കൂട്ടുകൂടി കാട്ടിൽ പോയ ദമ്പതികൾ, മടങ്ങിയത് പക്ഷിലോകത്തെ അപൂർവ ചിത്രങ്ങളുമായി

SHARE

കൂട്ട്, ആ വാക്കിന് പോലും എന്തൊരു ഭംഗിയാണ്. പക്ഷികളുടെ ലോകത്തേക്കിറങ്ങി ചെന്നാൽ അതിന്റെ അർഥം പൂർണമായും വായിച്ചെടുക്കാം. ഇണചേരുന്നതും കൂടൊരുക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും തീറ്റതേടുന്നതും എല്ലാം തന്നെ കൂട്ടിനൊപ്പമാണ്. കൃത്യമായി പക്ഷികളെ നിരീക്ഷിച്ചാൽ അടുത്ത നിമിഷം  അതിന്റെ  ചെയ്തികൾ എന്താണെന്ന് നമുക്ക് മുൻകൂട്ടി പറയാൻ സാധിക്കും. ഈ കഴിവ് തിരിച്ചറിഞ്ഞ് തുടങ്ങുന്നിടത്ത് ഫൊട്ടോഗ്രഫർ ജനിക്കുകയായി. ടെക്നിക്കൽ വശങ്ങൾക്കപ്പുറം ഫൊട്ടോഗ്രഫിയെ നിയന്ത്രിക്കുന്ന, ഉപയോഗിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ് നിരീക്ഷണത്തിലൂടെ നേടിയെടുക്കുന്ന അനുഭവങ്ങൾ... വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരായ ദമ്പതികൾ, അനിലും സ്മിതയും  ഒരുമിച്ച് നടത്തിയ യാത്രകളും എടുത്ത ചിത്രങ്ങളും നേരിട്ട അനുഭവങ്ങളും അറിയാം.

വർണച്ചിറകുള്ള ചങ്ങാതിമാർ

wild-safari-Tern-Smitha
സ്മിത പകർത്തിയ ചിത്രം

‘വീടും പുറകിലെ നെൽപാടവും മരങ്ങളും വള്ളിപ്പടർപ്പുകളുമായിരുന്നു  എന്റെ ലോകം. വെറുതെയിരിക്കുന്ന സമയത്തെല്ലാം ഭർത്താവിന്റെ ക്യാമറയും തൂക്കി പരീക്ഷണത്തിനിറങ്ങും.  ആ പരിസരത്തു നിന്നും ചിത്രങ്ങള്‍ പകർത്തിയാണ് ഫൊട്ടോഗ്രഫിയിലേക്കുള്ള കാൽവയ്പ്. പപ്പായ കഴിക്കാനെത്തുന്ന കുയിലിന്റെ ചിത്രം പകർത്താം എന്ന ഉദ്ദേശ്യത്തോടെ നിൽക്കുമ്പോഴാണ്, മുറ്റത്ത് വെള്ളം നിറച്ചുവച്ച വലിയ പാത്രത്തിലേക്ക്  എന്തോ ഒന്ന്  പറന്നിറങ്ങിയത്!  ശരവേഗത്തിൽ ജലപ്പരപ്പിനുമേൽ താഴ്ന്നുയർന്നു, പൊന്മാൻ. എന്റെ ആദ്യ ചിത്രം. സാധാരണ ചുറ്റിലും കണ്ടുവരുന്ന ഒരു പക്ഷി എന്നതിലുപരി എന്തുപ്രത്യേകതയാണ് അതിനുള്ളത്? ആ നിമിഷം മനസ്സിൽ തോന്നിയ ഈ ചോദ്യത്തിൽ നിന്നാണ് പക്ഷികളുടെ അദ്ഭുത ലോകത്തേക്ക് ഇറങ്ങാം എന്ന് തീരുമാനിക്കുന്നത്.

wild-safari-Golden-Oriole-Female-Smitha
golden oriole bird

പക്ഷിപ്രേമിയായ നല്ലപാതി അനിൽ  പ്രോത്സാഹനമായി കൂടെ നിന്നപ്പോൾ കണ്ടതും അറിഞ്ഞതും പക്ഷിലോകത്തെ വിസ്മയങ്ങൾ. നല്ല ചിത്രങ്ങൾ എടുക്കാനായി എന്ന് സ്വയം തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ പക്ഷികളെ തേടിയുള്ള അന്വേഷണത്തിന്റെ വ്യാപ്തി കൂട്ടി. തട്ടേക്കാട് പക്ഷി സങ്കേതം തൊട്ടടുത്തായതിനാൽ മിക്കവാറും പരീക്ഷണങ്ങൾക്ക് വേദിയായത് അവിടമായിരുന്നു. ഒരുപാട് വ്യത്യസ്ത ഇനത്തിൽപെട്ട പക്ഷികളുടെ ചിത്രം തട്ടേക്കാട് എനിക്കും അനിലിനും  സമ്മാനിച്ചിട്ടുണ്ട്.

wild-safari-Mating-squirrels-Smitha
squirrels

തുടക്കകാലത്ത് വെറുതെ ചിത്രമെടുത്ത് നടക്കുക എന്നതിലുപരി ആ പക്ഷിയുടെ പ്രത്യേകതകളോ പേരോ പോലും അറിയില്ലായിരുന്നു. എന്നാൽ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ എടുത്ത ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ ജനിച്ചു. പക്ഷികളുടെ ചിത്രങ്ങളും വിവരങ്ങളും  പോസ്റ്റ് ചെയ്യുന്ന വെബ്സൈറ്റുകൾ വഴിയാണ് വിവരങ്ങൾ ശേഖരിച്ചത്’. സ്മിത പറയുന്നു.

പ്രിയപ്പെട്ട ചിത്രങ്ങളും കാടോർമകളും

wild-safari-leopard-kabini-Anil
leopared in kabini

‘നാലുവർഷം മുമ്പ് വരെ ഞാനും സ്മിതയും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി രംഗത്ത് സജീവമായിരുന്നു. ഫൊട്ടോഗ്രഫി ശരിക്കും പാഷനാണ്. ബിസിനസ്സിലെ തിരക്കിനിടയിൽ വീണുകിട്ടുന്ന സമയങ്ങൾ യാത്രകൾക്കായി മാറ്റി വയ്ക്കും. അത്തരം യാത്രകളിൽ ചിത്രം പകർത്താനാണ് ക്യാമറ വാങ്ങിയത്. പ്രകൃതിദൃശ്യങ്ങൾ മാത്രം പകർത്തി നടന്ന എന്നെ പക്ഷികളുടെ ലോകത്തേക്ക് ക്ഷണിച്ചത് ഭാര്യ സ്മിതയാണ്.

wild-safari--Crow-pheasant-Smitha
crow pheasant

പക്ഷികളുടെ വർണപ്രപഞ്ചം അദ്ഭുതപ്പെടുത്താൻ തുടങ്ങിയതോടെ യാത്രകൾ ഒരുമിച്ചാക്കി.  പുതിയ ക്യാമറ വാങ്ങി. മൂന്നാർ, തട്ടേക്കാട്, കൂന്നംകുളം, തിരുനെൽവേലി,മൈസൂർ തുടങ്ങി പക്ഷികളെ തേടി മാത്രം നടത്തിയ യാത്രകൾ ഏറെ. മൂന്നാറിൽ നിന്നാണ്  ലിറ്റിൽ ഗ്രിബി അഥവാ മുങ്ങാങ്കോഴിയുടെ ചിത്രം പകർത്തുന്നത്. ചെറിയ താറാവിനോടു സാമ്യമുള്ള പക്ഷിയാണിത്. കാലുകൾ താറാവിന്റെ പോലെയല്ല.

wild-safari--Pied-Kingfisher-Smitha
pied kingfisher

മറ്റൊരു പ്രത്യേകത ഈ പക്ഷിക്ക് 500 ലധികം കിലോമീറ്റർ വരെ പറക്കാൻ പറ്റും. ഇണക്കിളിക്ക് ഭക്ഷണം നൽകുന്ന  ചുട്ടീയാറ്റ (munia) യുടെ ചിത്രം ഏറെ പ്രിയപ്പെട്ട ഒന്നാണ്. പെൺകിളിക്ക് ഭക്ഷണമാക്കാൻ ഇരയെ കൊടുത്താണ് ആൺകിളി ഇണചേരാനുള്ള തന്റെ ആഗ്രഹം അറിയിക്കുന്നത്. മുനിയ വിഭാഗത്തിൽപ്പെടുന്ന പക്ഷികളുടെ പ്രത്യേകതയാണിത്. 

wild-safari-Femmale-koel-Smitha
female koel

കൂന്നംകുളത്ത് നിന്നും പകർത്തിയ ഫെമിംഗോ ഇഷ്ടപ്പെട്ടുന്ന മറ്റൊരു ചിത്രമാണ്.  ഫെമിംഗോയുടെ ചിത്രം പകർത്താൻ വേണ്ടി മാത്രം ഞാനും സ്മിതയും  പലതവണയായി കൂന്നംകുളം പോയിട്ടുണ്ട്. പലപ്പോഴും നിരാശയായിരുന്നു ഫലം. തടാകക്കരയിലും വെള്ളക്കെട്ടുകളിലുമാണ് ഇക്കൂട്ടരെ കണ്ടുകിട്ടുക. കാണുന്ന സമയത്തെല്ലാം ഗൈഡ് പാൽപാണ്ടി വിളിച്ച് വിവരം തരും. ആ വിളിയിലായിരിക്കും കൂന്നംകുളം യാത്ര തുടങ്ങുക. വളരെ വ്യത്തിഹീനമാണ് തടാകക്കര. എല്ലാം സഹിച്ചാകും നല്ല ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു ദിവസം മുഴുവൻ നിന്നാലും ചിലപ്പോൾ പക്ഷികളെ കണ്ടുകിട്ടില്ല. ചിത്രമെടുക്കാൻ ക്ഷമ മാത്രം പോര അല്പം ഭാഗ്യം കൂടെ വേണം എന്നത് വാസ്തവമാണ്. 

wild-safari-11
Wildlife Photographers ,Anil and Smitha Anil

പക്ഷികളെ കൂടാതെ ഒന്നുരണ്ട് വന്യമൃഗങ്ങളുടെ ചിത്രം പകർത്താൻ സാധിച്ചു. ക്യാമറയ്ക്ക് നേരെ നോക്കുന്ന കലമാൻ, കാട്ടുപോത്ത്, ലങ്കൂർ തുടങ്ങിയവ അതിൽ ചിലതാണ്. വളരെ അപ്രതീക്ഷിതമായി കബനിയില്‍ വച്ചാണ് ആദ്യമായി ഒരു പുള്ളിപ്പുലിയുടെ പടം കിട്ടുന്നത്.

ആദ്യതവണ പോയപ്പോൾ വളരെ ദൂരെ നിന്ന്  പുള്ളിപ്പുലിയെ ഒരു നോക്ക് കണ്ടു, ക്യാമറ കയ്യിലുണ്ട്. പക്ഷേ, ദൂരം കാരണം ചിത്രം എടുക്കാൻ കഴിഞ്ഞില്ല. അന്നുമുതൽ ആ ഫോട്ടോ ഒരു മോഹമായി മനസ്സിൽ കൂടുകൂട്ടി. രണ്ടാമത്തെ തവണ പോയപ്പോൾ കബനിയിൽ വച്ചുതന്നെ പുള്ളിപ്പുലിയുടെ ചിത്രം പകർത്താൻ സാധിച്ചു.  മോഹിച്ച് കാത്തിരുന്നാൽ ആ ചിത്രങ്ങൾ തരാതിരിക്കാൻ കാടിനാവില്ലല്ലോ.’സ്മിതയോടൊപ്പം ചേർന്ന് നടത്തിയ കാട്ടിലേക്കുള്ള യാത്രകൾ ഓർത്തെടുക്കുകയാണ് അനിൽ.

പച്ചിലപടർപ്പുകളിലെ കിളിവസന്തം

wild-safari-Blue-tailed-Bee-eaters-mating-Smitha
blue tailed bee eaters

‘എന്തുകൊണ്ട് പക്ഷികളെ ഇഷ്ടപ്പെടുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അവരുടെ ലോകം വളരെയധികം ‘കളർഫുൾ’ ആണ്. ഓരോ ഇനത്തിൽപ്പെടുന്ന കിളികൾക്കും വ്യത്യസ്തമായ ഒരുപാട് സ്വഭാവങ്ങൾ ഉണ്ടായിരിക്കും. മൈസൂരിലെ നഗുനഹള്ളിയിൽ നിന്നാണ് വലിയ വേലിതത്ത (Blue tailed bee eater) ഇണചേരുന്ന ചിത്രം പകർത്തുന്നത്. അല്പസമയത്തിനുള്ളിൽ സുന്ദരമായ ഒരുപാട് ഫ്രെയിമുകൾ കിട്ടി. ചാവക്കാട് നിന്ന് പകർത്തിയ ചാരമണൽക്കോഴി (Grey Plover),തട്ടേക്കാട് നിന്ന് പകർത്തിയ ബ്ലാക്ക് ബസ(Black baza) എല്ലാം ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ്.  എങ്കിലും എടുത്ത ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് വീടിനു പുറകിലെ പാടത്തു നിന്ന് പകർത്തിയ പറന്നിറങ്ങുന്ന ചെമ്പോത്തിന്റേതാണ്. 

wild-safari--whitebreasted-kingfisher-Smitha_1
whitebreasted kingfisher

ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെ വ്യത്യസ്തമായ എത്ര കിളികളാണുള്ളത്. പലതിന്റെയും പേരുപോലും നമുക്കറിയില്ല. അറിയാവുന്നത് ഇത്തിരി, അറിയാനുള്ളതാകട്ടെ ഒത്തിരി. അങ്ങനെ നോക്കുമ്പോൾ പക്ഷികളെ തേടിയുള്ള ഞങ്ങളുടെ യാത്ര  തുടങ്ങിയിട്ടേയുള്ളൂ. ഇനിയും പകർത്താനുണ്ട് അവസാനമില്ലാത്ത പക്ഷികളുടെ  ലോകം.’ സ്മിത പറയുന്നു.

ചിത്രങ്ങൾ: അനിൽ, സ്മിത അനിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA