കാടാണ്, കാടിന്റെ നടുവിലൊരു ഒറ്റമുറി വീടാണ് തണുപ്പാണ്, ചുറ്റും കിളിയൊച്ചയുടെ കാറ്റാണ്...

south-africa-trip14
SHARE

കാടാണ്, കാടിന്റെ നടുവിലൊരു ഒറ്റമുറി വീടാണ്

തണുപ്പാണ്, ചുറ്റും കിളിയൊച്ചയുടെ കാറ്റാണ്...

ഒറ്റയ്ക്ക്, കാടിനു നടുവിൽ, മരം പുതച്ച മലയുടെ താഴെ, കണ്ണും നട്ടു കിടക്കുമ്പോൾ കവിത വന്നുപോകും. അരിച്ചരിച്ചു കയറി വരുന്ന പേടിയുടെ കുഞ്ഞനുറുമ്പുകളെ കണ്ടില്ലെന്നു നടിച്ചത് ആ കവിതയുടെ ബലത്തിലാണ്. മുഖത്തുരുമ്മുന്ന ചെറുചുവപ്പൻ പൂവുകളുടെയും കൂട്ടുകാരനെ വിളിക്കുന്ന നീലപ്പക്ഷിയുടെയും രസത്തിലാണ്. ചെറിയൊരു കാറ്റിൽ നൂറു വർത്തമാനം പറയുന്ന മരങ്ങളുടെ സുഖത്തിലാണ്. 

south-africa-trip6

ദേ... പിന്നേം കവിത. 

അങ്ങു ദൂരെ ദക്ഷിണാഫ്രിക്കയിൽ, ഈസ്റ്റ് ലണ്ടൻ എന്ന സ്ഥലം. അവിടെ ഇൻക്വെൻക്വേസി (inkwenkwezi) എന്ന ഗെയിം റിസർവ്. 4500 ഹെക്ടർ വനം. മൃഗങ്ങളെ കാണാം, സാഹസിക സവാരി നടത്താം, കാടു കണ്ടു കിടക്കാം. സൗത്ത് ആഫ്രിക്കൻ ടൂറിസത്തിന്റെ മീഡിയ ടൂർ പ്രോഗ്രാമിനെത്തിയതു ഞങ്ങൾ ആറു പേർ; നാലു പുരുഷന്മാരും ഞാനുൾപ്പെടെ രണ്ടു സ്ത്രീകളും. ഒപ്പം ഗ്രൂപ്പ് കോ–ഓർഡിനേറ്റർ വനിതയും. 

south-africa-trip8

∙ കാട്ടിലെ വീട്ടിൽ

അഞ്ച് മണിക്കൂർ ഡ്രൈവ് കഴിഞ്ഞ് ഇൻക്വെൻക്വേസിയിലെത്തിയപ്പോൾ സന്ധ്യ. സ്വെറ്ററിനെയും തോൽപിച്ചു കാറ്റ്. ചാറ്റൽ മഴ. പട്ടണമോടിയില്ലാത്ത റിസപ്ഷനിൽ നിന്നു ചായ കുടിക്കുമ്പോൾ ബ്രയാനും കെയ്‌ലിനും വന്നു. കരിംപച്ചത്തൊപ്പി, പട്ടാളപ്പാന്റ് – അവരുടെ കാട്ടുവേഷം കൊള്ളാം. ബ്രയാൻ ഗെയിം റിസർവ് ഉടമയുടെ മകൻ. കെയ്‌ലിൻ അവിടുത്തെ വനിതാ ഗൈഡും. ‘വാട്സാപ് മെസെജ് അയയ്ക്കാനുണ്ടെങ്കിൽ ഇവിടെ വച്ച് ആയിക്കോളൂ, റൂമിൽ നെറ്റ് ഇല്ല. ’ ആദ്യത്തെ വെടിപൊട്ടിച്ചിട്ടു കെയ്‌ലിൻ മടമടാ ചിരിച്ചു.

south-africa-trip4

റൂമിൽ ഫോണും വർക്കിങ് അല്ല. അടുത്ത അമിട്ട്, പിന്നാലെ കെയ്‌ലിന്റെ ചിരി അമിട്ട്. ഓരോ വാക്കിനും ഇങ്ങനെ ചിരി പൊട്ടി വീഴുകയാണ്. കാണാനൊരു രസമൊക്കെയുണ്ട്. പക്ഷേ, ഫോണും നെറ്റും ഇല്ലാതെ കാടിനകത്ത് എങ്ങനെ കഴിയും? ചോദിച്ചപ്പോൾ ദേ അതിനും ചിരിക്കുന്നു. പാമ്പുണ്ടോ എന്നു ചോദിച്ചു നോക്കി. ഇല്ല എന്നു തമാശയ്ക്കെങ്കിലും പറയുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, ‘കാടല്ലേ, പാമ്പൊക്കെ കാണുമെന്നു’ ചിരിച്ചുമറിഞ്ഞു പിന്നെയും കെയ്‍ലിൻ.

south-africa-trip10

∙ കുളിക്കാം, കാടിനോടു മിണ്ടി!

south-africa-trip7

റൂമിലേക്കു പോകാമെന്നു പറഞ്ഞപ്പോൾ നടന്നാൽ എത്തുമെന്നാണു കരുതിയത് അതും തെറ്റി. കണസകുണസ വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയും കാട്ടുപാതിലൂടെ പട്ടാളജീപ്പ് പോലത്തെ വണ്ടിയിൽ 15 മിനിറ്റ് ദൂരം. വണ്ടിയിൽ നിന്നു വലിഞ്ഞിറങ്ങിയപ്പോൾ പച്ചക്കളറിലൊരു ടോർച്ചും അതിൽ ഞാന്നു കിടക്കുന്ന താക്കോലും തന്നിട്ടു ബ്രയാൻ പറഞ്ഞു, നടന്നോളൂ. ഇലവീണു കിടക്കുന്ന കൊച്ചു കാട്ടുവഴി. പേരറിയാപ്പക്ഷികളുടെ കുറുകൽ.

south-africa-trip1

അഞ്ച് മിനിറ്റു നടന്നു ചെന്നപ്പോൾ ഉയർത്തിവച്ച തൂണിൽ തലയുയർത്തി ഒറ്റമുറി തടിവീട്. സിറ്റ് ഔട്ടിൽ കാട് നോക്കിക്കുളിക്കാൻ ബാത്ടബ്. അകത്ത് ഇലക്ട്രിക് ബ്ലാങ്കെറ്റ് വിരിച്ച ഡബിൾ ബെഡ്. ഒരു ഭിത്തിയുടെ അപ്പുറം ശുചിമുറി. പിന്നെ നാലുവശവും ഗ്ലാസിട്ട കുളിമുറി! കാടിനോടു മിണ്ടിക്കൊണ്ടു കുളിക്കാനാണത്രേ. മുറിയെക്കുറിച്ചു വിവരിച്ചപ്പോൾ കെയ്‍ലിന്റെ കമന്റ്, ‘നിങ്ങൾക്കു കിട്ടിയിരിക്കുന്നതു ഹണിമൂൺ സ്വീറ്റ് ആണ്.’. കണവൻ അങ്ങുദൂരെ കോട്ടയത്ത്. പിന്നെയെന്ത് ഹണിമൂൺ എന്ന് ഈ കൊച്ചിനോടു പറഞ്ഞിട്ടു കാര്യമില്ല. അതിനും ചുമ്മാ ചിരിക്കും! 

south-africa-trip3

∙ പേടിയെ കാടെടുത്തു

ഫ്രഷായി ഡിന്നറിനു പോകാൻ വഴിയിലേക്കു നടന്നപ്പോഴാണു കിടുങ്ങിയത്. രാത്രിക്കു വല്ലാത്തൊരിരുട്ട്. നമുക്കീ നാട്ടുരാത്രികളെ അല്ലേ പരിചയം. ഓരോ കോട്ടേജും തമ്മിൽ വിളിച്ചാൽ കേൾക്കാത്തത്ര ദൂരം. വല്ല മറുതായും പിടിച്ചാൽ അതു പറഞ്ഞൊരു മെസെജ് അയയ്ക്കാൻ പോലും കഴിയുകയുമില്ല. ഓടി, കണ്ണുമടച്ചു പടപടാ ഓടി. മുകളിലെ വഴിയിലെത്തിയപ്പോഴുണ്ട് ഒറ്റ മനുഷ്യക്കുഞ്ഞില്ല. അല്ലെങ്കിലും ടൂറിനു പോയിട്ടു പങ്‌ക്ച്വാലിറ്റി നോക്കുന്ന എന്നെപ്പറഞ്ഞാൽ മതിയല്ലോ. പെട്ടെന്നൊരു കിളി കരഞ്ഞു, എന്നെപ്പോലെ, കൂട്ടില്ലാതെ കരഞ്ഞതാകാം. അപ്പുറത്തെവിടെയോ മറുകിളി വിളികേട്ടു. എന്തോ, എന്റെ പേടിയും പോയി. നട്ടപ്പാതിരയ്ക്ക് ആ ഘടാഘടിയൻ കാടിനു നടുവിൽ ഞാൻ സുരക്ഷിതയായി. പ്രത്യേകിച്ചു കാരണമൊന്നുമില്ല, എന്തോ കാടെന്നെ കെട്ടിപ്പിടിച്ചപ്പോലെ. കണ്ണടച്ചു നിന്നപ്പോൾ നൂറായിരം ശബ്ദം കേട്ടു, തണുത്ത കാറ്ററിഞ്ഞു. കുഞ്ഞുടോർച്ചിന്റെ ഇത്തിരി വെളിച്ചത്തിൽ രണ്ടുചാൽ നടന്നു. അപ്പോഴതാ മണ്ടിമണ്ടിക്കയറിവരുന്നു, ‘പട്ടാളവണ്ടി’. 

south-africa-trip11

എന്നിട്ടും ഗ്രൂപ്പംഗങ്ങളുടെ പൊടി പോലുമില്ല. ബ്രയാനും കെയ്‌ലിനും കോട്ടേജുകളിൽ ചെന്നപ്പോഴാണ് അറിഞ്ഞത്, പേടി കൊണ്ടു പുറത്തിറങ്ങാത്തതാണത്രേ. ഹോ, ഞാനൊരു വമ്പത്തി തന്നെ.

south-africa-trip

∙ ബിഗ് ഫൈവ് 

വണ്ടിയിൽ കുടുകുടുവെന്നു കുലുങ്ങി റിസപ്ഷനടുത്തുള്ള റസ്റ്ററന്റിലെത്തി. ഒന്നാന്തരം ആഹാരം. വയറുനിറച്ചു തിരികെ കോട്ടേജിലേക്ക്. ലോകവുമായുള്ള എല്ലാ ബന്ധവും വിട്ട് അന്തംവിട്ടുറങ്ങി. പുലർച്ചെ നാലിനായിരുന്നു സഫാരി. പട്ടാളവണ്ടിയിൽ കാടിനുള്ളിലേക്ക്. സിംഹം, പുലി, കാണ്ടാമൃഗം, ആന, കാട്ടുപോത്ത് – ബിഗ് ഫൈവ് എന്നറിയപ്പെടുന്ന മൃഗങ്ങളെല്ലാം ആ കാട്ടിനുള്ളിൽ എവിടെയോ ഉണ്ട്. ഇരുട്ടിനെ വകഞ്ഞ് ഒരു കൂട്ടം കലമാനുകൾ പാഞ്ഞു. എന്തൊരു ഭംഗി. സൂര്യൻ പതിയെ തലപൊക്കി വന്നപ്പോഴേക്കും ഞങ്ങൾ കാട്ടിനുള്ളിൽ. കടുംപച്ചയും ചാരവും ചുവപ്പും കലർന്ന പക്ഷികൾ, തൊപ്പിവച്ചതുപോലെ തലയിൽ പൂടയുള്ള നീലൻ കിളികൾ...കൂട്ടം കൂട്ടമായി സീബ്രകൾ. ദൂരെ ദൂരെ തലയുയർത്തി ജിറാഫ്... കലമാൻ കൂട്ടങ്ങൾ, പുൽമേടുകൾ, പാറക്കെട്ടുകൾ, സുന്ദരൻ പൂക്കൾ.... അതിനിടയിൽ അതാ നമ്മുടെ കൊങ്ങിണിപ്പൂവ് കുലകുലയായി ചിരിച്ചു നിൽക്കുന്നു.

കെയ്‌ലിനാണു വണ്ടിയോടിച്ചത്. ഓരോ കിളിയെയും മൃഗത്തെയും കുറിച്ചു പറയുമ്പോഴൊക്കെ കെയ്‌ലിൻ ഉറക്കെച്ചിരിച്ചു. പക്ഷേ, ഒരു ഇരുമ്പു ഗേറ്റിന് അടുത്തെത്തിയപ്പോൾ അവൾ പെട്ടെന്നു ചിരി നിർത്തി, ഒച്ചതാഴ്ത്തി. അതിനപ്പുറം സിംഹങ്ങളുണ്ട്. തവിട്ടു സിംഹങ്ങൾ. വെളുപ്പു സിംഹങ്ങൾ. ആൽബിനോ രോഗം ബാധിച്ചു വെളുത്തതല്ല, ശരീരത്തിൽ മെലനിൻ തീരെ കുറഞ്ഞതു കൊണ്ടു വെളുത്തത്. വലിയ  വളപ്പിനു ചുറ്റും വൈദ്യുതി കമ്പിവേലി. ഗേറ്റ് തുറന്ന് പതിയെ വണ്ടി അകത്തേക്കു നീങ്ങി. പൊന്തയിലെവിടെയെങ്കിലും തവിട്ടോ വെളുപ്പോ ഉണ്ടോ? കണ്ടില്ല. പക്ഷേ, പശുക്കളുടെയും മറ്റും ശവശരീരങ്ങൾ അവിടെയും ഇവിടെയും. സിംഹങ്ങൾ വേട്ടയാടിത്തിന്നുകയല്ലത്രേ. ചത്തമൃഗങ്ങളെ കൊണ്ടിട്ടു കൊടുക്കുകയാണു പോലും. ഉള്ളിലൊരു നീറ്റൽ. മൃഗശാല അല്ലെന്നേ ഉള്ളൂ, ഇവിടെയും സിംഹങ്ങൾ കൂട്ടിലാണ്.

∙ വെളുമ്പൻ സിംഹവും ഭാര്യയും

കുറെദൂരം ചുറ്റിയടിച്ചപ്പോൾ അതാ, മരത്തിനു താഴെ വെളുത്ത സടകുടഞ്ഞ്, ഒരു എമണ്ടൻ സിംഹം. കൂടെ വെളുവെളുത്ത ഭാര്യയും. രണ്ടുപേരും നല്ല പ്രേമത്തിൽ. തൊട്ടുതലോടുന്നു, ഉമ്മവയ്ക്കുന്നു. ശ്ശോ, അവരുടെ സ്വകാര്യതയിലേക്കാണല്ലോ ചെന്നു കയറിയത്. വണ്ടിയൊന്നു മുരണ്ടപ്പോൾ സിംഹം തലവെട്ടിച്ചു നോക്കി, രണ്ടു ചുവടു മുന്നോട്ടുവച്ചു. കെയ്‌ലിൻ പെട്ടെന്നു സ്റ്റിയറിങ്ങിൽ മുറുകെപ്പിടിച്ചു. പക്ഷേ, അലസമായി രണ്ടുനിമിഷം അങ്ങനെ നിന്നിട്ടു സിംഹം ഭാര്യയുടെ അടുത്തേക്കു മടങ്ങി.

south-africa-trip5

വീണ്ടും ചുറ്റിക്കറങ്ങിയപ്പോൾ കണ്ടു, തവിട്ടു കുട്ടിസംഹങ്ങൾ. വലിയ സിംഹങ്ങൾ അഞ്ചാറെണ്ണം. രാവിലെ പത്തുമണിയോടെ ആദ്യത്തെ സഫാരി തീർത്തു മടക്കം.. കലമാൻകൂട്ടങ്ങളെ അടുത്തുകണ്ടപ്പോൾ അവയുടെ ചെവിയിൽ ട്രാക്കിങ് ചിപ്പുകൾ. കാണ്ടാമൃഗങ്ങൾക്കു കൊമ്പില്ല! കൊമ്പിനു വേണ്ടി അവയെ വേട്ടയാടി കൊല്ലുന്നവരിൽ നിന്നു രക്ഷിക്കാൻ കൊമ്പ് നീക്കുകയാണത്രേ. ഉള്ളു വീണ്ടും കനത്തു. 

ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ടത്തെ സഫാരിയുടെ സമയം വരെ കോട്ടേജിൽ കാടുകണ്ടിരുന്നു. മുന്നിൽ വലിയ മലയാണ്, ആ മല നിറയെ മരങ്ങൾ. എന്തൊരു പച്ചയാണ് അവയ്ക്ക്. സിറ്റ് ഔട്ടിലെ ബാത് ടബ്ബിൽ ചെറുചൂടുവെള്ളത്തിൽ കാലിട്ടു നീണ്ടു നിവർന്നു കിടന്നു. കൈനീട്ടിയിൽ ചുവന്ന കാട്ടുപൂക്കളിൽ തൊടാം. നമ്മുടെ തെച്ചിപ്പൂവ് പോലെയുണ്ട് കാണാൻ.

വൈകിട്ടു സഫാരിയിലും കൺനിറയെ മൃഗങ്ങളെ കണ്ടു. പക്ഷേ, ആനത്താരയും ആനപ്പിണ്ടവും കണ്ടെങ്കിലും ആഫ്രിക്കൻ തലയെടുപ്പോടെ ആന പുറത്തുവന്നില്ല. പുലിയെയും കണ്ടില്ല. 

കണ്ണുനിറയെ കാട് കാഴ്ചയുമായി ഒരു രാത്രി കൂടി മരവീട്ടിൽ. ഉറങ്ങിയില്ല, നിലാവിൽ കാടു കണ്ടിരുന്നു. കുറച്ചു കുളക്കോഴികളും അതേ മൂഡിലായിരുന്നെന്നു തോന്നുന്നു. അടുത്തുവന്ന് എന്തൊക്കെയോ പയ്യാരം പറഞ്ഞു തിരിച്ചുപോയി. നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ ‍ഞാനും, സുഖകരമായ ഒരു അന്തംവിടലിൽ, അടുത്ത പകലിലേക്കു കാടുണരുന്നതു കണ്ണിമയ്ക്കാതെ കണ്ടു നിന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA