ADVERTISEMENT
wild-photography7

വനപ്രദേശങ്ങളും മരങ്ങളും ചെടികളുമൊക്കെയുള്ള തന്റെ ജന്മനാടായ പത്തനംതിട്ട വിട്ട് ഉപജീവനത്തിനായി മണലാരണ്യത്തിൽ കഴിയവെയാണ് കൗഷിക്ക് വിജയൻ ഫൊട്ടോഗ്രാഫിയിലുള്ള തന്റെ താൽപര്യത്തെ പ്രകൃതിയുടെ പശ്ചാത്തലത്തിലുള്ള ഫ്രെയിമുകളിലേക്ക് പറിച്ചു നട്ടത്. ഇവിടത്തെപ്പോലെ വന്യമൃഗങ്ങളെ പകർത്താനുള്ള അവസരം ഗൾഫ് നാടുകളിൽ ഇല്ലാത്തതിനാൽ അവിടെ സ്ഥിരമായി കാണപ്പെടുന്നതും തണുപ്പു കാലത്ത് യൂറോപ്പിൽ നിന്നും ദേശാടനത്തിനെത്തുന്നവയുമായ പക്ഷികളിലേക്ക് തന്റെ ക്യാമറാക്കണ്ണു തുറക്കാനാണ് കൗഷിക് ശ്രമിച്ചത്.

wild-photography2

പൊതു സ്ഥലങ്ങളിൽ ഫൊട്ടോഗ്രാഫി വിലക്കുള്ള സൗദി അറേബ്യയിൽ അത്തരം വിലക്കുകളും ചൂടും തണുപ്പും വകവയ്ക്കാതെ വാരാന്ത്യ അവധി ദിനങ്ങളിലൊക്കെയും ക്യാമറയും കയ്യിലെടുത്ത് ഇറങ്ങുക പതിവാക്കി. എടുത്ത ചിത്രങ്ങൾ സ്വന്തമായി വിശകലനം ചെയ്ത് പിഴവും പോരായ്മയും മനസ്സിലാക്കിയാണ് മുന്നോട്ട് പോയത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടവർ ഒട്ടേറെ. കാടും കാട്ടുമൃഗങ്ങളുമില്ലാത്തിടത്ത് പക്ഷികൾ ക്യാമറയ്ക്കു വിരുന്നൊരുക്കും. ഫൊട്ടോഗ്രാഫർക്കു വേണ്ടത് ക്ഷമയും സദാ തുറന്നിരിക്കുന്ന കണ്ണുകളും ചെവികളും മാത്രം എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ കൗഷിക് അഭിപ്രായപ്പെടുന്നത്. 

‘‘ശബരിമലക്കാടുകളിലൂടെയുള്ള ഒരു പ്രഭാത യാത്രയിൽ വഴിയരികിലേക്ക് ഒരു പറ്റം കുരങ്ങുകൾ മലയിറങ്ങിവരുന്നത് കണ്ടു. കാറൊതുക്കിയിട്ട് ക്യാമറയുമായി വെളിയിലേക്കിറങ്ങി. മലയിറങ്ങുന്ന കുരങ്ങന്മാരിൽ ഒരുവൻ അവിടെ വലിയൊരു മരത്തോട് ചേർന്നു നിൽക്കുന്ന മരക്കുറ്റിയിലേക്ക് ചാടി ഇരിപ്പായി. മരത്തിനു മുകളിലൂടെ ചാടി വന്ന മറ്റൊരുവനും ഇതു കണ്ട് അവിടെ ഇരിക്കാൻ തോന്നിയിരിക്കണം., അവനും ആ മരക്കുറ്റിയിലേക്ക് ചാടി. പക്ഷേ, അതിനു ചാട്ടം പിഴച്ചു. കുറ്റിയിൽതട്ടി താഴെ കൊക്കയിലേക്ക് മറിയുന്നതാണ് കണ്ടത്. ഒരു ഞൊടിയിടയിൽ മരക്കുറ്റിയിൽ ഇരിക്കുന്ന കുരങ്ങന്റെ കൈകൾ ചലിച്ചു, വീ‌ഴുന്ന കുരങ്ങനെ ചാടിപ്പിടിച്ച് വാരിപ്പുണർന്നു.

wild-photography1

ഒരു കൊച്ചു കുഞ്ഞിനെ രക്ഷിക്കും പോലെ ആ കുരങ്ങനെ ജീവിതത്തിലേക്ക് തിരികെ വലിച്ചെടുക്കുകയായിരുന്നു അത്. ക്യാമറയിൽ ആ ചിത്രം പകർത്തിയ എന്റെ അമ്പരപ്പ് ഇന്നും വിട്ടു മാറിയിട്ടില്ല. കാരണം ആ മൃഗങ്ങളിൽക്കണ്ട സ്നേഹം, കരുതൽ, സംരക്ഷണം ഒക്കെ ചിന്തിപ്പിക്കുന്നതായിരുന്നു.’’ ഫൊട്ടോഗ്രഫിയിൽ  സ്വന്തമായി ധാരാളം പരീക്ഷണങ്ങൾ ചെയ്യുന്ന കൗഷിക് വിജയൻ തന്റെ മികച്ച ഫൊട്ടോകളിലൊന്നായി കണക്കാക്കുന്ന ഒരു ചിത്രത്തിന്റെ പിന്നിലെ കഥ പങ്കുവച്ചു കൊണ്ട് തികച്ചും വ്യത്യസ്തമായ ചില ഫ്രെയിമുകളുടെ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോയത്. 

കാടിന്റെ മക്കളുടെ ചിത്രങ്ങൾക്കായുള്ള അലച്ചില്‍ തുടങ്ങും മുൻപ് തന്നെ മലയണ്ണാനെ (Malabar giant squirrel) കണ്ടിട്ടുണ്ട്. അതിന്റെ അസാധാരണമായ വലുപ്പവും വ്യത്യസ്തമായ നിറവും ഭംഗിയും ആരെയും ആകർഷിക്കും. ചിത്രങ്ങൾക്കായി കാട്ടിലേക്ക് പോയിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും മലയണ്ണാനെയും തേടി. ഫൊട്ടോഗ്രഫി കമ്പവുമായി ആദ്യം നാട്ടിലെത്തിയപ്പോൾ ഏറെ കാത്തിരിപ്പിനും അലച്ചിലിനും ശേഷമാണ് ഒരു മലയണ്ണാനെ ക്യാമറയുടെ മുന്നിൽ  കിട്ടിയത്. പക്ഷേ, അപ്പോഴെടുത്ത ചിത്രം ഒട്ടും തൃപ്തികരമായില്ല. അടുത്ത അവധിക്കാലത്ത് മലയണ്ണാന്റെ ചിത്രങ്ങൾ ലക്ഷ്യമിട്ടു തന്നെ ഇറങ്ങിയപ്പോൾ ഒട്ടേറെ തവണ അവയെ കണ്ടുമുട്ടാനും ക്യാമറയിൽ പകർത്താനുമായി. ഇപ്പോൾ മുപ്പതിലധികം മലയണ്ണാനുകളുടെ പല സന്ദർഭങ്ങള്‍ രേഖപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങൾ സ്വന്തമാണ്. 

ക്ഷമ വിരിയിച്ചെടുക്കുന്ന ചിത്രങ്ങൾ

wild-photography6

പരിമിതികളേറെയുണ്ടായിട്ടും സ്വപ്രയത്നവും ആത്മാർഥമായ സമർപ്പണവും കൊണ്ട് അവയെ മറികടന്ന് കുറെ നല്ല ചിത്രങ്ങൾ പകര്‍ത്തിയ ആ ഫൊട്ടോഗ്രഫർ തന്റെ ക്യാമറയിലേക്ക് കൂടുതലും കടന്നുവന്നത് പക്ഷികളുടെ ചിത്രങ്ങളാണെന്ന് ഓർക്കുന്നു. പക്ഷേ അവ നേരിട്ട് ചിത്രമായി പറന്നു വന്നതല്ല, ക്ഷമയുടെയും സഹനത്തിന്റെയും മുകളില്‍ അടയിരുന്ന് വിരിയിച്ചെടുത്തവയാണ്. അത്തരത്തിൽ നീണ്ട ഒരു കാത്തിരിപ്പിന്റെ പ്രതിഫലമാണ് സൗദിയിൽ വച്ച് മൂങ്ങകളുടെ വിഭാഗത്തിൽപ്പെട്ട റെഡ് ബെയ്ക്ക്ഡ് ഷ്രിക്ക് (Red baked Shrike) എന്ന പക്ഷി ക്യാമറയിലേക്ക് നോക്കിയെന്നോണം പറക്കുന്ന സവിശേഷമായൊരു ചിത്രം ലഭിച്ചത്. 

മറ്റൊരിക്കൽ രണ്ടു ബുൾബുൾ പക്ഷികൾ (White eared bulbul) ഒരിടത്തിരിക്കുന്നതു കണ്ട് അവയുടെ എന്തെങ്കിലുമൊരു ചലനം പകർത്താനായി കാത്തു നിന്നു. അൽപനേരത്തിനുശേഷം നൃത്തത്തിനിടയിൽ ചുവടുകൾ വച്ചകലുന്ന നർത്തകരെപ്പോലെ രണ്ടു വശങ്ങളിലേക്കും ആ പക്ഷികൾ പറന്നുയരുന്ന മനോഹരമായൊരു ചിത്രമാണ് ക്യാമറയിൽ പതിഞ്ഞത്.

ചിത്രമെടുക്കാൻ പോകുമ്പോൾ പക്ഷികളുടെ മനസ്സിൽ ഈ ക്യാമറയുമായി വരുന്നവൻ കുഴപ്പക്കാരനല്ലെന്ന തോന്നല്‍ ഉണ്ടാക്കാനാകണം. അതിന് ആദ്യം അവ കാണുംവിധം വളരെ ദൂരെ ഇരുന്ന് നിരീക്ഷിക്കും. അവയുടെ ശ്രദ്ധമാറുന്ന നിമിഷങ്ങളിൽ ഓരോ ചുവടുവീതം അടുത്ത് അടുത്ത് ചെല്ലാം. അങ്ങനെ എടുത്ത ഒരു ചിത്രമാണ് കൊക്കുകളുടെ ഇനത്തിൽപ്പെട്ട തിരമുണ്ടി (Western reef egret) എന്ന കിളി മീൻ പിടിക്കുന്ന ചിത്രം. അൽപം ക്ഷമയും ജാഗ്രതയും ചിത്രങ്ങൾക്ക് ഏറെ വ്യത്യസ്തത പകരുമെന്ന് ഉറപ്പാണ്.  

പറക്കും ചിത്രങ്ങൾ

പക്ഷികളുടെ ഫൊട്ടോഗ്രഫിയിൽ ഏറെ വെല്ലുവിളികളുളളത് അവ പറക്കുന്ന ചിത്രങ്ങൾ വ്യക്തതയോടെ എടുക്കുന്നതിനാണ്. പലപ്പോഴും മരക്കൊമ്പിലും മറ്റും ഇരിക്കുന്നവ പറക്കുന്നതും പ്രതീക്ഷിച്ച് ക്യാമറ സെറ്റ് ചെയ്ത് ഒരു വശത്ത് കാത്തിരിക്കുമ്പോഴാകും അവ മറുവശത്തേക്ക് പറക്കുന്നത്. കുറച്ചു  കാലത്തെ  പരിചയം കൊണ്ട് ഇവയുടെ സ്വഭാവത്തെപ്പറ്റി ചില ധാരണ ഉണ്ടാക്കാനാകും എന്നേയുള്ളൂ.

wild-photography8

ഫൊട്ടോഗ്രഫി പരിശീലിച്ചു തുടങ്ങിയ കാലത്തൊരിക്കൽ സൗദിയിൽ വച്ച് അപ്രതീക്ഷിതമായി മാനത്ത് പറക്കുന്നതു കണ്ട ഒരു താലിപ്പരുന്തിന്റെ (Osprey Eagle) മികച്ച ചിത്രം പകർത്താനായത് ആത്മവിശ്വാസം നൽകി. പിന്നീട് സൗദിയിൽ സാധാരണ കാണപ്പെടുന്ന വിശറിവാലൻ പുള്ളിന്റെയും (Common kestrel). നാട്ടിലെത്തുമ്പോൾ കൊറ്റികളുടെയുമൊക്കെ പറക്കൽ ചിത്രീകരിക്കാൻ ശ്രമിക്കുക പതിവാക്കി. അങ്ങനെയാണ് ആ മേഖലയിൽ വൈദഗ്ധ്യം നേടിയത്. അതേപോലെ തന്നെയാണ് കുരങ്ങുകളുടെ ചിത്രവും. അവയുടെ വികൃതികൾ കാത്തിരുന്ന് ചിത്രീകരിക്കാനായാൽ നമുക്ക് പലപ്പോഴും ലഭിക്കുന്നത് വളരെ ജീവനുള്ള, കൗതുകമുണർത്തുന്ന ചിത്രങ്ങളായിരിക്കും.

ഓരോ ഫൊട്ടോയും പകർത്തുന്ന സാഹചര്യം വ്യത്യസ്തമായിരിക്കും, ചിലതിന്റെ പിന്നിൽ രസകരമായ കഥകളുമുണ്ടാകും. പക്ഷേ, അത് ഫൊട്ടോഗ്രാഫർ പങ്കുവച്ചില്ലെങ്കിൽ ആരും അറിയില്ല എന്നതാണ് സത്യം.

കണ്ണും കാതും തുറന്നുവയ്ക്കൂ

പ്രകൃതി ധാരാളം ഫൊട്ടോഫ്രെയ്മുകളാൽ സമ്പന്നമാണ് എപ്പോഴും. അതിൽ നമുക്കു വേണ്ടത് അന്വേഷിക്കുക, കാത്തിരിക്കുക, കിട്ടുന്ന അവസരങ്ങൾ ഭംഗിയായി ഉപയോഗിക്കുക അതാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയുടെ ഒരു അടിസ്ഥാന തത്വം. 

സൗദിയിലെ തണുപ്പുള്ള ഒരു പ്രഭാതത്തിൽ സ്ഥിരമായി ചിത്രമെടുക്കാൻ പോകുന്ന സ്ഥലത്ത്, അവിചാരിതമായി ശ്രദ്ധയിൽപ്പെട്ട കാഴ്ചയാണ് ഷ്രിക്ക് (shrike bird) എന്ന പക്ഷി പാമ്പിനെ തിന്നുന്നത്. ഒരു കുരുവിയെക്കാളും അൽപം വലുത് എന്നുമാത്രം പറയാവുന്ന ഈ കിളി പാമ്പിനെയും എലിയെയും ഓന്തിനെയുമൊക്കെ പിടിച്ച് കൂർത്ത കമ്പുകളിൽ കുത്തിയിറക്കി കൊന്നാണ് ഭക്ഷിക്കുന്നത്. അപൂർവമായ ഈ സന്ദർഭം പകർത്താൻ പ്രകൃതി ഒരുക്കിത്തന്ന അവസരമായിരുന്നു അത്. 

ഒരു ഒഴിവു ദിവസം ഫൊട്ടോഗ്രാഫർമാരായ സുഹൃത്തുക്കൾക്കൊപ്പം സൗദിയിലെ പുതിയൊരു സ്ഥലത്ത് ചിത്രങ്ങളെടുക്കാനിറങ്ങി. അവിടെ ചില ഒട്ടകങ്ങളെ ക്യാമറയിലാക്കി നിൽക്കുമ്പോഴാണ് ഒരു െചടിയിൽ ചരൽക്കിളി (Stonechat) ഇരിക്കുന്നതു കണ്ടത്. വ്യത്യസ്തമായൊരു ഫ്രെയിം സൃഷ്ടിക്കാൻ, ഒട്ടകങ്ങളെ ആ കിളി ഇരിക്കുന്നതിന്റെ പിന്നിലേക്ക് കൊണ്ടുവന്നാണ് ആ ചിത്രം എടുത്തത്.

മറ്റൊരു സന്ദർഭത്തിൽ, നാട്ടിലെത്തി കാട്ടിലലയുമ്പോൾ ഇതുവരെ ചിത്രമെടുത്തിട്ടില്ലാത്ത ഒരു കിളിയെക്കണ്ട് ഫോട്ടോ എടുക്കാൻ തയാറായി. എന്നാൽ ആ നിമിഷം അത് പറന്നു പോയി, അതേ സമയം മറ്റൊരു കിളി എനിക്ക് തൊട്ടടുത്തെന്നോണം വന്നിരുന്നു. ഞാനതിനെ ഭംഗിയായി പകർത്തുകയും ചെയ്തു. പിന്നീട് ഒരു സുഹൃത്തിനെ ആ ചിത്രം കാണിച്ചപ്പോളാണ് അതിന്റെ പ്രാധാന്യം മനസ്സിലായത്. പൊടിച്ചിലപ്പൻ (Dark fronted babbler) എന്ന ഈ കിളി അപൂർവമായ ഒന്നല്ലെങ്കിൽപോലും അതിനെ ഫൊട്ടോയില്‍ പകർത്താൻ വളരെ വിരളമായേ സാധിക്കാറുള്ളത്രേ. തക്ക സമയത്ത് ഉചിതമായി പ്രതികരിച്ചതിനാൽ മാത്രം കിട്ടിയതാണ് ആ ചിത്രം. 

ഇനി കാടകം പകർത്തണം

ഫൊട്ടോഗ്രഫിയിലുള്ള താൽപര്യം കൊണ്ട് പ്രവാസജീവിതത്തിന്റെ തുടക്കത്തിൽ കൗഷിക് വിജയൻ ഒരു ചെറിയ ക്യാമറ വാങ്ങി ജീവിത മുഹൂർത്തങ്ങളെ പകർത്തി തുടങ്ങി. എങ്കിലും നീണ്ട പത്തുവർഷങ്ങൾക്കു ശേഷമേ ഒരു ഡിഎസ്എൽ ആർ ക്യാമറ സ്വന്തമാക്കാനായുള്ളൂ. അതിനുശേഷം യാദൃച്ഛികമായാണ് വന്യജീവികളുടെയും പക്ഷികളുടെയും ചിത്രങ്ങൾ എടുക്കുന്നതിന്റെ ആവേശം തിരിച്ചറിഞ്ഞത്.

പ്രവാസ ജീവിതത്തിനിടയിൽ പക്ഷികളുടെ ചിത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും നാട്ടിലെത്തുന്ന അവധിക്കാലത്ത് കേരളീയ വനങ്ങളിലേക്ക് പോകുകയുമാണ് പതിവ്. പത്തനംതിട്ട ജില്ലയിലെ വിവിധ വനപ്രദേശങ്ങളിലും മൂന്നാറിലും ആണ് കൂടുതലും സഞ്ചരിച്ചിട്ടുള്ളത്. കടുവയും ആനയും  പുലിയും പോലുള്ള വന്യമൃഗങ്ങളുടെ ചിത്രങ്ങൾക്കായി അടുത്ത അവധിക്കാലത്ത് നിബിഡ വനങ്ങളിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങുകയാണ് ഈ ഫൊട്ടോഗ്രഫർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com