ഗവിയിലേക്കാണോ യാത്ര, തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

gavi-trip
SHARE

കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന്ന ഒരിടമായിരിക്കും പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്. ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു അതു വലിയ ഭീഷണിയായി. അതോടെ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന ഗവിയിൽ എത്ര സഞ്ചാരികൾക്കു പോകാമെന്നതിനെക്കുറിച്ചും  സ്വകാര്യവാഹനങ്ങൾക്കു പ്രവേശനമുണ്ടോ എന്നതിനെക്കുറിച്ചെല്ലാം കൂടുതലറിയാം.

gavi-trip2
Image from Gavi.kfdc Ecotourism official Website

പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേയ്ക്കാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. അതുപോലെ കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്കും ബസ് സർവീസുകളുണ്ട്. ബസിന്റെ സമയക്രമം പത്തനംതിട്ടയിലെയും കുമളിയിലെയും കെഎസ്ആർടിസി ബസ് ഡിപ്പോകളിൽ നിന്നറിയാൻ കഴിയുന്നതാണ്. ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ, കെഎസ്ആർടിസി ബസുകളിൽ എപ്പോഴും നല്ല തിരക്കാണ്. 

gavi-trip6
Image from Gavi.kfdc Ecotourism official Website

സ്വകാര്യ വാഹനങ്ങളിലും ഗവിയിലേക്കു പോകാം. പക്ഷേ പരിമിതമായ എണ്ണം വാഹനങ്ങളെ മാത്രമേ അങ്ങോട്ട് പ്രവേശിപ്പിക്കാറുള്ളു. ചെക്ക് പോസ്റ്റിൽ നിന്നും പാസ് ലഭിക്കുന്ന മുറയ്ക്ക് പത്തു മുതൽ മുപ്പതു സ്വകാര്യ വാഹനങ്ങളെ വരെ വനത്തിനകത്തേക്ക് കടത്തിവിടും. രാവിലെ ഏഴുമുതലാണ്  പ്രവേശനത്തിനുള്ള പാസ് നൽകിത്തുടങ്ങുന്നത്. ഓഫ്‌റോഡ് ആയതുകൊണ്ടു തന്നെ ചെറുവാഹനങ്ങളേക്കാൾ ജീപ്പിലുള്ള യാത്രയായിരിക്കും ഉത്തമം. ടുവീലറുകൾക്കും പൊതുവേ പ്രവേശനം അനുവദിക്കാറില്ല.

ഗവിയിലെ കാഴ്ചകൾക്കുപരിയായി അവിടെത്തിച്ചേരാനുള്ള യാത്രയാണ് ആസ്വാദ്യകരം. സാഹസിക യാത്രകളോടു താൽപര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെയാത്ര ചെയ്യുക എന്നതു ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണുവാൻ സാധിക്കുന്നതാണ്. അപൂർവയിനമായ നീലഗിരി താർ എന്ന വരയാടുകളുടെയും സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ ലഭിക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്തവേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടെ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.

gavi-trip5
Image from Gavi.kfdc Ecotourism official Website

സ്വന്തം വാഹനങ്ങളിലുള്ള യാത്ര, അൽപം അപകടകരമാണ്. ഇടയ്ക്കു ആനയിറങ്ങുന്നതു കൊണ്ടുതന്നെ പേടിക്കേണ്ടതാണ്. കെഎസ്ആർടിസി ബസുകളിലെ യാത്ര അൽപം കൂടി സുരക്ഷിതമാണെന്നാണ് പൊതുവേ പറയുന്നത്. മാത്രമല്ല, ഈ  യാത്രയിൽ ബസ് ജീവനക്കാരുടെ പരിചയസമ്പന്നതയും ഒരു പരിധിവരെ അപകടങ്ങളിൽ നിന്നും രക്ഷയാകും. മനുഷ്യയിടപെടലുകൾ അവിടുത്തെ മൃഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുകൊണ്ടു പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ അവിടെയുപേക്ഷിക്കരുത്. മാത്രമല്ല, മദ്യപാനം ഇവിടെ അനുവദനീയമല്ല.

അവധിക്കാലത്ത് ഗവി യാത്ര തിരഞ്ഞെടുക്കുമ്പോൾ തിരക്കറുമെന്നതുകൊണ്ടുതന്നെ യാത്രയ്ക്കുള്ള പദ്ധതികൾ മുൻക്കൂട്ടി തയാറാക്കണം. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ വിവിധ ടൂർ പാക്കേജുകൾ അതിനായി തയാറാക്കിയിട്ടുണ്ട്. അതിനെക്കുറിച്ചു കൂടുതലറിഞ്ഞു വെയ്ക്കുന്നതും അതുപ്രകാരം യാത്രയ്ക്കുള്ള പദ്ധതി തയാറാക്കുന്നതും സുഖകരമായി ഗവി കണ്ടുമടങ്ങാൻ സഹായിക്കും. കാടും കാഴ്ചകളും കാണുക മാത്രമല്ല, ട്രെക്കിങ്ങ്, ഔട്ഡോർ ക്യാംപിങ്, സഫാരി തുടങ്ങിയ വിനോദങ്ങളും ഇവിടെ ആസ്വദിക്കാവുന്നതാണ്. താമസം അടങ്ങിയ പാക്കേജുകളെക്കുറിച്ചറിയാനും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും കെ എഫ് ഡി സിയുടെ ഗവി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും.

ശ്രദ്ധിക്കുക: മകരവിളക്കിന്റെ തിരക്കു കാരണം ജനുവരി 12 മുതൽ ജനുവരി 17 വരെ ഗവിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA