sections
MORE

തലതിരിഞ്ഞ കൂറ്റൻ മൂങ്ങയെ ക്യാമറയിൽ പകർത്തിയപ്പോൾ

thrissur-shoby-photographer-owl
SHARE

തൃശൂർ∙ ചെറുപ്പത്തിൽ  കാർന്നോന്മാർ പറഞ്ഞു പേടിപ്പിക്കുമായിരുന്നു: മൂങ്ങ ഒരു ഭീകരജീവിയാണ്..., മൂങ്ങ മൂളുന്ന ശബ്ദം കേട്ടാൽ കാലൻ വരും. മരണമുണ്ടാകും. അതുകൊണ്ട് അടുത്തുപോകരുത്...അങ്ങനെ മനസിൽ കയറിക്കൂടിയ വില്ലൻ കഥാപാത്രത്തെ അച്ചടിച്ച രൂപത്തിലും ടിവി ചാനലുകളിലുമൊക്കെയാണു  വരടിയം  ചിറ്റാട്ടുകര വീട്ടിൽ ഷോബി മുങ്ങയെ കണ്ടത്. അങ്ങനിരിക്കെ ചാപ്പാറയിൽ ട്രക്കിങ്ങിനു പോയപ്പോഴതാ മരക്കൊമ്പിലിരിക്കുന്നു ഒന്നരയടിയോളം  ഉയരമുള്ളൊരു കൂറ്റൻ മൂങ്ങ. വില്ലൻ കഥാപാത്രത്തിനെ മുന്നിൽ കണ്ടപ്പോൾ പേടിയല്ല തോന്നിയത്. കൗതുകം. ഷോബി ഉടൻ വീട്ടിൽ പോയി കാടുകയറാൻ പോകുമ്പോൾ കൊണ്ടുപോകുന്ന ക്യാമറയുമായെത്തി. അവനെ ക്യാമറയിൽ പകർത്തി.കാലൻകോഴി എന്നു വിളിപ്പേരുള്ള  മോട്ടിൽഡ് വുഡ് ഔൾ ആണ് സംഭവം.

പേരിൽ കാലനുണ്ടെങ്കിലും തന്നെത്തേടി അന്നും പിറ്റേന്നും കാലൻ വന്നില്ലെന്നു കണ്ടതോടെ മൂങ്ങയോട് ഇഷ്ടം കൂടി ഷോബി.അന്നുമുതൽ കാടുകയറുമ്പോഴൊക്കെ ക്യാമറയിൽ മൂങ്ങയെ കിട്ടുമോയെന്ന നോട്ടമാണ്. ഇപ്പോൾ നൂറുകണക്കിനു മൂങ്ങകളെ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.‘‘ പ്രാകി പ്രാകി വെറുതെ ആ പാവം ജീവിക്ക് ചീത്തപ്പേരുണ്ടാക്കിയതാ..’’ വർഷങ്ങളോളം മൂങ്ങയുടെ പിന്നാലെ ക്യാമറ തൂക്കി നടന്ന അനുഭവത്തിൽ നിന്നു ഷോബി പറയുന്നു.

മൂങ്ങ പേടിപ്പെടുത്തുന്ന പക്ഷിയല്ലെന്നും  ഭംഗി ആസ്വദിച്ചു കണ്ടാൽ ഇഷ്ടം തോന്നുമെന്നുമാണ് ഷോബിയുടെ പക്ഷം. മൂങ്ങകളെ കണ്ടെത്താൻ രാത്രിയിലാണു സഞ്ചാരം. പക്ഷേ രാത്രിയിൽ ഷോബി പടമെടുക്കില്ല. കണ്ണിൽ ഫ്ളാഷ് ലൈറ്റ് അടിക്കുന്നത് അവയ്ക്കു നല്ലതല്ലത്രേ. അതിനാൽ രാത്രിയിറങ്ങിയാൽ  മൂങ്ങയെ കണ്ടെത്തുന്ന പരിസരം പകൽപോയി അരിച്ചു പെറുക്കും. പൊന്തക്കാട്ടിലും മറ്റും പകൽ ഒരേയിരിപ്പിരിക്കുന്ന  മൂങ്ങയെ ക്യാമറയിൽ പിടികൂടും.തമിഴ്നാട്, കർണാടക വനങ്ങളിലും സഞ്ചരിച്ചെങ്കിലും കേരളത്തിന്റെ മലയോര മേഖലയിൽത്തന്നെയാണ് കൂടുതൽ മൂങ്ങകളെ കണ്ടെത്തിയതെന്ന് ഷോബി പറയുന്നു.

വീടുകൾക്കരികിലൊക്കെ  ഇരിപ്പുറപ്പിക്കുന്ന ചെമ്പൻ നത്ത്, കാഴ്ചയിൽ നല്ല ഭംഗിയുള്ള പുള്ളുനത്ത്, ഉണങ്ങിയ മരത്തിലും പൊത്തിലും ഇടം പിടിക്കുന്ന ചെവിനീണ്ട ചെവിയൻ നത്ത്, മീൻപിടുത്തക്കാരനായ മീൻ കൂമൻ.. തുടങ്ങിയ ഒട്ടേറെ ഇനം മൂങ്ങകൾ ഷോബിയുടെ ക്യാമറയിൽ ‘കൂടുകൂട്ടി’യിട്ടുണ്ട്..‌മൂങ്ങയിൽ മാത്രമല്ല, ഇരുനൂറിലേറെ പക്ഷി ഇനങ്ങളെയും ഈ യാത്രകൾക്കിടയിൽ ഷോബി പകർത്തി. വേഴാമ്പൽ, രാജഹംസം, കടുവ, വർണപ്പക്ഷികൾ എന്നിവയുടെ പ്രത്യേക ശേഖരവുമുണ്ട്.മലയാളത്തിൽ ബിരുദമെടുത്ത ഷോബി ജോലി ചെയ്യുന്നത് ഐഇഎസ് സ്കൂളിൽ ഷട്ടിൽ ട്രെയിനറായാണ്. എങ്കിലും പക്ഷികളോടുള്ള താൽപര്യം കൊണ്ട് ഈ പ്രഫഷനിൽ ചേക്കേറുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA