ഈ കാനന യാത്ര വനം വകുപ്പിന്റെ 'ലോട്ടറി'

tholpetty-trip1
SHARE

കാടിനുള്ളിലെ ഓരോ നിമിഷവും ഓരോ അനുഭവങ്ങളാണ്. ഇതുവരെ കേൾക്കാത്ത ശബ്ദങ്ങളുടെ, കാണാത്ത കാഴ്ചകളുടെ മാന്ത്രികലോകത്തേക്കാണ് തോൽപ്പെട്ടി ജീപ്പ് സഫാരി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

tholpetty-trip10

‘കടും പച്ചപ്പിന്റെ പശ്ചാത്തലത്തിൽ വാല് താഴേക്കിട്ട് മരച്ചില്ലയിൽ കിടക്കുന്ന പുള്ളിപ്പുലി. കൂട്ടത്തോടെ തെന്നിനീങ്ങുന്ന പുള്ളിമാൻ അതിന്റെ തൊട്ടുമുകളിലൂടെ പറക്കുന്ന ഒരു മയിൽ, വേട്ടയാടി പിടിച്ച ഇരയെ തിന്നുന്ന കടുവ. വേണമെങ്കിൽ അതിലൊരു ചെയ്ഞ്ച് വരുത്തി കടുവ ഇരയെ ഓടിച്ചിട്ട് പിടിക്കുന്നതായാലും മതി. പിന്നെ  കുഞ്ഞിനോടൊപ്പം നടന്നുവരുന്ന ആനക്കൂട്ടം. ഇത്രയുമാണ് എന്റെ മനസ്സിലെ ചിത്രങ്ങൾ.

tholpetty-trip4

ഇതൊക്കെ കിട്ടുമോ  ഹംസക്കാ’ ! ഫോട്ടോഗ്രഫറുടെ സ്വപ്നചിത്രങ്ങളുടെ ലിസ്റ്റ് കേട്ട് തോൽപ്പെട്ടി സഫാരി ജീപ്പ് ഡ്രൈവർ ഹംസ കണ്ണുതുറുപ്പിച്ചൊന്ന് നോക്കി. ഒരു മറുപടി  പറയാൻ നിൽക്കാതെ ജീപ്പ് സ്റ്റാർട്ട് ചെയ്തു. കാടുകുലുങ്ങുന്ന ശബ്ദത്തിലൊന്ന് ‘ചുമച്ച്’ ജീപ്പ് യാത്രയ്ക്ക് തയ്യാറെടുത്തു. ‘ 20 കിലോമീറ്ററോളം കാടിനകത്തേക്ക് യാത്ര പോകാനുണ്ട്. ഇതിനിടയിൽ കണ്ണും കാതും കൂർപ്പിച്ച് ശ്രദ്ധയോടെയിരുന്നാൽ ചില ജീവികളെ ഒക്കെ കാണാം. ബാക്കിയൊക്കെ ഭാഗ്യമാണ്.’ വഴികാട്ടിയായി കൂടെവരുന്ന ശശിചേട്ടൻ അവസാനനിമിഷത്തെ നിരാശയ്ക്ക് ആദ്യമേ ഷട്ടറിട്ട പോലെ പറഞ്ഞു. കാടിന്റെ രണ്ടാക്കി മുറിച്ച കല്ലുനിറഞ്ഞ വഴിയെ ജീപ്പ് മുന്നോട്ട്...

tholpetty-trip9

കേരളാവനംവകുപ്പ് ലോട്ടറി

‘ലോട്ടറി അടിക്കും പോലെയാണ് കാടിനുള്ളിലേക്കുള്ള യാത്ര. ശരിക്കും ഭാഗ്യം കൊണ്ടുള്ളൊരു കളി. ഓരോ നിമിഷവും ജാഗ്രതയോടെയിരിക്കും. ഇലയനക്കം പോലും പ്രതീക്ഷയുടെ നോട്ടങ്ങളെയ്യാൻ കാരണമാകും. ആദ്യം കാണുന്ന ജീവി അതെന്തും ആയ്ക്കൊള്ളട്ടെ, സന്തോഷം കൊണ്ട് മനസ്സ് നിറയും. അടുത്തതായി കാണാൻ പോകുന്നത് എന്തിനെയായിരിക്കും എന്ന ആകാംക്ഷ കണ്ണുകളിൽ ആ വേശം പകരും.’ ഒന്നു ചുരുക്കിപ്പറഞ്ഞാൽ തോ ൽപ്പെട്ടി ജംഗിൾ സഫാരി സഞ്ചാരികൾക്ക് സ മ്മാനിക്കുന്നത് ഈ അനുഭൂതിയാണ്. കൽപറ്റയിൽ നിന്ന് പനമരം, കാട്ടിക്കുളം വഴി ഏകദേശം 50 കിലോമീറ്റർ പിന്നിട്ടാൽ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലേക്കെത്താം. രാവിലെ ഏഴുമണി മുതൽ പത്ത് വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ചുമണി വരെയുമാണ് സഫാരിയുടെ സമയക്രമം.

tholpetty-trip11

വൈകിട്ടത്തെ ജംഗിൾ സഫാരിയാണ് ഈ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. മൂന്നു മണിയുടെ ആദ്യവണ്ടിക്ക് കയറിയാൽ കൂടുതൽ മൃഗങ്ങളെ കാണാം എന്ന ധാരണ തോൽപ്പെട്ടിയിലേക്കുള്ള ഡ്രൈവിങ്ങിന്റെ സ്പീഡ് അല്പം കൂട്ടി. ഇരുമ്പുപാലം കടന്ന് തെറ്റ് റോഡിലെ ഉണ്ണിയപ്പക്കടയും പിന്നിട്ടാൽ പിന്നെ മുന്നിൽ  തോൽപ്പെട്ടി കാടിന്റെ മനോഹാരിത തെളിയും. വനംവകുപ്പിന്റെ ഓഫിസിനു മുന്നിൽ സഫാരി ടിക്കറ്റിനുള്ള ക്യൂ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തുടങ്ങുന്നത്.  കൃത്യം മൂന്നുമണിക്ക് ആദ്യത്തെ ജീപ്പ് സഫാരിക്ക് തയ്യാറാകും.

tholpetty-trip8

‘കാട് ഒരു മാന്ത്രികലോകമാണ്. ഈ ഒരൊറ്റ യാത്രകൊണ്ട് കാടിന്റെ മുഴുവൻ മനോഹാരിതയും ആസ്വദിക്കാം എന്ന മുൻധാരണ വേണ്ട. മൃഗങ്ങൾ ആ സൗന്ദര്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. നാം കണ്ടുപരിചയിച്ച പ്രകൃതിയിൽ നിന്ന് നല്ല വ്യത്യാസമുണ്ട് കാടകം. ഈ യാത്രയിൽ അതിന്റെ ഒരു ചെറിയഭാഗം മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ. മൃഗങ്ങളെ ഒന്നും കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നാലും നിരാശ വേണ്ട. ഇതുവരെ അനുഭവിക്കാത്ത കാടിന്റെ ലോകം അല്പനേരം ആസ്വദിക്കാൻ കഴിഞ്ഞു എന്നുമാത്രം കരുതിയാൽ മതി.’ ഡ്രൈവർ ഹംസയുടെ വാക്കുകൾ കേട്ടപ്പോൾ  അത്രനേരം ചിറകുവിരിച്ച് പാറിപ്പറന്ന ഫൊട്ടോഗ്രഫർ സുഹൃത്തിന്റെ സ്വപ്നചിത്രങ്ങള്‍ ചിറകെരിഞ്ഞ് താഴെ വീണെന്നു തോന്നുന്നു, അയാൾ നിശ്ശബ്ദനാണ്.

എന്തായിരിക്കും ആദ്യദർശനം!

പച്ചപ്പിന്റെ തണുപ്പിലേക്ക് ജീപ്പ് ഇരച്ച് കയറുകയാണ്. കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും അ ധികം ഉയരമില്ലാത്ത മരങ്ങളും തിങ്ങിക്കൂടിയ പ്രദേശത്തിന് നടുവിലൂടെയാണ് സഫാരി ജീപ്പിന്റെ പാത. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഭൂപ്രകൃതിയിൽ ചെറിയ വ്യത്യാസം വന്നുതുടങ്ങി, നിറയെ പുല്ലുകൾ നിറഞ്ഞ മരങ്ങളില്ലാത്ത പ്രദേശം. അതിനപ്പുറം വെള്ളക്കെട്ട്. കൊറ്റിയും വെള്ളക്കെട്ടിൽ നീന്തിത്തുടിക്കുന്ന ചെറിയ അരയന്നവുമായിരുന്നു ആദ്യവിദൂര ദർശനം. സഫാരി വാനിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ അതിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കാൻ കഴി‍ഞ്ഞില്ല. കാടിനുള്ളിലെ സുന്ദരികൾ പക്ഷികളാണ്.

tholpetty-trip7

നാട്ടിൽ നാം കാണാത്ത എത്രതരം പക്ഷികളാണ് കാട്ടിലുള്ളത്. വാലുതാഴ്ത്തിയിട്ട് മരക്കൊമ്പിൽ കിടക്കുന്ന പുള്ളിപ്പുലിയെ അന്വേഷിക്കുന്ന തിരക്കിലാണ് ഫൊട്ടോഗ്രഫർ. അതിനിടെയാണ് വലിയൊരു പരുന്തിനെ കണ്ടത്. പിന്നെ തുരുതുരെ കുറേ ക്ലിക്ക്...മാൻകൂട്ടമായിരുന്നു അടുത്ത ദർശനം. ജീപ്പിന്റെ ശബ്ദം കേട്ട് മിഴിവെട്ടിച്ച് നോക്കുന്ന പെൺപുള്ളിമാനുകൾ. പക്ഷേ, പെൺമാനുകളെ അപേക്ഷിച്ച് കൊമ്പുള്ള ആൺപുള്ളിമാനുകൾക്ക് ചന്തം കൂടുതലാണ്. പച്ചപ്പിനിടയിൽ വിരിച്ചിട്ട പുള്ളിപ്പുതപ്പുപോലെ മാൻകൂട്ടം തെന്നിനീങ്ങുന്ന കാഴ്ച. മരച്ചില്ലകൾ കുലുക്കി മറിച്ച് കുസൃതി കാണിക്കുന്ന സിംഹവാലൻ കുരങ്ങുകൾ. ആമക്കുളത്തിനരികിലെത്തിയപ്പോൾ ഡ്രൈവർ ഹംസ ജീപ്പ് നിർത്തി. പായൽ നിറഞ്ഞ ചെറിയൊരു കുളം. അതിലുയർന്ന് നിൽക്കുന്ന പാറക്കല്ലുകള്‍ പോലും പച്ചപുതച്ചിരിക്കുന്നു.

‘ദേ, ഇതാണ് ആമക്കുളം. ആ കല്ലിനു മുകളിൽ ചെറിയൊരു ആമയെ കാണാം. നോക്കൂ...’ ഗൈഡ് ശശിയുടെ ആ വാക്കുകൾ കേട്ടപ്പോൾ ശരിക്കും അദ്ഭുതം തോന്നി. എത്ര സൂക്ഷ്മതയോടെയാണ് അവർ കാടിനെ നിരീക്ഷിക്കുന്നത്.

tholpetty-trip5

‘പാറയ്ക്ക് മുകളിലിരിക്കുന്ന ആ ആമയുടെ മൂക്കിൻ തുമ്പത്ത് ഒരു ഉറുമ്പ് വന്നിരുന്നാൽ നന്നായിരുന്നേനെ അല്ലേ? വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി മത്സരങ്ങൾക്ക് അയച്ചുകൊടുക്കാൻ നല്ലൊരു ചിത്രമായേനെ’. ഫൊട്ടോഗ്രഫർ സുഹൃത്ത്, കാണുന്ന ഓരോ കാഴ്ചകൾക്കപ്പുറത്തേക്കും പ്രതീക്ഷകൾ കൊണ്ടൊരു കൊട്ടാരം പണിയുകയാണ്.

കടുവ പിടിച്ച ഇര

ആകാശത്തേക്ക് മുഖം തൊട്ട് വളർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾ. അവയെ കെട്ടിപ്പുണർന്ന് വളരുന്ന വള്ളിപ്പടർപ്പുകൾ. പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് ഒഴുകുന്ന ചെറിയ അരുവികൾ. കാടകം കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന്, വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്നും ചെറിയൊരു അനക്കം. വണ്ടി നിർത്തി നോക്കുമ്പോൾ പച്ചപ്പിനിടയിലേക്ക് പേടിച്ച്  ഓടിയൊളിക്കുന്ന മ്ലാവ്. ഒന്നു കണ്ടു എന്നല്ലാതെ നല്ലൊരു ചിത്രമെടുക്കാനുള്ള അവസരം കിട്ടിയില്ല. കാട്ടുമരങ്ങളിൽ ഊഞ്ഞാലാടി രസിക്കുന്ന കുരങ്ങൻമാരെ പേടിപ്പിച്ചകറ്റി ജീപ്പ് മുന്നോട്ട് കുതിച്ചു. നാലുപേരുടെയും കണ്ണും കാതും ജാഗരൂകരായി പരിസരം ശ്രദ്ധിക്കുന്നുണ്ട്. കാടിന്റെ തണുപ്പും ഗന്ധവും ആസ്വദിച്ച് മുന്നേറുമ്പോഴാണ് ഒരു ടവ്വൽ വച്ച് മൂക്ക് പൊത്തിപ്പിടിക്കാൻ ഹംസ പറയുന്നത്. എന്തിനാണെന്നറിയാതെ പകച്ചു നിന്നു, ആ വാക്കുകൾ അനുസരിക്കാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. മൂക്കിനെ തുളച്ച് തലച്ചോറിലേക്ക് കയറിയ ദുർഗന്ധം...

tholpetty-trip6

ദുർഗന്ധത്തിന് ചെറിയൊരു ശമനം വന്നപ്പോൾ ഡ്രൈവർ വണ്ടിയൊതുക്കി. കഴിഞ്ഞ ആഴ്ച കടുവ ഒരു കാട്ടുപോത്തിനെ വേട്ടയാടി പിടിച്ചതാണ്. ദേ, അവിടെയാണ് അതിന്റെ അസ്ഥികൂടം. ഒരാഴ്ച കൊണ്ട് കടുവ ഇതിനെ തിന്നുതീർത്തോ എന്ന് ചോദിച്ചപ്പോൾ മറുപടി തരാതെ ഗൈഡ് ശശി തൊട്ടടുത്ത മരത്തിലേക്ക് വിരൽചൂണ്ടി. ഇലകൊഴിഞ്ഞ മരം നിറയെ കഴുകൻ‌മാരുടെ കൂട്ടമാണ്. ‘കാട്ടുപോത്തിന്റെ ശരീരം തിന്നുതീർത്ത് അസ്ഥികൂടമാക്കി മാറ്റിയത് ഇവറ്റകളാണ്. ഇനിയും അതിൽ തിന്നാൻ ബാക്കി വല്ലതുമുണ്ടോ എന്ന അന്വേഷണത്തിനിറങ്ങിയതാണെന്ന് തോന്നുന്നു, ഹംസ പറഞ്ഞു.

കടുവ ഇരപിടിക്കുന്നത് ക്യാമറയിലാക്കാൻ കാത്തുനിന്ന ഫൊട്ടോഗ്രഫർക്ക് കിട്ടിയത്, കടുവ പിടിച്ച കാട്ടുപോത്തിന്റെ ഒരാഴ്ചയോളം പഴക്കമുള്ള ജഡത്തിന്റെ അവശിഷ്ടം.

അല്പദൂരം കൂടി ഓടി തീർത്ത ശേഷം ജീപ്പ് തിരിച്ചു. ‘ഇവിടെയാണ് സഫാരിയുടെ ലാസ്റ്റ് പോയന്റ്. ഏതാണ്ട് 20 കിലോമീറ്ററോളം പിന്നിട്ടിരിക്കുന്നു,’ ഹംസ പറഞ്ഞു.

tholpetty-trip2

മടക്കം വേറെ വഴികളിലൂടെയാണ്. പ്രധാനറോഡിലേക്കെത്തും വരെയുള്ള ഓരോ നിമിഷവും അവസാനവട്ട പ്രതീക്ഷകളുടേതായിരുന്നു. എവിടെയെങ്കിലും ഒരു പുള്ളിപ്പുലി, കടുവ, അതുമല്ലെങ്കിൽ ഒരു കാട്ടുപോത്തെങ്കിലും... യാത്രയ്ക്ക് മുമ്പേ ഡ്രൈവർ ഹംസ പറഞ്ഞവാക്കുകളാണ് മനസ്സിലേക്കെത്തിയത്,

‘മൃഗങ്ങളെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നാലും നിരാശ വേണ്ട. ഇതുവരെ അനുഭവിക്കാത്ത കാടിന്റെ ലോകം അല്പനേരം ആസ്വദിക്കാൻ കഴിഞ്ഞു’ എന്നുമാത്രം കരുതിയാൽ മതി..

എങ്ങനെ എത്താം

കൽപ്പറ്റ– മാനന്തവാടി– കാട്ടിക്കുളം വഴി  ഏകദേശം 50 കിലോമീറ്റർ അകലെയാണ് തോൽപ്പെട്ടി വൈൽഡ് ലൈഫ് സാങ്ച്വറി. തോൽപ്പെട്ടി ജീപ്പ് സഫാരി സമയക്രമം– രാവിലെ 7 – 10 വരെ, വൈകിട്ട് 3– 5 വരെ. ടിക്കറ്റ് നിരക്ക്– 115 രൂപ (indians)+ ജീപ്പ് ചാർജ് 600 രൂപ കൂടുതൽ വിവരങ്ങൾക്ക്, +91 4935 250853

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA