വനഹൃദയങ്ങളെ തൊട്ടറിഞ്ഞൊരു തെക്കന്‍ യാത്ര

thenmala
SHARE

പ്രകൃതിയുടെ സ്വഭാവികതയെ അതേപടി നിലനിര്‍ത്തി വിനോദസഞ്ചാരത്തിനുകൂടി പ്രാധാന്യം നല്‍കി സംരക്ഷിച്ചുപോരുന്ന ഇടങ്ങളാണ് ഇക്കോടൂറിസം കേന്ദ്രങ്ങള്‍. കേരളത്തില്‍ നാൽപതിലധികം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഉള്ളതില്‍ തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

നെയ്യാര്‍

നെയ്യാർഡാമിൽ ചെന്നാല്‍ വൈവവിധ്യം നിറഞ്ഞ കാഴ്ചകളാണ്‌ നിറയെ. ഡാം, പൂന്തോട്ടം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, ലയൺ സഫാരി പാർക്ക്, മാൻ പാർക്ക് എന്നിങ്ങനെ നെയ്യാർഡാമിനോടു ചേർന്നു ഒരു ദിവസം ചുറ്റാനുള്ള നിരവധി ഇടങ്ങളുണ്ട്. കേരളത്തിൽ കൂടുകളിലല്ലാതെ സിംഹത്തെ കാണാൻ കഴിയുന്ന ഏക സ്ഥലമാണ് ഇവിടത്തെ ലയൺ സഫാരി പാർക്ക്.നെയ്യാർഡാമിനാൽ ചുറ്റപ്പെട്ട 10 ഏക്കറോളം വരുന്ന ദ്വീപിലാണ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നത്. ബോട്ടു യാത്രയിലൂടെ ഇവിടേക്ക് എത്താം. പിന്നീട് തുറന്ന ബസില്‍ കാട്ടിലൂടെ സിംഹങ്ങളെ കണ്ടറിഞ്ഞൊരു യാത്രയും.

neyyar

നെയ്യാർഡാമിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററിൽ നിന്നു വിവരങ്ങൾ ലഭിക്കും. സന്ദർശക പാക്കേജ്, ട്രക്കിങ്‌ പാക്കേജ്, പ്രൊട്ടക്‌ഷൻ ഓറിയന്റഡ് പാക്കേജ് എന്നിങ്ങനെയുള്ള വിവിധ പാക്കേജുകൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് പ്രവര്‍ത്തനസമയം. തിങ്കളാഴ്ച ദിവസം അവധിയായിരിക്കും.

മറ്റു വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും ഈ നമ്പറിൽ ബന്ധപ്പെടുക

നെയ്യാര്‍ വന്യജീവി സങ്കേതം- 0471-2360762, 2272182

പൊന്മുടി

പൊന്‍കിരീടമണിഞ്ഞു നില്‍ക്കു പൊന്മുടിയിലേക്കുള്ള യാത്ര അവിസ്മരണീയമായിരിക്കും. തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്.

ഏതു കാലത്തും മൂടൽമഞ്ഞിന്റെ ആവരണം പുതച്ചുനിൽക്കുന്ന പൊന്മുടി സഞ്ചാരികളുടെ ഇഷ്ടയിടമാണ്. കല്ലാറില്‍ നിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കയറിയാണ് ഈ ഗിരിശൃംഗത്തിലേക്ക് എത്തേണ്ടത്. എക്കോ പോയിന്റ്, ഗോള്‍ഡന്‍ വാലി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷങ്ങൾ. പൊന്മുടിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിശാലമായ ടോപ്സ്റ്റേഷനിലെത്താം. ഇവിടെ നിന്നു പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം.

845980930

മറ്റു വിവരങ്ങള്‍ക്ക് പൊന്മുടിയിലെ ഗസ്റ്റ് ഹൗസിന്റെ നമ്പർ ചുവടെ ചേര്‍ക്കുന്നു. 0472-2890230

പൊൻമുടി

തെന്മല

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ് കൊല്ലം ജില്ലയിലെ തെന്മല. പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന തെന്മല വിനോദസഞ്ചാരികൾക്ക് മനംനിറയ്ക്കും കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ലെഷർ സോൺ, കൾച്ചറൽ സോൺ, അഡ്വഞ്ചർ സോൺ‌ ഇങ്ങനെ മേഖലകളായി തിരിച്ചാണു ഇവിടുത്തെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

ശലഭങ്ങൾക്കായുള്ള ഉദ്യാനമാണ് മറ്റൊരു പ്രത്യേകത. കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120ഓളം ശലഭങ്ങൾ തെന്മലയിലെ ശലഭപാർക്കിൽ കാണാം.

തെന്മല

ശലഭ ഉദ്യാനത്തോടു ചേർന്നു തന്നെയാണു നക്ഷത്ര വനവും. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു. തെന്മലയിലെ ഏറ്റവും ആകർഷകം ഏതെന്നു ചോദിച്ചാൽ അത് കനോപ്പി വോക്കിങ് ആണെന്നു നിസ്സംശയം പറയാം. വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിത്. മൗണ്ടൻ ബൈക്കിങ്ങ്, മലകയറ്റം, റിവർ ക്രോസിങ്ങ്, തുടങ്ങി നിരവധി സൗകര്യങ്ങളാണ് തെന്മലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കൊല്ലത്തുനിന്ന് പുനലൂര്‍ വഴിയും തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് കുളത്തൂപ്പുഴ വഴിയും ഇവിടേക്ക് എത്തിച്ചേരാം. സ്വന്തം വാഹനത്തില്‍ തെന്മല വരെ ചെല്ലാന്‍ സാധിക്കും.

വിവരങ്ങള്‍ക്കും ബുക്കിങ്ങിനും തെന്മല ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം.

നമ്പർ- 0475-2344800/23448

പാലരുവി

കൊല്ലം ജില്ലയിലെ മറ്റൊരു പേരുകേട്ട ഇക്കോടൂറിസം കേന്ദ്രമാണ് പാലരുവി. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഉള്‍ക്കാടുകളില്‍ നിന്നു ഒഴുകിയെത്തുന്ന പാലു പോലെയുള്ള അരുവിയായതുകൊണ്ടാകും ഇതിനെ പാലരുവി എന്നു വിളിക്കുന്നത്. പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണെങ്കിലും ചരിത്രത്താളുകളില്‍ക്കൂടി ഇടം പിടിച്ച വിനോദസഞ്ചാരകേന്ദ്രമാണ് കൊല്ലത്തെ പാലരുവി. പണ്ടു രാജഭരണക്കാലത്ത് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഇവിടെയെത്തിരുന്നു. അന്നവർ നിർമിച്ച കല്‍മണ്ഡപങ്ങള്‍ അതിനു സാക്ഷികളായി ഇന്നും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു.

പാലരുവി

കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് പാലരുവി സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നുമെല്ലാം ചെങ്കോട്ട വഴി ഇവിടേക്ക് ധാരാളം ബസ് സര്‍വ്വീസുണ്ട്. സ്വന്തം വാഹനത്തിലാണ് എത്തുന്നതെങ്കില്‍ വെള്ളച്ചാട്ടത്തിന് അടുത്തുവരെ പ്രത്യേക പാസോടുകൂടി പോകാം.കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്ക് എത്തണമെങ്കില്‍ 4 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ട്. ഇത് വനംവകുപ്പിന്‍റെ ബസില്‍ ആയിരിക്കും. കുട്ടികള്‍ക്ക് 25 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് ഫീസ്.

വനത്തിനുള്ളിലൂടെയുള്ള ഈ ബസ് യാത്രയും അതിമനോഹരമാണ്. വെള്ളച്ചാട്ടത്തിനടുത്ത് വരെ ബസ് ചെല്ലും. വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നു തന്നെയാണ് കല്‍മണ്ഡപവും കുതിരലായവും സ്ഥിതിചെയ്യുന്നത്. മാത്രമല്ല ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ചെറിയ രീതിയില്‍ ട്രെക്കിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഉള്‍ക്കാട്ടിലേ്ക്ക് 2 കിലോമീറ്റര്‍ മാത്രമാണ് ട്രക്കിങ് സാധ്യമാകൂ.

രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശന സമയം. യാത്രയ്ക്ക് വേണ്ട വെള്ളവും ഭക്ഷണവും കയ്യില്‍ കരുതണം. വെള്ളച്ചാട്ടം ഉള്‍ക്കാട്ടിലാതുകൊണ്ട് കടളകളോ മറ്റു സൗകര്യങ്ങളോ ലഭിക്കില്ല. പാലരുവിയുമായി ബന്ധപ്പെട്ട ഏതന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്‍റെ പാലരുവി ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം. നമ്പര്‍- 0475-2211200.

ഗവി

പത്തനംതിട്ട ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണ് ഗവി.

gavi-trip

ഗവിയെക്കുറിച്ച് അധികം വിശദീകരണമൊന്നും വേണ്ടിവരില്ല. ഈ വശ്യമനോഹരയിടത്തെ അറിയാത്ത സഞ്ചാരികൾ കുറവായിരിക്കും, കേരളത്തിലെ അതിമനോഹരമായൊരു ഒരു ഇക്കോ ടൂറിസം കേന്ദ്രമാണിത്. ഗവിയിലൂടെയുള്ള യാത്ര മികച്ചൊരു അനുഭവമായിരിക്കും നല്‍കുക. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന കെഎസ്ആർടിസി ബസ്സിലെ ഗവി യാത്രയായിരിക്കും ഏറ്റവും മികച്ചത്. സഞ്ചാരികൾക്കായി ട്രെക്കിംഗ്, ബോട്ടിംഗ് എന്നിവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റു വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും- ഗവി ഇക്കോ ടൂറിസം ഓഫീസ്- 04869-223270.

കോന്നി- അടവി

പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണമാണ് കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവും. അച്ചൻകോവിലാറിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ജൈവസമ്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസർവ് വനങ്ങളിൽ ഒന്നുകൂടിയാണിത്.

കോന്നി

ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയാനും പഠിക്കാനും സാധിക്കുന്ന ഒരു പാഠശാല എന്നുവേണമെങ്കില്‍ കോന്നിയെ വിളിക്കാം. കുട്ടിയാനകള്‍ മുതല്‍ പ്രായമായ ആനകള്‍ വരെ ഇവിടെ സംരക്ഷിക്കപ്പെടുന്നു. മാത്രമല്ല ആനകളുടെ ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ആനസവാരി, ആനയൂട്ട്, തുടങ്ങി ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ട്രെക്കിംഗ്, റോക്ക് ക്ലൈമ്പിങ് വന്യജീവി നീരിക്ഷണം, പക്ഷിനിരീക്ഷണം എന്നിവയ്ക്കുള്ള സൗകര്യവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. കോന്നിയില്‍ നിന്നു നേരെ അടവിയിലേക്ക് പോകാം. കോന്നി റിസര്‍വ് വനങ്ങളുടെ ഭാഗമായ അടവി നിബിഡവനങ്ങളാല്‍ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതല്‍ അടവി വരെയുള്ള 5 കിലോമീറ്റർ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നല്‍കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്.

കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ്. ഒരു വഞ്ചിയില്‍ ഒരു സമയം 4 മുതല്‍ 6 വരെ പേർക്ക് സഞ്ചരിക്കാനാകും. ഒരാള്‍ക്ക് 200 രൂപയാണ് ഫീസ്. ഒറ്റദിവസം കൊണ്ട് തന്നെ കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവിയും സന്ദര്‍ശിച്ച് മടങ്ങാം. കൊല്ലത്തുനിന്നും കൊട്ടാരക്കരയില്‍ നിന്നുമെല്ലാം കെഎസ്ആര്‍ടിസി അടക്കം ധാരാളം ബസ് സര്‍വീസ് കോന്നിയിലേക്ക് ഉണ്ട്. കടുത്ത വേനല്‍ക്കാലത്ത് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടുന്നതിനാല്‍ യാത്ര ഒഴിവാക്കാം. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം.

കോന്നി ആനക്കൂട് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് അടവി ഇക്കോ ടൂറിസം കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. കൂടുതൽ വിവരങ്ങള്‍ക്ക് അടവി ഇക്കോ ടൂറിസം ഓഫീസുമായോ കോന്നി ഇക്കോ ടൂറിസം ഓഫിസുമായോ ബന്ധപ്പെടാം.

കോന്നി ഇക്കോ ടൂറിസം ഓഫീസ് – 0468-224765, 2342005

കോന്നി ഡിവിഷണല്‍ റഫോറസ്റ്റ് ഓഫീസ്- 0468- 2242233

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA