഖലയിൽ നിന്നാണ് ആദ്യമായി കരിമ്പുലിയുടെ ചിത്രമെടുക്കുന്നത്. ഞാനെടുത്ത ചിത്രങ്ങളിൽ എനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടു ചിത്രങ്ങളുണ്ട്. ഒന്ന്, മഞ്ഞുപ്രദേശത്തു മാത്രം കണ്ടുവരുന്ന വെളുത്ത മൂങ്ങയുടെ ചിത്രം. കാനഡയിലെ ഒണ്ടാറിയോയിൽ വച്ച് , തണുപ്പ് സൂചിപോലെ ശരീരത്തിൽ കുത്തിക്കയറുന്ന മൈനസ് താപനിലയിൽ ഒരുപാട് അപകടങ്ങളെ തരണം ചെയ്താണ് ആ പടം പകർത്തിയത്.

രണ്ടാമത്തെ ചിത്രം രൺഥംഭോറിൽ നിന്നെടുത്ത ‘മഴയിലോടുന്ന കടുവ’യുടേതാണ്. മഴയും ടൈഗറിന്റെ ഓട്ടവും ഒരേ സമയം ചിത്രത്തി ൽ കിട്ടാൻ ക്യാമറയുടെ ഷട്ടർ സ്പീഡ് കൂട്ടിയും കുറച്ചും നടത്തിയ പരീക്ഷണങ്ങൾ... ആഗ്രഹിച്ച ഫ്രെയിമുകളെല്ലാം കാടെനിക്ക് സമ്മാനിച്ചിട്ടുണ്ട്. എങ്കിലും സ്വപ്നങ്ങൾക്ക് അതിരില്ലല്ലോ, സൈബീരിയൻ കടുവയുടെ ചിത്രം എടുക്കുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം.



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA