കാനനകാഴ്ചകളില്‍ മയങ്ങി ഒരു സ്വപ്നയാത്ര

travel-to-wild
SHARE

ശിശിരകാലത്തിന്റെ വരവറിയിച്ചുകൊണ്ട് വഴിയിലുടനീളം മരങ്ങള്‍ ഇല പൊഴിയിക്കുന്നു. പച്ചപ്പിനു പകരം ചുവന്ന നിറമാണ് മണ്ണിനും ചുറ്റുപാടുകള്‍ക്കം അപ്പോള്‍. തെപ്പക്കാട് മാസനഗുഡി വനപാതയിലൂടെയുള്ള യാത്രയിലെ മനംനിറക്കും കാഴ്ചകളായിരുന്നു. യാത്രകളെ സ്നേഹിക്കുന്ന എന്നോടൊപ്പം പ്രിയ സുഹൃത്ത് സാബിബും പങ്കുചേർന്നു. യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നൊരാളെ സഹയാത്രികനായി ലഭിക്കുന്നതുതന്നെ ഭാഗ്യമാണ്. ഗൂഡല്ലൂരില്‍ നിന്ന് മൈസൂര്‍ റോഡിനു 17 കിലോമീറ്റര്‍ താണ്ടിയാൽ തെപ്പക്കാട് എത്തിച്ചേരാം. അവിടെ നിന്നും നേരെ മൈസൂര്‍ റോഡും വലത്തോട്ട് തിരിഞ്ഞാല്‍ മസിനഗുഡി - ഊട്ടി റോഡുമായി പിരിയുന്നു. തെപ്പക്കാട് നിന്ന് 7 കിലോമീറ്റര്‍ യാത്രചെയ്താൽ മസിനഗുഡിയെത്താം ഇവിടെ നിന്ന് ഇടത്തോട്ടുള്ള വഴിയാണ് മോയാറിലേക്ക് നയിക്കുന്നത്. ‍ഞങ്ങളുടെ ലക്ഷ്യവും കാഴ്ചകൾ ആസ്വദിച്ച് മോയാറ് എത്തുക എന്നതായിരുന്നു.

കാഴ്ചകളുടെ ലഹരിയിൽ നേരം പോയതറിഞ്ഞതേയില്ല. സമയം ഉച്ചയോടടുത്തിരുന്നു റോഡില്‍ സഫാരി ജീപ്പുകളൊഴിച്ചാല്‍ ഏറെക്കുറേ വിജനമായിരുന്നു. റോഡിനു സമാന്തരമായി വനത്തിലൂടെ പുഴ ഒഴുകുന്നുണ്ട്. കുറ്റിച്ചെടികള്‍ പോലുള്ള മരങ്ങളാണ് അധികവും, പാതയോരത്ത് മാനുകള്‍ കൂട്ടമായി മേഞ്ഞുനടക്കുന്നുണ്ടായിരുന്നു. റോഡരികില്‍ പലയിടത്തായി മരച്ചുവട്ടില്‍ ചെറിയ പ്രതിഷ്ഠകളും നിലവിളക്കും കാണാമായിരുന്നു. സമീപവാസികളുടെ ആരാധനാ കേന്ദ്രങ്ങളായിരിക്കുമെന്ന് മനസ്സിലായി. പോകുംവഴി ആനകളും കാട്ടുപോത്തും ദര്‍ശനം നല്‍കി. ഒരുപാട് മയിലുകളെയും കാണാന്‍ കഴിഞ്ഞു.

travel-to-wild1

കാനനകാഴ്ചകളില്‍ മയങ്ങി ഏകദേശം 8 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തേടിയിറങ്ങിയ സുന്ദരി മോയാര്‍ ഡാം ഇതാ കൺമുന്നില്‍. ഒരു മതിലിന്‍റെ തടസ്സം പോലുമില്ലാതെ റോഡിന്റെ തൊട്ടരികില്‍. ഹൃദ്യമായ കാഴ്ചയായിരുന്നു. തെളിഞ്ഞ വെള്ളവും ജലാശയത്തിനു നടുക്കായി അങ്ങിങ്ങായി ചെറിയ തുരുത്തുകളും. തുരുത്തുകളില്‍ ഇലകള്‍ കൊഴിഞ്ഞ മരങ്ങളും. തീരത്ത് തണല്‍വിരിച്ച്‌ പൂക്കാന്‍ കൊതിച്ചു നില്‍ക്കുന്ന വാകമരങ്ങളും.

travel-to-wild4

തമിഴ്‌നാട്‌ കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ ഡാം വലുപ്പത്തില്‍ വളരെ ചെറുതാണ്. നീലഗിരി കുന്നുകളില്‍നിന്നെത്തുന്ന കുളിര്‍ക്കാറ്റേറ്റ് ആ കാഴ്കളില്‍ മതിമറന്നു നില്‍ക്കുമ്പോള്‍ ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍ നമ്മെ തൊട്ടുരുമ്മി കടന്നുപോകും. ഡാമിനെ ചുറ്റിപ്പറ്റി ആധുനികത തൊട്ടുതീണ്ടാത്ത ഒരു ഗ്രാമവുമുണ്ട്. കൊച്ചു കൊച്ചു വീടുകളും മുമ്പെങ്ങോ എന്തോ കാരണങ്ങളാല്‍ ഇവിടം വിട്ടു പോയവരുടെ വീടുകളുടെ അവശിഷ്ടങ്ങളും കാണാം. ഡാമിന് അഭിമുഖമായി മുക്കാല്‍ഭാഗവും നശിച്ച ഒരു ക്രിസ്ത്യന്‍പള്ളി ശ്രദ്ധയിൽപ്പെട്ടു. വാകമരങ്ങള്‍ പൂക്കള്‍ കൊണ്ടലങ്കരിക്കുന്ന സമയത്ത് ഒരിക്കല്‍ക്കൂടി ഈ സുന്ദരതീരത്ത് വരണമെന്ന് മനസ്സിലുറപ്പിച്ചു മടക്കമാരംഭിച്ചു. മടക്കയാത്രയിലും മാനുകളും മയിലുകളും ആനയും കാട്ടുപോത്തുകളും മുന്നില്‍ വന്നു. ഇത്രയേറെ മൃഗങ്ങളെ ഒന്നിച്ചു കണ്ടുകൊണ്ടുള്ള വനയാത്ര സുന്ദരമാണ്. തിരിച്ചു മസിനഗുഡിയെത്തി. വിശ്രമം ശേഷം അടുത്ത കാഴ്ചകളിലേക്ക് തിരിച്ചു.

മുതുമലൈ വന്യജീവി സാങ്കേതം

ഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമലൈ. നീലഗിരിയിലാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മുതുമലൈ വന്യജീവി സാങ്കേതത്തിലൂടെ 40 ഹെയര്‍പിന്‍ വളവുകളുള്ള കല്ലട്ടി ചുരം കയറിയാൽ ഊട്ടിയായി. ഈ പാതയിലൂടെ എത്രതവണ പോയാലും മടുപ്പ് തോന്നില്ല അത്രക്ക് സുന്ദരമാണ്. കാടിന് നടുവിലൂടെ നീണ്ടുകിടക്കുന്ന വഴിയിലൂടെ മുന്നോട്ടു പോകുമ്പോള്‍  മലനിരകളുടെ വിദൂരദൃശ്യം  സ്വാഗതം ചെയ്തുകൊണ്ടേയിരിക്കും. ചുരം കയറി ഊട്ടി നഗരത്തിലെത്തി ചേര്‍ന്നാൽ പിന്നെ കാഴ്ചകളുടെ പൊടിപൂരമാണ്. പൂക്കളുടെ നഗരമിപ്പോള്‍ പൂക്കളുടെ നിറത്തിലുള്ള കെട്ടിടങ്ങളുടെ മാത്രം നഗരമായി മാറിയിട്ടുണ്ടോ എന്ന് സംശയം തോന്നിയേക്കാം. ഊട്ടിയുടെ പതിവു കാഴ്ചകള്‍ക്ക് സമയം ചിലവഴിക്കാതെ മാഞ്ഞൂര്‍ ലക്ഷ്യമാക്കി നീങ്ങി. യൂക്കാലി ഗന്ധമുള്ള വഴിയിലൂടെ ഊട്ടി പൈതൃക തീവണ്ടി പാതയ്ക്ക് സമാന്തരമായി മുന്‍പോട്ട് യാത്ര തുടർന്നു. മാഞ്ഞൂരിലെത്തി അല്‍പസമയം വിശ്രമിച്ചു.

travel-to-wild2

മാഞ്ഞൂര്‍ ചെറിയൊരു ടൗണ്‍, തിരക്ക് വളരെ കുറവ് ഊട്ടിയെ അപേക്ഷിച്ച് വൃത്തിയുള്ള ചുറ്റുപാടുകള്‍. ഭക്ഷണമൊക്കെ കഴിച്ച് യാത്രയുടെ ക്ഷീണമകറ്റി നേരെ മുള്ളി ലക്ഷ്യമാക്കി നീങ്ങി. മാഞ്ഞൂരില്‍ നിന്നും ഗെഥ ചുരം ഇറങ്ങുന്നത് ആദ്യതവണയാണ് മുന്‍പ് 3 തവണയും ചുരം കയറി ഊട്ടിയിലെത്തിയിട്ടുണ്ട്. പോക്കുവെയിലില്‍ തിളങ്ങുന്ന കുന്നുകള്‍ക്ക് പ്രത്യേക ഭംഗിയായിരുന്നു. മുന്‍പ് ഈ വഴി പോയിരുന്നപ്പോള്‍ കണ്ടിരുന്ന പച്ചവിരിച്ച കുന്നുകള്‍ക്കിപ്പോൾ സ്വര്‍ണനിറമാണ്. കാട്ടുപോത്തുകളെയും മലയണ്ണാനുകളെയും അടുത്ത് കണ്ടു. വനയാത്രയില്‍ ആദ്യമായി ഉടുമ്പിനെയും കാണാന്‍ കഴിഞ്ഞു.

വൈകുന്നെരമായപ്പോഴോക്കും മുള്ളി പിന്നിട്ടിരുന്നു. അസ്തമയാദിത്യന്‍ മലനിരകള്‍ക്കു ചെഞ്ചായ നിറം പകരുന്ന കാഴ്ച ആരുടേയും മനം മയക്കുന്നതാണ്. ദൂരെ മലമുകളില്‍ കാറ്റാടി യന്ത്രങ്ങള്‍ കറങ്ങികൊണ്ടേയിരിന്നു. ഇരുട്ടിനു കനംവെച്ചപ്പോഴേക്കും താവളം കഴിഞ്ഞിരുന്നു. ചുരമിറങ്ങി മണ്ണാര്‍ക്കാട് നഗരത്തിലെത്തി ഭക്ഷണശേഷം നിറമുള്ള ഒരുപാട് കാഴ്ചകള്‍ വീണ്ടും മനസ്സില്‍ ഓര്‍ത്തെടുത്തുകൊണ്ട് മടക്കയാത്ര തുടർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA