കാനനസ്വർഗത്തിൽ കുടുംബസമേതം താമസിക്കണോ ? അറിയാം പറമ്പിക്കുളത്തെ സൗകര്യങ്ങൾ

HIGHLIGHTS
  • ആനകയറുന്ന ദ്വീപിലെ ഏകാന്തതാമസം
parambikulam-tiger-reserve
SHARE

കേരളത്തിന്റെ മരതകമാണു പറമ്പിക്കുളം കടുവാസങ്കേതം. ഒരിക്കൽ ചെന്നാൽ പിന്നെയും വിളിക്കുന്ന ഒന്നാന്തരം കാട്. ആരെയും മയക്കുന്ന ജലാശയക്കാഴ്ചകൾ. ആനകയറുന്ന ദ്വീപിലെ ഏകാന്തതാമസം. കാടറിഞ്ഞുള്ള താമസസൗകര്യങ്ങൾ… ഇങ്ങനെ പറയാനേറെയുണ്ട് പറമ്പിക്കുളത്തെപ്പറ്റി.  പശ്മിചഘട്ടത്തിൽ ഏറ്റവും സംരക്ഷിക്കപ്പെടുന്ന വനമേഖലയാണ് പറമ്പിക്കുളത്ത്. അതുകൊണ്ടുതന്നെ കാഴ്ചകൾ ഏറെ. 

2009  ൽ കടുവാസങ്കേതമായി പ്രഖ്യാപിച്ച പറമ്പിക്കുളത്തെ താമസസൗകര്യങ്ങളേതൊക്കെ എന്നറിയാം. 

parambikulam-tiger-reserve2

പറമ്പിക്കുളത്തെ, അല്ല കേരളത്തിലെ ഏറ്റവും സുന്ദരമായ താമസസൗകര്യം വീട്ടിക്കുന്നിലാണ്. പറമ്പിക്കുളം ജലാശയത്തിലെ ഒരു ദ്വീപാണ് വീട്ടിക്കുന്ന്. മുളകളും ചന്ദനമരങ്ങളും അതിരുകാക്കുന്ന നല്ല അടച്ചുറപ്പുള്ള വീട്ടിൽ ഏകാന്തതാമസം വീട്ടിക്കുന്നിന്റെ ആകർഷണമാണ്. നോക്കുക, ഒരു ദ്വീപ് തന്നെ ഒരു രാത്രിയും പകലും നിങ്ങൾക്കു വേണ്ടി തയാറാണെന്ന്.

ഇനിയെന്തിനു നോക്കിനിൽക്കണം. ബുക്ക് ചെയ്യുക. പ്രിയപ്പെട്ടവരുടെ കൂടെ മുളഞ്ചങ്ങാടത്തിൽ തുഴഞ്ഞ് ആന നീന്തിവരാറുള്ള ആ ദ്വീപിലേക്കെത്തുക.  നിശയിൽ കാടുനൽകുന്ന ശബ്ദസന്ദേശങ്ങൾ മാത്രം കേട്ടു രാവുറങ്ങുക. ഒന്നരമണിക്കൂർ ചങ്ങാടം തുഴഞ്ഞാണ് ഇവിടെയെത്തുക എന്നറിയുമ്പോൾ പുറപ്പെടാൻ തോന്നുന്നില്ലേ.. 

അഞ്ചുപേർക്ക് 9100 രൂപ. 

ഇനിയുള്ളത് ടെന്റുകൾ

വനംവകുപ്പിന്റെ ഓഫീസിനടുത്താണ് ടെന്റുകൾ. വൻമരങ്ങൾക്കടിയിൽ നല്ല പച്ചപ്പുൽത്തകിടിയിൽ ഈ ടെന്റുകളിൽ രാപ്പാർക്കാം. മാനും മയിലും ഈയിടങ്ങളിലെ നിത്യസന്ദർശകരാണ്. രണ്ടുപേർക്ക് 6100 Rs

parambikulam-tiger-reserve3
ടെന്റിനടുത്തെ സന്ദർശകർ

ആഹാരം, ജംഗിൾ സഫാരി എന്നിവയടക്കമാണ് ടെന്റ് പാക്കേജ്. കുടുംബത്തിന് കാട്ടിൽ സുരക്ഷിതമായി താമസിക്കാൻ ഇത്രയും നല്ലൊരു സൗകര്യം കിട്ടുകയില്ല. കുട്ടികൾക്കു കാടറിയാനും വന്യമൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിക്കാനും, മുതിർന്നവർക്കു ആരുടെയും ശല്യമില്ലാതെ വായനയിൽ മുഴുകാനും എഴുതാനും ഈ ടെന്റുകൾ യോജിക്കും. 

parambikulam-tiger-reserve4
തൂണക്കടവ് ‍ഡാം

കൂടുതൽ സ്വാകാര്യത വേണമെങ്കിൽ മരമുകളിലെ മച്ചാൻ തെരഞ്ഞെടുക്കാം. തൂണക്കടവ് ഡാമിലേക്കുള്ള വഴിയിൽ തേക്കുമരങ്ങൾക്കു മുകളിൽ ജലാശയത്തിനരുകിൽ കിടിലൻ ഹട്ട് ഒരുക്കിയിട്ടുണ്ട്. ബാൽക്കണിയിലിരുന്നാൽ ശാന്തമായ ജലാശയം കാണാം. ഒന്നു കാതോർത്താൽ കാടിന്റെ സംഗീതവും കേൾക്കാം. ജനവാസമുള്ളിടത്താണ് ഈ ഹട്ട്. അതുകൊണ്ടു സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ പേടിവേണ്ട. 4800 രൂപയ്ക്ക് ഈ ഹട്ടിൽ രാവുറങ്ങാം. ആഹാരപാനീയാദികൾ പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്.  ദമ്പതികൾ, നവവധൂവരൻമാർ എന്നിവർക്കു പ്രിയങ്കരമാകും ഈ മച്ചാനെ…

parambikulam-tiger-reserve5
സ്വിസ്സ് ടെന്റ്

ചെറിയൊരു ദ്വീപ് കൂടി നിങ്ങൾക്കു വേണ്ടിയുണ്ട്. അതാണു പെരുവാരി ഐലന്റ് നെസ്റ്റ്. അരമണിക്കൂർ വേണ്ട അങ്ങോട്ടു തുഴഞ്ഞെത്താൻ. നാലുപേർക്ക് ആറായിരം രൂപയേ ആകുന്നുള്ളൂ എന്നത് ആകർഷകം. ദ്വീപിൽനിന്നു മുളകൊണ്ടു കെട്ടിയുണ്ടാക്കിയ വാക്ക് വേയിലൂടെ നടന്ന് ജലാശത്തിന്റെ ഭംഗി സായന്തനത്തിൽ ആസ്വദിക്കുക എന്നത് അവിസ്മരണീയമായ അനുഭവമാണ്. 

parambikulam-tiger-reserve-5
വീട്ടിക്കുന്ന ദ്വീപിലെ ദൂരക്കാഴ്ച

പറമ്പിക്കുളത്തെ ഹട്ട്, ഹണികോംപ്  കെട്ടിടം എന്നിവയിലും താമസം അടിപൊളിയാക്കാം. 

കാശിത്തിരി കൂടുതലല്ലേ എന്നൊരു ചോദ്യമുയരാം. പക്ഷേ, ഒരു തവണ ഏകാന്തായ ദ്വീപിലും മയിലും മാനും കൺമുന്നിലെത്തുന്ന ടെന്റുകളിലും ഒന്നു താമസിച്ചുനോക്കുക. പറമ്പിക്കുളം വീണ്ടും വിളിക്കും. തീർച്ച. 

parambikulam-tiger-reserve--6
വീട്ടിക്കുന്ന ദ്വീപിലെ വീട്

റൂട്ട്- എറണാകുളം- തൃശ്ശൂർ-വടക്കഞ്ചേരി-കൊല്ലങ്കോട്- ചെമ്മണാംപതി-സേത്തുമടൈ-പറമ്പിക്കുളം- 178 Km

വിളിക്കേണ്ട നമ്പർ-+91-9442201690 / +91-9442201691.

ബുക്കിങ്ങിനായി സന്ദർശിക്കുക- https://www.parambikulam.org/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA