കാടിനോടും ക്യാമറയോടും കൂട്ടുകൂടിയ ഏഴുവർഷത്തെ അനുഭവങ്ങൾ

wildlife7
SHARE

കോൾപ്പാടത്തെ വെള്ളക്കെട്ടിൽ, സൂര്യന്റെ പ്രണയമേറ്റുവാങ്ങി വിരിയാൻ വെമ്പി നിൽക്കുന്ന താമരമൊട്ട്. ആ സല്ലാപത്തെ അലോസരപ്പെടുത്തി മൊട്ടിനു മുകളിലേക്ക് പറന്നുവന്നിരുന്ന നീലപൊന്മാൻ... വാക്കുകളുടെ വർണനകൾക്കപ്പുറം യാഥാർഥ്യമാകുന്ന ചില ഫ്രെയിമുകളുണ്ട്.  ആയിരം ചിത്രങ്ങൾ പകർത്തിക്കഴിഞ്ഞാലും ഫൊട്ടോഗ്രഫർ തനിക്ക്  ഏറെ  പ്രിയപ്പെട്ടതായ ഒന്നോ രണ്ടോ ചിത്രം തിരഞ്ഞെടുക്കും പോലെ.

wildlife-spotted-deer---bandipur-copy
spotted deer - bandipur

കാഴ്ചക്കാരന്റെ കണ്ണിൽ അദ്ഭുതം സൃഷ്ടിക്കാൻ കഴിയുന്നിടത്ത് ഓരോ ചിത്രവും പൂർണതയിലെത്തുന്നു. ‘താമരമൊട്ടിലിരിക്കുന്ന നീലപൊന്മാൻ’ അങ്ങനെയൊരു ചിത്രമാണ്, രമേശ് കല്ലംപിള്ളി എന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുടെ പ്രിയപ്പെട്ട ചിത്രം. പ്രകൃതിയിലേക്കിറങ്ങി ചെന്ന് രമേശ് കല്ലംപിള്ളി പകർത്തിയ  സുന്ദരചിത്രങ്ങളും അവയ്ക്ക് പിന്നിലെ മനോഹരമായ അനുഭവങ്ങളും ട്രാവലറുമായി പങ്കുവച്ചപ്പോൾ...

പാൽ മധുരമൂറും അമ്മച്ചിത്രങ്ങൾ

wildlife1
പുള്ളിമാനും കുഞ്ഞും

കാട് സമ്മാനിക്കുന്ന ഓരോ ചിത്രങ്ങൾക്കും ഒരു അമ്മത്തണലിന്റെ കരുതലുണ്ട്. അതുകൊണ്ടു കൂടിയാവണം ഫോട്ടോ എടുക്കാനായി ഞാനേറെ ഇഷ്ടപ്പെടുന്ന വിഷയവും ‘അമ്മയും കുഞ്ഞും’ ആയത്. വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആ ബന്ധത്തിന്റെ സൗന്ദര്യം ക്യാമറയിലൂടെ ഒപ്പിയെടുക്കാൻ ഒരു പ്രത്യേകരസമുണ്ട്. ബന്ദിപ്പൂരിൽ നിന്നെടുത്ത പാൽകുടിക്കുന്ന പുള്ളിമാൻകുട്ടിയുടെ ചിത്രം, അണ്ണാമലൈ ടൈഗർ റിസർവിൽ നിന്നെടുത്ത സിംഹവാലൻ കുരങ്ങും കുഞ്ഞും, തട്ടേക്കാട് നിന്നെടുത്ത പൂത്താങ്കീരിയും കുഞ്ഞും, ദുബായിലെ അൽ ഖ്വദ്ര (Al Qudra Lake) തടാകത്തിൽ നിന്ന് പകർത്തിയ താറാവും കുഞ്ഞുങ്ങളും (Mallard Duck)തുടങ്ങിയ ചിത്രങ്ങള്‍ ഓരോ തവണ കാണുമ്പോഴും എന്തിനെന്നറിയാതെ മനസ്സിൽ സന്തോഷം നിറയും. നമുക്ക് ചുറ്റുമൊന്ന് വെറുതെ കണ്ണോടിച്ചാൽ മതി സുന്ദരമായ എത്രയോ ചിത്രങ്ങൾക്കുള്ള സാധ്യത എപ്പോഴും പ്രകൃതിയൊരുക്കുന്നുണ്ട്. പലപ്പോഴും നാം അത് കാണാതെ പോകുന്നു എന്നതാണ് സത്യം. പക്ഷികളുടെ ചിത്രമെടുത്താണ് ഫൊട്ടോഗ്രഫിയിലേക്കുള്ള വരവ്. ഇപ്പോഴും കൂടുതലും എടുക്കാറുള്ളത് പക്ഷികളെ തന്നെ.

കൊടുങ്ങല്ലൂരാണ് സ്വദേശം. നാട്ടിലെ പാലക്കൽ കോൾപ്പാടത്ത് നിന്നാണ് താമരമൊട്ടിലെ നീലപൊന്മാൻ എന്ന എന്റെ പ്രിയ ചിത്രം  പകർത്തിയത്. സുഹൃത്ത് ജയരാജ് പാലക്കലിനൊപ്പം, കരിന്തലയൻ മഞ്ഞ വാലുകുലുക്കി ( Yellow Wagtail) പക്ഷിയെ അന്വേഷിച്ചാണ് കോൾപ്പാടത്ത് എത്തുന്നത്. ഒരുപാട് നേരം കാത്തിരുന്ന് അവസാനം ആ കിളിയെ കണ്ടുകിട്ടി. പക്ഷേ, ഒറ്റ സെക്കൻഡ് വ്യത്യാസത്തിൽ ചിത്രം പകർത്താനുള്ള സമയം തരാതെ അത് പറന്നകന്നു. ആ നിരാശയിലിരിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു അതിഥി, ചെറിയ നീലപൊന്മാൻ  മുന്നിലെ താമരമൊട്ടിൽ പറന്നുവന്നിരുന്നത്. ക്ലിക്ക്, ക്ലിക്ക്, ക്ലിക്ക്...സുന്ദരമായ കുറേ ചിത്രങ്ങൾ സമ്മാനിച്ച് പെട്ടെന്നു തന്നെ അത് എങ്ങോ മറഞ്ഞു. അപ്രതീക്ഷിതമാണ് ഓരോ ചിത്രവും. അതുകൊണ്ട് തന്നെ ചെറുതും വലുതുമായ യാത്രകളിൽ ക്യാമറ കയ്യിൽ കരുതും.

മാറില്ല ആ ഉൾഭയം

കാട് ശരിക്കുമൊരു മാന്ത്രിക ലോകമാണ്. അവിടേക്ക് ഓരോ തവണ കടക്കുമ്പോഴും പുതിയ പുതിയ കാര്യങ്ങൾ പഠിക്കുന്നു. നിരീക്ഷണവും കൃത്യമായി പാലിക്കേണ്ട അന്വേഷണത്വരതയും  നല്ല ഫ്രെയിം കണ്ടെത്താൻ ഫൊട്ടോഗ്രഫറെ പഠിപ്പിക്കും. ഏഴുവർഷമായി ഫൊട്ടോഗ്രഫി രംഗത്തുണ്ടെങ്കിലും കാടിനോട് സൗഹൃദം കൂടുമ്പോൾ ഇപ്പോഴും ചെറിയൊരു പേടി തോന്നും. കാട്ടിലെ അപകടകാരികളായ രണ്ടുമൃഗങ്ങളെ എന്റെ അനുഭവത്തിൽ നിന്ന് തിരിച്ചറിഞ്ഞു, ആനയും കാട്ടുനായയും. ഓരോ ഫൊട്ടോഗ്രഫർക്കും ഓരോ  ജീവികളായിരിക്കും. ആന ഉപദ്രവിക്കാൻ വന്ന് ഓടി രക്ഷപ്പെട്ട ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ചിമ്മിണി വൈൽഡ് ലൈഫ് സാങ്ച്വറിയിലേക്കുള്ള യാത്രയായിരുന്നു. വാർഡന്റെ അനുമതി വാങ്ങി കാട് കയറുമ്പോൾ അയാളൊരു മുന്നറിയിപ്പ് തന്നു, ആനയിറങ്ങിയിട്ടുണ്ട്. ഇരുട്ടും മുമ്പ് തിരിച്ച് കാടിറങ്ങണം. ചെറിയ തോതിൽ മഴ പെയ്യുന്നുണ്ട്. ഞാനുൾപ്പെടെ നാലുപേരുണ്ട് സംഘത്തിൽ. കുറച്ചു നേരം ചുറ്റി നടന്ന് പടങ്ങളൊന്നും കിട്ടാതെ ഞങ്ങൾ കാടിറങ്ങാൻ നിൽക്കുമ്പോൾ ‘ആനച്ചൂരടി’ക്കാൻ തുടങ്ങി. എവിടെ നിന്നാണെന്ന് മനസ്സിലാകുന്നില്ല. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു, തൊട്ടടുത്തെവിടെയോ കലിപൂണ്ട് നിൽക്കുന്ന ആനയുണ്ട്. പെട്ടെന്ന് പുറകിൽ നിന്ന് മരങ്ങൾ വലിച്ചിടുന്ന വലിയ ശബ്ദം. ഓടിക്കോ...ആരോ ഉറക്കെ പറഞ്ഞ ആ ശബ്ദം കാലുകൾക്ക് ശക്തിയേകി. നാലു പേരും നാലുവഴിക്കായി ഓടി. ആന പുറകെയും. ആന പോകും വരെ ഞങ്ങൾ ഒളിച്ചിരുന്നു. അന്ന് തിരിച്ച് കാടിറങ്ങുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.

wildlife4

പിന്നീട് ആനയെ േപടിച്ച് ഓടി രക്ഷപ്പെട്ട അനുഭവമുണ്ടായത് മലക്കപ്പാറ വച്ചാണ്. അ തോടെ ആനയുടെ ചിത്രം പകർത്താനിഷ്ടമാണെങ്കിലും അതിനെ കാണുമ്പോഴേക്കും എവിടെ നിന്നോ മനസ്സിലേക്ക് ഒരു ഉൾഭയമെത്തും

പക്ഷികളുടെ വർണവിസ്മയ ലോകം

wild-life
നീലപ്പൊന്മാൻ

വേലിതത്ത (Bee – eater)യുടെ ചിത്രമാണ് ആദ്യമെടുത്ത പക്ഷി ചിത്രം. പിന്നീട് കിളികളുടെ വിസ്മയ ലോകത്തേക്ക് എന്നെ കൂട്ടികൊണ്ടുപോയതും ഈ ആദ്യചിത്രമാണ്. പ്രകൃതിയുടെ ഭാവങ്ങളെ കൂടി ഫ്രെയിമിലാക്കി എടുക്കുന്ന ചിത്രങ്ങൾക്ക് ഭംഗി കൂട്ടാൻ ശ്രമിക്കാറുണ്ട്. മഴ ആസ്വദിക്കുന്ന നീലപൊന്മാൻ തട്ടേക്കാട് നിന്നെടുത്ത അത്തരമൊരു ചിത്രമാണ്. മലമ്പുഴയിൽ വച്ച് ഏറെ നേരത്തെ കാത്തിരുപ്പിനു ശേഷം കിട്ടിയതാണ് അമ്യൂർ ഫാൽക്കൺ പറന്നിറങ്ങുന്ന ചിത്രം. അതുപോലെ ഇണയ്ക്ക് ഭക്ഷണവുമായി മരപൊത്തിലേക്ക് പറന്നടുക്കുന്ന  വേഴാമ്പലിന്റെ ചിത്രവും എനിക്കേറെ പ്രിയപ്പെട്ടതാണ്.

കാത്തിരുപ്പാണ് ചില ചിത്രങ്ങൾക്ക് മാറ്റ് കൂട്ടുന്നത്. ദുബായിലെ അൽ ഖ്വദ്ര തടാകത്തിൽ നിന്ന് പകർത്തിയ മലാർഡ് ഡക്കിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രമാണ് ഉദാഹരണം. ആ താറാവിന്റെ പ്രജനനക്കാലം മുഴുവൻ ഞാനതിനെ നിരീക്ഷിച്ചു. അടയിരുന്ന എല്ലാ മുട്ടകളും വിരിഞ്ഞ് അമ്മ താറാവ് കുഞ്ഞുങ്ങളെ തടാകത്തിലെ വെള്ളത്തിലേക്കിറക്കി നീന്തുന്നത് വരെ. അതുപോലെ വാഴാനിയിൽ നിന്ന് പകർത്തിയ തത്തയുടെ ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ സമ്മാനമാണ്.

wildlife-black-winged-stilt---dubai-(2)-copy

2015 ലെ കൊൽക്കത്ത ബോങ് ഫൊട്ടോഗ്രഫി അവാർഡ്, 2016 ലെ ഫോട്ടോ മ്യൂസ് അവാർഡ് എന്നിവ ഫൊട്ടോഗ്രഫിയിലൂടെ കിട്ടിയ ചെറിയ പ്രോത്സാഹനമാണ്. ഫൊട്ടോഗ്രഫറെ സംബന്ധിച്ച് അയാളുടെ ഓരോ ചിത്രത്തിനും എന്തെങ്കിലും ഒക്കെ പ്രത്യേകതയുണ്ടാകും. അങ്ങനെ പ്രത്യേകത തോന്നുന്ന ചിത്രങ്ങളെല്ലാം അയാളുടെ പ്രിയചിത്രങ്ങളുടെ ഫോൾഡറിൽ ഇടം നേടും.

ബന്ദിപ്പൂരിൽ നിന്നാണ് ആദ്യത്തെ പുള്ളിപ്പുലിയുടെ ചിത്രം പകർത്തുന്നത്. മരത്തിലിരിക്കുമ്പോൾ എന്റെ  ക്യാമറയ്ക്ക് നേരെ നോക്കി പോസ് തന്നു ആ പുള്ളിപ്പുലി. സൗഹൃദത്തിന്റെ വേറിട്ട ഭാവം എന്ന് വിശേഷിപ്പിക്കാനിഷ്ടപ്പെടുന്ന ചിത്രമാണ് ബന്ദിപ്പൂരിൽ നിന്നെടുത്ത പുള്ളിമാനിന്റെയും അതിന്റെ കഴുത്തിലിരിക്കുന്ന മൈനയുടെയും ഫോട്ടോ. മരത്തിന്റെ മറവിൽ നിന്ന് ഒളികണ്ണിട്ട് ക്യാമറയ്ക്ക് നേരെ നോക്കുന്ന ചെമ്പൻ നത്തിന്റെ ചിത്രം പ്രിയപ്പെട്ട മറ്റൊന്ന്. തട്ടേക്കാട് നിന്നാണ് അതു പകർത്തിയത്.

ഇനിയും പഠിച്ചുതീരാത്ത കാട്

ചിത്രങ്ങൾ പകർത്തുക എന്നതിലൂടെ പ്രകൃതിയെയാണ് ഫൊട്ടോഗ്രഫർ കാഴ്ചക്കാരനിലേക്കെത്തിക്കുന്നത്. ചിത്രമെടുക്കാൻ വേണ്ടി ചിത്രമെടുക്കരുത്. അതിലൂടെ പ്രകൃതിയെ അറിയാൻ ശ്രമിക്കണം. കേരളത്തിലെ വനമേഖലകളിൽ ഏറെ കണ്ടുവരുന്ന ഒന്നായിരുന്നു സിംഹവാലൻ കുരങ്ങുകൾ. ഫൊട്ടോഗ്രഫി തുടങ്ങുന്ന കാലത്തെ യാത്രകളിലൊക്കെ കാഴ്ചാവിരസത കൊണ്ട് ഫോട്ടോ  എടുക്കാതെ ഒഴിവാക്കി വിടുന്ന ജീവിവർഗം.

എന്നാൽ  വെറും ഏഴുവർഷ കാലയളവിനുള്ളിൽ സിംഹവാലൻ കുരങ്ങുകളെ കാണാതെയായി. ഇത് ഞാൻ തിരിച്ചറിഞ്ഞ ഒരു ഉദാഹരണം. അതുപോലെ എത്രയിനം ജീവജാലങ്ങൾ ഭൂമുഖത്ത് നിന്ന് നാമാവശേഷമാകുന്നു എന്ന്. കാടിനെ സ്നേഹിക്കുന്ന, പ്രകൃതിയെ അറിയാൻ ശ്രമിക്കുന്ന ഒരു ഫൊട്ടോഗ്രഫർക്ക് താൻ പകർത്തിയ ചിത്രങ്ങളിലൂടെയെങ്കിലും എന്തെങ്കിലും ചെയ്യാനായാൽ അതിലും വലിയൊരു അംഗീകാരമില്ല. ഇനിയുള്ള പ്രവർത്തനം അതിനു വേണ്ടിയാണ്.  എടുക്കുന്ന ഓരോ ക്ലിക്കിലൂടെയും പഠിച്ച് തുടങ്ങണം കാടിനെ, മൃഗങ്ങളെ, പക്ഷികളെ, ഭൂമിയെ

ചിത്രങ്ങൾ :  രമേശ്  കല്ലംപ്പിള്ളി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA