വിസ്മയിപ്പിക്കും ഇൗ വനത്തിലെ ആനക്കാഴ്ചകൾ

ernakulam-elephant
SHARE

കൊച്ചി ∙ ഈറ്റക്കാട്ടിലെ ഓരോ ഇലയനക്കത്തിലും പേടിയുടെ അംശം ഒളിച്ചിരുന്നു. രണ്ടടിക്കപ്പുറത്തേക്കു കാഴ്ച നീളാത്ത ഈറ്റക്കാട്ടിൽ ഈറത്തണ്ടുകൾ ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദം. വലിയ ഉയരമില്ലാത്ത ഒരു മരം ഇടയ്ക്കിടെ ചരിഞ്ഞു താഴുന്നു. തൊട്ടടുത്തള്ള ശത്രുവിന്റെ മണം പിടിക്കുന്നതിന്റെ കുറുകൽ.

കൂട്ടത്തിലുള്ള രണ്ടു മാസക്കാരനെ കാലുകൾക്കിടയിലേക്കു ചേർത്തു നിർത്തുന്നതിലെ ജാഗ്രത... കുഞ്ഞിനെ മാത്രമല്ല, കൂട്ടത്തിലുള്ള കൊമ്പന്മാരെയും നടുവിലേക്കു നീക്കി നിർത്തി, സംരക്ഷണ കവചം തീർക്കുന്നതിലെ കരുതൽ... ആളനക്കം കേട്ടാൽ ചെവി വട്ടം പിടിച്ചു മുന്നിലേക്കു കുതിക്കുന്ന വീര്യം... മൂന്നു വർഷം മുമ്പു കേരളത്തിൽ ഏറ്റവും കൂടുതൽ ആനവേട്ട റിപ്പോർട്ട് ചെയ്യപ്പെട്ട ഇടമലയാറിലെ ആനത്താരകൾ ഇപ്പോൾ വീണ്ടും സജീവമാണ്. വാച്ച്മരം കോളനിയും റാപ്പറത്തോടും തവളപ്പാറയും കടന്നുള്ള യാത്രയിൽ, കാട്ടാനകളുടെ ഏറ്റവും പ്രിയപ്പെട്ട താവളമായി ഇടമലയാറും അതിരപ്പള്ളിയും വീണ്ടും മാറുന്നതിന്റെ ചിത്രമാണു കണ്ടത്. 

ernakulam-elephant-at-idamalayarവാച്ച്മരം ഫോറസ്റ്റ് സ്റ്റേഷന്റെ അടുക്കള ഭാഗം തട്ടിത്തകർത്തു പുലർച്ചെ അഞ്ചു മണിയോടെയാണ് ആനക്കൂട്ടം കാട്ടിൽ കയറിയത്. ഫോറസ്റ്റ് സ്റ്റേഷന്റെ ചുറ്റും കിടങ്ങു കുഴിച്ചിരുന്നെങ്കിലും തൊട്ടടുത്തുള്ള കെട്ടിടം പണിക്കായി കിടങ്ങിന്റെ ചെറിയ ഭാഗം നികത്തിയിരുന്നു. അതുവഴിയാണ് ഒരു പിടിയാന അകത്തു കടന്നത്. താൽക്കാലികമായി പണിത അടുക്കള ഷെഡ് തട്ടിത്തകർത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ പിൻവാതിലിൽ തള്ളാൻ തുടങ്ങിയപ്പോൾ അകത്തുണ്ടായിരുന്ന രണ്ടു ജീവനക്കാർ പുറത്തേക്ക് ഓടി. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് അവ‍ർ രക്ഷപ്പെട്ടത്. 

കോളനിയിലെ ആദിവാസികൾ ശബ്ദം കേട്ട് എത്തിയപ്പോൾ കിടങ്ങിനു പുറത്ത് വലിയൊരു ആനക്കൂട്ടം തമ്പടിച്ചിരുന്നു. ഉള്ളിൽപെട്ട കൂട്ടുകാരി പുറത്തെത്താനുള്ള കാത്തിരിപ്പായിരുന്നു അവരുടേത്. മനുഷ്യരുടെ ബഹളം കേട്ടു പിടിയാന, പല വഴികൾ പരീക്ഷിച്ച്, ഒടുവിൽ കയറിയ വഴിയിലൂടെ ഒരു വിധം പുറത്തിറങ്ങി. രണ്ടു മണിക്കൂർ നേരത്തെ പരാക്രമം കഴിഞ്ഞ് ആനക്കൂട്ടം ഈറ്റക്കാട്ടിലേക്കു കയറുമ്പോഴേക്കും നേരം വെളുത്തിരുന്നു.

ernakulam-elephant-forest

ഈറ്റക്കാട്ടിനുള്ളി‍ൽ നിന്ന് ആനക്കൂട്ടത്തിന്റെ ചിത്രം പകർത്താനായി ശ്രമം. അട്ടയും ഈച്ചയും കാലിൽ കടിച്ചു ചോരയെടുക്കുന്നതു വക വയ്ക്കാതെ, ഓരോ ചുവടും ശബ്ദമുണ്ടാക്കാതെ മുന്നോട്ടു നീങ്ങി. പത്തടി അപ്പുറത്തു നിലയുറപ്പിച്ച കൂട്ടം. ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്ളതിനാൽ തന്നെ അവർ ഏറ്റവും ശ്രദ്ധാലുക്കളായിരുന്നു. മനുഷ്യന്റെ ചൂരു പിടിച്ചതോടെ കൂട്ടത്തിലെ മുതിർന്ന അംഗങ്ങൾ കൂടുതൽ ജാഗരൂകരായി. തുമ്പിക്കൈ കൊണ്ട് ഇളംപുല്ല് പറിച്ചെടുത്ത്, വേരിലെ മണ്ണു കുടഞ്ഞു കളഞ്ഞു ഭക്ഷിക്കുമ്പോഴും ഓരോരുത്തരുടേയും ശ്രദ്ധ കാട്ടിലേക്കു കടന്നെത്തിയിരിക്കുന്ന അന്യരിലായിരുന്നു.

ഇടതൂർന്നു വളർന്ന ഈറ്റക്കമ്പുകൾക്കിടയിലൂടെ, പത്തു വാര അപ്പുറം ആനക്കൂട്ടം നിലയുറപ്പിച്ചതു കണ്ടു. പക്ഷേ, കൂട്ടത്തിൽ എത്ര പേരുണ്ടെന്നോ, എവിടെയൊക്കെ മാറി നിൽക്കുന്നെന്നോ അറിയാൻ ഒരു മാർഗവുമില്ല. ചിലപ്പോൾ തൊട്ടടുത്തു നിന്നു തുമ്പിക്കൈ നീണ്ടു വരാം. അല്ലെങ്കിൽ ചിന്നം വിളിച്ച് ഒരു കൊമ്പൻ പാഞ്ഞു വരാം... കുഞ്ഞുള്ള കൂട്ടം ഏറ്റവും അപകടകാരികളായതിനാൽ തന്നെ കാത്തിരിക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. 

ernakulam-idamalayar

ഈറ്റക്കാട്ടിൽ നിന്ന് ഇടയ്ക്കൊന്നു പുറത്തെത്താൻ ശ്രമിച്ചെങ്കിലും ഡാമിൽ ചൂണ്ടയിട്ടിരുന്ന ആദിവാസികൾ ബഹളം വച്ചതോടെ കൂട്ടം വീണ്ടും കാടു കയറി. ഒടുവിൽ വെയിലാറിയതോടെ വീണ്ടും പുറത്തേക്ക്. അസ്തമയ വെയിലിന്റെ പ്രഭയിൽ മിനിറ്റുകൾ നീണ്ട ദർശനം. 13 ആനകളുള്ള സംഘത്തിൽ മൂന്നു കുട്ടിയാനകൾ. മൂന്നു കുട്ടിക്കൊമ്പന്മാർ. പിന്നെ പ്രായം ചെന്ന അമ്മമാരും. പൂർണമായി എഴുന്നേറ്റു നിൽക്കാൻ പോലും ആയിട്ടില്ല കൂട്ടത്തിലെ കുഞ്ഞിന്. 

കുഞ്ഞുങ്ങളെയും പ്രായമുള്ള കൊമ്പനെയും പൊതിഞ്ഞു നിൽക്കുകയായിരുന്നു പിടിയാനകൾ. മനുഷ്യന്റെ കൺപാടിലേക്ക് അവർ എപ്പോഴൊക്കെ എത്തി നോക്കിയോ, അപ്പോഴെല്ലാം മുൻകാലു കൊണ്ട് ഒരു തട്ടുംകൊടുത്തു കൂട്ടത്തിനു നടുവിലേക്കു തള്ളി വിട്ടു. നിരന്തരം നടന്നിരുന്ന ആനവേട്ടയുടെ ഒരു ബാക്കിപത്രം കൂടിയാവാം ഈ സ്വഭാവം. തന്റെ കുഞ്ഞുങ്ങളെ എന്തു വില കൊടുത്തും അവർക്കു സംരക്ഷിച്ചേ പറ്റൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA