വീട്ടിലെ ചിത്രകാരി കാട്ടിൽ ഫൊട്ടോഗ്രാഫറായി

wild-trip2
SHARE

കാണുന്ന കാഴ്ചകളെ നിറങ്ങൾ ചേർത്ത് കാൻവാസിലേക്ക് ഒപ്പിയെടുക്കാന്‍ ഒരു പ്രത്യേകരസമാണ്. ഉള്ളിലെ ആ ചിത്രകാരിയുടെ ഭാവനകൾ പിന്നീടെപ്പോഴോ യഥാർഥ കാഴ്ചകളുടെ ഫ്രെയിമിലേക്ക് വഴിമാറി. കാടും പ്രകൃതിയും പക്ഷികളും മൃഗങ്ങളും ക്യാൻവാസിൽ നിന്നിറങ്ങി വന്ന് ക്യാമറയോട് കൂട്ടുകൂടി. 

അഞ്ചു വർഷം കൊണ്ട് കാട് പഠിപ്പിച്ച പാഠങ്ങളും സമ്മാനിച്ച ചിത്രങ്ങളും നേടിക്കൊടുത്ത അനുഭവങ്ങളും പങ്കുവച്ച് രഹാന ഹബീബ് എന്ന ചിത്രകാരി കാടിന്റെ കൂട്ടുകാരിയായ കഥ പറയുകയാണ്. ‘എങ്ങനെയോ വഴിതെറ്റി ക്യാമറയ്ക്ക് മുന്നിലെത്തിയ ഏഷ്യൻ പാരഡൈസ് ഫ്ലൈകാച്ചർ, എന്റെ ആദ്യത്തെ ക്ലിക്ക്. പക്ഷികളോടുള്ള ഇഷ്ടം തുടങ്ങുന്നത് ആ ഒരൊറ്റ ഷോട്ടിൽ നിന്നാണ്. പിന്നെ പക്ഷി സുന്ദരികളെ തേടി മാത്രം നടത്തിയ എത്രയോ യാത്രകൾ. ഓരോ യാത്രയിലൂടെയും പഠിച്ചെടുത്തത് പ്രകൃതിയെന്ന വലിയ പുസ്തകം. വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ രഹാന ഹബീബ് ഒപ്പിയെടുത്ത നിമിഷങ്ങളിലൂടെ കാട്ടിലേക്കൊരു യാത്ര....

wild-trip

പറന്നുവന്ന് മുന്നിലിരുന്ന വെളുത്ത സുന്ദരി....

ഫൊട്ടോഗ്രഫി പഠിക്കാൻ തുടങ്ങിയതു മുതൽ വൈൽഡ് ലൈഫ് കാഴ്ചകൾ ഒപ്പിയെടുക്കാനായിരുന്നു താൽപര്യം. ആദ്യത്തെ ‘കാട്ടുയാത്ര’ പറമ്പിക്കുളത്തേക്കായിരുന്നു. മുന്നിൽ കാണുന്നതെല്ലാം പകർത്തി വെറുതെ നടക്കുമ്പോഴാണ് പെട്ടെന്ന് മുന്നിലെ ഉണങ്ങിയ മരച്ചില്ലകൾക്കിടയിലേക്ക് എന്തോ പറന്നു വന്നത്. വെളുത്ത് ചെറിയ ശരീരവും അതിനു ചേരാത്തൊരു നീണ്ടവാലും, തുന്നിച്ചേർത്ത തൊപ്പിപോലെ കറുത്ത തലയുമുള്ളൊരു പക്ഷി സുന്ദരി. കണ്ട കാഴ്ചയിൽ തന്നെ ശ്രദ്ധപിടിച്ചു വാങ്ങിയ ആ കിളിയുടെ ഒരുപാട് ചിത്രങ്ങൾ പകർത്തി. ഫോട്ടോ പകർത്തിയതല്ലാതെ ആ പക്ഷിയെക്കുറിച്ചെനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. സുഹൃത്ത് മനോജാണ് അതിനെ പരിചയപ്പെടുത്തുന്നത്, ഏഷ്യൻ പാരഡൈസ് ഫ്ലൈക്യാച്ചർ.

wild-trip5

വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയെ പ്രണയിച്ചു തുടങ്ങിയ എന്നെ കിളികളുടെ ലോകത്തേക്ക് ക്ഷണിച്ചത് ആ പക്ഷിയാണ്. ഓരോ ഇനത്തിൽപ്പെട്ട കിളികളെ കുറിച്ചും അവയുടെ ജീവിതപരിസരത്തെ കുറിച്ചും പതിയെ പഠിച്ചു തുടങ്ങി.

കൊക്കുകളുടെ ഇനത്തിൽ ഏറെ സുന്ദരിയാണ് അരയന്ന കൊക്ക് അഥവാ ഫ്ലെമിംഗോ. കൂട്ടമായാണ് അരയന്ന കൊക്കിന്റെ സഞ്ചാരം. ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലാണ് ഇക്കൂട്ടരെ കൂടുതലും കാണുന്നത്. ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു ഫ്ലെമിംഗോയുടെ ചിത്രം പകർത്തുക എന്നത്. ആ അന്വേഷണം ചെന്നെത്തിയത് തമിഴ്നാട്ടിലെ കൂന്തംകുളത്താണ്. ഏപ്രിൽ മാസത്തിലാണ് യാത്ര. പക്ഷി നിരീക്ഷകനായ പാൽപാണ്ടിയാണ് ഗൈഡായി കൂടെയുള്ളത്. അതി രാവിലെ കൂന്തംകുളത്തെത്തി ഫ്ലെമിംഗോയെ അന്വേഷിച്ച് നടപ്പ് തുടങ്ങി. മനസ്സിൽ കണ്ട ഫ്രെയിം കിട്ടാനായുള്ള പ്രാർഥനയിലായിരുന്നു. 

wild-trip3

ആ ഗ്രാമത്തിലേക്ക് കടന്നപ്പോൾ തന്നെ അങ്ങു ദൂരെ ആകാശത്ത് ഒരു റിബൺ പോലെ പക്ഷിക്കൂട്ടത്തെ കണ്ടു. അപ്പോൾ തന്നെ മനസ്സിലായി ദേശാടനക്കിളികളാണ്. പക്ഷേ, എന്ത് കിളികളാണെന്ന് മനസ്സിലായില്ല. അല്പനേരം നോക്കി നിന്നു. ആ പക്ഷിക്കൂട്ടം അടുത്തേക്കെത്തും തോറും മനസ്സ് തുള്ളി ച്ചാടി, മുന്നിൽ ഫ്ലെമിംഗോ ഉണ്ടെന്ന കാര്യം ഉറപ്പാക്കാൻ സഹായകമായി. ഗ്രാമത്തിലേക്ക് കടന്ന് പല കിളികളെയും ചിത്രമെടുത്ത് നടന്നു. ഫ്ലെമിംഗോയെ മാത്രം എങ്ങും കാണാനില്ല. സമയം സൂര്യാസ്തമയത്തോടടുത്തു. മടക്കയാത്രയ്ക്ക് പ്ലാൻ ചെയ്യുമ്പോൾ, പെട്ടെന്ന് ഒരു വെള്ളക്കെട്ടിന്റെ വലതു ഭാഗത്ത് ഒരു കൂട്ടം പക്ഷികൾ പറന്നിറങ്ങുന്നു, ഫ്ലെമിംഗോ.... പാൽപാണ്ടി ‘നിശ്ശബ്ദമായി പറഞ്ഞു’. ഒരാൾക്കു മാത്രം കഷ്ടിച്ചു നടക്കാവുന്ന ബണ്ടിനു മുകളിലൂടെ ക്യാമറയും തൂക്കി ഞാൻ ഓടി. വെളിച്ചം പോകും മുമ്പേ കുറച്ച് ചിത്രങ്ങൾ പകർത്തി. ശരിക്കും പറഞ്ഞാൽ എന്റെ സ്വപ്നചിത്രങ്ങൾ.

ക്യാമറയുടെ ചിത്രകാരി

കാറ്റിന്റെ വേഗത്തിൽ പറന്നു മറയുന്ന കിളികളെ തേടിയുള്ള യാത്ര അത്ര എളുപ്പത്തിൽ നടത്താവുന്നതല്ല. കാത്തിരിപ്പും ക്ഷമയുമാണ് കിളികളുടെ ചിത്രം പകര്‍ത്താനായി നടക്കുന്ന ഫൊട്ടോഗ്രാഫറിൽ ഏറ്റവും ആദ്യം ഉണ്ടാകേണ്ട ഗുണം. കുട്ടിക്കാലം തൊട്ടേ പ്രകൃതിയോടൊപ്പം ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമായിരുന്നു. ഒപ്പം പെയിന്റിങും. ആർട്ടിസ്റ്റ് വി.ഡി ദത്തന്റെ കീഴിൽ ചിത്രരചന പഠിക്കാൻ ചേർന്നതോടെയാണ് കരിയറിലെ പുതിയ വഴി തെളിയുന്നത്. ചിത്രം വരയ്ക്കു മ്പോൾ കാണുന്നതിനെ അതേ പോലെ പകർത്തുന്ന രീതി യായിരുന്നു എന്റേത്. എന്നാൽ യാഥാർഥ്യത്തിനപ്പുറമാണ് ചിത്രരചനയുടെ ലോകം എന്ന് മനസ്സിലായി. അതോടെ പെയിന്റിങ്ങിന്റെ സ്വഭാവം മാറ്റിത്തുടങ്ങി. പക്ഷേ, കാണുന്ന കാഴ്ചകൾ അതേ പോലെ ഫ്രെയിമായി മനസ്സിൽ രൂപം കൊണ്ടു.

അങ്ങനെ കാണുന്ന ഫ്രെയിം അതേ പോലെ പകർത്തിയെടുക്കാൻ നല്ലത് ഫൊട്ടോഗ്രഫിയാണെന്നു തോന്നിത്തുടങ്ങിയതോടെ ക്യാമറയുമായി ചങ്ങാത്തം കൂടാൻ ശ്രമിച്ചു. ബാലൻ മാധവൻ എന്ന ഫൊട്ടോഗ്രാഫറുടെ വർക്ക് ഷോപ്പിൽ ഒരിക്കൽ പങ്കെടുക്കാൻ അവസരം കിട്ടി. അന്നു മുതലാണ് ശരിക്കും പറഞ്ഞാൽ ഫോട്ടോ എടുക്കാൻ എനിക്ക് കഴിയും എന്ന ആത്മവിശ്വാസം തോന്നിത്തുടങ്ങിയത്. 

സായാഹ്നങ്ങൾ സമ്മാനിച്ച ഓർമ ചിത്രങ്ങൾ....

കബനിയിൽ വച്ചാണ് ആദ്യത്തെ പുള്ളിപ്പുലിയുടെ ചിത്രം കിട്ടുന്നത്. സഫാരി വാനിലെ യാത്രയ്ക്കിടെയാണ് താഴ്‍വാരത്ത് ഒരുപാട് വള്ളികൾ പിണഞ്ഞ മരക്കൊമ്പിനിടയിൽ കിടക്കുന്നൊരു പുള്ളിപ്പുലിയെ കണ്ടത്. വൈകുന്നേരമാണ്, വെളിച്ചം തീരെയില്ല. വളരെ ഉയരത്തിൽ നിന്ന് താഴേക്ക് ക്യാമറ ഫോക്കസ് ചെയ്തു. ചിത്രം കിട്ടുമോ ഇല്ലയോ എന്നൊന്നും അറിയാതെ പരീക്ഷണാർഥം വെറുതെ ചെയ്തൊരു ക്ലിക്ക്. ഞാനെടുത്ത ആദ്യത്തെ ലെപേർഡ് ചിത്രം എന്ന നിലയിൽ ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണത്. 

wild-trip5

ഫൊട്ടോഗ്രഫിയിലേക്ക് വന്ന സമയത്തൊക്കെ സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്രകൾ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ യാത്രകളെല്ലാം ഒറ്റയ്ക്കാണ്. ബന്ദിപ്പൂർ യാത്രയ്ക്കിടെ അവിചാരിതമായാണ് കടുവയുടെ ചിത്രം കിട്ടുന്നത്. ഒരു സായാഹ്നത്തിലാണ് സഫാരി വാനിലെ യാത്ര. വാനിൽ വച്ച് ഒരാളെ പരിചയപ്പെട്ടു. അദ്ദേഹം പതിനഞ്ചാമത്തെ തവണയാണ് ബന്ദിപ്പൂരേക്ക് വന്നത്. പക്ഷേ, ഒരു തവണ പോലും കടുവയെ കാണാൻ കഴിഞ്ഞില്ല. അതിനാൽ എന്തൊരു ചെറിയ അനക്കം കേൾക്കുമ്പോഴേക്കും അയാൾ കടുവ.... കടുവ എന്ന് വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. പല തവണ അയാളുടെ വാക്കുകൾക്ക് ചെവി കൊടുത്ത് ഞങ്ങള്‍ നിരാശരായി അവസാനം അയാൾ പറയുന്നത് വിശ്വസിക്കില്ലെന്ന ഘട്ടം വന്നു. പക്ഷേ, അവസാനത്തെ അയാളുടെ വിളിയിൽ ശരിക്കും മുന്നിൽ കടുവ വന്ന് നിൽക്കുന്നുണ്ടായിരുന്നു. വെള്ള ക്കെട്ടിൽ നിന്നോ മറ്റോ എഴുന്നേറ്റ് വരുന്ന വരവാണ്. ദേഹ ത്തു നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. വാനിനു മുന്നിലൂടെ യാതൊരു കൂസലുമില്ലാതെ കടുവ നടന്നു നീങ്ങി. അതിനിടെ ഒന്നു രണ്ട് ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞു. 

വേഴാമ്പലിനെ തേടിയായിരുന്നു നെല്ലിയാമ്പതിയിലേക്കുളള യാത്ര. ചുരം കയറിത്തുടങ്ങിയപ്പോൾ വഴിയരികിൽ ഒരാൾക്കൂട്ടം. മൊബൈലിൽ ചിത്രമെടുക്കാനുള്ള തിരക്കാണ്. എന്താ ണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാനും അവർക്കിട യിലേക്ക് പോയി. താഴെ ഒരു മരത്തിന്റെ കൊമ്പിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന രാജവെമ്പാലയെയാണ് കണ്ടത്. അല്പ നേരം നിന്നപ്പോഴേക്കും ക്യാമറയ്ക്കു നേരെ രണ്ടു തവണ നോക്കി. അപ്രതീക്ഷിതമായൊരു ക്ലിക്ക്.

wild-trip7

ആ യാത്രയിൽ വേഴാമ്പലിനെ തേടി കുറേ അലഞ്ഞു. കണ്ടില്ല. മടക്കയാത്രയ്ക്കൊരുങ്ങവേയാണ് തലയ്ക്ക് മുകളിലൂടെ ഭയങ്കരമായ ശബ്ദത്തിൽ എന്തോ ഒന്ന് പറന്നു പോയി നോക്കുമ്പോൾ ഒരു വേഴാമ്പൽ. അതിന്റെ കൊക്കിൽ എന്തോ തൂങ്ങി നിൽക്കുന്നു. എന്തോ ഒരു കുല പഴവുമായി പോകുന്ന വേഴാമ്പൽ, സുന്ദരമായ ഫ്രെയിം മനസ്സിൽ കണക്കു കൂട്ടി. ക്യാമറയ്ക്കകത്ത് കൂടി നോക്കിയപ്പോൾ ഞെട്ടി. വേഴാമ്പലിന്റെ കൊക്കിൽ കിടന്ന് ഇളകുന്നത് പഴക്കുലയല്ല, ഒരു ചെറിയ കിളിയാണ്. ആ കാഴ്ച ഒരു പുതിയ അറിവു കൂടിയാ യിരുന്നു. വേഴാമ്പൽ ചെറിയ പക്ഷികളെ തിന്നും എന്ന അറിവ്. കിളികളെ തേടിയുള്ള യാത്ര തുടർന്നുകൊണ്ടിരി ക്കുന്നു. 

എന്തെങ്കിലും ഒരു ഫ്രെയിം മനസ്സിലാഗ്രഹിച്ചാണ് എല്ലാ യാത്ര കളും. കുറച്ചു കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആഗ്രഹിച്ച ഫ്രെയിം എല്ലാം കിട്ടാറുണ്ട്. എത്രയൊക്കെ കാത്തിരുന്നിട്ടും കിട്ടാതെ പോയ ഏതെങ്കിലും ഫ്രെയിം മനസ്സിലുണ്ടായാലോ, ഉറപ്പാണ് അതിലും മനോഹരമായതെന്തോ കാട് എനിക്കായി കാത്തു വച്ചിട്ടുണ്ട്. 

ചിത്രങ്ങൾ: രഹാന ഹബീബ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA