രാജവെമ്പാലകളുടെ നാട്ടിലേക്ക്

angube9
SHARE

ഓരോ യാത്രയും ഓരോ അനുഭവങ്ങളായാണ് ഓർമകളിൽ അവതരിക്കുന്നത്‌. നൂലുമഴയുടെ അകമ്പടിയോടെ മഞ്ഞുപുതച്ചുറങ്ങുന്ന പുൽമേടുകളും വിജനമായ ഭൂപ്രദേശവും ഒക്കെ പിന്നിട്ട്‌ മഴയുടെ സംഗീതം ആസ്വദിക്കാൻ മാത്രമായി ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയായ അഗുംബെയിലേക്കൊരു യാത്ര. ചില യാത്രകൾ അങ്ങനെയാണ്, മനസ്സ്‌ പറയുമ്പോലെ പെട്ടെന്നൊരു നിമിഷം എടുക്കുന്ന തീരുമാനം. ഷിമോഗയിലെ തീർഥഹള്ളിയിലാണു മഴക്കാടുകളാൽ വിസ്മയമൊരുക്കിയിരിക്കുന്ന അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. 

5Camp-side

അറുപതുകളിലെയും എഴുപതുകളിലെയും ഗ്രാമീണതയുടെ നേർപ്പതിപ്പുകളായാണു ഷിമോഗയിലേക്കുള്ള ഓരോ യാത്രയും സ്മൃതിയിലുണരുക. നാഗരികതയുടെ കടന്നാക്രമണത്തിലും ഗ്രാമീണതയുടെ തനതായ നൈർമല്യം കൈവിടാതെ കാത്തു സൂക്ഷിക്കുവാൻ ഇന്നും ഈ കന്നട ഗ്രാമങ്ങൾക്ക്‌ കഴിയുന്നു. നെൽപാടങ്ങളും തെങ്ങിന്തോപ്പുകളും ഇടതൂർന്നു നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും എല്ലാമായി കാർഷിക സമൃദ്ധി വിളിച്ചോതുന്ന വഴിയോരങ്ങൾ. ആവർത്തിച്ചുള്ള യാത്രകളാൽ ഈ വഴി ചിരപരിചിതമായിക്കഴിഞ്ഞു. മംഗലാപുരത്തുനിന്നു മൂഡബിദ്രിവഴി വഴി ആർദ്ര മഴക്കാടുകളുടെ വശ്യ സൗന്ദര്യവുമാസ്വദിച്ച്‌ അഗുംബെയിലേക്ക്‌. സോമേശ്വര വഴിയാണു യാത്ര. മൂടൽമഞ്ഞും മഴയും യാത്രയ്ക്ക്‌ അകമ്പടിയായി കൂടെയുണ്ട്‌. അല്ലെങ്കിൽത്തന്നെ മഴയില്ലാത്ത അഗുംബെ ഓർമകളിൽ വിരളമാണ്. ഒരുപക്ഷേ മഴയോടുള്ള പ്രണയമാവാം സഞ്ചാരപ്രേമികളെ ഇവിടേക്ക്‌ ആകർഷിക്കുന്നതും. കാലാവസ്ഥയിലെ അപ്രവചനീയതകൾക്കും അപ്പുറം അഗുംബെ എന്നാൽ മഴ എന്ന മറുവാക്ക്‌ രൂപപ്പെട്ടുകഴിഞ്ഞ കാലങ്ങൾക്കുമിപ്പുറം ചിലരുടെയെങ്കിലും മനസ്സിൽ. 

7Golden-frog
ഗോൾഡൻ ഫ്രോഗ്

മിനി ബസുകളും മറ്റു ചെറു വാഹനങ്ങളുമൊഴിച്ചാൽ റോഡിൽ അധികം തിരക്കില്ല. കുത്തനെയുള്ള ചുരങ്ങൾ കയറിയുള്ള യാത്രയായതിനാൽ വലിയ വാഹനങ്ങൾ പൊതുവെ ഈ വഴിയിൽ കാണാറില്ല. പശ്ചിമഘട്ട മലനിരകളുടെ വന്യത അതിന്റെ പൂർണഭാവം കാട്ടിത്തരുന്നത്‌ ഈ മലയിടുക്കിലൂടെയുള്ള യാത്രയിലാണെന്നു തോന്നും വിധമായിരുന്നു കണ്മുന്നിലുള്ള കാഴ്ചകൾ. ഏകദേശം 88 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച്‌ കിടക്കുന്ന നിത്യഹരിത വനങ്ങൾ.

angube2

സസ്യവൈവിധ്യങ്ങളുടെ കലവറകൂടിയാണ് ഇവിടം. അത്യപൂർവമായ അനവധി ഔഷധ സസ്യങ്ങൾ ഈ വനമേഖലയിൽ കണ്ടെത്തിയിട്ടുണ്ട്‌. 1974 ൽ ആണു സോമേശ്വരയെ വന്യമൃഗ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്‌. മ്ലാവും കടുവയും പുള്ളിമാനും കുറുനരിയുമുൾപ്പടെ അനവധി വന്യജീവികളുടെ അധിവാസകേന്ദ്രമാണിവിടം. വഴിയോരകാഴ്ചകളിൽ ലയിച്ചിരുന്നപ്പോളാണു നൊടിയിടയിൽ മിന്നിമറഞ്ഞ ഉടുമ്പിൽ കണ്ണുടക്കിയത്‌. വാഹനത്തിന്റെ ഒച്ച കേട്ടതാവാം, ശരവേഗത്തിലായിരുന്നു അതിന്റെ പ്രയാണം. മരച്ചില്ലകളിൽ ചാടിക്കളിക്കുന്ന കുരങ്ങന്മാർ അപകടകാരികൾ കൂടിയാണെന്നു തോന്നുന്നു. അവസരം കിട്ടിയാൽ വഴിയാത്രക്കാരെ കടന്നാക്രമിക്കുവാനുള്ള മട്ടും ഭാവവും അവയുടെ മുഖത്ത് പ്രകടമാണ്.

6Common-skittering-frog
skittering frog

വഴിയരികിൽ മരങ്ങൾക്കിടയിലൂടെ രൂപപ്പെട്ട ചെറു നീർച്ചാലുകൾ അധികവും മഴക്കാല കാഴ്ച മാത്രമായി ഒതുങ്ങും.ചില ഭാഗങ്ങളിലൊക്കെ ശക്തമായി വെള്ളം ഒഴുകിയതിന്റെ അടയാളമായി മണ്ണൊലിച്ചു മാറിയിട്ടുണ്ട്. കാറ്റിന്റെ കുളിരിൽ നേർത്ത ഇലയനക്കത്തിനൊപ്പം കേൾക്കാം മഴമേഘങ്ങളെ ആരവങ്ങളോടെ വരവേൽക്കുന്ന പക്ഷികളുടെ സംഗീതം. നാട്ടിപുറങ്ങളിൽ ഇടയ്ക്ക്‌ സന്ദർശകരായി എത്താറുള്ളതുകൊണ്ട്‌ കൂട്ടത്തിൽ വേഴാമ്പലുകളുടെ ശബ്ദം മാത്രം പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞു.

4Bronze-Frog--(Hylarana-temporalis)
വന്യകാഴ്ചയിലൂടെ (bronze frog)

നിബിഡമായ വനപാതയിലൂടെ ചുരം കയറി മുകളിലെത്തിയാൽ 14 ാം ഹെയർപിൻ വളവിൽ വ്യൂ പോയിന്റ്‌ ആണ്. അഗുംബയിലെ സൂര്യാസ്തമയം കാണാൻ സഞ്ചാരികളുടെ വലിയ നിര തന്നെ ഇവിടേക്ക്‌ എത്താറുണ്ട്‌. അസ്തമയങ്ങൾ എന്നും എവിടയും മതിവരാത്ത കാഴ്ചകളാണു സമ്മാനിക്കുന്നത്. യാത്രികർക്ക് സൗകര്യപ്രദമാം വിധം കാഴ്ചകൾ ആസ്വദിക്കുവാൻ മുനമ്പിൽ ഒരു പീഠം ഉയർത്തി കെട്ടിയിട്ടുണ്ട്‌. മുനമ്പിൽ നിന്നുള്ള കാഴ്ച താഴ്‌വാരത്തിന്റെ അഭൗമസൗന്ദര്യം വിളിച്ചോതുമ്പോൾ ദൂരെ ഹരിതശോഭയുടെ ധാരാളിത്തത്തെ മറച്ചുപിടിക്കുവാനായി മഞ്ഞും മഴമേഘങ്ങളും മത്സരിക്കുന്നു. കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം യാത്ര വീണ്ടും തുടർന്നു, അഗുംബെ എന്ന ചെറു ഗ്രാമത്തിലേക്ക്‌. 

1angumbe
അഗുബെ കഴ്ചയിൽ നിന്ന്

അഗുംബെ എന്നും ഗ്രാമീണതയുടെ ഗതകാല സ്മരണയിലേക്കാണു കൂട്ടിക്കൊണ്ടു പോകുന്നത്‌. വിനോദസഞ്ചാരികളും ഷിമോഗയിലേക്കുള്ള യാത്രികരുമൊഴിച്ചാൽ ജനസാന്ദ്രത താരതമ്യേന കുറവുള്ള നാട്ടിൻപുറം. ഗൃഹാതുരത ഉണർത്തുന്ന കാഴ്ചകളുമാസ്വദിച്ച്‌ മാൽഗുഡി ഡേയ്സിനു വേദിയായ നിരത്തുകളിലൂടെ മുൻപോട്ട്‌.

കസ്തൂരി അക്കയുടെ വീടാണു ലക്ഷ്യം. അഗുംബയെക്കുറിച്ചു പറയുമ്പോൾ കസ്തൂരി അക്കയെക്കുറിച്ചും മാൽഗുഡി ഡേയ്സിനെക്കുറിച്ചും ചെറു സൂചനയെങ്കിലും നൽകിയാലേ പൂർണമാവൂ. ആർ.കെ. നാരായണിന്റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ്‌ സീരിയൽ ആയപ്പോൾ അതിലെ മാൽഗുഡി എന്ന സാങ്കൽപികഗ്രാമമായി രൂപപ്പെടുത്തിയത്‌ അഗുംബയിലെ നാട്ടിൻപുറങ്ങളായിരുന്നു. സ്വാമിയുടെ വീടായി ചിത്രീകരിച്ചത് കസ്തൂരിയക്കയുടെ തറവാടായ ദൊട്ടുമനയും. ഒൻപതിലോ പത്തിലോ പഠിക്കുമ്പോളാണു മാൽഗുഡി ഡേയ്സിനെക്കുറിച്ചു പഠിക്കുന്നത്. ഇപ്പോളും ഇംഗ്ലിഷ് പാഠപുസ്തകത്തിൽ അതുൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഓർമ. 1986 ൽ ആണു മാൽഗുഡി ഡെയ്സ്‌ ചിത്രീകരിച്ചത്‌.

പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ദൊട്ടുമനയ്ക്ക്‌ ഏകദേശം 124 വർഷത്തെ പഴക്കം ഉണ്ടെന്നാണു പറയുന്നത്‌. കർണാടകയുടെ തനതായ നാടൻ ഭക്ഷണരീതിയും ഗൃഹാതുരത്വമുണർത്തുന്ന താമസ സൗകര്യങ്ങളുമൊക്കെയായി ലാഭേച്ഛയൊന്നുമില്ലാതെ കസ്തൂരിയക്ക സഞ്ചാരികളെ കാത്ത്‌ ഇവിടെയുണ്ട്‌. അപരിചിതത്വത്തിന്റെ ആശങ്കകൾ ഒന്നുമില്ലാതെ ഒരു മുത്തശ്ശിയുടെ സ്നേഹവാത്സല്യങ്ങളുമായി. വ്യക്തിപരമായ ചില ഇഷ്ടങ്ങളെ മാറ്റി നിർത്തിയാൽ യാത്രയുടെ ആലസ്യത്തിൽനിന്നു പാടേ ഉണർത്തും ദൊട്ടുമനയിലെ വാസം. ഇവിടെയുള്ള മല്യാ ലോഡ്ജിലും താമസ സൗകര്യം ലഭ്യമാണ്.

12angubi
അഗുബെ കഴ്ചയിൽ നിന്ന്

ഒളുഗിയും ചൂടുപാലും വടയുമൊക്കെയായി വിഭവസമൃദ്ധമായ ഭക്ഷണത്തിനും ചെറിയ ഒരു വിശ്രമത്തിനും ശേഷം അഗുംബെ റെയിൻ ഫോറസ്റ്റ്‌ റിസർച് സെന്ററിലേക്ക്‌ യാത്രതിരിച്ചു. സമുദ്രനിരപ്പിൽനിന്നു 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന അഗുംബെ റെയിൻ ഫോറസ്റ്റ്‌ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. അഗുംബെ ടൗണിൽനിന്നു മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്‌ ഇവിടേക്ക്‌. മെയിൻ റോഡും പിന്നിട്ട്‌ കുറേ ദൂരം ചെന്നപ്പൊൾ യാത്ര ചെമ്മൺ പാതയിലൂടെയായി. മലകളാൽ ചുറ്റപ്പെട്ട തുറസ്സായ സ്ഥലത്ത്‌ നിർമിച്ചിരിക്കുന്ന ചെറിയ കെട്ടിടം.

പ്രസിദ്ധ ഉരഗ ഗവേഷകനായ റോമുലസ്‌ വിറ്റാക്കറിന്റെ നേതൃത്വത്തിൽ 2005 ൽ ആണു ഈ റിസർച് സ്റ്റേഷൻ സ്ഥാപിച്ചത്‌. രാജവെമ്പാലകളുടെ തലസ്ഥാനം എന്ന വിളിപ്പേരുണ്ടെങ്കിലും മറ്റനേകം വിഷപ്പാമ്പുകളുടെയും ഈറ്റില്ലമാണ് ഇവിടം. 1971 ൽ ആണു വിറ്റേക്കർ ഇവിടെ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയതെന്നു പറയുന്നു. മുളങ്കാടുകളും ഇടതൂർന്ന മരങ്ങളും നിറഞ്ഞ ഈ മഴക്കാടുകളിലും പ്രാന്തപ്രദേശങ്ങളിലുമായി ചെറുതും വലുതുമായ അനവധി വെള്ളച്ചാട്ടങ്ങളുമുണ്ട്‌. കൂട്ടിനു വന്യമായ സൗന്ദര്യവും ഭീതിജനകമായ നിശബ്ദതയും. സാഹസിക വിനോദ സഞ്ചാരികളുടെ പറുദീസയായ അഗുംബെയിൽ വനം വകുപ്പിന്റെ അനുമതിയോടെ ട്രക്കിങ്ങിനുള്ള അവസരവുമുണ്ട്‌.

ഇന്ത്യയുടെ ജൈവ വൈവിധ്യത്തിന്റെ 25 % ഈ മേഖലയിൽ ആണെന്നാണു കണക്കാക്കപ്പെടുന്നത്‌. 510 പക്ഷിവർഗങ്ങളും 180 ഉഭയജീവിവർഗങ്ങളും ഇരുന്നൂറ്റി നാൽപതോളം ഇനം സസ്തനികളും ഇരുപത്തിയാറോളം ഉരഗവർഗങ്ങളും ഈ മേഖലയിൽ കാണുന്നു എന്നാണു കണക്കുകൾ സ്ഥിരീകരിക്കുന്നത്‌. അനവധി അപൂർവ സസ്യങ്ങളും ഔഷധ ചെടികളുമുള്ള ഇവിടം 1999 ൽ മെഡിസിനൽ പ്ലാന്റ്സ്‌ കൺസർവേഷൻ ഏരിയ ആയി പ്രഖ്യാപിച്ചു. ആയിരത്തോളം ഔഷധ സസ്യങ്ങൾ ഈ സംരക്ഷിത മേഖലയിൽ പുതുതായി കണ്ടെത്തിയിട്ടുണ്ട്‌ എന്നാണു അറിയാൻ കഴിഞ്ഞത്‌.

ഇനി യാത്ര ജോഗിഗുണ്ടി വെള്ളച്ചാട്ടത്തിന് അടുത്തേക്കാണ്. പശ്ചാത്തലമായി മഴയുടെ സംഗീതവും ആസ്വദിച്ച്‌ ശാന്തസുന്ദരമായ വനന്തരങ്ങളിലൂടെയുള്ള യാത്ര. ഉള്ളിൽ ചെറിയൊരു ഭീതി നാമ്പിട്ടുവെങ്കിലും അതു മറച്ചു വെച്ചുകൊണ്ട്‌ വെള്ളച്ചാട്ടത്തിന് അരികിലേക്ക്‌. അടർന്നു വീണ കരിയിലകൾ മഴയിൽ കുതിർന്നു കിടക്കുന്നു. അങ്ങിങ്ങായി ഒടിഞ്ഞുകിടക്കുന്ന മരച്ചില്ലകളും വന്മരങ്ങളുടെ അവശിഷ്ടങ്ങളും. അട്ടകളുടെ ശല്യവുമുണ്ട്‌. നിലത്ത്‌ സൂക്ഷിച്ചു നോക്കി നടന്നാൽ കരിയിലകളുടെ ഇടയിൽ തണുപ്പു പറ്റി കിടക്കുന്ന ചെറു പാമ്പുകളെ കാണാം. പച്ചിലപ്പാമ്പും കരിവണ്ടും ഓന്തുമൊക്കെ സുപരിചിതമായ കാഴ്ചകളാണ്.

സഞ്ചാരികൾ വനത്തിന്റെ ഉള്ളിലേക്ക്‌ കയറുന്നത്‌ തടയുവാനായി ചെറു മുള്ളുവേലികൾ വഴിയരികിൽ സ്ഥാപിച്ചിട്ടുണ്ട്‌. കല്ലുപാകിയ പടിക്കെട്ടുകളിലൂടെ വെള്ളച്ചാട്ടത്തിനരികിലേക്ക്‌. 126 അടി ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളം പാറക്കെട്ടുകൾക്കു സമീപം തടം കെട്ടിക്കിടക്കുന്നു, ഒരു ചെറിയ കുളം പോലെ. സീതാ നദിയാണ് ഇതിന്റെ ഉത്ഭവസ്ഥാനം എന്നു കരുതുന്നു. വഴുവഴുക്കുള്ള പാറക്കെട്ടുകളിൽ ചവുട്ടി വെള്ളച്ചാട്ടത്തിലേക്ക്‌ ഇറങ്ങിയാൽ ഉള്ളം കുളിർപ്പിക്കുന്ന തണുപ്പാണ്. യാത്രയുടെ ആലസ്യം അതു പാടേ അകറ്റിയെന്ന് നിസ്സംശയം പറയാം. 

വെള്ളത്തുള്ളികളുടെ തണുപ്പ് ഹൃദയത്തിന്റെ ഉള്ളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ആർദ്രനിമിഷങ്ങൾ. പാറയിൽ തട്ടി നുരഞ്ഞു പതഞ്ഞു താഴേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ചെറുതെങ്കിലും മനോഹരമായിരുന്നു. പുരാതനകാലത്ത്‌ സന്യാസിമാർ ഈ വെള്ളച്ചാട്ടത്തിന്റെ അടുത്ത്‌ ഗുഹയിൽ തപസ്സ്‌ അനുഷ്ഠിച്ചിട്ടുണ്ട്‌ എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ചെറിയൊരു ജലോത്സവം തന്നെ അവിടെ നടത്തിയിട്ട്‌ തിരികെ നടന്നു. ആർത്തലച്ചു പെയ്യാൻ വിതുമ്പി നിൽക്കുന്ന മാനം വൃക്ഷത്തലപ്പുകൾക്ക്‌ ഇടയിലൂടെ കാണാം. കണ്ടു തീർക്കുവാൻ കാഴ്ചകൾ അനവധിയാണ്; എത്ര കണ്ടാലും മതിവരാത്തത്രയും അപൂർവതകളുമായി .

അവിസ്മരണീയവും അതിമനോഹരവുമായ അനുഭവങ്ങൾ സമ്മാനിക്കുന്ന അഗുംബെ എന്നും പ്രകൃതിസ്നേഹികളായ സഞ്ചാരികളുടെ പ്രിയ ഇടമാണ്. പ്രകൃതിയുടെ ക്യാൻവാസിൽ മഴയൊരുക്കുന്ന ദൃശ്യവിരുന്ന് ആസ്വദിക്കുവാൻ ഒരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കിൽ അതൊരു തീരാനഷ്ടമാവും, തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA