sections
MORE

സൈലന്റ്‌വാലി മുതൽ മതികെട്ടാൻചോല വരെ; ഇടുക്കിയെ മിടുക്കിയാക്കുന്ന നാല് ഉദ്യാനങ്ങൾ

HIGHLIGHTS
  • അഞ്ചില്‍ നാല് ദേശീയോദ്യാനങ്ങളും സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്
national-parks-in-kerala3
SHARE

കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളാണ് ഉള്ളത്. 

സൈലന്റ് വാലി, ഇരവികുളം, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് ഈ ദേശീയോദ്യാനങ്ങൾ. അഞ്ചില്‍ നാല് ദേശീയോദ്യാനങ്ങളും സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്.

സൈലന്റ് വാലി

ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‌‌‍‍‍‍.‌‌ ‌‌പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി ദേശീയോദ്യാനം . ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും കൊണ്ട് സന്പന്നമാണ് ഇവിടം .സൈരന്ധ്രിവനം എന്നൊരു പേരുകൂടിയുണ്ട് ഈ സ്ഥലത്തിന്. സാധാരണ വന പ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രത്യേകത. ഈ ദേശീയോദ്യാനത്തിന്റെ മുഖമുദ്രകളിലൊന്നാണു  സിംഹവാലന്‍ കുരങ്ങുകൾ.

പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടന്നുവേണം  സൈലന്റ് വാലിയിലേക്ക്‌ പ്രവേശിക്കാന്  . മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം. ഇക്കോ ഡവലപ്മെന്റ്റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും. ഈ യാത്രയില് ചിലപ്പോള് വന്യജീവികളെ അടുത്തുകാണാനുള്ള അവസരവും ലഭിക്കും. 

silent-valley-new

കൂടുതൽ വിവരങ്ങൾക്ക്:

അസി. വനംവകുപ്പ് വാർഡൻ,

സൈലൻറ് വാലി ദേശീയോദ്യാനം, മുക്കാലി.

ഫോൺ: 04924253225 / 8589895652

ഇരവികുളം

മൂന്നാറില് നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്. ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുന്‍പ് കണ്ണൻ ദേവൻ  കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുക്കുകയും  വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. 1978ലാണ് ഇരവികുളം ദേശീയോദ്യാനമായി  ഉയര്‍ത്തപ്പെട്ടത്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ താഴ്‍‍‍‍‍വരകൂടിയാണിവിടം. നീലകുറിഞ്ഞിപൂക്കുന്ന കാലത്ത് നീലപട്ടുടുത്ത് അതിമനോഹരിയായി നില്‍ക്കുന്ന രാജമലയെക്കാണാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തും.  

national-parks-in-kerala

ഇന്ത്യയില്‍ ആകെയുള്ള വരയാടുകളില്‍ പകുതിയിലേറെയും സംരക്ഷിക്കപ്പെടുന്നത് ഇരവികുളത്താണ്. വരയാടുകളെ കൂടാതെ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെയും ഇവിടെ കാണാം. വരയാടുകളുടെ പ്രജനന കാലത്ത് ഇവിടം അടച്ചിടും

മറ്റ് വിവരങ്ങ‍‍‍ള്‍ക്ക്  ‍വൈല്‍ഡ് ലൈഫ് വാര്‍ഡൻ മൂന്നാര്‍ ഓഫീസ്- 04865-231587 

പാമ്പാടുംചോല

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം.  2003 ൽ ആണ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷന് വഴി പാമ്പാടുംചോലയില്‍ എത്താം. 

ചെറുതും വലുതുമായ മലകളും ചെറിയ അരുവികളും നിറഞ്ഞതാണ് ഈ ദേശിയോദ്യാനം. ചോലപ്പുൽമേട് ആവാസവ്യവസ്ഥയാണ്‌ ഇവിടുത്തെ പ്രത്യേകത. കരടി, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയായ ഇവിടേയ്ക്കുള്ള യാത്ര ഏതൊരു വിനോദസഞ്ചാരികള്‍ക്കും മികച്ചൊരു അനുഭവം നല്‍കുമെന്നുറപ്പ്. 

national-parks-in-kerala2

ഇക്കോടൂറിസവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നവര്‍ക്ക് താമസിക്കാന്‍  വനംവകുപ്പിന്റെ ട്രീ ഹട്ടുകള്‍ ലഭ്യമാണ്. 

ബുക്കിംഗിനും മറ്റ് അന്വേഷണങ്ങള്‍ക്കുമായി- 04865-231587 എന്ന നമ്പറില്‍ ബന്ധപ്പെടാം. 

മതികെട്ടാന്‍ചോല

കേന്ദ്രസര്‍ക്കാര്‍ ഒരു പതിറ്റാണ്ട് മുന്‍പ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ച മതികെട്ടാന്‍ചോല കേരള തമിഴ്‌നാട് അതിര്‍ത്തിയിലായി ശാന്തന്‍പാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ്‌ അധികൃതർ ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്‌. ട്രക്കിംങ് വനത്തിനുള്ളിലെ താമസം എന്നിവ  അവിസ്മരണീയമായ അനുഭവങ്ങളാണ്‌ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക്‌ നൽകുന്നത്‌.

national-parks-in-kerala1

കൊടും വനത്തിനകത്ത് ആറു കിലോമീറ്റര്‍ കാല്‍നടയാത്രയും മൂന്നു കിലോമീറ്റര്‍ ഓഫ്‌റോഡ് വാഹനഡ്രൈവിങ്ങുമാണു ട്രക്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശീയരായ ആദിവാസി വിഭാഗത്തിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയംഗങ്ങളും ട്രക്കിങ്ങിന് എത്തുന്ന സഞ്ചാരികള്‍ക്കൊപ്പം യാത്രയിലുണ്ടാകും. 

150 രൂപാ മുടക്കിയാൽ ദേശീയ ഉദ്യാനത്തിലെ അമിനിറ്റി സെന്ററിൽ താമസ സൗകര്യവും ലഭ്യമാണ്‌. തമിഴ്‌നാട്ടിലെ കുരങ്ങിണി വനമേഖലയുടേയും, ബോഡി തേനി മേഖലയുടേയും വിദൂര ദൃശ്യം മതികെട്ടാൻ ചോലക്കുള്ളിലെ കാറ്റുമലയിൽ നിന്നാൽ കണ്ട്‌ ആസ്വദിക്കാം. ആനയിറങ്കൽ ജലാശയത്തിന്റെ വിദൂര ഭംഗിയും സഞ്ചാരികൾക്ക്‌ ഇവിടെനിന്ന് ആസ്വദിക്കുവാൻ കഴിയും. 

ആനമുടിച്ചോല 

മൂന്നാറിലെ  ഫോറസ്റ്റ് ഓഫീസില് നിന്ന് അനുവാദം  വാങ്ങി ആനമുടിച്ചോലയുടെ താമസസൗകര്യം ആസ്വദിക്കാം.  

ആനമുടിച്ചോലയിൽ എത്തിയാല് ഏതാണ്ട് ജുറാസിക് യുഗത്തില് എത്തിയ ഫീലായിരിക്കും. കാരണം ആ യുഗത്തിലെ പ്രമുഖ സസ്യയിന പന്നല് മരങ്ങള് നിറഞ്ഞ  കേരളത്തിലെ വനമേഖലകളില് പ്രമുഖമാണ് ആനമുടിച്ചോല. ഈ കാടിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതാണ്. 

national-parks-in-kerala5

പശ്ചിമഘട്ടത്തിലെ ചോലവനങ്ങളും മഴക്കാടുകളും നിറഞ്ഞ ഇവിടേയ്ക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടേയും മനം നിറയ്ക്കുന്നതാണ്. ഇവിടെ ട്രെക്കിംഗിനും സൗകര്യമുണ്ട്. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 04865-231587 എന്ന നമ്പറിൽ ബന്ധപ്പെടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA