അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് വാല്‍പ്പാറയിലേക്കൊരു സോളോ ട്രിപ്പ്

HIGHLIGHTS
  • കാട്ടാനയും പുള്ളി പുലിയും പ്രദേശ വാസികളെ ആക്രമിച്ച നിരവധി കഥകളുണ്ട്
  • സോളോട്രിപ്പിന്റെ മാസ്മരികത ശരിക്കും തിരിച്ചറിഞ്ഞു
SHARE

ഒാഫീസിൽ നിന്നും അവധിയെടുത്ത ദിവസം മനസ്സിലൊരു ആഗ്രഹം തോന്നി, ഒരു യാത്ര പോയാലോയെന്ന്. ഒഴിവു ദിവസം അല്ലാത്തതുകൊണ്ട് സുഹൃത്തുക്കളാരും ഇല്ലായിരുന്നു. സർവീസ് ചെയ്ത് കുട്ടപ്പനായി മുറ്റത്ത് കിടക്കുന്ന ആൾട്ടോ കണ്ടപ്പോൾ സോളോ ട്രിപ്പാകാമെന്നു കരുതി. അടുത്ത കുഴയ്ക്കുന്ന ചോദ്യം എങ്ങോട്ടാ പോകേണ്ടതെന്നായിരുന്നു?

forest-pic2

കാടിനോട് വല്ലാത്തൊരു പ്രണയമുണ്ട്. കൂടുതലൊന്നും ആലോചിച്ചില്ല. കാടിന്റെ ഭംഗി നുകർന്ന് യാത്രയാവാം. വീട്ടിൽ പറഞ്ഞിട്ട് ചെവി പൊത്തി ഇറങ്ങി! ബാക്കിയുള്ള പൊങ്കാല ഫോൺ വിളിക്കുമ്പോൾ കേൾക്കാമെന്ന് ഉറപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്ക് യാത്ര തിരിച്ചു.

ഹൈവേയിൽ അത്യാവശ്യം വേഗത്തിൽ മുന്നോട്ട് പോയി. എറണാകുളത്തു നിന്നും പോകുമ്പോൾ ചാലക്കുടി എത്തുന്നതിനു മുൻപ് ഏഴാറ്റുമുഖം വഴി അതിരപ്പിള്ളിക്കു തിരിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ വാട്ടർ ലെവൽ പലയിടത്തും മാർക്ക് ചെയ്തു കിടക്കുന്നത് കണ്ടു ഞെട്ടി. ഉഗ്രരൂപിയായി ഒഴുകിയ ചാലക്കുടി പുഴയെ മനസിൽ ഒന്നു സങ്കൽപിച്ചു നോക്കി. ഭയാനകം! എന്നാൽ ഇപ്പോൾ പുഴയിൽ വെള്ളം നന്നേ കുറവാണ്. പ്ലാന്റേഷൻ ചെക്ക്പോസ്റ്റ് കടന്നു ഏഴാറ്റുമുഖം എത്തി. പ്രളയം ആ പ്രദേശത്തിന്റെ പച്ചപ്പിനെ കാർന്നുകൊണ്ടാണ് കടന്നു പോയത്. തകർന്ന റോഡുകൾ പലയിടത്തും നന്നാക്കാൻ ബാക്കിയുണ്ട്‌. സർവീസ് ചെയ്‌തു ഇറക്കിട്ട് എന്നോട് ഈ ക്രൂരത വേണോ എന്ന് ആൾട്ടോ ചോദിക്കും പോലെ തോന്നി!

athirappilly-pic1

മെയിൻ റോഡിലേക്ക് തിരിഞ്ഞു കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം. എത്ര കണ്ടാലും മതി വരാത്ത സുന്ദര കാഴ്ച! അതിരപ്പിള്ളി പിന്നിട്ടു നേരെ വാഴച്ചാൽ ചെക്ക്പോസ്റ്റ് എത്തിയപ്പോൾ സമയം ഉച്ചയ്ക്ക് 1.30.

ചെക്ക്പോസ്റ്റിൽ വണ്ടി നമ്പറും മറ്റു വിവരങ്ങളും എഴുതുന്നതിനിടെ ഫോറസ്റ്റ് ഗാർഡ് തമിഴ് അണ്ണൻ ചോദിച്ചു "ഒറ്റക്കാണോ യാത്ര" അതേയെന്നു മനസിലായപ്പോൾ പുള്ളി സമയവും കാട്ടിൽ പാലിക്കേണ്ട നിയമങ്ങളുമൊക്കെ എഴുതിയ നോട്ടീസും അതിലെ നമ്പറും മാർക്ക് ചെയ്തു കാണിച്ചു. എന്തെങ്കിലും ആവശ്യം വന്നാൽ ആ നമ്പറിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു. നല്ല മനുഷ്യൻ, എന്നാൽ വിളിക്കാൻ റേഞ്ച് എവിടെ കിട്ടും എന്ന സംശയം ബാക്കിയായി! 'എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി, ദൈവത്തിനെ' എന്ന ഡയലോഗ്‌ ഓർമ വന്നു!

കാടിനു അപ്പുറത്തുള്ള മലക്കപ്പാറ ചെക്ക്പോസ്റ്റിൽ 3.30 നു എത്തണം എന്നാണ് ഗാർഡ് പറഞ്ഞത്. അതായത് രണ്ടു മണിക്കൂർ കൊണ്ട് 60 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിക്കണം. നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട് കഴിച്ചിട്ടാവാം യാത്ര എന്നു തീരുമാനിച്ചു. ചെക്ക്പോസ്റ്റിനു അടുത്തുള്ള ഹോട്ടലിൽ കയറി ഊണു കഴിച്ചു.നല്ല രസികൻ ഊണ്. സമയം രണ്ട് കഴിഞ്ഞിരിക്കുന്നു. ഒരു കുപ്പിവെള്ളവും ഒരു പാക്കറ്റ് ബിസ്ക്കറ്റും വാങ്ങി യാത്ര തുടർന്നു. 

ഇടതൂർന്ന ഈറ്റ കാടിനും ഇല്ലിക്കാടിനും ഇടയിലൂടെ ചുറ്റിപിണഞ്ഞു കിടക്കുന്ന കരിനാഗം കണക്കെ നീണ്ട റോഡ്. കാറിന്റെ സൈഡ് വിൻഡോ താഴ്ത്തി കാടിന്റെ മണവും സൗന്ദര്യവും ആവോളം ആസ്വദിച്ചു പതിയെ മുന്നോട്ട്. കാട്ടു തീതടയുക എന്ന മുന്നറിയിപ്പ് ബാനർ പലയിടങ്ങളിലും കാണാമായിരുന്നു. ശരിയാണ്, ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം ചുട്ടു ചാമ്പലാകാൻ. മുൻകരുതൽ എന്നോണം റോഡിന്റെ ഇരുവശവും ഫയർ ലൈൻ തീർക്കുന്ന തൊഴിലാളികളെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും കാണാമായിരുന്നു.

കുറെ ദൂരം കൂടി പിന്നിട്ടപ്പോൾ റോഡ് ഏതാണ്ട് വിജനമായി. കാടിന്റെ നിശ്ശബ്ദതയും അതിനെ കീറി മുറിച്ചു കൊണ്ട് നീങ്ങുന്ന കാറിന്റെ ശബ്ദവും മാത്രം.

വണ്ടി ഒരു വളവു തിരിഞ്ഞപ്പോൾ എന്റെ കാൽ അറിയാതെ ബ്രെക് പെടലിൽ അമർന്നു! അതേ ഇത്ര നേരം ഭയന്നതു തന്നെ സംഭവിച്ചു. റോഡരികിൽ അതാ ഒരു ആനകൂട്ടം. പതിയെ തിരിഞ്ഞു നോക്കി. പുറകിൽ ഒരു വണ്ടി പോലും ഇല്ല. ജാങ്കോ..ഞാൻ പെട്ടു!

അടുത്തേക്കു ചെന്നു ആനയുടെ ക്ഷമയെ പരീക്ഷിക്കാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ട്, വിറയ്ക്കുന്ന കൈ കൊണ്ട് സ്റ്റിയറിംഗ് മുറുകെ പിടിച്ച് കുറെ നേരം നിന്നു. വയർ ഏതാണ്ട് നിറഞ്ഞപ്പോൾ ആവണം ആനകൂട്ടം പതിയെ റോഡിന്റെ മറു വശത്തേക്ക് നീങ്ങി. ഇത് തന്നെ പറ്റിയ അവസരം, ഞാൻ മെല്ലെ വണ്ടി മുന്നോട്ട് എടുത്തു. അടുത്തു കൂടെ കടന്നു പോയ കാറിന്റെ നേരെ അലസമായൊരു നോട്ടം എറിഞ്ഞു ആ പിടിയാനയും പിള്ളേരും തീറ്റ തുടർന്നു (നമ്മൾ ഇതെത്ര കണ്ടതാ എന്ന ഭാവം!). തള്ളയാനയുടെ ഭർത്താവ് പരിസരത്തു എവിടേലും ഉണ്ടോ എന്നായിരുന്നു എന്റെ അടുത്ത ടെൻഷൻ. ഏയ് ഇല്ല, കെട്ട്യോനെ കൂട്ടാതെ ആണ് അമ്മച്ചിടേം പിള്ളേരുടേം കറക്കം.

രക്ഷപെട്ട ആശ്വാസത്തിൽ ഞാൻ അൽപം വേഗത്തിൽ മുന്നോട്ട്‌ നീങ്ങി. ഇടയ്ക്ക് ലോവർ ഷോളയാർ ഡാമിന്റെ വൃഷ്‌ടി പ്രദേശം നന്നായി കാണാവുന്ന സ്ഥലത്തു വണ്ടി നിർത്തി കുറച്ച് നേരം ആ മനോഹാരിത ആസ്വദിച്ചു നിന്നു. വാച്ചിലേക്കു നോക്കിയപ്പോഴാണ് സമയം 3.30. അതേ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ എത്തേണ്ട സമയം. പിന്നെ വൈകിയില്ല, നേരെ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങി. കുറെ ദൂരം വണ്ടി ഒന്നും രണ്ടും ഗിയറിൽ ഇഴഞ്ഞു. റോഡ് വളരെ 'നല്ലതായിരുന്നെ'!

sholayardam-pic3
ഷോളയാർ ഡാം

ഒടുവിൽ മലക്കപ്പാറ ചെക്ക്പോസ്റ്റിൽ എത്തിയപ്പോൾ സമയം 5pm. ആനയുമായി കുശലം പറഞ്ഞു സമയം പോയതാണെന്ന് അവിടത്തെ ഗാർഡിനോട് പറഞ്ഞു! തിരിച്ച് അതേ റൂട്ട് പോകുന്നുണ്ടോ എന്നു പുള്ളി ചോദിച്ചു, ഉണ്ടെങ്കിൽ 6 മണിക്ക് മുൻപേ പോകണം എന്നും പറഞ്ഞു.

തിരിച്ചു കാട്ടിലൂടെ രാത്രി 2 മണിക്കൂർ ഒറ്റക്കു പോകുന്ന കാര്യം ആലോചിച്ചപ്പോൾ, തല ചെറുതായിട്ടു ഒന്നു പാളി. ഏയ് ഇതുവരെ വന്നതല്ലേ, വാൽപ്പാറയിലെ 40 ഹെയർപിൻ കൂടെ ഇറങ്ങി തമിഴ്നാട് കൂടെ കണ്ടു പൊള്ളാച്ചി ആലത്തൂർ വഴി നേരെ ചൊവ്വേ ഉള്ള റൂട്ട് പിടിക്കാം. അതാ ബുദ്ധി. മനസ്സിൽ വിചാരിച്ചു. അവിടന്നു സ്കൂട്ട് ആയി!

മലക്കപ്പാറ ചെക്ക്പോസ്റ്റിൽ നിന്നു ഏതാണ്ട് 30 കിലോമീറ്റർ സഞ്ചരിക്കണം വാൽപ്പാറ ടൗണിൽ എത്തിച്ചേരാൻ. ചെക്ക്പോസ്റ്റ് പിന്നിട്ടു മുന്നോട്ടുള്ള യാത്രയിൽ ഷോളയാർ ഡാം കാണാം. ഇത്രയും നേരം താണ്ടിയ മലയുടെ നെറുകയിൽ കിരീടം വെച്ച കണക്കെയാണ് അവന്റെ നിൽപ്. ഏറ്റവും ഉയരത്തിൽ. ഡാമിന്റെ താഴെയുള്ള പാലത്തിൽ നിന്നും ആ തലയെടുപ്പ് ആസ്വദിച്ച ശേഷം  യാത്ര തുടർന്നു. പോകുന്ന വഴിക്ക് റോഡരികിൽ കണ്ട പെട്ടികടയിൽ ചായ കുടിക്കാൻ നിർത്തി. മുറുക്കാൻ ചവച്ചു കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ച് കൊണ്ടൊരു തമിഴത്തി അക്ക ചോദിച്ചു "എന്ന വേണം". "ഒരു ടി പോട് അക്ക" എന്നു പറഞ്ഞു മലക്കപ്പാറയിലെ വിശേഷങ്ങളും കൂടെ തിരക്കി.

പണ്ടു കാലത്ത് കുടിയേറി പാർത്ത തമിഴ് വംശജരും തോട്ടം തൊഴിലാളികളുമാണ് അവിടുത്തെ നല്ലൊരു ശതമാനം അന്തേവാസികളും. അവിടുത്തുകാർക്കു രാത്രിയെ ഭയമാണ്. ഇരുൾ വീണു തുടങ്ങിയാൽ ഒറ്റക്കു സഞ്ചരിക്കാനും പേടിയാണ്. കാട്ടാനയും പുള്ളി പുലിയും പ്രദേശ വാസികളെ ആക്രമിച്ച നിരവധി കഥകളും അക്ക പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ ചായ കുടിയുടെ വേഗത തനിയെ കൂടി. ഇരുട്ടും മുൻപേ വാൽപ്പാറ ടൗൺ എത്തണം!

വാൽപ്പാറ പോകുന്ന വഴിക്ക് ടാറ്റ ടീ പ്ലാന്റേഷൻ കാണാം. സന്ധ്യ ആയതോടെ കാലാവസ്ഥ പെട്ടെന്നു മാറി. വെള്ള മേഘങ്ങൾ കൂടണയുന്ന പക്ഷികളെ പോലെ മെല്ലെ താഴ്‌വരയിലെ തേയില തോട്ടങ്ങളിലേക്ക് ചേക്കേറുന്നത് കണ്ണിനു കുളിർമ തരുന്ന കാഴ്ചയായിരുന്നു. വിരൽത്തുമ്പിൽ നിന്നു തണുപ്പ് ശരീരമാസകലം ഇരച്ചു കയറി. കോടമഞ്ഞിനെ വകഞ്ഞു മാറ്റി കാർ മുന്നോട്ട് നീങ്ങി. ഓരോ കിലോമീറ്റർ താണ്ടുമ്പോഴും കണ്‍പോളകൾക്ക് കനം കൂടി വന്നു. ഏതാണ്ട് 10 മണിക്കൂറോളമായി ഡ്രൈവിങ്. ഉറക്കം നന്നേ അലട്ടിയിരുന്നു. വടക്കാഞ്ചേരി എത്തിയപ്പോൾ ഉറക്കം പിടിവിട്ടു പോകും എന്നു തോന്നിയതോടെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം ഒതുക്കി ഒരു മണിക്കൂർ ഉറങ്ങി. അലാറം വെച്ചു ഉണർന്നപ്പോൾ നല്ല എനർജി. ഒരു സ്‌ട്രോങ് ചായ കൂടി ആയപ്പോൾ സംഗതി ജോറായി. ആക്സിലേറ്റർ പെടലിൽ കാൽ അമർന്നു, അടുത്തത് നേരെ കൊച്ചിയിലുളള വീട്.

വീട്ടിലെത്തിയപ്പോൾ സോളോട്രിപ്പിന്റെ മാസ്മരികത ശരിക്കും തിരിച്ചറിഞ്ഞു. മനസ്സിൽ പറഞ്ഞു. സോളോ ട്രിപ്പ് കൊള്ളാം, നമ്മളിലെ സുഹൃത്തിനെ അറിഞ്ഞു, അവന്റെ സൗഹൃദം ആസ്വദിച്ചുള്ള യാത്രയായിരുന്നു.

കുറിപ്പ്: സോളോ ട്രിപ്പ് പോകുന്നവർ ദയവായി വണ്ടിയുടെ കാര്യക്ഷമതയും വേണ്ട മുൻ കരുതലും എടുത്ത ശേഷം മാത്രം പോകുക. ശുഭ യാത്ര!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA