ADVERTISEMENT
cruger-trip

ആഫ്രിക്കൻ ഡയറി - ഒന്ന് 

കാടിന്റെ മധ്യത്തിലുള്ള ഒരു ഇടം. അതാണ്  Skukuza. ക്രൂഗർ വനത്തിനുള്ളിലുള്ള വിശ്രമ ഇടങ്ങളാണിവ. സഞ്ചാരികൾക്കു വേണ്ടി കെട്ടിയൊരുക്കപ്പെട്ടിരിക്കുന്ന നിരവധി കോട്ടേജുകളും ഷോപ്പിങ് സൗകര്യങ്ങളും ഭരണ കേന്ദ്രവും ഒക്കെ അടങ്ങിയ പ്രദേശം വൈദ്യുതിക്കമ്പിയിട്ട് കാട്ടിൽനിന്നു വേർതിരിച്ചു നിർത്തിയിരിക്കുന്നു. യാത്രക്കാരുടെ വലിയ ബഹളമൊന്നുമില്ല, സന്ധ്യയാകാൻ വീർപ്പു മുട്ടി നിൽക്കുന്ന തണുത്ത വായു. നിരന്നു കിടക്കുന്ന വലിയ തുറന്ന ട്രക്കുകൾ. അതിലാണത്രേ സഞ്ചാരികൾ മൃഗങ്ങളെ തിരഞ്ഞു യാത്ര നടത്തുക! ഓരോ മൃഗത്തെയും അടുത്ത് കാണിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും കഴിവുള്ള ഡ്രൈവർമാർ ഒപ്പമുണ്ടാകും. മൃഗങ്ങളെ കാണുമ്പോൾ നിർത്തുകയും അവയുടെ ചിത്രമെടുക്കുകയും ചെയ്യാം.

cruger-trip22

ഔദ്യോഗിക കാര്യങ്ങളൊക്കെ കഴിഞ്ഞ ശേഷം നേരേ ഞങ്ങൾക്കനുവദിച്ച കോട്ടേജിലേക്കു കയറി. സംഭവം അത്രയ്ക്കങ്ങോട്ടു വെൽ ചെയർ ആക്സിസിബിൾ ആയിരുന്നില്ല, പക്ഷേ പൊതുവേ കേരളത്തിലൊഴികെ ബാക്കിയെല്ലാ യാത്രകളിലും ഇത്തരം പ്രശ്നങ്ങൾ ഞങ്ങളെ ബാധിക്കാറില്ല. ഇവിടെ വേറെ കോട്ടേജുകൾ ഉണ്ടായിരുന്നെങ്കിലും ലഭ്യമാകുക എന്നതും പ്രശ്നമായിരുന്നു.

cruger-trip2

തൽക്കാലം കൂടെയുള്ളവർ സഹായിച്ചാണ് കോട്ടേജിന്റെ ഉള്ളിൽ കയറിയത്. കൂടെയുള്ള സ്ത്രീകളെ നോക്കി നിർത്തി ഞങ്ങൾ പുരുഷന്മാർ അടുക്കളയുടെ ഭരണം പിടിച്ചെടുക്കുകയും അത്താഴമായി നേരത്തെ ഉണ്ടാക്കികൊണ്ടു വന്ന ചപ്പാത്തിക്ക് ദാൽ കറി ഉണ്ടാക്കുകയും ചെയ്തു. ! നള പാചകം എന്നൊക്കെ വെറുതെ അലങ്കാരികതയ്ക്കു വേണ്ടി ഉണ്ടാക്കിയ വാക്കുകളൊന്നുമല്ലെന്ന് ഞങ്ങളെ ക്രൂഗറിൽ കൊണ്ട് പോയ ദാമു അഫനും ശ്രീക്കുട്ടനും കണ്ണനും തെളിയിച്ചു. ദാമു അഫൻ അല്ലെങ്കിലും മികച്ച ഒരു കുക്ക് തന്നെയാണ്. നല്ല രുചിയായി പലതരം വെജിറ്റേറിയൻ ഭക്ഷണം വയ്ക്കും. 

cruger-trip4

പത്തു ദിവസത്തെ ആഫ്രിക്കൻ യാത്ര കൊണ്ട് സൗത്ത് ആഫ്രിക്കയുടെ ഏഴ് അയൽവക്കത്തെത്തില്ല എന്നു നല്ല ബോധ്യമുണ്ടായിട്ടും അത്യാവശ്യം വേണ്ടവ ഒന്നു തൊട്ടും കണ്ടും അനുഭവിച്ചും മടങ്ങാമല്ലോ എന്നു മാത്രമായിരുന്നു കൊച്ചിയിൽനിന്ന് ആകാശയാത്ര ചെയ്യുമ്പോഴുള്ള തോന്നൽ. സത്യം പറഞ്ഞാൽ ആഫ്രിക്ക എന്ന പേര് വിദൂരങ്ങളിലെവിടെയോ ഇത്തിരി കറുത്ത പാടോടുകൂടി കേട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ വലിയ അറിവുകളൊന്നുമില്ല. ഒരു യാത്രയ്ക്കിറങ്ങുമ്പോൾ അവിടുത്തെ മണൽത്തരികളുടെ ഗന്ധം പോലും ഗൂഗിളിൽ നോക്കി കണ്ടെത്തി യാത്ര ചെയ്യുന്ന കസിൻ കിഷോറേട്ടനും അദ്ദേഹത്തിന്റെ ഭാര്യ നീതയും എന്റെയും പാർവതിയുടെയും ഒപ്പമുണ്ട്. ആഫ്രിക്കയിലുള്ള ഏറ്റവും അടുത്ത സുഹൃത്തും കസിനുമായ ജ്യോതിഷ് ആണ് പ്രധാനമായും ഈ യാത്രയുടെ മുഖ്യ കാരണവും ആകർഷണവും. വർഷങ്ങളായുള്ള ജ്യോതിഷിന്റെ നിർബന്ധവും സാഹചര്യവും ഒന്നിച്ചു വന്നപ്പോൾ കിഷോറേട്ടനെയും നീതയെയും കൂട്ടി പറക്കാമെന്നു കരുതി.

അങ്ങനെ ക്രൂഗറിൽ എത്തി, ട്രക്കിൽ വലിഞ്ഞു കയറി എല്ലാവരും ഓരോ സീറ്റിലേക്ക് ഇരുന്നപ്പോൾ സീറ്റിൽ ചുരുട്ടി വച്ചിരിക്കുന്ന കമ്പിളി പുതപ്പ് പുതച്ചോളാനും ചെവി നന്നായി മൂടാനും അടുത്തുനിന്ന് ഉപദേശം കിട്ടി. അതു വെറുതെയല്ല, ട്രക്ക് മുന്നോട്ടു പോകുമ്പോൾ പുറത്തുനിന്ന് ആഞ്ഞടിക്കുന്ന കാറ്റിന് ഐസിന്റെ തണുപ്പ്. ചെവിക്കുള്ളിലേക്കു മൂളിക്കയറുന്ന തണുപ്പ്. ഉടലാകെ ചൂടുള്ള പുതപ്പിട്ടു മൂടിയെങ്കിലും കാറ്റിന്റെ ഹുങ്കാരം ഉയിരിലേക്കും ഇറങ്ങിച്ചെല്ലുന്നു. കറുത്ത കാട്... ഇടയ്ക്കിടെ തിളങ്ങുന്ന കണ്ണുകൾ. കൂർത്ത നോട്ടങ്ങൾ പാളി നോക്കുന്നു. അവിടെയും ഇവിടെയുമായി മാൻ കൂട്ടങ്ങളും കുടുവും (വലിയ സവിശേഷ രീതിയിലുള്ള മാൻ). വാഹനത്തിന്റെ ശബ്ദവും വെളിച്ചവും മൂലം പ്രാണനും കൊണ്ടു പായുന്ന മുയലുകൾ, ആകെ വ്യത്യസ്തമായി കണ്ടത് കാണ്ടാമൃഗത്തെ മാത്രം. അങ്ങകലെ കാടിന്റെ നാടുവിലൂടെയൊഴുകുന്ന പുഴയ്ക്കരികിൽ മെല്ലെ മെല്ലെ നടക്കുന്ന കാണ്ടാമൃഗങ്ങൾ. ട്രാക്ക് ഡ്രൈവർ എലീസ സ്വാഭാവികമായ നർമത്തോടെ പറഞ്ഞു, "എന്തുകൊണ്ടാണ് കാണ്ടാമൃഗം രാത്രിയിൽ പുറത്തിറങ്ങുന്നത് എന്നറിയാമോ?", പല വിധ ഉത്തരങ്ങൾക്കൊടുവിൽ എലീസ ഒറ്റ വാക്കിൽ മറുപടിയും പറഞ്ഞു:

"അവർ വൃത്തികെട്ടവരാണ്".

ആദ്യം എല്ലാവരും ആ മറുപടിയിൽ ഒന്ന് അമ്പരന്നു, എലീസ ചിരിയോടെ തുടർന്നു: 

cruger-trip5

"ഞാൻ തമാശ പറഞ്ഞതാണ്, കാണ്ടാമൃഗം കറുപ്പാണ്. ഒട്ടും ചൂടു താങ്ങാൻ പറ്റാത്ത മൃഗം. രാത്രിയിൽ മാത്രമേ അതിനു വെള്ളത്തിൽനിന്നു പുറത്തു കടക്കാൻ പറ്റൂ, ഏറ്റവും കൂടുതൽ ദൂരം അതേ രാത്രിയിൽ സഞ്ചരിക്കുകയും ചെയ്യുന്ന മൃഗവും കാണ്ടാമൃഗമാണ്". എലീസയുടെ മറുപടിയിൽ എല്ലാവരും പൊട്ടിച്ചിരിച്ചു. എലീസ ആളൊരു രസികയായിരുന്നു, ഒന്നു പറഞ്ഞാൽ രണ്ടാമത്തെ വാചകത്തിൽ തമാശ പറയുന്ന ഡ്രൈവർ. ആ യാത്രയിൽ പിന്നെ മറ്റൊന്നുമുണ്ടായില്ല, പക്ഷേ നരച്ച കാടുകൾ മഞ്ഞൾ വെളിച്ചത്തിൽ കാണുമ്പോൾ, തണുത്ത കാറ്റ് മുഖത്തേക്ക് ഊതിയടിക്കുമ്പോൾ ആ രാത്രിയാത്രയുടെ മനോഹാരിതയ്ക്ക് മറ്റൊരു കാഴ്ചയും വേണ്ട.

രാവിലെ കാപ്പിയും പതിവു പോലെ ഞങ്ങൾ ഉണ്ടാക്കിയ ഉപ്പുമാവും കഴിച്ച് Skukuza അതിർത്തി കടന്നു.കാർ മുന്നോട്ടു പോകുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത പക്ഷികൾ, നമ്മുടെ പൊന്മാന്റേതു പോലെ തിളങ്ങുന്ന തൂവലുകൾ, പക്ഷ‌േ ഒരേ നിറം, കുഞ്ഞു ചുണ്ടുകൾ, ശരവേഗത്തിൽ പറക്കുന്ന ആ കിളിയെ കാണുമ്പോൾ ഏതോ ആനിമേഷൻ സിനിമയിലേക്കു പറന്നു പോയ ഒരു കിളികഥാപാത്രത്തെ ഓർമ വന്നു. അധികം സമയമെടുത്തില്ല, കാട്ടാറിന്റെ തീരത്തേക്ക് നടന്നടുക്കുന്ന കാറ്റ് പോത്തിന്റെ കൂട്ടത്തെയും റോഡരികിൽ ഒറ്റയ്ക്കു നിന്ന് തീറ്റയെടുക്കുന്ന ആഫ്രിക്കൻ ആനയെയും കടന്നു പോകുമ്പോൾ വഴിയരികിൽനിന്ന് രണ്ടു പേർ കാറിൽ ലിഫ്റ്റ് ചോദിക്കാനെന്ന പോലെ മുന്നിലേക്കു കയറി വന്നു; രണ്ടു ഹിപ്പോകൾ. കാറിലിരുന്ന് എല്ലാവരും സന്തോഷത്തോടെ ഉറക്കെ ചിരിച്ചു. ഒരാൾക്ക് പുറകെ അടുത്തയാൾ എന്ന പോലെ രണ്ടു പേരും നിരത്ത് മുറിച്ചു കടക്കുന്നു, കുളങ്ങളിൽ  മുങ്ങിക്കിടക്കുന്നതു മാത്രം കണ്ടിരുന്ന ഹിപ്പോകളെ ആദ്യമായാണ് ഇത്ര അടുത്ത് നേരിട്ടു കാണുന്നത്. കുണുങ്ങി കുണുങ്ങി അവരങ്ങനെ കഥകൾ പറഞ്ഞും ചിരിച്ചും കളിച്ചും കാടിന്റെ അകത്തേക്കെവിടെയോ നടന്നു നടന്നു പോയി.

സാധാരണ ചിത്രങ്ങളിൽ കാണുന്നത്ര ആകൃതിയില്ലായ്മ ക്രൂഗർ കാടുകളിലെ ആനകൾക്ക് തോന്നിയില്ല എന്നതാണ് സത്യം. പക്ഷേ വലിയ ചെവിയും ഇടിഞ്ഞു വീണ, ഗർഭിണിയുടേതു പോലുള്ള വലിയ വയറും അവയെ ഇന്ത്യൻ ആനകളിൽ നിന്നു വ്യത്യസ്തരാക്കുന്നുണ്ട്. എന്നാലും സുന്ദരന്മാരും സുന്ദരിമാരും തന്നെ. അപ്പോൾ ആദ്യം തന്നെ ബിഗ് ഫൈവിലെ ഏറ്റവും വലിയ കക്ഷിയെ കണ്ടുകഴിഞ്ഞു. "ഓഹ് ആന, ഇവിടെയൊക്കെ എപ്പോഴുമുള്ളതാണ്", എന്ന സരസമായ വാക്കുകൾ കേട്ടെങ്കിലും ആദ്യമായി ആഫ്രിക്കൻ ആനയെ കാണുന്നതിന്റെ കൗതുകം അങ്ങനെ പോകില്ലല്ലോ, ഇത്രയും വർഷമായിട്ടും തൊട്ടു മുന്നിൽ നാട്ടിലെ ഗജവീരന്മാരായ കേശവനോ മണികണ്ഠനോ വന്നാൽ പോലും ഇപ്പോഴും കൗതുകത്തോടെ മറ്റെല്ലാം മറന്നു നോക്കി നിൽക്കുന്നയാൾക്ക് ആനയെ എപ്പോൾ കണ്ടാലും ഇഷ്ടം തന്നെ.

മുൻപിൽ പോയ കാർ ഒരു മണ്ണിട്ട അകവഴിയിലേക്കു തിരിഞ്ഞപ്പോഴാണ് അവിടെ എന്തെന്ന് ശ്രദ്ധിച്ചത്, മറ്റൊന്നുമല്ല, അങ്ങ് ദൂരെയെവിടെയോ കിടന്നുറങ്ങുന്ന സിംഹമായിരുന്നു ലക്ഷ്യം. സിംഹം എന്നു കേട്ടതും എല്ലാവരും കണ്ണ് തള്ളി. അത്ര എളുപ്പമല്ല ഇഷ്ടനെ കണ്ടെത്താനും പടം പിടിക്കാനും. സംഭവം സത്യമാണ്, കാട്ടുരാജാവിനെ സ്നാപ്പിലാക്കാൻ അത്രയെളുപ്പമല്ല. കാറിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാത്ത നിയമവും റോഡുകളോട് അലർജിയുള്ള സിംഹരാജാവിന്റെ ധാർഷ്ട്യവും കാരണം അങ്ങകലെ പുല്ലുകൾക്കിടയിൽ ചാഞ്ഞും ചരിഞ്ഞും കിടക്കുന്ന ആ ശരീരങ്ങൾ കണ്ടു എന്നു വരുത്താനേ കഴിഞ്ഞുള്ളൂ. പുലിയും ഏതാണ്ട് അതേ അവസ്ഥയിൽ തന്നെയാണ് രണ്ടു തോടുകൾക്കിടയിൽ കിടന്ന് ഏറെക്കുറെ അടുത്ത് പാർക്ക് ചെയ്ത കാറിൽ നിന്നുള്ള ഞങ്ങളുടെ അദ്‌ഭുതം നിറഞ്ഞ ശബ്ദത്തിനു ചെവിയോർത്തത്. "ശ്ശ്ഹ് ... മിണ്ടരുത്....", കാടുകളെക്കുറിച്ച് നല്ല പരിചയമുള്ള ആളെന്ന പോലെ ദാമു അഫൻ നിർദ്ദേശങ്ങൾ തന്നുകൊണ്ടിരുന്നു. ശ്വാസം പോലും വിടാൻ മടിച്ച് കണ്ണുകൾ തുറന്നു വച്ച് നോക്കിക്കിടക്കുമ്പോൾ ഏതോ സ്വപ്നം കണ്ടതാണെന്നതു പോലെ വീണ്ടും ആ രണ്ടു പുലികളും ഉറക്കത്തിലേക്കു മടങ്ങി.

cruger-trip6

ക്രൂഗർ കാടുകൾ പാസ് ഗേറ്റിനു പുറത്ത് പിന്നെയും കുറെ ദൂരം ഒപ്പം വന്നു, പക്ഷേ അതിനു ശേഷം അന്നത്തെ ദിവസം ഞങ്ങൾ താമസിക്കുന്ന ദാമു അഫന്റെ വീട്ടിലെത്തിയപ്പോഴാണ് ആ കാടുകൾ ഒടുങ്ങിയിട്ടില്ലെന്നു മനസ്സിലായത്. ആഫ്രിക്കയുടെ കൂടുതൽ ശതമാനവും കാടുകളാണ്, അവയിൽ പലതും ജനവാസ യോഗ്യവുമാക്കി മാറ്റാൻ ഇവിടുത്തെ പലർക്കുമാകുന്നു. ഏക്കറുകൾ നീണ്ടു കിടക്കുന്ന കാടുകൾ, സ്ഥലം തിരിച്ച് സ്വകാര്യ വ്യക്തികൾക്കു വാങ്ങാനാകും. അവിടെ അതിലെ ഇരുപതു ശതമാനം ഭൂമിയിൽ വീടു വയ്ക്കാം.

ബാക്കിയുള്ള കാടിനെ വെട്ടി മാറ്റാനോ അവിടെ ജീവിക്കുന്ന മൃഗങ്ങളെ ഉപദ്രവിക്കാനോ അവരുടെ വിഹാരത്തിനു പ്രതിബന്ധം ഉണ്ടാക്കാനോ ആവില്ല. ഒരുപക്ഷേ മനുഷ്യനെക്കാളും മൃഗങ്ങൾക്ക് അനുകൂലമായ നിയമങ്ങൾ ആഫ്രിക്കയിൽ ശക്തമാണ് എന്നു തിരിച്ചറിയുകയായിരുന്നു. പക്ഷേ ഇത്തരം ജനവാസമുള്ള എസ്റേറ്റുകളിൽ വന്യ സ്വഭാവമുള്ള മൃഗങ്ങൾ ഇല്ല, സീബ്രാ, ജിറാഫ്, മാനുകൾ എന്നിങ്ങനെയുള്ള നിഷ്കളങ്ക ജീവികൾ മാത്രം. കാട്ടിലെവിടെയൊക്കെയോ ഉള്ള ഇവർക്ക് വേണ്ടി വീടിനു മുകളിൽ ദാമു അഫൻ ഒരുക്കിയ ജലസമൃദ്ധിയും കൂടിനുള്ളിലെ അരിമണികളും മൃഗങ്ങളെയും പക്ഷികളെയും അവിടേക്ക് ആകർഷിക്കുന്നുണ്ട്.

എത്ര പേർക്കു വേണമെങ്കിലും എസ്റ്റേറ്റിനുള്ളിൽ വസ്തു വാങ്ങി വീടുകൾ പണിയാം, പക്ഷേ ബാക്കി ഭാഗം കാടുകളായിത്തന്നെ നിലനിർത്തി മൃഗങ്ങൾക്ക് വിട്ടു കൊടുക്കണമെന്നു മാത്രം. പക്ഷേ എന്തൊക്കെപ്പറഞ്ഞാലും നായാട്ട് അനുവദിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സൗത്ത് ആഫ്രിക്ക. ഏതു മൃഗത്തെയും അനുമതിയോടെ നായാട്ടു നടത്തുകയും കൊന്ന് ഇറച്ചി ലേലം വിളിക്കുകയും കൊണ്ടുപോവുകയുമാകാം. ജനവാസമുള്ള എസ്റേറ്റുകളിലെ മൃഗങ്ങളിൽ ഏതെങ്കിലും വർഗത്തിന്റെ എണ്ണം അധികമാകുമ്പോൾ അവയെ കൊല്ലാൻ കരാറെടുത്തിരിക്കുന്നവർ അതു നടപ്പിലാക്കും. അതിന്റെ ഇറച്ചി ആവശ്യക്കാർക്ക് 

വാങ്ങുകയുമാകാം. പക്ഷേ അതിനും കൃത്യമായ നിയമമുണ്ട്, ആവശ്യമില്ലാതെ ഒരു മൃഗത്തെയും ഒന്നും ചെയ്യാൻ ഇവിടെ ഒരു നിയമവും അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യനേക്കാൾ സുരക്ഷിതരാണ് ഇവിടെ മൃഗങ്ങൾ.

കാടും കാട്ടാറും കാട്ടുമൃഗങ്ങളും, അതു മാത്രമല്ല സൗത്ത് ആഫ്രിക്ക. മികച്ച ഖനികളുടെയും മലയുടെയും കടലിന്റെയും രാജ്യമാണ്. മാത്രമല്ല വ്യത്യസ്ത സ്വഭാവങ്ങളുള്ള മനുഷ്യരുടെയും നാടാണ്. 

*ക്രൂഗർ വനങ്ങളെക്കുറിച്ച് അൽപം ചരിത്രം: സൗത്ത് ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ആയ പോൾ ക്രൂഗറുടെ ഒരു വലിയ ശിൽപം ക്രൂഗർ വനത്തിന്റെ ഒരിടത്ത് സ്ഥാപിച്ചിട്ടുണ്ട്. നായാട്ട് നിയന്ത്രിക്കാനും വന്യ മൃഗങ്ങളുടെ സംരക്ഷണത്തിനായും പോൾ ക്രൂഗറുടെ താല്പര്യത്തിനാണ് ഈ ഔദ്യോഗിക വന്യമൃഗ സംരക്ഷണ കേന്ദ്രം ഉണ്ടായതു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com